Monday , June   17, 2019
Monday , June   17, 2019

പ്രളയം വീണ്ടുമെത്തിയെങ്കിലെന്ന് കൊതിക്കുന്നവർ 

കേരളത്തെ വിഴുങ്ങാൻ പാകത്തിൽ പ്രളയമെത്തിയിട്ട് ഏറെക്കാലമായിട്ടില്ല. ജാതിയും മതവും പ്രാദേശികതയുമെല്ലാം മാറ്റിവെച്ച് ഒറ്റ മനസ്സോടെ രക്ഷാ പ്രവർത്തനത്തിനിറങ്ങിയതെല്ലാം എത്ര പെട്ടെന്നാണ് മറക്കുന്നത്. ഗുജറാത്ത്, അയോധ്യ, മുംബൈ ഓർമകളുണർത്തുന്ന ദുർദിനങ്ങളിലൂടെ കടന്നു പോയപ്പോൾ ചിലർ ഫേസ്ബുക്കിൽ കുറിച്ചത് പ്രളയം വീണ്ടുമെത്തിയെങ്കിലെന്നാണ്. മറ്റൊരാൾ ഒരു പടി കൂടി കടന്ന് പ്രളയം പറയുന്നത് പോലൊരു കമന്റാണ് പോസ്റ്റിയത്. 'തെറ്റു പറ്റിയത് എനിക്കാണ്. ഒരൊറ്റ എണ്ണത്തിനെയും ബാക്കി വെക്കരുതായിരുന്നു'. തെരഞ്ഞെടുപ്പ് വരെയുള്ള കാലം കേരളത്തിന് അത്ര ശുഭകരമല്ലെന്നാണ് സൂചനകൾ. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടത്തിയ വനിതാ മതിൽ ലോക മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് മതിലിനോടനുബന്ധിച്ച് പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്തു. ആറന്മുള എം.എൽ.എ വീണാ ജോർജ് അവതരിപ്പിച്ച പരിപാടിയിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. കോഴിക്കോട്ട് വനിതാ മതിലിൽ നോവലിസ്റ്റ് പി. വത്സലയും കണ്ണിയായിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നൊരു സംവിധാനത്തെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത് ടി.എൻ. ശേഷൻ കമ്മീഷണറായ ശേഷമാണെന്ന് പറയാം. അത് പോലെയാണ് കലക്ടർമാരുടെ കാര്യവും. തലശ്ശേരിയിലും കോഴിക്കോട്ടും റോഡുകൾ മനോഹരമാവാൻ യു.പിക്കാരനായ അമിതാഭ് കാന്ത് എന്നൊരു കലക്ടർ അവതരിക്കേണ്ടി വന്നു. ഭക്ഷ്യവസ്തുക്കളിലെ വിഷാംശം പരിശോധിക്കാൻ സർക്കാറിന് ഏജൻസിയുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയത് ഐ.എ.എസ് ടോപ്പറായ ടി.വി. അനുപമ ഇതിന്റെ ചുമതലക്കാരിയായ ശേഷമാണ്. തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. വാസുകി ഐ.എ.എസ് മറ്റൊരാൾ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി അണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് മാതൃകയായി. ഇതിൽ ഒട്ടും അഭിമാനക്കുറവില്ലെന്ന് അവർ പറഞ്ഞു. വസ്തുക്കളുടെ പുനരുപയോഗം സംബന്ധിച്ച് മലയാളികളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിന് റിപ്പോർട്ടർ, മീഡിയാ വൺ, ഏഷ്യാനെറ്റ് എന്നീ ദൃശ്യ മാധ്യമങ്ങൾ നല്ല കവറേജ് നൽകി. 

***    ***    ***

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിക്കു ശേഷം ആദ്യമായി ശബരിമല സന്നിധിയിലെത്തിയ യുവതികളായ ബിന്ദു, കനകദുർഗ എന്നിവരെക്കുറിച്ചു ലോക മാധ്യമങ്ങളിലും വലിയ വാർത്ത. റോയിട്ടേഴ്‌സും ബി.ബി.സിയും സി.എൻ.എന്നും ചരിത്ര പ്രാധാന്യമുള്ളതെന്നാണ് യുവതികളുടെ ശബരിമല പ്രവേശനത്തെ വിശേഷിപ്പിച്ചത്. ക്ഷേത്രത്തിൽ പ്രവേശിച്ച് ഇന്ത്യൻ യുവതികൾ ചരിത്രം സൃഷ്ടിച്ചു എന്ന തലക്കെട്ടോടെയാണ് ബി.ബി.സി വാർത്ത. ആർത്തവത്തിന്റെ പേരിൽ യുവതികൾക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമാണിതെന്നും ബി.ബി.സി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള വിലക്ക് സ്ത്രീകൾ മറികടന്നുവെന്നാണ് അന്താരാഷ്ട്ര  വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. വനിതാ മതിൽ, സ്ത്രീപ്രവേശം, ഹർത്താൽ എന്നീ വിശേഷങ്ങളുമായി തുടങ്ങിയ പുതുവർഷത്തിലെ കേരള ദൃശ്യങ്ങളെത്തിക്കാൻ രാജ്യാന്തര ഏജൻസികൾ ഉത്സാഹിക്കുന്നുണ്ട്. 'ശബരിമല വിജയം' എന്ന തലക്കെട്ടാണ് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി നൽകിയത്. സ്വാമിയുടെ ഫാൻസ് കേരളത്തിൽ ചെയ്യുന്നതെന്തെന്ന് അദ്ദേഹം അറിഞ്ഞു കാണുമോ ആവോ? അതിനിടയ്ക്ക് സി.എൻ.എൻ -ന്യൂസ് 18 ന്റെ ദേശീയ ചാനലിൽ സംവാദത്തിൽ പങ്കെടുത്ത മുൻ ബി.ജെ.പി കേരള അധ്യക്ഷൻ വി. മുരളീധരൻ പുലിവാല് പിടിച്ചു. ന്യൂസ് 18 ന്റെ പ്രൈം ടൈം പരിപാടിയിലാണ് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭ എം.പിയുമായ വി. മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ബി.ജെ.പിക്കുള്ളിലും ആശയക്കുഴപ്പം സജീവമാവുകയാണ്. സംഭവം വിവാദമായതോടെ നിലപാട് തിരുത്തി മുരളീധരൻ രംഗത്തെത്തി. നേരത്തെ ശബരിമലയിൽ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുരളീധരൻ നിവേദനം നൽകിയിരുന്നു. ഇതിന് ശേഷമാണ് ചാനൽ ചർച്ചയിൽ പങ്കെടുത്ത്  വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 

***    ***    ***

ശബരിമല കയറിയ ആക്ടിവിസ്റ്റുകളായ ബിന്ദുവിനും കനകദുർഗയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ജഗതി ശ്രീകുമാറിന്റെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ. വർഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങൾക്ക് വിചാരിച്ചാലെന്താണെന്ന് പാർവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിച്ചു. നാളുകളായുള്ള ആചാരം അങ്ങ് നടന്നുപോട്ടെയെന്ന് നമ്മൾ സ്ത്രീകൾ ഒന്ന് വിചാരിച്ചാൽ എന്താ കുഴപ്പം? പെണ്ണുങ്ങൾ ഈ കളിക്കുന്നത് നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിലില്ലാത്തതിന്റേതാണ്. മെഡിക്കൽ കോളേജിൽ പോയി നോക്കൂ... ഒരു കട്ടിൽ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാൻ ആരുമില്ലേയെന്ന് പാർവതി ചോദിക്കുന്നു. ശബരിമലയിൽ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം വ്രതമെടുത്ത് പോകുന്ന അയ്യപ്പന്റെ യഥാർത്ഥ ഭക്തരുണ്ട്. അവരെ കളങ്കപ്പെടുത്താതിരിക്കുക -പാർവതി വീഡിയോയിൽ പറഞ്ഞു.  എല്ലാ ഫെമിനിച്ചികൾക്കും എന്റെ അഭിവാദ്യങ്ങൾ എന്നു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ബിരിയാണി കൊടുത്താൽ മതിലിന് ആളെത്തുമെന്ന പരാമർശം പാർവതിക്ക് കടുത്ത സൈബർ ആക്രമണത്തിന് കാരണമായി. 

***    ***    ***

റേറ്റിംഗിൽ മുന്നിലെത്തിയ ജനം ടി.വിക്ക് ചുവട് പിഴക്കുന്നു. വർക്കല സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയിൽ കോളേജിൽ അൽഖാഇദ അനുകൂല പ്രകടനം നടന്നുവെന്ന ജനം ടി.വിയുടെ വ്യാജ വാർത്തക്കെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്.  മാസങ്ങൾക്ക് മുമ്പ്  നടന്ന കോളേജ് വാർഷികാഘോഷത്തിലെ ദൃശ്യങ്ങൾ വളച്ചൊടിച്ചായിരുന്നു ചാനൽ വാർത്ത റിപ്പോർട്ട് ചെയ്തത്. സിനിമാ താരം സലീം കുമാറായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയ സലീം കുമാറിനെ സ്വീകരിക്കാൻ കോളേജ് വിദ്യാർത്ഥികളും കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു എത്തിയത്. ഇതാണ് അൽഖാഇദ അനുകൂല പ്രകടനമായി ചാനൽ ചിത്രീകരിച്ചത്.  ജനം ടി.വിയുടെ വാർത്തക്കെതിരെ സലീം കുമാർ ചാനൽ ചർച്ചയിൽ  രൂക്ഷമായ വിമർശനമുയർത്തി. ജനം ടി.വിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ  ന്യൂസ് അവർ ചർച്ചയിലാണ് വിമർശനം കടുപ്പിച്ചത്. സലീം കുമാറായ എന്നെ ചിലർ സലീം കെ. ഉമ്മറാക്കിയെന്നും ജനം ടി.വി കോളേജ് കുട്ടികളോട് മാപ്പ് പറയണമെന്നും സലീം കുമാർ ആവശ്യപ്പെട്ടു. തനിക്ക് നൽകിയ സ്വീകരണത്തെ വളച്ചൊടിച്ച് വ്യാജ വാർത്ത നൽകിയ ജനം ടി.വിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പണിഞ്ഞ് തൊപ്പി വെച്ച് ധരിച്ചായിരുന്നു സലീം കുമാർ ഏഷ്യാനെറ്റിലെ ചർച്ചയിൽ പങ്കെടുത്തത്. ഇതെല്ലാം കണ്ട് ഒരു കൊടുംഭീകരൻ ആലുവയിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും. ബിൻ ലാദനായി മലയാള പടത്തിൽ വേഷമിട്ട് ആർക്കും മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പുലമ്പുന്ന ദിലീപിനെ ജനം ക്യാമറാമാൻ കാണാഞ്ഞത് ഭാഗ്യം. 

***    ***    ***

ട്രായുടെ പുതിയ നിർദേശം അനുസരിച്ച് ഇന്ത്യയിലെ  ചാനലുകൾ നിരക്കുകൾ വ്യക്തമാക്കി. ഇനി ഉപഭോക്താക്കൾക്ക് ഇഷ്ടം പോലെ ചാനലുകൾ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. കേബിൾ ടി.വിക്കാരോ ഡി.ടി.എച്ചുകാരോ നിർബന്ധിച്ച് അടിച്ചേൽപിക്കുന്ന ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. ടി.വി ചാനലുകൾ ഇല്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കുക മലയാളികൾക്ക് അസാധ്യമാണ്. സ്മാർട്ട് ടി.വികളൊക്കെ വന്നുകഴിഞ്ഞെങ്കിലും ടി.വി കാണാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ ചെറിയ വിഭാഗം മാത്രമാണ്. കാണേണ്ട ചാനലുകൾ ഏതൊക്കെ എന്നത് പ്രേക്ഷകരുടെ തെരഞ്ഞെടുപ്പാണിനി.  ഏറ്റവും അധികം മലയാളികൾ കാണുന്നത് ചാനലായ  ഏഷ്യാനെറ്റ് പേ ചാനൽ ആണ്. എത്ര പേർ ഇനി ഏതൊക്കെ ചാനലുകൾ തെരഞ്ഞെടുക്കും എന്നത് ചാനലുകളുടെ നിരക്കിനെ ആശ്രയിച്ചായിരിക്കും. 130 രൂപയ്ക്ക് 100 സൗജന്യം ചാനലുകൾ നൽകണം എന്നാണ് ട്രായുടെ നിർദേശം. ഇതിൽ 26 എണ്ണം സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകൾ ആയിരിക്കണമെന്ന  നിർബന്ധമുണ്ട്. ഫ്രീ ചാനലുകളിൽ 74 എണ്ണം ആണ് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന് വിധേയമായി മിനിമം പാക്കേജിൽ ഉണ്ടാവുക. ട്രായുടെ നിർദേശ പ്രകാരം റേറ്റ് പരസ്യപ്പെടുത്തിയ 33 മലയാളം ചാനലുകളുണ്ട്.  എച്ച്.ഡി, എസ്.ഡി ചാനലുകൾ പ്രത്യേകമായാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.  

Latest News