Wednesday , June   19, 2019
Wednesday , June   19, 2019

ആക്ടിംഗ് ജീനിയസ് അനുമോൾ 

അനുമോൾ അങ്ങനെയാണ്. കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും അവ സ്വീകരിക്കാനുള്ള ധൈര്യംകൊണ്ടും അഭിനയിപ്പിച്ചു ഫലിപ്പിക്കാനുള്ള കഴിവുകൊണ്ടും മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്ന അഭിനേത്രി. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത നടുവട്ടത്തുനിന്ന് മലയാള സിനിമയിലേയ്ക്കു കടന്നുവന്ന ഈ എൻജിനീയറിംഗ് ബിരുദധാരി ഇന്ന് ഏറെ സന്തോഷവതിയാണ്. പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോയിലെ ജോലി മതിയാക്കി അഭിനയ രംഗത്തെത്തിയത് വെറുതെയായില്ലല്ലോ.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അനുമോളുടെ സാന്നിധ്യം എപ്പോഴുമുണ്ട്. ഉടലാഴം എന്ന ചിത്രത്തിലൂടെ ഈ വർഷവും മാറ്റുരയ്ക്കാനെത്തിയിരിക്കുകയാണവർ. ലോകമെമ്പാടും അരങ്ങേറുന്ന ചലച്ചിത്ര മേളകളിലെ മലയാളി സാന്നിധ്യം പലപ്പോഴും അനുമോളുടെ ചിത്രങ്ങളിലൂടെയാണ്. ഇവൻ മേഘരൂപനും അകവും ചായില്യവുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ടിട്ടില്ലെങ്കിലും മനസ്സിനിണങ്ങിയതും ശക്തവുമായ നിരവധി കഥാപാത്രങ്ങളെ തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സംതൃപ്തയാണവർ. മലയാളവും തമിഴും കടന്ന് ബംഗാളി ചിത്രത്തിലെത്തിനിൽക്കുകയാണ് ഈ അനുമോൾ. എറണാകുളത്തെ സ്‌കൈലൈൻ അപ്പാർട്ടുമെന്റിലിരുന്ന് അനുമോൾ മനസ്സു തുറക്കുന്നു.

ബംഗാളി ചിത്രത്തിലേയ്ക്കുള്ള അവസരം?
കൊൽക്കത്ത ചലച്ചിത്ര മേളയിൽ ഞാൻ അഭിനയിച്ച വലിയ ചിറകുള്ള പക്ഷികൾ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരെക്കുറിച്ച് ഡോ. ബിജു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പരിസ്ഥിതി പ്രവർത്തകയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്. ചിത്രം കണ്ട ദേശീയ അവാർഡ് ജേതാവു കൂടിയായ ജോഷി ജോസഫാണ് അദ്ദേഹത്തിന്റെ ചിത്രത്തിലേയ്ക്കു ക്ഷണിച്ചത്. ഒബിമാനി ജോൽ എന്നു പേരിട്ട ചിത്രം ഒരു കുടുംബ കഥയാണ് അവതരിപ്പിക്കുന്നത്. ഭാര്യയും ഭർത്താവും മകനും ചേരുന്ന ആ ചിത്രത്തിൽ ഹൗറാ പാലവും കഥാപാത്രമായി എത്തുന്നുണ്ട്.

അനുമോൾ എന്ന അഭിനേത്രിയുടെ വളർച്ച?
എൻജിനീയറിംഗ് ജോലിക്കിടയിലാണ് ടെലിവിഷൻ അവതാരകയായി പോകുന്നത്. ഒരിടത്തുമാത്രം ഒതുങ്ങിനിൽക്കാൻ ഇഷ്ടമായിരുന്നില്ല. കൂടാതെ മറ്റുള്ളവരുടെ സമ്മർദ്ദത്തിനു വഴങ്ങി ജോലി ചെയ്യാനും ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് ചാനലിൽ എത്തിയത്. അവതാരക വേഷത്തിൽനിന്നും സിനിമയിലേയ്ക്കുള്ള ക്ഷണമെത്തി. ശ്രമിച്ചുനോക്കാം എന്നു കരുതിയാണ് പോയതെങ്കിലും ആ ചിത്രം മുടങ്ങി. ആ പരിചയത്തിലാണ് തമിഴിൽ അവസരം ലഭിച്ചത്. 
ലെന മുവന്താർ സംവിധാനം ചെയ്ത കണ്ണുക്കുള്ളെ ആയിരുന്നു ആദ്യചിത്രം. തുടർന്ന് രാമർ എന്ന ചിത്രത്തിലും വേഷമിട്ടു. പി. ബാലചന്ദ്രന്റെ ഇവൻ മേഘരൂപനായിരുന്നു ആദ്യ മലയാള ചിത്രം. ചിത്രത്തിലെ തങ്കമണിയുടെ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.  പിന്നീടുവന്ന ഓരോ കഥാപാത്രവും വ്യത്യസ്തവും ശക്തവുമായിരുന്നു. 
സത്യത്തിൽ സംവിധായകരാണ് എന്നെ വളർത്തിയത്. ഓരോ കഥാപാത്രത്തെയും വിശ്വസിച്ച് എന്നെ ഏൽപിക്കുകയായിരുന്നു. അകത്തിലെ രാഗിണിയും വെടിവഴിപാടിലെ സുമിത്രയും ചായില്യത്തിലെ ഗൗരിയും റോക്ക് സ്റ്റാറിലെ ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ജന കുര്യനും ഞാനിലെ ജാനുവും പത്മിനിയിലെ പത്മിനിയും ഉടലാഴത്തിലെ നൃത്താധ്യാപികയുമെല്ലാം അത്തരത്തിലുള്ളവയായിരുന്നു. ഓരോ സിനിമയും അഭിനയം പഠിക്കാനുള്ള സ്‌കൂളായാണ് തോന്നിയത്. വ്യത്യസ്ത അനുഭവങ്ങളും പാഠങ്ങളുമാണ് അവ സമ്മാനിച്ചത്. എങ്കിലും വ്യക്തിജീവിതത്തിൽ ഞാനെന്നും അനുമോൾ മാത്രമാണ്.

തമിഴ് ചിത്രങ്ങളിലും സാന്നിധ്യമായല്ലോ?
തുടക്കം തമിഴിലായിരുന്നെങ്കിലും പിന്നീട് മലയാള ചിത്രങ്ങളിൽ വേഷമിട്ടു തുടങ്ങി. ഇതിനിടയിലാണ് വീണ്ടും തമിഴിലെത്തിയത്. സൂരൻ, തിലകർ, ഒരു നാൾ ഇരവിൽ എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. ഷട്ടറിന്റെ റീമേക്കായിരുന്നു ഒരുനാൾ ഇരവിൽ. ഇതിൽ കേന്ദ്രകഥാപാത്രമായ തങ്കത്തെയാണ് അവതരിപ്പിച്ചത്. സത്യരാജായിരുന്നു നായകൻ. തമിഴിൽ പുതുതായി രണ്ടു ചിത്രങ്ങളിലേയ്ക്ക് ഓഫറെത്തിയിട്ടുണ്ട്. അവയിലൊന്നിൽ പ്രായമുള്ള ഒരു സ്ത്രീവേഷമാണ്. ശരിക്കും വെല്ലുവിളിയായാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്.

ഒരു ചട്ടക്കൂടിൽ മാത്രം ഒതുങ്ങിപ്പോയി എന്നു തോന്നിയിട്ടുണ്ടോ?
അത്തരം തോന്നലുകളൊന്നുമില്ല. കാരണം നടിയുടെ ജോലി അഭിനയമാണ്. തേടിയെത്തുന്ന കഥാപാത്രങ്ങൾ കാമ്പുള്ളതാണോ അഭിനയിച്ചു ഫലിപ്പിക്കാനാവുമോ എന്നാണ് നോക്കുന്നത്. മനസ്സിന് ഇഷ്ടപ്പെട്ടതല്ലെങ്കിൽ ഒഴിവാക്കും. എങ്കിലും ശക്തമായ വേഷങ്ങൾ അവതരിപ്പിക്കുമ്പോൾ ഇടയ്ക്ക് ഒരു സാധാരണ പെൺകുട്ടിയായി വേഷമിടാൻ കഴിഞ്ഞെങ്കിൽ എന്നു തോന്നാറുണ്ട്. എങ്കിലും വലിഞ്ഞുകേറി വരാൻ താൽപര്യമില്ല. സിനിമയായാലും സൗഹൃദങ്ങളായാലും സ്ഥാനമില്ലാത്തയിടത്ത് കയറിനിൽക്കാൻ ആഗ്രഹിക്കാറില്ല. ഒരു സിനിമയിൽ മുഖം കാണിക്കണമെന്ന് ആഗ്രഹിച്ച് ഇത്രയേറെ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം.

ബോൾഡ്‌നെസ് എങ്ങനെ കൈവന്നു?
അത്ര ബോൾഡൊന്നുമല്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മയും അനുജത്തിയും ഞാനും മാത്രമായി. ജീവിതത്തിൽ ഇത്രയും മുന്നേറാൻ കഴിഞ്ഞത് അമ്മ പകർന്നുതന്ന ധൈര്യമാണ്. ഒരു കാര്യത്തിലും തടഞ്ഞില്ല. ഭയപ്പെടുത്തിയുമില്ല. നല്ലതെന്ന് തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യവും നൽകി. ചിത്രീകരണത്തിന് പോകുമ്പോൾ പോലും പൂർണ സ്വാതന്ത്ര്യമാണ് നൽകിയത്.

അനുയാത്ര എന്ന യുട്യൂബ് ചാനലിനെക്കുറിച്ച്?
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. യാത്രകൾ സമ്മാനിച്ച ഓർമ്മകൾ സ്വരുക്കൂട്ടി വയ്ക്കാനൊരിടം. ആ ഓർമ്മക്കൂട്ടിന്റെ പേരാണ് അനുയാത്ര. യാത്രകളോടു പ്രണയം കാഴ്ചക്കാർക്കുമുന്നിൽ അനാവരണം ചെയ്യുകയാണ്. ഇഷ്ടങ്ങളും ഓർമ്മകളുമെല്ലാം ഇതിലുണ്ട്. നൃത്തം മുതൽ ഡ്രൈവിംഗ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ദിവസമാണ് ഞാനും ദുൽഖറും ചേർന്ന് പുതിയ ടൈറ്റിൽ പ്രേക്ഷകർക്കുമുന്നിൽ അനാവരണം ചെയ്തത്. യാത്രാ വീഡിയോകൾ കണ്ട് ദുൽഖർ അത്ഭുതവും അസൂയയും പ്രകടിപ്പിച്ചു. ഇത്തരമൊരു ചാനൽ തന്റേയും ആഗ്രഹമാണെന്നും ദുൽഖർ പറഞ്ഞിരുന്നു.

പുതിയ ചിത്രങ്ങൾ?
ജിജു അശോകൻ സംവിധാനം ചെയ്തിരിക്കുന്ന പ്രേമസൂത്രം എന്ന ചിത്രത്തിൽ മഞ്ജു റാണി എന്ന തയ്യൽക്കാരിയെയാണ് അവതരിപ്പിച്ചത്. അകാലത്തിൽ പൊലിഞ്ഞുപോയ ചിത്രകാരിയായ പത്മിനി എന്ന ചിത്രമാണ് മറ്റൊന്ന്. പത്മിനിക്കുവേണ്ടി ചിത്രരചനയും അഭ്യസിച്ചു. മൈസൂർ 150 കിലോമീറ്റർ എന്ന ചിത്രത്തിൽ താമര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൈസൂർ കല്യാണത്തെ ആസ്പദമാക്കി തുഫൈൽ ആണ് ചിത്രമൊരുക്കുന്നത്. കൂടാതെ പേരിനൊരാൾ, താമര എന്നീ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.

സിനിമാ സംഘടനകളുടെ ഭാഗമല്ലേ?
സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ടാണ് സംഘടനകളിലൊന്നും ഭാഗമാകാതിരിക്കുന്നത്. എന്നു കരുതി അവരുമായി  നന്നായി സഹകരിക്കാറുണ്ട്. നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും കൂടെയുണ്ട്.