Tuesday , April   23, 2019
Tuesday , April   23, 2019

24 ടീമുകൾ, 24 വിശേഷങ്ങൾ 

ഒമാൻ ടീം പരിശീലനത്തിന് തയാറെടുക്കുന്നു.

ഇന്ന് യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന 24 ടീമുകളെ ചുരുക്കി വിവരിച്ചാൽ.. 

ഗ്രൂപ്പ് എ
യു.എ.ഇ: കഴിഞ്ഞ ഏഷ്യൻ കപ്പിൽ അലി മബ്ഖൂത് അഞ്ച് ഗോളോടെ ടോപ്‌സ്‌കോററായി. യു.എ.ഇ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. 
തായ്‌ലന്റ്: ഒരു തവണയേ തായ്‌ലന്റ് ഗ്രൂപ്പ് ഘട്ടം കടന്നിട്ടുള്ളൂ, 1972 ൽ സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ. 
ബഹ്‌റൈൻ: 2004 ലായിരുന്നു ബഹ്‌റൈന്റെ മികച്ച പ്രകടനം. ചൈനയിൽ നടന്ന ടൂർണമെന്റിൽ സെമി ഫൈനൽ കളിച്ചു.
ഇന്ത്യ: 2011 ലെ ഏഷ്യൻ കപ്പ് കളിച്ച ടീമിലെ രണ്ടു പേരേ ഇത്തവണ കളിക്കുന്നൂള്ളൂ, സുനിൽ ഛേത്രിയും ഉപയോഗിക്കപ്പെടാത്ത റിസർവ് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും. 

ഗ്രൂപ്പ് ബി
ഓസ്‌ട്രേലിയ: 2007 ൽ ടിം കഹീലിന്റെ വകയായിരുന്നു ഓസ്‌ട്രേലിയയുടെ പ്രഥമ ഏഷ്യൻ കപ്പ് ഗോൾ, ഒമാനെതിരെ 92 ാം മിനിറ്റിലെ 1-1 സമനിലയിൽ.
സിറിയ: ഏഷ്യൻ കപ്പിൽ നാല് മുൻ ഏഷ്യൻ പ്ലയർ ഓഫ് ദ ഇയറുമാരുണ്ട്. അതിലൊന്ന് 2017 ൽ അവാർഡ് കിട്ടിയ സിറിയയുടെ ഉമർ ഖിരിബിനാണ്. ചൈനയുടെ ഷെംഗ് ഷി (2013), യു.എ.ഇയുടെ അഹ്മദ് ഖലീൽ (2015), ഖത്തറിന്റെ അബ്ദുൽകരീം ഹസൻ (2018) എന്നിവരാണ് മറ്റുള്ളവർ. 
ഫലസ്തീൻ: 2014 ലെ ഏഷ്യൻ ചലഞ്ച് കപ്പ് ചാമ്പ്യന്മാരെന്ന നിലയിലാണ് ഫലസ്തീൻ 2015 ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. മൂന്നു കളിയും തോറ്റു. 
ജോർദാൻ: 2004 വരെ ജോർദാന് ഏഷ്യൻ കപ്പ് കളിക്കാൻ സാധിച്ചിരുന്നില്ല. അതിനു ശേഷം രണ്ടു തവണ ക്വാർട്ടർ ഫൈനലിലെത്തി -2004 ലും 2011 ലും. 
 

ഗ്രൂപ്പ് സി
തെക്കൻ കൊറിയ: ആദ്യ രണ്ട് ഏഷ്യൻ കപ്പിലും ചാമ്പ്യന്മാരായ തെക്കൻ കൊറിയ (1956, 1960) പിന്നീട് നാലു തവണ ഫൈനലിലെത്തിയപ്പോഴും തോറ്റു. നാലു തവണ മൂന്നാം സ്ഥാനക്കാരുമായി. 
ചൈന: 1976 ൽ ഇറാനിൽ അരങ്ങേറിയ ചൈന പിന്നീട് എല്ലാ ഏഷ്യൻ കപ്പും കളിച്ചു. 1984 ലും 2004 ലും റണ്ണേഴ്‌സ്അപ്പായി. 
ഫിലിപ്പൈൻസ്: കഴിഞ്ഞ തവണ അവസാന കടമ്പയിൽ യോഗ്യത നേടാനാവാതെ പോയ ഫിലിപ്പൈൻസിനെ ഇത്തവണ ഫിൽ യംഗ്ഹസ്ബന്റാണ് ഫൈനൽ റൗണ്ടിലേക്ക് നയിച്ചത്. 
കിർഗിസ്ഥാൻ: വെറും 26 വർഷം മുമ്പ് ആദ്യമായി ഔദ്യോഗിക ഫുട്‌ബോൾ കളിച്ച കിർഗിസ്ഥാൻ ഏഷ്യൻ കപ്പിൽ അരങ്ങേറുകയാണ്.  
 

ഗ്രൂപ്പ് ഡി
ഇറാൻ: തുടർച്ചയായി മൂന്നു തവണ ചാമ്പ്യന്മാരായ ഏക ടീം (1968, 1972, 1976). അതിനു ശേഷം ഫൈനലിലെത്തിയിട്ടില്ല. 
ഇറാഖ്: 2007 ൽ യുദ്ധത്തിന്റെ ഭീകരതയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കവെ ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായി. ക്യാപ്റ്റൻ യൂനിസ് മഹ്മൂദിന്റെ ഗോളിൽ അവർ സൗദി അറേബ്യയെ ഫൈനലിൽ തോൽപിച്ചു. 
വിയറ്റ്‌നാം: 2007 ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് പ്രധാന നേട്ടം. അന്ന് ഇറാഖിനോട് തോറ്റ വിയറ്റ്‌നാം ഇത്തവണ വീണ്ടും അവരെ നേരിടുമ്പോൾ അവശേഷിക്കുന്ന ഒരേയൊരു കളിക്കാരൻ എൻഗുയൻ ആൻ ഡുക്കാണ്. 
യെമൻ: ആദ്യ എട്ട് കളികളിൽ ഏഴും തോറ്റ ശേഷം നാടകീയായി യെമൻ യോഗ്യതാ റൗണ്ടിൽ തിരിച്ചുവരികയായിരുന്നു. രണ്ടു വർഷത്തിനിടെ എട്ട് കളികളിൽ അജയ്യരായി ഫൈനൽ റൗണ്ട് ബെർത്തുറപ്പിച്ചു.

ഗ്രൂപ്പ് ഇ
സൗദി അറേബ്യ:  ഏഷ്യൻ കപ്പ് ഫൈനൽ രണ്ടു തവണയാണ് ഷൂട്ടൗട്ടിൽ വിധിയായത്. രണ്ടു തവണയും സൗദി ചാമ്പ്യന്മാരായി -1988 ൽ തെക്കൻ കൊറിയയെയും 1996 ൽ യു.എ.ഇയെയും തോൽപിച്ചു. 
ഖത്തർ: രണ്ടു തവണ ഏഷ്യൻ കപ്പ് നടത്തിയ രണ്ട് രാജ്യങ്ങളിലൊന്ന് (1998, 2011). ഇറാനാണ് മറ്റൊന്ന്. ഈ ടൂർണമെന്റോടെ യു.എ.ഇയും ഒപ്പം ചേരും. 
ലെബനോൻ: നാടിനു പുറത്ത് ലെബനോന് ഏഷ്യൻ കപ്പ് അരങ്ങേറ്റം. 2000 ൽ ലെബനോനിൽ ഏഷ്യൻ കപ്പ് കളിച്ചപ്പോൾ രണ്ട് സമനിലയും ഒരു തോൽവിയുമായി പുറത്തായി. 
വടക്കൻ കൊറിയ: 1980 ലെ കുവൈത്ത് ഏഷ്യൻ കപ്പിൽ അരങ്ങേറുകയും നാലു മത്സരങ്ങളിൽ മൂന്നും ജയിക്കുകയും ചെയ്ത വടക്കൻ കൊറിയ പിന്നീട് മൂന്നു ടൂർണമെന്റുകളിലായി ഒരു കളിയും ജയിച്ചില്ല.

ഗ്രൂപ്പ് എഫ്
ജപ്പാൻ: 1988 ലെ ഖത്തർ ഏഷ്യൻ കപ്പിൽ അരങ്ങേറിയ ജപ്പാൻ അത്തവണ ഒരു കളിയും ജയിച്ചില്ല. പിന്നീട് ഏഴ് ടൂർണമെന്റുകളിൽ നാലിലും ചാമ്പ്യന്മാരായി. 
ഉസ്‌ബെക്കിസ്ഥാൻ: ഗോൾകീപ്പർ ഇഗ്‌നാതി നെസ്റ്ററോവും മിഡ്ഫീൽഡർ സർവർ ജെബാറോവും അഞ്ച് ഏഷ്യൻ കപ്പ് കളിക്കുന്ന ആദ്യ കളിക്കാരാവും. 
ഒമാൻ: മൂന്നു തവണ ഏഷ്യൻ കപ്പ് കളിച്ചപ്പോഴും ഗ്രൂപ്പ് ഘട്ടം പിന്നിട്ടില്ല (2004, 2007, 2015). ഒമാനൊപ്പം ഗ്രൂപ്പ് കളിച്ചവരാണ് മൂന്നു തവണയും ചാമ്പ്യന്മാരായത്.
തുർക്ക്‌മെനിസ്ഥാൻ:  ഉസ്‌ബെക്കിസ്ഥാനെതിരെ കളിച്ചാണ് 2004 ൽ തുർക്ക്‌മെനിസ്ഥാൻ അരങ്ങേറിയത്. 15 വർഷത്തിനു ശേഷം ഇതേ ടീമുകൾ വീണ്ടും ഏറ്റുമുട്ടും. 
 

Latest News