Wednesday , March   20, 2019
Wednesday , March   20, 2019

വര്‍ഷങ്ങളായി കുവൈത്തില്‍ കുടുങ്ങിയ നഴ്‌സുമാര്‍ക്ക് ജോലിയായി

കുവൈത്ത് സിറ്റി- ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം റിക്രൂട്ട് ചെയ്ത് കൊണ്ടുവന്ന ശേഷം സര്‍ട്ടിഫിക്കറ്റുകളിലെ പ്രശ്‌നം കാരണം തൊഴില്‍ ചെയ്യാനാവാതെ കുടുങ്ങിയ 73 നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനമായി. ഇവര്‍ അടുത്താഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും. മലയാളികളടക്കമുള്ള നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി കഠിനശ്രമം നടത്തിയിരുന്നു.

2015 ല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ബാംഗ്ലൂര്‍, കൊച്ചി, ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്ത 1500 ഓളം നഴ്‌സുമാരില്‍പെട്ട 80 പേരാണ് ഇവിടെയെത്തിയ ശേഷം കുടുങ്ങിയത്. ഇവരില്‍ 73 പേരുടെ പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്. ബാക്കി ഏഴു പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയോ ആശ്രിത വിസകളിലേക്ക് മാറ്റുകയോ ചെയ്യും.

കുവൈത്തില്‍ എത്തിയശേഷം ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ചുണ്ടായ സംശയമാണ് വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധിക്ക് കാരണമായത്. നിയമപരമായ വഴികളില്‍കൂടി തന്നെയാണ് ഇവര്‍ റിക്രൂട്ട് ചെയ്യപ്പെട്ടത്. മന്ത്രാലയം നേരിട്ടു തന്നെയാണ് ഇവരെ കൊണ്ടുവന്നതും. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനിടെ സംശയം തോന്നിയതോടെയാണ് ഇവരെ തൊഴിലെടുക്കുന്നതില്‍നിന്ന് തടഞ്ഞത്. ഇവര്‍ക്ക് മന്ത്രാലയം തന്നെ താമസ സൗകര്യം ചെയ്തുകൊടുത്തിരുന്നു.

കുവൈത്ത് സര്‍ക്കാരുമായി ഇന്ത്യന്‍ എംബസി നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആരോഗ്യമന്ത്രാലയവുമായി പുതിയ കരാറിലെത്തുകയായിരുന്നു. 73 നഴ്‌സുമാര്‍ക്ക് അടുത്താഴ്ച മുതല്‍ ഒരു മാസം പരിശീലന പരിപാടി നടത്തുമെന്നും തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നിയമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News