Tuesday , April   23, 2019
Tuesday , April   23, 2019

എന്റേത് ഡച്ച് ശൈലി -സൗദി കോച്ച്

കളിക്കുന്ന കാലത്ത് യുവാൻ ആന്റോണിയൊ പിസി മികച്ച സ്‌ട്രൈക്കറായിരുന്നു. ലാറ്റിനമേരിക്കയിലും മെക്‌സിക്കോയിലും സ്‌പെയിനിലുമായി നിരവധി ക്ലബ്ബുകളുടെ ആക്രമണം നയിച്ചു. സ്പാനിഷ് ലീഗിൽ ടോപ്‌സ്‌കോററായി. ലോകകപ്പിലും യൂറോ കപ്പിലും സ്‌പെയിനിന് കളിച്ചു. 2002 ൽ വിരമിച്ച ശേഷം അജ്ഞാതവാസത്തിലായിരുന്നു പിസി. പോളോ കളിയിൽ ഇടക്ക് കഴിവ് പരീക്ഷിച്ചു. അവസാനം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞു. അർജന്റീനയിൽ കൊളോണിലെ പരിശീലക പദവി മൂന്നു മത്സരങ്ങൾ കൊണ്ട് അവസാനിച്ചു. പക്ഷെ അതൊന്നും പിസിയെ പിന്തിരിപ്പിച്ചില്ല. 2006 ൽ വീണ്ടും പരീക്ഷണം തുടങ്ങി. ഒടുവിൽ ചിലെ ലീഗിൽ യൂനിവേഴ്‌സിദാദ് കാതോലിക്കയെ കിരീടത്തിലേക്ക് നയിച്ചു. എന്നാൽ അഞ്ചര വർഷത്തിനു ശേഷം 2016 ൽ ചിലെയെ കോപ ശതാബ്ദി ടൂർണമെന്റിൽ കിരീടത്തിലേക്ക് നയിച്ചതോടെയാണ് പിസി കോച്ചായി അംഗീകരിക്കപ്പെട്ടത്. 2017 ലെ കോൺഫെഡറേഷൻസ് കപ്പിൽ ചിലെ ഫൈനലിലെത്തി. എന്നാൽ ലോകകപ്പിന് യോഗ്യത നേടാൻ അവർക്കു സാധിച്ചില്ല. അതോടെ പിസിയുടെ ലോകകപ്പ് കോച്ചിംഗ് അരങ്ങേറ്റവും ഇല്ലാതാവുമെന്ന് തോന്നി. പക്ഷെ സൗദി അറേബ്യ പിസിക്ക് പുതുപ്രതീക്ഷ നൽകി. ലോകകപ്പിൽ കരുത്തുകാട്ടിയ സൗദി ഏഷ്യൻ കപ്പിൽ ആ പ്രകടനം ആവർത്തിക്കാനൊരുങ്ങുകയാണ്. 

? സൗദി അറേബ്യയിലെ അനുഭവത്തെക്കുറിച്ച്
ലോകകപ്പ് ആസന്നമായിരിക്കെ കോച്ചായി നിയമിതനായപ്പോൾ വലിയ ആശങ്കയുണ്ടായിരുന്നു. കളിക്കാരെയും തന്ത്രങ്ങളെയും കുറിച്ച് ധാരണയിലെത്തേണ്ടതുണ്ടായിരുന്നു. എന്നാൽ സൗദി ഫെഡറേഷനിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചു. നല്ല അന്തരീക്ഷമായിരുന്നു ടീമിന് ചുറ്റും. കളിക്കാരും ആവേശം കാട്ടി. ഒരുക്കങ്ങൾ പിഴവില്ലാതെ നീങ്ങി. ക്യാമ്പുകളിലൂടെയും സന്നാഹ മത്സരങ്ങളിലൂടെയും കളിക്കാരെ മനസ്സിലാക്കാൻ സാധിച്ചു. എങ്കിലും സമയം കുറവായിരുന്നു. ലോകകപ്പിൽ ആതിഥേയരായ റഷ്യക്കെതിരെ ഉദ്ഘാടന മത്സരം കളിക്കുന്നത് വലിയ ആവേശവും പ്രതീക്ഷയും ഉയർത്തി. ആതിഥേയരെ തോൽപിക്കുക എളുപ്പമല്ലെന്ന് അറിയാമായിരുന്നു. അതേസമയം അഞ്ചു ഗോൾ തോൽവി പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷെ ആ തോൽവിയുടെ മാനസികാഘാതത്തിൽ നിന്ന് കരകയറാനും തലയുയർത്തി മടങ്ങാനും ടീമിന് സാധിച്ചു. 

? ഉറുഗ്വായ്‌ക്കെതിരായ രണ്ടാമത്തെ കളിയിൽ സൗദി ടീം ആകെ മാറി. വലിയ തോൽവിക്കു ശേഷം എങ്ങനെ ഇത് സാധിച്ചു
ഉറുഗ്വായ് യുടെ ലോകോത്തര കളിക്കാരെ തളക്കുകയും അതോടൊപ്പം സൗദിയുടെ പ്രതിഛായക്കൊത്ത നല്ല പ്രകടനം കാഴ്ചവെക്കുകയുമായിരുന്നു ലക്ഷ്യം. ഉദ്ഘാടന മത്സരത്തിലെ വൻ തോൽവി ഒരു കൈയബദ്ധം മാത്രമാണെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അതിനായി കളിക്കാർ കഠിനാധ്വാനം ചെയ്തു. സമനില അർഹിക്കുന്ന പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. പിന്നീട് താരസമ്പന്നമായ ഈജിപ്തിനെ തോൽപിച്ചു. സൗദിയുടെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു അത്. ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ടു ഗോൾ തിരിച്ചടിച്ചത്. 

? ഏഷ്യൻ കപ്പിൽ എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്?
എല്ലാം മാറ്റമാണ്. ലോകകപ്പിനെക്കാൾ വലിയ ഉത്തരവാദിത്തമാണ് ടീമിന്. ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ടീമിനെ ഒരുക്കാൻ സമയമൊരുപാട് കിട്ടിയിട്ടുണ്ട്. ലോകകപ്പിൽ നിന്ന് ടീമിനെ മുന്നോട്ടുനയിക്കാൻ കഴിഞ്ഞുവെന്ന് തെളിയിക്കേണ്ടതുണ്ട്. കളിക്കാർക്ക് ആത്മവിശ്വാസം നൽകി പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് കോച്ചെന്ന നിലയിൽ എന്റെ ദൗത്യം. 

? മൂന്നു തവണ ചാമ്പ്യന്മാരായ ടീമാണ് സൗദി അറേബ്യ
സൗദി അറേബ്യയിലെത്തിയതു മുതൽ ഏഷ്യൻ ഫുട്‌ബോളിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. എതിരാളികളുടെ കളികൾ ഞാൻ വീക്ഷിക്കുന്നുണ്ട്. ഏഷ്യൻ, യൂറോപ്യൻ, ലാറ്റിനമേരിക്കൻ ശൈലികൾ തമ്മിലെ വ്യത്യാസത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇത് പ്രയാസകരമായ ടൂർണമെന്റായിരിക്കും, എതിരാളികൾ ശക്തരാണ്. എങ്കിലും സ്വന്തം ശൈലി നിലനിർത്തി ഞങ്ങൾ മുന്നേറും. ഏതെങ്കിലും ഒരു കളിക്കാരനെ മുൻനിർത്തി കളിക്കുക എന്റെ രീതിയല്ല. മുഴുവൻ ടീമിനും ഉത്തരവാദിത്തമുണ്ട്. പന്ത് വിടാതെ നോക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും തന്ത്രങ്ങളിലും ആക്രമണത്തിലും ആവേശം നിലനിർത്തുകയുമാണ് എന്റെ രീതി. ആര് എതിരാളികളായി വന്നാലും ഇതായിരിക്കണം രീതി.

? ലോകകപ്പ് പോലെ പ്രധാന ടൂർണമെന്റുകൾ കളിച്ച താങ്കളുടെ പരിചയം ടീമിന് മുതൽക്കൂട്ടാവുമോ
അനുഭവം പങ്കുവെക്കുന്നത് ഗുണകരമാണെങ്കിലും അതിന് ജയമോ തോൽവിയോ സൃഷ്ടിക്കാനാവില്ല. കളിക്കാർ സ്വയം അനുഭവസമ്പത്ത് ആർജിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ലോകകപ്പിൽ കളിച്ച ഒരു സൗദി കളിക്കാരനും മുമ്പ് ലോകകപ്പ് കളിച്ച പരിചയമുണ്ടായിരുന്നില്ല. ലോകകപ്പിൽ അവർ നേട്ടവും കോട്ടവുമറിഞ്ഞു. ആ അനുഭവസമ്പത്ത് ഏഷ്യൻ കപ്പിൽ അവർ ഉപയോഗപ്പെടുത്തണം. 

? കോച്ചിംഗിൽ ആരാണ് താങ്കളുടെ റോൾ മോഡൽ
ഏറെ കാത്തിരുന്ന ശേഷമാണ് ഞാൻ കോച്ചിംഗിലേക്ക് തിരിഞ്ഞത്. ഡച്ച് ശൈലിയാണ് എന്നെ പ്രധാനമായും ആകർഷിച്ചത്. ഗുസ് ഹിഡിങ്കിനെയും ലൂയിസ് വാൻഹാലിനെയും പോലുള്ള വലിയ ഡച്ച് കോച്ചുമാർ എന്നെ ആകർഷിച്ചിരുന്നു. ജൂപ് ഹെയ്ൻക്‌സ്, ബോബി റോബ്‌സൻ, ജോർജെ വാൽദാനൊ, റമോൺ ഡയസ് എന്നിവരും പ്രിയപ്പെട്ട കോച്ചുമാരാണ്. 

? ക്ലബ്ബിനെ പരിശീലിപ്പിക്കുന്നതും രാജ്യത്തെ പരിശീലിപ്പിക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം
രാജ്യത്തെ പരിശീലിപ്പിക്കുമ്പോൾ വലിയ പ്രതലത്തിലാണ് ചിത്രം വരക്കുന്നത്. കളിക്കാരെ വേണമെങ്കിൽ മാറ്റി പിഴവുകൾ പരിഹരിക്കാം. പക്ഷെ ചിലപ്പോൾ എല്ലാ കളിക്കാരെയും പരിചയപ്പെടാനായില്ലെന്നു വരാം. ക്ലബ്ബിൽ ഒരേ കളിക്കാർ തന്നെ നിരവധി സീസണുകളിൽ ഒരുമിച്ച് കളിക്കും. ചെറിയ വിശദാംശങ്ങൾ വരെ മനസ്സിലാക്കാൻ സാധിക്കും. 

? ചിലെയെ കോപ അമേരിക്കയിലേക്ക് നയിച്ചെങ്കിലും ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കാനായില്ല. അതിനെക്കുറിച്ച്
2015 ലെ കോപ അമേരിക്ക കിരീടം നേടിയ ശേഷം കളിക്കാർ അൽപം ആലസ്യത്തിലായി. 2016 ലെ ശതാബ്ദി കോപ ടൂർണമെന്റിൽ ആവേശത്തിന് വീണ്ടും തിരികൊളുത്തി. വീണ്ടും ചാമ്പ്യന്മാരായി. കോൺഫെഡറേഷൻസ് കപ്പിൽ കഷ്ടിച്ചാണ് കിരീടം നഷ്ടപ്പെട്ടത്. എന്നാൽ അതിനു ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന നാലു കളികളിൽ കളിക്കാരുടെ കായികക്ഷമത നിലനിർത്താനായില്ല. അതാണ് ലോകകപ്പ് ബെർത്ത് നഷ്ടപ്പെടാനുള്ള പ്രധാന കാരണം. 


 

Latest News