Sorry, you need to enable JavaScript to visit this website.

മിസ്‌വാക്കിന്റെ ഇതിഹാസം

അറാക്ക്' ചെടിയുടെ ഇല
'അറാക്ക്' ചെടികൾ
വേരുകൾ എടുക്കാനുള്ള ശ്രമത്തിൽ ലേഖകൻ
അറാക്ക്' ചെടിയുടെ കായ
വിൽപനക്ക് തയാറായ അറാക്ക് വേരുകൾ

എന്റെ സമൂഹത്തിന് ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്‌കാരങ്ങൾക്ക് മുൻപും പല്ലുകൾ വൃത്തിയാക്കൽ ഞാനവർക്ക് നിർബന്ധമാക്കുമായിരുന്നു തുടങ്ങിയ തിരുവചനങ്ങളാണ് അറബികൾ സദാസമയവും അറാക്കിന്റെ മിസ്‌വാക്ക് കൂടെ കൊണ്ട് നടക്കുന്നതിനാധാരം. 

പൗരാണിക കാലം മുതൽ അറബികളും, ദക്ഷിണാഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യൻ ജനതയും ദന്തശുചീകരണത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത്  മരുപ്രദേശങ്ങളിലും മറ്റും ധാരാളമായി കാണുന്ന 'അറാക്ക്' ചെടിയുടെ വേരിന്റെ കഷ്ണങ്ങളാണ്.
'സാൽവഡോറ പേഴ്‌സിക്ക' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അറാക്ക് ഏകദേശം ഏഴായിരം വർഷം മുമ്പ് മുതലേ 'മിസ്‌വാക്ക്' അല്ലെങ്കിൽ 'സിവാക്ക്' ആയി ഉപയോഗത്തിലുണ്ടെന്നു ചരിത്രം. 


നിത്യഹരിത ചെടികളായി പടർന്നു പന്തലിച്ചു നിൽക്കുന്ന അറാക്ക് ചെടികൾ ജിസാൻ ഭാഗത്തും മറ്റും പരക്കെ കാണാം. അറാക്ക് വേരിന്റെ സത്ത് വായക്കും പല്ലുകൾക്കും മോണകൾക്കും വളരെയേറെ ഗുണകരമാണ്.  ഫലപ്രദമായ ആൻറി ബാക്റ്റീരിയൽ / ആൻറി മൈക്രോബിയൽ ഗുണങ്ങളുള്ള ഔഷധമാണെന്ന് അനേകം ആധുനിക പഠനങ്ങൾ വിലയിരുത്തുന്നു. 
ഗൾഫിലെ പള്ളികൾ, മാർക്കറ്റുകൾ, കച്ചവടസ്ഥാപനങ്ങൾ, വഴിയോരങ്ങൾ  എന്നിവിടങ്ങളിൽ അറാക്കിന്റെ മിസ്‌വാക്ക് വിൽപന നടത്തി ഉപജീവനം തേടുന്ന സ്വദേശികളെയും വിദേശികളെയും കാണാം. 
അറാക്ക് ചെടികൾ ധാരാളമായി കാട് പിടിച്ചുകിടക്കുന്ന  പ്രദേശങ്ങളിൽ പോലും നാലോ അഞ്ചോ  ഇഞ്ച് വലിപ്പമുള്ള ഒരു കഷ്ണത്തിന് ഒരു റിയാലിലേറെ വില നൽകേണ്ടിവരുന്നതിന്റെ രഹസ്യം അന്വേഷിച്ചപ്പോഴാണ് അതിന്റെ പിന്നിലുള്ള കഠിനാധ്വാനത്തെ കുറിച്ച് അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. 
വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രേ എന്ന് പറയുന്നത് പോലെയാണ് മിസ്‌വാക്കായി ഉപയോഗിക്കുന്ന അറാക്ക് കഷ്ണത്തിന്റെ കാര്യവും. 
ഒരു സൗദി പൗരനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മേത്തരം അറാക്ക് വേരുകൾ ചില ആലിബാബമാർക്ക്  (കുതന്ത്രശാലികളുടെ വിളിപ്പേര്) മാത്രമേ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂവെന്നാണ്!


മരുഭൂമിയിലും തോടുകൾക്കരികിലും മറ്റും വളരുന്ന അറാക്ക് ചെടികളുടെ വേരുകൾ ആഴത്തിൽ മാന്തി നോക്കിയാണ് മിസ്‌വാക്കായി ഉപയോഗിക്കാൻ പറ്റുന്ന ഇളം വേരുകൾ മുറിച്ചെടുക്കുന്നത്. നല്ല  വേരോട്ടമുള്ള സ്ഥലത്ത് വളരുന്ന  ചെടിയുടെ വേരുകളിൽനിന്നാണ് ഏറ്റവും നല്ല മിസ്‌വാക്ക് ലഭിക്കുക.  
ഇങ്ങനെ ഓരോ ചെടിയുടെയും വേരുകൾ മാന്തിയെടുക്കുന്നതുമൂലം ആ ചെടി മൊത്തം നശിക്കാൻ കാരണമാകുന്നതിനാൽ ബന്ധപ്പെട്ടവരുടെ കണ്ണ് വെട്ടിച്ച് വളരെ സാഹസികമായി ഇരുളിന്റെ മറവിലും മറ്റുമാണ് അറാക്കിൻ കഷ്ണങ്ങൾ ശേഖരിക്കുന്നത്. ഇതുകൊണ്ടാണ് അറാക്കിന്റെ മിസ്‌വാക്കിന് ഇവിടെയും നല്ല വില നൽകേണ്ടിവരുന്നത്. 
'കുബ്ബാസ്' എന്ന് വിളിക്കുന്ന അറാക്ക് ചെടിയുടെ കായ്കളും ഏറെ ഔഷധഗുണസമ്പന്നമാണ്. സീസണിൽ പാതയോരങ്ങളിലും മറ്റും ഇവ വിൽപന നടത്തുന്നവരെ കാണാം. ഉണക്കിയ അറാക്ക് പഴങ്ങൾ അറബിക് പരമ്പരാഗത മരുന്ന് കടകളിൽ ലഭ്യമാണ്.  ഉഷ്ണകാലത്തിന്റെ തുടക്കത്തിലാണ് ഇവ വിളയുന്നത്. ചെറിയ ചെറിപ്പഴത്തിനോട് സാമ്യമുള്ള ഇതിന് എരിവ് രുചിയാണ്.   
ഉദര രോഗങ്ങൾ,  മുതുക് വേദന, മൂലക്കുരു/അർശസ് രോഗ ലക്ഷണങ്ങൾ (വേദന), മൂത്രാശയ രോഗങ്ങൾ (കായ വേവിച്ചു കഴിക്കുക), വയറ്റിലെ ഗ്യാസ് പ്രശ്‌നങ്ങൾ എന്നിവക്കാണ് പ്രധാനമായി ഉപയോഗിക്കുന്നത്.


അറാക്ക് മരത്തിന്റെ ഇലയും ഔഷധയോഗ്യമാണ്. ഇലയിട്ടു തിളപ്പിച്ചുണ്ടാക്കിയ കഷായം കടുത്ത മലബന്ധം ശമിപ്പിക്കും. ആമാശയത്തെ മൃദുവാക്കും.  വാതസംബന്ധമായ പ്രശനങ്ങൾക്കും സന്ധി വേദനകൾക്കും ശമനം നൽകും.
അറബികളിൽ ചിലർ നമസ്‌കാരത്തിന് മുൻപ് അറാക്കിന്റെയും മറ്റും  മിസ്‌വാക്ക് എടുത്ത് ധൃതിയിൽ ദന്തശുചീകരണം നടത്തുന്നത് കാണാം. 
'ജിബ്‌രീൽ എന്റെ അടുത്ത് വരുമ്പോഴെല്ലാം ദന്തശുദ്ധീകരണത്തെ കുറിച്ച് ഉണർത്താറുണ്ടായിരുന്നു' എന്ന് പ്രവാചകൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. അല്ലാഹുവിന്റെ വഹ്‌യ് നൽകാൻ വേണ്ടി വരുന്ന മാലാഖ പോലും ഇതിനെകുറിച്ച് ഓർമപ്പെടുത്തിയത് പല്ല് വൃത്തിയാക്കുന്നതിന് ഇസ്‌ലാം നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
എന്റെ സമൂഹത്തിന് ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്‌കാരങ്ങൾക്ക് മുൻപും പല്ലുകൾ വൃത്തിയാക്കൽ ഞാനവർക്ക് നിർബന്ധമാക്കുമായിരുന്നു തുടങ്ങിയ തിരുവചനങ്ങളാണ് അറബികൾ സദാസമയവും അറാക്കിന്റെ മിസ്‌വാക്ക്  കൂടെ കൊണ്ട് നടക്കുന്നതിനാധാരം.


മിസ്‌വാക്ക് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: അറാക്കിന്റെ മിസ്‌വാക്കുകൾ വിവിധ ഗുണനിലവാരമുള്ളവയാണ്. കടുത്ത ബ്രൗൺ നിറത്തിലുള്ളതിനേക്കാൾ ഉത്തമം ക്രീം നിറമുള്ളതാണ്. 

മിസ്‌വാക്ക്  വാങ്ങുമ്പോൾ ആദ്യമേ വളരെ ചെറിയൊരു കഷ്ണം മുറിച്ചു വാങ്ങി രുചിച്ചു നോക്കുന്നത് നന്നാകും.  നാവിൽ തട്ടുമ്പോൾ മുളക് കടിച്ചാലെന്ന പോലെ ചെറിയ ഒരു കുത്തൽ /എരിച്ചിൽ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ല അറാക്ക്. ഇത് 'അബു ഹനഷ്' എന്ന പേരിൽ അറിയപ്പെടുന്നു.  
നാവിനു കടുപ്പമുള്ള ഈ കുത്തൽ/എരിച്ചിൽ തീരെ ഇല്ലെങ്കിൽ അത് പ്രതീക്ഷിക്കുന്ന ഔഷധ വീര്യമോ ഗുണങ്ങളോ നൽകുകയില്ല. 


തീരെ നീരില്ലാത്തവിധം ഉണങ്ങിയ മിസ്‌വാക്കും അത്ര ഫലപ്രദമല്ല. പച്ചയായതാണ് ഉപയോഗയോഗ്യവും കൂടുതൽ ഔഷധഫലം ചെയ്യുന്നതും. ഏകദേശം 5  ഇഞ്ച് നീളത്തിലാണ് മിസ്‌വാക്ക് വേരുകൾ ഉപയോഗത്തിനായി മുറിച്ചെടുക്കുന്നത്. ഉപയോഗിക്കാൻ പാകത്തിൽ മുറിച്ചെടുത്ത മിസ്‌വാക്കിന്റെ അറ്റം കാൽ ഇഞ്ച് നീളത്തിൽ തൊലി കളഞ്ഞശേഷം പല്ലു കൊണ്ട് ചവച്ച് ബ്രഷ് പരുവത്തിലാക്കണം. നീര് വറ്റി ഉണങ്ങിപ്പോകാതിരിക്കാൻ വേണ്ടി മിസ്‌വാക്ക് ഉപയോഗിക്കാത്ത സമയങ്ങളിൽ കാറ്റ് തട്ടാതെ തണുത്ത സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസങ്ങൾ ഉപയോഗപ്പെടുത്താം. അറാക്ക് ഉപയോഗം പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവർക്ക് ഫലപ്രദമായ മാർഗമായി കരുതപ്പെടുന്നു.

 


 

Latest News