Monday , June   17, 2019
Monday , June   17, 2019

തോക്കും വിമാനവും അപവാദവും

പണ്ടേക്കു പണ്ടേ രണ്ടു തരത്തിൽ ഉപയോഗപ്പെടുന്നതാണ് തോക്കും വിമാനവും. ആദ്യത്തെ ഉപയോഗം യുദ്ധം വരുമ്പോൾ ഉണ്ടാകുന്നതു തന്നെ. ശത്രുവിനെ ചന്നം പിന്നം വെടിവെച്ചു വീഴ്ത്താം. അനാഘ്രാതമായ മൈതാനങ്ങളിലും അഗമ്യമായ ഗഹ്വരങ്ങളിലും പറന്നു ചെന്നിറങ്ങാം. രണ്ടാമത്തെ ഉപയോഗത്തിൽ ചോര ചൊരിച്ചിൽ ഇല്ല. വിമാനമോ തോക്കോ തോണ്ടിയോ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ ഉണ്ടാകുന്ന വെട്ടിപ്പിനെപ്പറ്റിയുള്ള വിവാദമാണ് രണ്ടാമത്തെ ഉപയോഗം.
ഇതിൽ നിത്യസത്യം പോലെ തിളങ്ങുന്നു രണ്ടാമത്തെ കാര്യം. ബോംബ് വർഷിക്കാൻ വിമാനവും തിരയൊഴിക്കാൻ തോക്കും ഉപയോഗിച്ച്, ചോര ചൊരിഞ്ഞ്, യുദ്ധം ചെയ്യുന്നതിനെക്കാൾ എത്രയോ കൂടുതൽ വീറോടെയും വിദ്വേഷത്തോടെയും നടക്കുന്നതാണ് വിമാനവ്യാപാരത്തെയും തോക്കിടപാടിനെയും പറ്റിയുള്ള വിവാദവും അപവാദവും. നരഹത്യയെക്കാൾ എന്തുകൊണ്ടും ശബ്ദായമാനമായ സ്വഭാവഹത്യ. 
വാസ്തവത്തിൽ പരമമായ ഒന്നേയുള്ളു: വിമാനവിവാദം. വിവാദവും അപവാദവുമില്ലാത്ത ഒരു വിമാനവ്യാപാരമില്ല.  തട്ടിപ്പില്ലാത്ത ഒരു തോക്കിടപാടില്ല. ചിലപ്പോൾ അത് ശത്രുപാളയത്തിനു മുകളിൽ വട്ടമിട്ടു പറന്ന്, വിന വിതച്ച്, തിരികേ പാളയത്തിലിറങ്ങുന്ന റഫാൽ ആകാം; മറ്റു ചിലപ്പോൾ അഗസ്റ്റ ഹെലികോപ്റ്റർ ആകാം. ചിലപ്പോൾ നിലക്കാത്ത ഒച്ചയുണ്ടാക്കുന്ന ബോഫോഴ്‌സ് തോക്കാകാം. മറ്റു ചിലപ്പോൾ ഇനിയും വെളിപ്പെടാത്ത ഒരു വെടിക്കെട്ടാകാം. എന്തായാലും, വ്യാപാരത്തിൽ ഏർപ്പെടുന്നത് എ കെ ആന്റണിയായാലും സാക്ഷാൽ ഹരിശ്ചന്ദ്രനായാലും, ആരോപണത്തിൽനിന്നു മുക്തിയില്ല.
തെരഞ്ഞെടുപ്പിന്റെ ലോകചരിത്രത്തിൽത്തന്നെ അത്ഭുതം കുറിച്ചതായിരുന്നു നെഹ്‌റുവിന്റെ പൗത്രനായ രാജീവ് ഗാന്ധിയുടെ വിജയം. ജയിച്ചു കേറി വരുമ്പോൾ, വിശ്വാസ്യതയിലും ജനപ്രിയതയിലും, രാജീവ് ഗാന്ധി മുത്തച്ഛനെ കടത്തി വെട്ടുന്നതുപോലെ തോന്നി. എതിർക്കാൻ തക്കം പാർത്തിരിക്കുന്നവർക്കു പോലും രാജീവിന്റെ മന്ദസ്മിതവും മനശ്ശുദ്ധിയും ഒറ്റ നോട്ടത്തിൽ ശ്ലാഘനീയമായി.  അവർ അദ്ദേഹത്തിന്റെ ചെറുപ്പത്തിന്റെ ഭംഗികളെ വാഴ്ത്തിക്കൊണ്ടിരുന്നു, കുറച്ചിട. അങ്ങനെയിരിക്കേ ബോഫോഴ്‌സ് പൊട്ടി, ആൽപ്‌സ് താഴ്‌വരകളിലും ഡൽഹി കൊത്തളങ്ങളിലും. അടുത്തെങ്ങാനും അത് അവസാനിക്കുന്ന മട്ടില്ല. സ്വീഡനുമായുള്ള തോക്കിടപാടിനെപ്പറ്റി നടാടെ കിംവദന്തി പൊട്ടിയപ്പോൾ രാജീവ് ഗാന്ധി അതിനെ ചിരിച്ചു തള്ളുകയായിരുന്നു.  തികഞ്ഞ ചങ്കുറപ്പോടെ അദ്ദേഹം പറഞ്ഞു, അവിഹിതമായി ആ ഇടപാടിൽ ഒന്നും നടന്നിട്ടില്ല. ഒന്നും അത്ര ഉറപ്പിച്ചു പറയാൻ വയ്യാത്തതാണ് രാഷ്ട്രീയത്തിന്റെ പ്രകൃതിയും കാലത്തിന്റെ
വികൃതിയും.  അവിഹിതമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ശിക്ഷിക്കുമെന്ന് വിളംബരം ചെയ്ത്, ആജീവനാന്തം അന്വേഷണം നടത്താൻ ഒരു കൂറ്റൻ കമ്മീഷനെ നിയോഗിച്ച് രാജീവിന് മറ്റു വിനോദങ്ങളിലേക്ക് തിരിയാമായിരുന്നു. ആരെങ്കിലുമൊക്കെ, എന്തെങ്കിലുമൊക്കെ, നക്കാപ്പിച്ച ഇടപാടൊന്നുമില്ലെന്നറിയുന്ന ആളാകും രാജീവ് ഗാന്ധി പോലും. എന്നിട്ടും അദ്ദേഹം ആണയിടുകയും ആരോപണത്തിന് കരുവെച്ചു കൊടുക്കുകയും ചെയ്തു.  
ലാഘവത്തോടും നിർദ്ദോഷിത്വത്തോടും കൂടി താൻ പറഞ്ഞുപോയ വാക്ക് തന്റെ തന്നെ കഴുത്തിൽ കുരുങ്ങുന്നതായി രാജീവ് ഗാന്ധിയും സ്തുതിപാഠകരും കണ്ടു. സമുദ്രത്തെ തടഞ്ഞുനിർത്താവുന്ന ശക്തിയോടെ ജനപിന്തുണ നേടിയ രാജീവിന്റെ കാലടിയിലെ പൂഴി ഒഴിഞ്ഞുപോകാൻ ഏറെ നാൾ എടുത്തില്ല. ഒരു പക്ഷേ ആദ്യം  രാജീവ് നേടിയ പിന്തുണയെക്കാൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു അതദ്ദേഹത്തിന് നഷ്ടം വന്ന വിധവും വേഗവും. ഇതുവരെയും പൊട്ടിച്ചുനോക്കാത്ത ബോഫോഴ്‌സ് തോക്കിന്റെ ഇടപാടിനെച്ചൊല്ലിയുള്ള കഥാസരിത്‌സാഗരമായിരുന്നു രാജീവിനു ഫലത്തിൽ നഷ്ടപ്പെട്ട 1989 ലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും പുരോഭാഗവും.
ആട്ടക്കാർ മാറിയെങ്കിലും പഴയ വേഷങ്ങൾ തുടർന്നുകൊണ്ടു തന്നെ പുതിയ അങ്കങ്ങൾ പൊടിപൊടിച്ചു.  രാജീവിനെതിരെ അന്ന് ആഞ്ഞടിച്ചത് ബി. ജെ. പിയും പിന്നീട് പേരറിയാതായ കുറെ കക്ഷികളുമായിരുന്നു. വൈമാനികനായിരുന്ന രാജീവിന് വിമാനവ്യാപാരത്തിൽ അത്ര തന്നെ ഉപസ്ഥിതി ഉണ്ടായിരുന്നില്ല. തോക്കിടപാടിൽ വെടിമരുന്നിടാൻ ഒപ്പം നിന്നിരുന്ന അക്ഷമരായ പാർട്ടിക്കാർ കാത്തിരിക്കുകയായിരുന്നു.  ഒരിക്കലും അവസാനത്തെ ഉത്തരം ഉണ്ടാകാനിടയില്ലാത്ത വിമാനവേധികളുടെ വ്യാപാരത്തെപ്പറ്റി അപവാദവും അതിവാദവും തുടർന്നുകൊണ്ടിരിക്കുന്നു.
ശാന്തിമന്ത്രം ഉരുവിടുന്ന എ. കെ ആന്റണി അധികാരത്തിലിരിക്കേ നടന്നതാണ് അഗസ്റ്റ ഹെലികോപ്റ്റർ വിവാദം. കോൺഗ്രസ് ആണ് എതിർപക്ഷത്തെങ്കിൽ, എപ്പോഴും സോണിയാ ഗാന്ധിക്കെതിരെ 
വെടി പൊട്ടിക്കാൻ ബിജെപി കരുതിയിരിക്കും. തോക്കിടപാടും വിമാനവ്യാപാരവും അവർ അവസാനിപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നു. അതിനിടെ അവർക്കു വീണു കിട്ടിയതാണ് റഫാൽ വിവാദം. ബി.ജെ.പിയുടെ വീറോടെയും വ്യഗ്രതയോടെയും കോൺഗ്രസുകാർ അത് ഉപയോഗപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞുകൂടാ.
വാങ്ങലും വിൽക്കലുമാണ് വ്യാപാരം. അതാണ് സാമ്പ ത്തികപ്രക്രിയയുടെ ആധാരം.  ഫലപ്രദമായ ഏതു വ്യാപാരത്തിലും ഇരു കൂട്ടരും ലാഭത്തിന്റെ കണക്കുകൾ ഉതിർക്കും. നഷ്ടം മാത്രം സംഭവിക്കുന്ന കച്ചവടം ഏറെ നാൾ നിലനിൽക്കില്ല.  വാങ്ങുന്നതും വിറ്റുപോകുന്നതും എന്തായാലും ലാഭം ഏറിയോ കുറഞ്ഞോ ഉള്ള തോതിൽ പിരിഞ്ഞു കിട്ടണം. വിറ്റുപോകുന്നത് വെണ്ടക്ക ആയാലും വിമാനമായാലും പല തോതിലുള്ള വരുമാനം ഇരുകൂട്ടർക്കും ഉണ്ടക്കിക്കൊടുക്കും.  വിമാനമായാൽ, വ്യാപാരം ഉൾക്കൊള്ളുന്ന തുക വലുതാകയാൽ, ലാഭം കൂടുതലായിരിക്കുമെന്നു മാത്രം. അതുകൊണ്ട് വിമാനവ്യാപാരം എന്നും വിവാദത്തിനു വിഷയമാകുന്നു.
ഇന്ദിരാഗാന്ധി കൊടി കുത്തി വാഴുന്ന കാലത്ത് പൊട്ടിയതായിരുന്നു ഒരു ബോയിംഗ് ഇടപാടിന്റെ കഥ.  അറബിക്കഥ പോലെ അതു തുടർന്നുപോയി, ഇന്ദിരയുടെ പതനത്തിനുശേഷവും ഇന്ദിരയുടെ സെക്രട്ടേറിയറ്റിലെ ഒരു ഉന്നതന്റെ  ഭാഷ്യം ഇങ്ങനെ: അടിയന്തരാവസ്ഥക്ക് ശേഷം ആഭ്യന്തരമന്ത്രിയായ ചരൺ സിംഗ്പിന്നീടദ്ദേഹത്തെ ഏതാനും ആഴ്ച പ്രധാനമന്ത്രിയാക്കി ഇന്ദിര തന്നെ കുരങ്ങു കളിപ്പിച്ചു. ഇന്ദിരയെ ന്യൂറെംബെർഗ് മാതൃകയിലുള്ള വിചാരണക്കു വിധേയയാക്കണമെന്നു വാദിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ടല്ലെങ്കിലും ബോയിംഗ് ഇടപാടും അന്വേഷിക്കണമെന്നുണ്ടായിരുന്നു ചരൺ സിംഗിന്.
ഒരു ദിവസം ഇന്ദിരയുടെ സെക്രട്ടറിയേറ്റിലുണ്ടായിരുന്ന ഉന്നതനെ വരുത്തി ചരൺ സിംഗ് അന്വേഷണം തുടങ്ങി. എങ്ങനെ തളക്കാം? എന്തുണ്ട് തെളിവ്? എല്ലാ ചുണ്ടുകളിലും ചലിച്ചിരുന്ന ബോയിംഗ് ആരോപണത്തിന് സത്യത്തിന്റെ സ്വരം കൊടുക്കുന്നതെങ്ങനെ? പ്രയാസമാകും എന്നായിരുന്നു ജോയന്റ് സെക്രട്ടറിയുടെ പ്രതിവചനം.  സംഗതി ശരിയാകാം, പക്ഷേ, 'കണ്ടവരില്ലാ പാരിൽ, കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ'
എന്നതാണ് സ്ഥിതി. പണം കൊടുത്തയാളെയും വാങ്ങിയ ആളെയും അറിയാം, പക്ഷേ കൊടുത്തുവെന്നോ വാങ്ങിയെന്നോ ശിക്ഷിക്കാവുന്ന മട്ടിൽ ഉറപ്പാക്കാൻ തെളിവെവിടെ? ഇടപാട് നടത്തിയ ആളുടെ നാൾവഴി പേരേട് സമർപ്പിക്കാം, പക്ഷേ ആമം വെക്കാൻ അവസരമുണ്ടാവില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.  പിന്നെ ആ വഴിയേ അന്വേഷണം നീണ്ടില്ല.
കീചകൻ ചത്തുവെന്നതിന് വേറെ തെളിവു വേണ്ട. വാ പിളർന്നു മലർന്നു കിടക്കുന്ന ദേഹം തന്നെ മതിയല്ലോ. എന്നാലും കൊന്നത് ഭീമനാണെന്നു തെളിയുന്നില്ല. നമ്മുടെ പൊതുജീവിതത്തെ ഊട്ടിവളർത്താൻ പ്രഖ്യാപിക്കപ്പെടാത്ത പല തുറകളിൽനിന്നും പണം വരുന്നു.  പൊതുജീവിതം പുലർന്നുപോകുന്നു എന്ന കാര്യം മാത്രം മതി അതിനു തെളിവായിട്ട്. കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഭൂപ്രദേശത്ത് പ്രവർത്തിക്കുന്ന പരശ്ശതം ആപ്പീസുകൾക്കും പരസഹസ്രം പ്രവർത്തകർക്കും നിലനിന്നു പോരാനുള്ള പണം ഇത്തരം ഇടപാടുകളിൽനിന്നല്ലാതെ എവിടന്നു വരാൻ? പാർട്ടി ആപ്പീസുകൾക്കും നേതാക്കളുടെ ഉപജീവനത്തിനും ആഘോഷത്തിനും ആവശ്യമായ ദ്രവ്യം ആകാശത്തുനിന്നു വീണുകിട്ടില്ല.  അവരുടെ ചെലവു കണക്കാക്കി നോക്കിയാൽ മതി, അവിഹിതമായ സർക്കാരിടപാടുകളുടെ അളവ് ഊഹിച്ചെടുക്കാം. നല്ല ലാഭമുണ്ടായാലല്ലേ നല്ല സംഭാവന കൊടുക്കാൻ പറ്റൂ, രശീതിയോടുകൂടിയോ അല്ലാതെയോ,  നല്ല ലാഭമുണ്ടാകണമെങ്കിൽ നല്ല കച്ചവടം നടക്കണം. അരി കുംഭകോണവും പാമോയിൽ ഇടപാടും വഴി ഉണ്ടാക്കാവുന്ന പണത്തിനൊരു പരിധിയുണ്ട്. പരിധിയില്ലാത്ത ആകാശം പോലെ പരന്നു കിടക്കുന്നതാണ്, പറന്നു നടക്കുന്നതാണ്, വിമാനവും തോക്കും.  അവയുടെ പ്രാഥമികോപയോഗത്തെക്കാൾ പ്രധാനമാകും അവയെപ്പറ്റിയുള്ള വിവാദം.

Latest News