Tuesday , January   22, 2019
Tuesday , January   22, 2019

സന്ദര്‍ശക വിസയുമായി ജോലി ചെയ്യരുത്, തട്ടിപ്പുമായി കമ്പനികള്‍

ദുബായ്- സന്ദര്‍ശക വിസയിലെത്തി തൊഴില്‍ അന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കുക. വ്യാജ വാഗ്ദാനങ്ങള്‍ തന്ന് നിങ്ങളെ കെണിയില്‍ വീഴ്ത്താന്‍ കാത്തിരിക്കുന്ന കമ്പനികളേറെ.

സന്ദര്‍ശക വിസ കാലാവധി കഴിയും വരെ ചുരുങ്ങിയ വേതനത്തില്‍ ആളുകളെ ജോലി ചെയ്യിപ്പിക്കുകയാണ് തന്ത്രം. പാസ്‌പോര്‍ട്ടും മറ്റും വാങ്ങിവെച്ച്, തൊഴില്‍ വിസ ഉടന്‍ ഏര്‍പ്പാടാക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. സന്ദര്‍ശക വിസ കാലാവധി കഴിയാറാകും വരെ വാഗ്ദാനം തുടരും. പിന്നെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കി സ്ഥലം വിട്ടോ എന്ന് പറയും. പകരം മറ്റൊരു ഭാഗ്യാന്വേഷിയെ റിക്രൂട്ട് ചെയ്യും.
തട്ടിപ്പിനിരയായവര്‍ക്ക് ആരോടും പരാതിപ്പെടാനാവില്ല. കാരണം, സന്ദര്‍ശക വിസയിലെത്തിയവര്‍ തൊഴില്‍ ചെയ്യുന്നത് യു.എ.ഇയില്‍ നിയമവിരുദ്ധമാണ്.

ആദ്യം പറയുന്ന ശമ്പളം പല കമ്പനികളും നല്‍കാറുമില്ല. 3500 ദിര്‍ഹം വാഗ്ദാനം ചെയ്ത് തന്നെ ജോലിക്കെടുത്ത കമ്പനി 3000 മാത്രമേ തന്നുള്ളുവെന്നും തൊഴില്‍ വിസ ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായും ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.

ഇടക്ക് തൊഴില്‍ വകുപ്പിന്റെ പരിശോധന നടക്കുന്ന സമയത്ത് കമ്പനി അധികൃതര്‍ തന്നെ കെട്ടിടത്തിന് പുറത്തേക്ക് പറഞ്ഞുവിടുമായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഒടുവില്‍ സന്ദര്‍ശക വിസ കാലാവധി കഴിയാറായപ്പോള്‍, തൊഴില്‍ വിസ ശരിയായിട്ടില്ലെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് മടക്കിനല്‍കുകയായിരുന്നു.

 

 

Latest News