Tuesday , January   22, 2019
Tuesday , January   22, 2019

പീക് സീസണ്‍ കഴിഞ്ഞു, നിരക്കിളവുമായി വിമാനക്കമ്പനികള്‍


ദുബായ്- ക്രിസ്മസ്, പുതുവത്സര അവധിക്കാലം കഴിഞ്ഞതോടെ വിമാന യാത്രക്കാര്‍ കുറഞ്ഞു. ഇളവുകളുമായി വിവിധ കമ്പനികള്‍ രംഗത്ത്. യു.എ.ഇയില്‍നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളില്‍ ചില എയര്‍ലൈന്‍ കമ്പനികള്‍ ഇളവ് പ്രഖ്യാപിച്ചു. ഇതിന്റെ ചുവട് പിടിച്ച് കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്തുവരുമെന്നാണ് പ്രതീക്ഷ.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എമിറേറ്റ്‌സ് എയര്‍ലൈന്‍ എന്നിവയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. നാല് ദിവസത്തേക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോയാണ് മുന്നില്‍. നികുതി ഉള്‍പ്പെടെ ആഭ്യന്തര യാത്രക്കു 899 രൂപയും (48 ദിര്‍ഹം) രാജ്യാന്തര യാത്രക്കു 3399 രൂപയുമാണ് (179 ദിര്‍ഹം) കുറഞ്ഞ ടിക്കറ്റ് നിരക്ക്. 13 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാം.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായില്‍നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ദല്‍ഹി, പുനെ എന്നിവിടങ്ങളിലേക്കു 260 ദിര്‍ഹമാണ് നിരക്ക്. ദുബായില്‍നിന്നു മംഗളൂരുവിലേക്ക് 290 ദിര്‍ഹം. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യാത്രക്ക് 260 ദിര്‍ഹം. ഷാര്‍ജ-കണ്ണൂര്‍ സെക്ടറില്‍ 399 ദിര്‍ഹമാണ് നിരക്ക്. ഇവിടെനിന്ന് മുംബൈയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ളത്- 255 ദിര്‍ഹം.

റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യാത്രയിലും 260 ദിര്‍ഹം മതി. അബുദാബിയില്‍നിന്നും അല്‍ഐനില്‍നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യണമെങ്കില്‍ 349 ദിര്‍ഹം നല്‍കണം. അബുദാബി-കണ്ണൂര്‍, അബുദാബി-മംഗളൂരു എന്നിവിടങ്ങളിലേക്ക് 469 ദിര്‍ഹമാണ് നിരക്ക്. 15 വരെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇതുപയോഗിച്ച് ഈ മാസം 15 മുതല്‍ മാര്‍ച്ച് 26 വരെ മാത്രമേ യാത്ര ചെയ്യാനാവൂ.

എമിറേറ്റ്‌സ് എയര്‍ലൈനില്‍ തെരഞ്ഞെടുത്ത സെക്ടറുകളിലേക്കു മാത്രമാണ് ഇളവ്്. തിരുവനന്തപുരത്തേക്ക് നികുതി ഉള്‍പ്പെടെ 825 ദിര്‍ഹമും മുംബൈയിലേക്ക് 915 ദിര്‍ഹമുമാണ് ഇക്കണോമി ക്ലാസ് നിരക്ക്. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നവംബര്‍ 30 വരെ യാത്ര ചെയ്യാം. എമിറേറ്റ്‌സില്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ വേനലവധിക്കാലത്തും യാത്ര ചെയ്യാം.

 

Tags

Latest News