Sunday , June   16, 2019
Sunday , June   16, 2019

ആശങ്കയുയർത്തുന്ന  പോക്‌സോ കേസുകൾ

പോക്‌സോ നിയമം ഇന്ന് കേരളം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്നതാണ് ഈ നിയമം ഇന്ന് ഏറെ ചർച്ചയാകാൻ കാരണം. പോക്‌സോ (പ്രിവൻഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമം കുട്ടികൾക്ക് ലൈംഗികാതിക്രമങ്ങളിൽ നിന്ന് സുരക്ഷ നൽകാനുള്ളതാണ്. വീടുകളിലും വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും ലിംഗഭേദമില്ലാതെ കുരുന്നുകൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് തടയാൻ കൊണ്ടുവന്ന ഈ നിയമം ഇന്ന് മലബാറിലും ഏറെ ഉപയോഗിക്കേണ്ടി വരുന്നുവെന്നത് സമൂഹത്തിന്റെ ധാർമിക മനോഭാവത്തിലുള്ള വൈകൃതങ്ങൾ വിളിച്ചോതുന്നതാണ്.  
കേരളത്തിൽ പോക്‌സോ നിയമപ്രകാരമുള്ള കേസുകളിൽ വലിയൊരു പങ്ക് മലബാർ മേഖലയിൽ നിന്നുള്ളതാണ്. ഇത്തരം കേസുകൾ ഈ വർഷം കൂടുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. 
വിദ്യാർഥികളായ കുട്ടികൾ ജീവിതത്തിന്റെ ഏറ്റവും കൂടുതൽ സമയം ചെലവിടുന്ന സ്‌കൂളുകളിൽ നിന്നാണ് അവർക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത് എന്നത് രക്ഷിതാക്കളെ വ്യാകുലപ്പെടുത്തുന്നുണ്ട്. ചില അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യൂതി കൂടിയാണ് വിളിച്ചോതുന്നത്. വിദ്യാർഥികളെ ഉപദേശിച്ചും നേർവഴി കാട്ടിയും മുന്നോട്ടു നയിക്കേണ്ട അധ്യാപകരിൽ വിരലിലെണ്ണാവുന്ന ചിലർ അസാന്മാർഗികമായ കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നു. ശാരീരികമായ പീഡനം കുട്ടികളെ മാനസികമായി എത്രമാത്രം തകർക്കുന്നുവെന്നതും ലോകത്തിന് മുന്നിൽ എത്രമാത്രം ഭീതിയോടെയാണ് അവർ നിൽക്കുന്നതെന്നും കുറ്റകൃത്യം നടത്തുന്നവർ ആലോചിക്കുന്നില്ല.
സ്‌കൂളുകളിൽ നിന്നെന്ന പോലെ വീടുകളിലും കുട്ടികൾ പീഡനത്തിനിരകളാകുന്നുണ്ടെന്ന വിവരവും പോക്‌സോ കേസുകളിലൂടെ പുറത്തു വരുന്നുണ്ട്. അടുത്തവരും അകന്നവരുമായ ബന്ധുക്കളിൽ നിന്നോ വീടുമായി നിരന്തരം ബന്ധപ്പെടുന്നവരിൽ നിന്നോ പീഡനങ്ങൾ ഏറ്റവാങ്ങേണ്ടി വരുന്ന കുട്ടികൾക്ക് സ്വന്തം വീടു പോലും ഭീതി നിറഞ്ഞ ഇടങ്ങളായി മാറുകയാണ് ചെയ്യുന്നത്. 
സംസ്ഥാന പോലീസ് വകുപ്പിന്റെ കൈവശമുള്ള ഈ വർഷം ഇതുവരെയുള്ള കേസുകളുടെ എണ്ണം പരിശോധിച്ചാൽ മലബാർ മേഖലയിലും പോക്‌സോ കേസുകളുടെ എണ്ണം വർധിക്കുന്നതായി കാണാം. കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്ത 2584 പോക്‌സോ കേസുകളിൽ പകുതിയിലേറെ മലബാർ മേഖലയിൽ നിന്നാണ്. മാത്രമല്ല മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇത്തരം കേസുകൾ വർധിക്കുന്നുവെന്നതും ആശങ്കാജനകമാണ്. 
ഈ വർഷം ഇതുവരെ മലപ്പുറം ജില്ലയിൽ 312 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 327 കേസുകളും. ഇത് സംസ്ഥാനത്തു തന്നെ ഉയർന്ന നിരക്കാണ്. മലബാറിൽ കാസർകോട് ജില്ലയിലാണ് കുറവ് കേസുകൾ പോലീസിന് മുന്നിലെത്തിയിട്ടുള്ളത്. പാലക്കാട്-173, മലപ്പുറം-312, കോഴിക്കോട് സിറ്റി-88, കോഴിക്കോട് റൂറൽ-139, വയനാട്-107, കണ്ണൂർ-166, കാസർകോട്-104 എന്നിങ്ങനെയാണ് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരിക്കുന്നത്. 
സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായി സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നാണ് ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഏറെയും ഉയരുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികളെ വരെ തങ്ങളുടെ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചിലരെങ്കിലും അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവരുടെ മാനസിക വൈകല്യങ്ങൾക്ക് കടിഞ്ഞാണിടേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ മാനേജ്‌മെന്റുകളോ ആണ്. പലപ്പോഴും കുട്ടികൾ ഇത്തരം വിവരങ്ങൾ പുറത്തു പറയാൻ മടിക്കാറുണ്ട്. അധ്യാപകനെതിരെ പരാതി പറഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് പ്രധാന കാരണം. എന്നാൽ കുട്ടികളുടെ സുരക്ഷ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട അധികൃതർക്കുണ്ട്. സംശയകരമായ രീതിയിൽ പെരുമാറുന്ന അധ്യാപകരെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ നടപടികളെടുക്കുകയും വേണം.
വീടുകളിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളുടേതാണ്. കുട്ടികളെ ഏറെ നേരം വീട്ടിൽ കാണാതായാൽ അന്വേഷിക്കണം. അവർ ഏതെല്ലാം വീടുകളിൽ പോകുന്നു, ആരുമായെല്ലാം കൂട്ടുകൂടുന്നുവെന്നതും രക്ഷിതാക്കൾ നിരീക്ഷിക്കേണ്ടതുണ്ട്. വീട്ടിൽ സ്ഥിരമായി വരുന്ന ബന്ധുക്കളുടെയോ അതിഥികളുടെയോ പെരുമാറ്റം അസ്വാഭാവികമാണെന്ന് കണ്ടാൽ കുട്ടികളെ അവരിൽ നിന്ന് മാറ്റി നിർത്താനും ശ്രദ്ധിക്കണം. ചെറിയ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകുന്നത് ഒഴിവാക്കുകയും വേണം.
ചൈൽഡ് ലൈൻ പോലുള്ള ശിശു സൗഹൃദ സ്ഥാപനങ്ങളുടെ പ്രവർത്തനം ഈ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. കേസുകൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലേറെയും ഇത്തരം സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ഇടപെടലുകൾ മൂലമാണ്. കുറ്റവാളികൾക്ക് കുറ്റം ആവർത്തിക്കാനുള്ള പ്രവണത കുറക്കാനും കുട്ടികൾക്ക് ഇക്കാര്യത്തിൽ അവബോധം നൽകാനും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം സഹായകമാണ്. 
പീഡന വിവരം പുറത്തു പറയുന്നതിൽ കുട്ടികളിലുണ്ടായിരുന്ന മടി മാറുവരുന്നുവെന്നതും ആശാവഹമായ കാര്യമാണ്. മുൻകാലങ്ങളിൽ ഭയം മൂലം ഇത്തരം കാര്യങ്ങൾ കുട്ടികൾ മറച്ചു വെക്കുകയും നിരന്തരമായ പീഡനങ്ങൾക്ക് അവർ ഇരകളാകുകയും അത് അവരെ മാനസികമായി തകർക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്ത് ഇത്തരം കേസുകൾ കുട്ടികൾ തന്നെ ചൈൽഡ് ലൈനിനെയോ രക്ഷിതാക്കളെ അറിയിക്കുന്നുവെന്നത് കുറ്റകൃത്യങ്ങൾ തുടരുന്നത് തടയാൻ സഹായകമായിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ്, ചൈൽഡ് ലൈൻ, മറ്റ് സർക്കാർ സംവിധാനങ്ങൾ, സാമൂഹ്യ സംഘടനകൾ എന്നിവയുടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറെ ഗുണം ചെയ്യുന്നുണ്ട്.
ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാക്കപ്പെടേണ്ടവരല്ല കുട്ടികളെന്ന ബോധം സമൂഹത്തിൽ ഇനിയും രൂഢമൂലമാകേണ്ടതുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ടവരാണ് ഓരോ കുട്ടിയും. 
ലൈംഗികവും മാനസികവുമായ അക്രമങ്ങൾ അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. കുറ്റവാളികൾക്കെതിരെ കർശന നടപടി തുടരുന്നതോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് വിദ്യാർഥികൾക്കിടയിലും പൊതുസമൂഹത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. 

 

Latest News