Tuesday , May   21, 2019
Tuesday , May   21, 2019

സംശയിക്കേണ്ട, അത്ഭുതങ്ങൾ സംഭവിക്കും

നിത്യജീവിതത്തിൽ നാം കാണുന്ന പല മനുഷ്യ നിർമിത ഉൽപന്നങ്ങളും ഉപകരണങ്ങളും ഉപാധികളും ആദ്യം ഉദയം കൊണ്ടത് പ്രതിഭാ സമ്പന്നമായ മനസ്സുകളിലാണ്. മനസ്സുകളിലാണ് എല്ലാത്തിന്റെയും രൂപകൽപന ആദ്യമായി നടക്കുന്നത്. വൻ കെട്ടിടങ്ങളും പാലങ്ങളും  എല്ലാം ആദ്യം പണി തീർന്നത് ഭാവനാ സമ്പന്നമായ മനസ്സുകളിലാണ്. ഭാവന ചെയ്യാനുള്ള മനുഷ്യന്റെ കഴിവിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരാണ് പ്രതിഭാശാലികൾ.
പക്ഷികളെ പോലെ ആകാശത്തിലൂടെ പറക്കാനും മീനുകളെ പോലെ കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനും  മനുഷ്യനെ പ്രപ്തനാക്കിയാത് സ്വപ്‌നം കാണാനുള്ള മനുഷ്യൻെറ സിദ്ധിയല്ലാതെ മറ്റൊന്നുമല്ല. വിദൂര ദേശങ്ങളിലുള്ളവരുമായി മുഖാമുഖം സംസാരിക്കാനും  അടുത്തുള്ള വസ്തുക്കളെ  അതിസൂക്ഷ്മമായി അറിയാനും അകലെയുള്ളതിനെ അതിസമർഥമായി പഠിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞത് ഉൽക്കടമായ സ്വപ്‌നത്തിന്റെ ഫലമായാണ്.
സമൂഹത്തിൽ നാം കാണുന്ന സർവ വിധ മാറ്റങ്ങളും ഉടലെടുത്തത്  സർഗാത്മക ചിന്തയിൽ നിന്നാണ് എന്ന്  സാരം. നാം ആരായിത്തീരണമെന്നും എന്തായിത്തീരണമെന്നും ആദ്യമായി രൂപം നൽകേണ്ടത് നമ്മുടെ മനസ്സുകളിലാണ്. ജീവിതത്തിൽ വിജയികളായ തൊണ്ണൂറ് ശതമാനം ആളുകളും അവരെന്തായിത്തീരണമെന്നും ആരായിത്തീരണമെന്നും മനസ്സിൽ വ്യക്തമായി രൂപകൽപന ചെയ്ത് കൃത്യവും സുശക്തവുമായി മുന്നേറിയവരാണ്. അവർ തങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളവരും  ലക്ഷ്യമിടുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ആവശ്യമായ വിഭവങ്ങളും സംഘബലം കണ്ടെത്തുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും മിടുക്കുള്ളവരുമാണ്. പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും അവർ പ്രസാദാത്മകമായി നേരിടുകയും ലക്ഷ്യത്തിലേക്കുള്ള നിർണായക പടവുകളായി കണക്കാക്കുകയും ചെയ്യുന്നു. നിതാന്ത പരിശ്രമവും ചിട്ടയോടെയുള്ള പരിശീലനവും  ഉറവ വറ്റാത്ത ആവേശവും അവരെ വിജയ സോപാനത്തിലെത്തിക്കുന്നു.
ലോക ചരിത്രത്തിൽ നാം ആവർത്തിച്ചു കൊണ്ടാടുന്ന വിജയികൾ അവരുടെ ഭൂതകാലങ്ങളിൽ നേരിട്ട അഗ്‌നിപരീക്ഷകളെ നാം വായിക്കണം. ഒരു സുപ്രഭാതത്തിൽ വിജയിയായതല്ല ഒരാളും. നിരവധി  പ്രതികൂലതകളിലും ശുഭാപ്തി വിശ്വാസം  കൈവിടാതെയുള്ള കഠിന പ്രയത്‌നത്തിലൂടെ ചുവടു വെച്ചവരാണ് അവർ. ലോകോത്തരങ്ങളായ നേട്ടങ്ങൾ കൈവരിച്ചവരെല്ലാം   കൃത്യമായ ലക്ഷ്യബോധമുള്ളവരായിരുന്നുവെന്ന് കാണാം.
നമ്മുടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ സുവ്യക്തമായ ലക്ഷ്യ നിർണയം നടത്തുന്നതിലൂടെ നമുക്കും മെച്ചപ്പെട്ട ജീവിതം നയിക്കാം. ജീവിതത്തിൽ എവിടെ, എപ്പോൾ, എങ്ങനെ  എത്തിച്ചേരണം എന്നുള്ളതിന്  ഒരു മാർഗരേഖ ഉണ്ടാക്കാൻ കുറ്റമറ്റ ലക്ഷ്യ നിർണയം നമ്മെ സഹായിക്കുന്നു. കൂടാതെ പ്രായോഗിക ജീവിത ദർശനവും കർമ നിരതരാവാനുള്ള പ്രചോദനവും അത് സമ്മാനിക്കുന്നു. നേടണമെന്ന് നാം ആഗ്രഹിക്കുന്ന  കാര്യങ്ങൾ നേടിയെടുക്കാൻ  ആവശ്യമായ അറിവും തന്ത്രങ്ങളും സ്വായത്തമാക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. നമുക്ക് ലഭ്യമായ വിഭവങ്ങളെ ക്രമീകരിക്കാനും ആസൂത്രണം ചെയ്യാനും നമ്മെ പ്രചോദിപ്പിക്കുന്നു. യാതാർഥ്യ ബോധത്തിൻെറ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കണിശവും പ്രാപ്യവും  സമയ ബന്ധിതവുമായ ലക്ഷ്യങ്ങൾ വിജയത്തിലേക്കുള്ള മുന്നേറ്റത്തിന്റെ  തോത് മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.
കൃത്യമായ ലക്ഷ്യ നിർണയം നടത്തുന്നവർക്ക് അനാവശ്യമായ ആത്മ സംഘർഷവും  ആകാംക്ഷയും  കുറവായിരിക്കും. അവർ കൂടുതൽ സന്തോഷവാന്മാരും സംതൃപ്തരുമായിരിക്കും. എങ്ങനെ ലക്ഷ്യ നിർണയം നടത്തണമെന്നറിയാത്തതാണ് പലർക്കും പലപ്പോഴും  വിജയത്തിലേക്കുള്ള  വിലങ്ങുതടിയാവുന്നത്.

ലക്ഷ്യ നിർണയം നടത്തൽ ഓരേ  സമയം ശാസ്ത്രവും കലയുമാണ്. ആരോഗ്യം, വിജ്ഞാനം, സമ്പത്ത്, മാനസിക സ്വാസ്ഥ്യം, ജീവിതാനന്ദം, സേവന പുണ്യം തുടങ്ങി വിവിധ തലങ്ങളിൽ മഹത്തായ ലക്ഷ്യങ്ങൾക്ക് രൂപം നൽകാവുന്നതാണ്. ലക്ഷ്യം നിർണയിക്കുമ്പോൾ ഇപ്പോഴത്തെ അവസ്ഥയെ വിശകലനം ചെയ്യണം. ഉദാഹരണത്തിന്, വായനാ ശീലം വളർത്തുന്നതുമായി ബന്ധപ്പെട്ട ലക്ഷ്യ നിർണയമാണ് നടത്തുന്നതെങ്കിൽ ഇപ്പോഴത്തെ വായനാ ശീലം എങ്ങനെയുള്ളതാണെന്നും ഇനിയങ്ങോട്ട് വായനാ ശീലം വളർത്തുന്നതിന്റെ ഭാഗമായി എത്ര പുസ്തകങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ, വേദഗ്രന്ഥങ്ങൾ എത്ര കാലയളവിനുള്ളിൽ എത്ര അളവിൽ വായിച്ചാസ്വദിക്കും എന്ന് സ്വയം ചോദിക്കുക. ഓരോരുത്തർക്കും വിവിധ സാഹചര്യങ്ങളും വ്യത്യസ്ത സാധ്യതകളുമായിരിക്കും. അതിനനുസരിച്ചു തന്നെ ലക്ഷ്യം വെക്കുക. തുടർന്ന് വ്യക്തമായ രീതിയിൽ അത് എഴുതിവെക്കുക. നെഗറ്റീവ് വാക്കുകൾ ഒഴിവാക്കുക. നിർദിഷ്ട സമയത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുമെന്നു മനസ്സിലുറപ്പിച്ചു ഉറങ്ങാൻ കിടക്കുന്നതിനു മുൻപും ഉണർന്നെണീറ്റതിനു ശേഷവും സ്ഥിരമായി  ദൃഢപ്രതിജ്ഞ ചെയ്യുക.  മുൻഗണനാ അടിസ്ഥാനത്തിൽ കർമ പദ്ധതികൾ തയാറാക്കുക. സമ്പത്തു ആർജിക്കുന്ന കാര്യത്തിലാണെങ്കിൽ പ്രാഥമിക ചെലവു കഴിച്ചു എത്ര തുക എത്ര മാസത്തിനുള്ളിൽ സമ്പാദിക്കാനാവണമെന്നു നിർണയിക്കുക. സുവ്യക്തമായി ഈ കാര്യം നിങ്ങളുടെ ഡയറിയിൽ കുറിച്ചിടുക. ഹ്രസ്വ ലക്ഷ്യവും ദീർഘ ലക്ഷ്യവും വേർതിരിച്ചു ഇപ്രകാരം എഴുതി, മനസ്സിലുറപ്പിച്ചു അവ നേടിയെടുത്തതായി നിരന്തരം  ദൃശ്യവൽക്കരിച്ചു കർമപഥത്തിൽ മുന്നേറിയാൽ കുറവു വരാത്ത ആവേശത്തോടെ അനായസേന നിങ്ങൾ  ലക്ഷ്യത്തോടടുക്കുന്നത് നേരിൽ അനുഭവിക്കാം. ശാസ്ത്രീയമായ  ലക്ഷ്യ നിർണയം മികച്ച പഠനത്തിലും പരീക്ഷകളിലെ മിന്നുന്ന  വിജയത്തിലും ചെലുത്തുന്ന  സ്വാധീനം നിസ്സാരമല്ല.
പുതുവർഷത്തിലെ ഈ ആദ്യ നാളുകൾ വൈജ്ഞാനികവും സാമ്പത്തികവും ആരോഗ്യപരവും  വാണിജ്യപരവുമായ  ഏതാനും ലക്ഷ്യങ്ങൾ നിർണയിക്കാനും അവ എഴുതിവെച്ച് പ്രപഞ്ച ശക്തിയിലുള്ള ഉറച്ച വിശ്വാസത്തോടെ അവ വിജയിപ്പിച്ചെടുക്കാനുമുള്ള ആത്മഗതവും ആത്മാർത്ഥ പരിശ്രമവും  നിത്യശീലമാക്കി ഗുണാത്മക ചിന്തകളോടെ കർമനിരതരായി നോക്കൂ. പ്രപഞ്ചം മുഴുവനും നിങ്ങളുടെ ഉൽക്കടമായ ആഗ്രഹം സഫലമാക്കാൻ നിങ്ങളെ സഹായിക്കുന്നതായി നിങ്ങൾക്ക് കാണാം. സാധാരണ ജീവിതം നയിക്കുന്ന പതിവ് ശീലത്തിൽ നിന്നും ഭിന്നമായി നിങ്ങളിൽ കുടിയിരിക്കുന്ന  അനന്യവും അസാധാരണവുമായ കഴിവുകളെ തിരിച്ചറിഞ്ഞു മുന്നേറാനുള്ള മനസ്സ് രൂപപ്പെടുത്തുകയാണ് വേണ്ടത്. പ്രയോജനപ്പെടുത്താതെ പോയ ഭൂതകാലത്തെ ഓർത്ത് ദുഃഖിക്കുകയോ നിരാശപ്പെടുകയോ അല്ല  വേണ്ടത്. കൈവന്നിരിക്കുന്ന വർത്തമാനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി പുത്തനുണർവോടെ ലക്ഷ്യ നിർണയം ചെയ്തു ജീവിതത്തെ കൂടുതൽ വർണാഭമാക്കുകയാണ് വേണ്ടത്. ജീവിത പാതയിൽ നേരിട്ട പരിക്കും പരാജയങ്ങളും കർമ രാഹിത്യത്തിന്റെ  ഇരുൾ ഗർത്തത്തിലേക്ക് നയിക്കുന്ന ഭീതി പടർത്തുന്ന പ്രേത രൂപികളായല്ല, അതിവിദൂരത്തല്ലാതെ നമ്മെ കാത്തിരിക്കുന്ന   വെളിച്ചത്തിന്റെ ഉദ്യാനത്തിലേക്കുള്ള വഴി വിളക്കുകളായി വേണം പരിഗണിക്കാൻ . മനസ്സിരുത്തി ഒരുങ്ങിക്കോളൂ. ഒട്ടും സംശയിക്കേണ്ട. തികഞ്ഞ നന്ദി ബോധവും പതറാത്ത വിശ്വാസവും ഉന്നതമായ ലക്ഷ്യങ്ങളും കരുത്തുറ്റ  കർമ പദ്ധതികളും വഴി അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുക തന്നെ ചെയ്യും, തീർച്ച.
 

Latest News