Sunday , May   26, 2019
Sunday , May   26, 2019

പാലക്കാട് അതിര്‍ത്തിയില്‍  ഗോസംരക്ഷണത്തിന്റെ പേരില്‍ അഴിഞ്ഞാട്ടം

പാലക്കാട്- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ അഴിഞ്ഞാട്ടം തുടരുന്നു, കന്നുകാലി കച്ചവടക്കാര്‍ക്ക് സംഭവിക്കുന്നത് വന്‍ നഷ്ടം. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കന്നുകാലികളുമായി വണ്ടി എത്തുന്നതിനു മുമ്പ് ഏതു സമയത്തും ഗോസംരക്ഷണ പ്രവര്‍ത്തകര്‍ ചാടി വീഴാന്‍ ഇടയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ ചന്തകളില്‍ നേരിട്ടെത്തി അറവു മാടുകളെ വാങ്ങുന്ന പതിവ് അവസാനിപ്പിക്കുകയാണ് കേരളത്തിലെ പല വ്യാപാരികളും. കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നതിന് തമിഴ്‌നാട്ടിലെ ഏജന്‍സികളെ ആശ്രയിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്ന് കേരളാ സ്റ്റേറ്റ് മീറ്റ് ആന്റ് കാറ്റില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എച്ച്.കമാലുദ്ദീന്‍ അറിയിച്ചു. നമ്പറിട്ട് കൊണ്ടുവരുന്ന അറവു മാടുകള്‍ക്ക് തമിഴ്‌നാട്ടിലെ ഏജന്റ് പറയുന്ന വില നല്‍കേണ്ടി വരുന്നുണ്ടെന്നും നഷ്ടം അനുഭവിക്കുന്നത് സ്വാഭാവികമായും ഉപഭോക്താവ് തന്നെയാണെന്നും അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴപ്പം തുടങ്ങിയിട്ട്. ഉത്തരേന്ത്യയില്‍ പടര്‍ന്നു പിടിച്ച ഗോസംരക്ഷണ വാദം കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും അലയൊലികള്‍ തീര്‍ത്തപ്പോള്‍ അക്കാലത്ത് സംസ്ഥാനത്ത് മാടിറച്ചി വിപണനം ഏറെക്കുറെ നിലച്ചിരുന്നു. കോയമ്പത്തൂരിനും വാളയാറിനും ഇടക്ക് പ്രക്ഷോഭം ശക്തമാക്കിയ ഗോസംരക്ഷണ പ്രവര്‍ത്തകര്‍ നിയമ വിധേയമായി കൊണ്ടുവന്നിരുന്ന അറവുമാടുകളെ പിടികൂടുന്നത് പതിവായി. പ്രശ്‌നത്തിലിടപെട്ട തമിഴ്‌നാട് സര്‍ക്കാര്‍ പ്രദേശത്ത് മൂന്ന് ഗോശാലകള്‍ ആരംഭിക്കുകയാണ് ചെയ്തത്. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ പിടികൂടുന്ന കന്നുകാലികളെ അങ്ങോട്ട് മാറ്റി കോടതിയുടെ മേല്‍നോട്ടത്തില്‍ വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. 
സര്‍ക്കാര്‍ നടപടി ഫലത്തില്‍ കച്ചവടക്കാര്‍ക്ക് വലിയ ദ്രോഹമായാണ് മാറിയത്. രണ്ടു വര്‍ഷം മുമ്പ് പിടികൂടിയ കന്നുകാലികളെ മോചിപ്പിക്കാന്‍ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരുന്നു. അതുമായി ഗോശാലയിലെത്തിയ കച്ചവടക്കാര്‍ക്ക് ആ ദിവസങ്ങളില്‍ തീറ്റ നല്‍കിയതിന്റെ ചെലവ് അടച്ച് കന്നുകാലികളെ കൊണ്ടുപോകാമെന്ന അറിയിപ്പാണ് ഗോശാലാ നടത്തിപ്പുകാരില്‍ നിന്ന് ലഭിച്ചത്. അറവു മാടുകളുടെ വിലയേക്കാള്‍ കൂടുതലായിരുന്നു അത്. അവയെ ഉപേക്ഷിക്കാന്‍ അങ്ങനെ കച്ചവടക്കാര്‍ നിര്‍ബന്ധിതരായി. ഗോശാലകളുടെ നടത്തിപ്പ് തന്നെ തട്ടിപ്പാണെന്ന് വ്യാപാരികള്‍ പറയുന്നു. പ്രമാണിമാരായ സ്വകാര്യ വ്യക്തികളുടെ വിശാലമായ തോട്ടങ്ങളിലാണ് ഗോശാലകളുടെ പ്രവര്‍ത്തനം. പിടിച്ചെടുക്കുന്ന അറവു മാടുകളെ തിരിച്ച് ചന്തയില്‍ എത്തിക്കുന്നതിനുള്ള സംവിധാനം അവിടെ നിലവിലുണ്ട്. നിയമത്തിന്റെ പിന്‍ബലത്തില്‍ കന്നുകാലികളെ തിരിച്ചു വാങ്ങാന്‍ അവിടെ ചെന്നാല്‍ ലഭിക്കുക ആ മാടുകളെ ആവില്ല. നിയമ പോരാട്ടം നടത്തി ഗോശാലാ നടത്തിപ്പുകാര്‍ നല്‍കിയ ചാവാലിക്കന്നുകളെ വാങ്ങി മടങ്ങേണ്ടി വന്ന അനുഭവവും കേരളത്തിലെ ഇറച്ചിക്കച്ചവടക്കാര്‍ക്കുണ്ട് -കമാലുദ്ദീന്‍ പറയുന്നു. ഗോ സംരക്ഷണ വേഷം ധരിച്ചെത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്ക് കപ്പം കൊടുത്താണ് വ്യാപാരികള്‍ നിലവില്‍ കേരളത്തിലേക്ക് അറവു മാടുകളെ കൊണ്ടുവരുന്നത്. പണം നല്‍കിയില്ലെങ്കില്‍ അവയെ പിടിച്ചു കൊണ്ടുപോയി ഗോശാലയിലാക്കും എന്നതാണ് അവസ്ഥ. കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്ന തമിഴ്‌നാട്ടിലെ ഏജന്‍സികള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രശ്‌നത്തില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് വ്യാപാരികള്‍. വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം പത്തിന് ഇറച്ചിക്കച്ചവടക്കാരുടെ സംഘടന വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നുണ്ട്.