Sunday , May   26, 2019
Sunday , May   26, 2019

കൂട്ടബലാത്സംഗ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റില്‍ 

കണ്ണൂരില്‍ പത്താംതരം വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പിതാവും ഡി.വൈ.എഫ്.ഐ നേതാവും ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിമൂന്നായി. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പറശ്ശിനിക്കടവ് കുഴിച്ചാലിലെ മീത്തല്‍ ഹൗസില്‍ മൃദുല്‍(24), പറശ്ശിനിക്കടവ് തളിയിലെ ഉറുമി ഹൗസില്‍ നിഖില്‍(20), തളിപ്പറമ്പ് വടക്കാഞ്ചേരി ഉഷസ്സില്‍ വൈശാഖ്(22), മാട്ടൂലിലെ തോട്ടത്തില്‍ ഹൗസില്‍ ജിതിന്‍ എന്ന ജിത്തു(27), തളിയില്‍ കണ്ടന്‍ചിറക്കല്‍ ഹൗസില്‍ ശ്യാം മോഹന്‍(25), ഇയാളുടെ ബന്ധു തളിയിലെ കെ.സജിന്‍(26), മുഴപ്പിലങ്ങാട്ടെ ശരത്ത്(25) എന്നിവരേയും പെണ്‍കുട്ടിയുടെ പിതാവിനെയുമാണ് അറസ്റ്റു ചെയ്തത്.

പ്രതികളെല്ലാവരും കഴിഞ്ഞ ദിവസം മുതല്‍ പോലീസ് കസ്റ്റഡിയിലാണ്. പിതാവിനേയും മൃദുല്‍, നിഖില്‍ എന്നിവരേയും വളപട്ടണം പോലീസിനു കൈമാറി. വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശരത്തിനെ എടക്കാട് പോലീസാണ് അറസ്റ്റു ചെയ്തത്. കേസില്‍ ഇതുവരെ 19 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇനി ആറു പേരെ കൂടി പിടികിട്ടാനുണ്ട്. 

തളിപ്പറമ്പ് ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. പിടിയിലായ നിഖില്‍, ഡി.വൈ.എഫ്.ഐ ആന്തൂര്‍ മേഖലാ പ്രസിഡണ്ടാണ്. 2017 ഓഗസ്റ്റിനും 2018 ഫെബ്രുവരിക്കും ഇടയിലാണ് ഈ സംഘം വിവിധ സ്ഥലങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. അറസ്റ്റിലായ സംഘത്തിലെ മൃദുലാണ് അഞ്ജന എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ വലയിലാക്കിയത്. പിന്നീട് സ്വന്തം പ്രൊഫൈല്‍ നല്‍കി ഇതിലൂടെ ചാറ്റിംഗും ആരംഭിച്ചു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മാട്ടൂല്‍ സ്വദേശി സന്ദീപ് ഫേസ്ബുക്കിലൂടെ തന്നെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കോള്‍മൊട്ട കുന്നുംപാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പ്രതികളില്‍ നാല് പേര്‍ രണ്ട് തവണകളിലായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിതാവും നിഖിലും മൃദുലും പാപ്പിനിശ്ശേരിയിലെ വാടക വീട്ടില്‍ വെച്ചും, ജിത്തു മാട്ടൂലിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുമാണ് പീഡിപ്പിച്ചത്. അറസ്റ്റിലായ സന്ദീപ്, ജിത്തു എന്നിവരുടെ വീടുകളില്‍ പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ പോക്‌സോ കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഒരുമിച്ചു ഹാജരാക്കുന്നതിനാണ് തീരുമാനം. ഇതിനായി കോടതിയുടെ അനുമതി തേടി. വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസ് എന്നതിനാലാണിത്. പിന്നീട് ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. 

പറശ്ശിനിക്കടവ് സംഭവത്തില്‍ കൂട്ടബലാല്‍സംഗത്തിനു പുറമെ പെണ്‍വാണിഭവും നടന്നതായി സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി മാട്ടൂല്‍ ജസീന്ത സ്വദേശി കെ.വി.സന്ദീപാണ് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച് പണം വാങ്ങിയത്. വന്‍ തുക ഇത്തരത്തില്‍ വാങ്ങിയെന്നാണ് വിവരം. ഇയാളുടെ കാറിലാണ് പലപ്പോഴും പെണ്‍കുട്ടിയെ കൊണ്ടുപോയിരുന്നത്. 

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പ്രവാസികളായ സുഹൃത്തുക്കള സന്ദീപാണ് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ കാഴ്ചവെച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഒരാളില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിയെ കാഴ്ചവെക്കാന്‍ ശ്രീകണ്ഠപുരത്തെ ജനപ്രതിനിധിയോട് സന്ദീപ് ആവശ്യപ്പെട്ടത് 25,000 രൂപയാണ്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സന്ദീപ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അയച്ചു കൊടുത്താണ് ജനപ്രതിനിധിയെ വലയിലാക്കിയത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. രാവിലെ പത്തു മണിക്ക് പെണ്‍കുട്ടിയെ എത്തിക്കാമെന്നും വൈകുന്നേരം തിരികെ നല്‍കണമെന്നുമായിരുന്നു കരാര്‍. ഇത് കണ്ണൂരില്‍ വെച്ച് നേരിട്ട് സംസാരിച്ച് ഉറപ്പിക്കുകയും ചെയ്തു. സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13 എ.ബി 505 നമ്പര്‍ മഹീന്ദ്ര എക്‌സ് യു.വി കാറിലാണ് പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലടക്കം എത്തിച്ചത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി വി.സി.ഷബീറിന് അഞ്ചു കാറുകളുണ്ട്. ഇതില്‍ പുതിയ ടൊയോട്ട ലിവ കാറിലാണ് മറ്റു ചില സ്ഥലങ്ങളില്‍  കൊണ്ടുപോയത്. ഈ കാര്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ നിഖില്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. സംഭവം പുറത്തു വന്നയുടന്‍ പീഡനം നടന്ന ലോഡ്ജിനു മുന്നിലേക്കു പ്രതിഷേധ പ്രകടനം നയിച്ച് വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ ബംഗളൂരുവിലേക്കു കടക്കാനായിരുന്നു പ്ലാന്‍. ഇതിനിടെയാണ് ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ നിഖിലിനെ പേരു പറയാതെ സുഹൃത്തെന്ന നിലയില്‍ ഫോണ്‍ ചെയ്തത്. താന്‍ തളിയിലെ വീട്ടിലുണ്ടെന്നാണ് നിഖില്‍ അറിയിച്ചത്. ഇതനുസരിച്ച് പോലീസ് സംഘം വീട്ടിലെത്തിയപ്പോഴേക്കും നിഖില്‍ അവിടെ നിന്നും കടന്നിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ട്രാക്കു ചെയ്താണ് പ്രതിയെ വലയിലാക്കിയത്. മുഖ്യപ്രതി സന്ദീപിന്റെ ഫേസ്ബുക്ക് ചിത്രം ജസ്റ്റീസ് ഫോര്‍ ആസിഫയായിരുന്നു. നിഖിലിന്റെ ഫേസ്ബുക്കിലാവട്ടെ  പെണ്‍കുട്ടികള്‍ തന്റെ കൂടപ്പിറപ്പുകള്‍ എന്ന ചിത്രവും കമന്റും.