Wednesday , April   24, 2019
Wednesday , April   24, 2019

മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് നിതീഷ്

ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ വോട്ട് ചെയ്യുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യു. സഖ്യകക്ഷിയുടെ അപ്രതീക്ഷിത നീക്കം ബി.ജെ.പിക്ക് തിരിച്ചടിയായി. ചിലർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിഹാറിൽ നിന്നുള്ള ബി.ജെ.പി നേതാവ് സി.പി താക്കൂർ കുറ്റപ്പെടുത്തി. 
വിചിത്രമായ വകുപ്പുകളുമായി തിടുക്കത്തിൽ കൊണ്ടുവരുന്ന മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കേയാണ് എൻ.ഡി.എയിൽ നിന്നുതന്നെ ശക്തമായ എതിർപ്പുയരുന്നത്. ബിൽ രാജ്യസഭയിൽ വോട്ടിനിടുന്ന പക്ഷം എതിർത്ത് വോട്ട് ചെയ്യുമെന്ന് മുതിർന്ന ജെ.ഡി.യു നേതാവ് വശിഷ്ട നാരായൺ സിംഗ് ഇന്നലെ വ്യക്തമാക്കി. ബിൽ തിടുക്കത്തിൽ പാസാക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ലോക്‌സഭയിൽ പാസായ ബിൽ രാജ്യസഭയിൽ ഏതു വിധേനെയും പാസാക്കാൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് ജെ.ഡി.യു എതിർ നിലപാട് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയാതിരിക്കുകയായിരുന്നു നിതീഷ്. ഇതിനിടെ ഒരു ന്യൂനപക്ഷ വിഭാഗത്തിനു മേൽ സർക്കാരിന് ഏതെങ്കിലും അജണ്ട അടിച്ചേൽപ്പിക്കാനാവുമോ എന്ന് ചോദിച്ച് സംസ്ഥാന നിയമ കമ്മീഷന് മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്തു.
ജെ.ഡി.യു എതിർത്തതോടെ മുത്തലാഖ് ബിൽ രാജ്യസഭയിൽ ഇത്തവണയും കേന്ദ്ര സർക്കാരിന് പാസാക്കാൻ കഴിയില്ലെന്ന് വ്യക്തമായി. ജെ.ഡി.യുവിന് ആറംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതിനു മുമ്പ് രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതിനാൽ ബിൽ പാസാക്കാനായില്ല. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിൽ ബി.ജെ.പിയും ജെ.ഡി.യുവും സീറ്റ് വിഭജനം വരെ പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സർക്കാരിന് പ്രഹരമേൽപ്പിക്കുന്ന നിലപാടുമായി നിതീഷ് രംഗത്തെത്തിയത്.
ബില്ലിനെതിരെ ലോക്‌സഭയിൽ ശക്തമായ എതിർപ്പാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയത്. ഭാര്യയെ മുത്തലാഖ് ചൊല്ലിയാൽ ഭർത്താവിന് മൂന്ന് വർഷം തടവുശിക്ഷ നൽകുന്ന വകുപ്പിനോടാണ് ഏറ്റവും വലിയ എതിർപ്പ്. വിവാഹമോചനം രാജ്യത്തെ നിയമപ്രകാരം സിവിൽ വിഷയമായിരിക്കെ മുത്തലാഖ് ബില്ലിൽ അതിനെ ക്രിമിനൽ കുറ്റമായി കണ്ടാണ് തടവു ശിക്ഷക്ക് വ്യവസ്ഥ ചെയ്യുന്നത്. മാത്രമല്ല, ഇങ്ങനെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പുരുഷൻ ആ കാലയളവിലും ഭാര്യക്ക് ചെലവിന് നൽകണമെന്ന വിചിത്ര വ്യവസ്ഥയുമുണ്ട്. വിവാഹ മോചനം ചെയ്യുന്ന മുസ്‌ലിം പുരുഷന്മാരെയെല്ലാം ക്രിമിനൽ കുറ്റവാളികളാക്കുന്നതാണ് മുത്തലാഖ് ബില്ലെന്നാണ് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കുന്നതാണ് മുത്തലാഖ് ബില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ബിൽ തിടുക്കത്തിൽ പാസാക്കാതെ സെലക്ട് കമ്മിറ്റിക്ക് വിടുകയും വേണ്ട ഭേദഗതികൾ വരുത്തി വീണ്ടും അവതരിപ്പിക്കുകയും വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Latest News