Monday , June   17, 2019
Monday , June   17, 2019

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ നിമിഷ

മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ ഒരു നെരിപ്പോടായി മാറുകയാണ് അജയൻ. ആൾബലമോ രാഷ്ട്രീയ സ്വാധീനമോ ഇല്ലെങ്കിൽ ഒരു മനുഷ്യൻ അരികിലാക്കപ്പെടുന്നതിന്റെ വേദനയാണ് അജയൻ പങ്കുവയ്ക്കുന്നത്. അനാഥനാണെങ്കിലും അമ്മയെ പോലെയായിരുന്നു അവന് ചെമ്പകമ്മാൾ. നഗരത്തിലെ ഇഡ്ഢലി വില്പനക്കാരിയായ അവർ ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുമ്പോൾ സമൂഹം അവനുനേരെ കൈചൂണ്ടുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലും പീഡനവും കോടതിയും ജയിലുമെല്ലാം അവന്റെ ജീവിതത്തെ മറ്റൊരു അർത്ഥതലത്തിലെത്തിക്കുന്നു. എന്നാൽ അവിടെയും ഒരു പ്രകാശനാളം അവനെ തേടിയെത്തുന്നുണ്ട്. ജയിലറയുടെ ഇരുണ്ട കോണിലേയ്ക്ക് സ്‌നേഹത്തിന്റെ ഇത്തിരിവെട്ടവുമായി കടന്നുവരുന്ന അഡ്വ. ഹന്ന എലിസബത്ത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയ്ക്കുശേഷം നിമിഷ സജയൻ മനോഹരമാക്കിയ കഥാപാത്രമായിരുന്നു ഹന്നയുടേത്.
കുറഞ്ഞ ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ കയ്യൊപ്പ് ചാർത്തിയ നടിയാണ് നിമിഷ. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഒരു മുൻവിധിയുണ്ട്. നിമിഷയാണ് നായികയെങ്കിൽ ആ ചിത്രത്തിനൊരു നിലപാടുണ്ടാകും. ആ നിഗമനം തെറ്റിയില്ല എന്ന് ഹന്നയിലൂടെ ബോധ്യമാകും. ഓരോ ചിത്രം കഴിയുന്തോറും നിമിഷയിലെ അഭിനേത്രി കൂടുതൽ രാകിമിനുക്കപ്പെടുകയാണ്. അജിത് കുമാർ സംവിധാനം ചെയ്ത ഈടയിലെ ഐശ്വര്യയും സൗമ്യ സദാനന്ദന്റെ മംഗല്യം തന്തുനാനേന എന്ന ചിത്രത്തിലെ ക്ലാരയുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. സനൽ കുമാർ ശശിധരന്റെ ചോല എന്ന ചിത്രത്തിലാണ് നിമിഷ വേഷമിട്ടുവരുന്നത്.

ഹന്നയിലേയ്ക്കുള്ള വരവ്?
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയുടെ വേഷം കണ്ടാണ് മധുചേട്ടൻ കുപ്രസിദ്ധ പയ്യനിലേയ്ക്ക് ക്ഷണിക്കുന്നത്. ശ്രീജയുടെ അതേ അപ്പിയറൻസ് തന്നെയാണ് ഹന്നയ്ക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ക്രൈം ത്രില്ലർ ചിത്രമാണെന്ന് പറഞ്ഞപ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. എങ്കിലും നമുക്ക് ഒരു ടീമായി നിൽക്കാമെന്നു പറഞ്ഞപ്പോൾ ധൈര്യമായി. ഓരോ കാര്യങ്ങളും അദ്ദേഹം കൃത്യമായി വിശദീകരിച്ചുതന്നിരുന്നു. നോട്ടമോ ഭാവമോ ശരിയായില്ലെങ്കിൽ കാണിച്ചുതരുമായിരുന്നു.

ഹന്നയുടെ ശരീരഭാഷയുമായി സാമ്യം?
ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്നും ഞാനില്ല. എന്നാൽ ആഗ്രഹിച്ചതരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു പലതും. നമ്മളിലെല്ലാമുള്ള ഒരു കഥാപാത്രമാണ് ഹന്ന. ഓരോരുത്തരും തങ്ങളുടെ തൊഴിലുകളിൽ മുന്നേറണമെന്ന് ആഗ്രഹിക്കുന്നവരാണ്. പ്രതിസന്ധികൾ പലതും നേരിടേണ്ടിവരും. പിന്തിരിപ്പിക്കാനും പലരുമുണ്ടാകും. ഉന്നതപദവിയിലുള്ളവർ പരുക്കൻ സ്വഭാവക്കാരും മാനസികമായി തകർക്കുന്നവരുമാണെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വിജയം നമ്മുടെ കൂടെയുണ്ടാകും എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ്. സിനിമയിൽനിന്നും അത്തരമൊരു വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല.

കുറച്ചു ചിത്രങ്ങളിലേ ഇതുവരെ വേഷമിട്ടുള്ളു
സിനിമയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇഷ്ടപ്പെട്ടതും അവതരിപ്പിക്കാൻ കഴിയുമെന്ന് ബോധ്യമുള്ളതുമായ കഥാപാത്രങ്ങളെയാണ് സ്വീകരിക്കാറ്. സാമൂഹ്യ പ്രസക്തിയുള്ള കഥകൾക്ക് എവിടെയും സ്വീകാര്യതയുണ്ടാകും. ഹന്നയെപ്പോലെയും ശ്രീജയെപ്പോലെയും ഐശ്വര്യയെപ്പോലെയുമുള്ള കഥാപാത്രങ്ങൾ നമുക്ക് ചുറ്റിലുമുള്ളവരാണ്. അത്തരം കഥാപാത്രങ്ങളോടാണ് ഏറെയിഷ്ടം.

കോടതി രംഗങ്ങൾ കൈകാര്യം ചെയ്ത രീതി?
ചിത്രീകരണത്തിനുമുമ്പുതന്നെ യഥാർത്ഥ കോടതികളിൽ പോയി വാദം കേൾക്കുമായിരുന്നു. എങ്കിലും ഷൂട്ടിംഗ് സമയത്ത് നല്ല ടെൻഷനുണ്ടായിരുന്നു. വക്കീലായി കോടതിയിൽ എത്തിയിരുന്നവരിൽ പലരും യഥാർത്ഥ അഭിഭാഷകർ തന്നെയായിരുന്നു. വേണുചേട്ടനെപ്പോലെ മുതിർന്നവരുമായിരുന്നു. വേണുചേട്ടനും മധുചേട്ടനുമെല്ലാം നന്നായി സഹായിച്ചതുകൊണ്ടാണ് കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത്.

കൂടെ വേഷമിട്ട 
അനു സിത്താരയെക്കുറിച്ച്?
അനു ചേച്ചിയുമായി തുടക്കംതൊട്ടേ നല്ല കൂട്ടായിരുന്നു. എന്നെയും അനു ചേച്ചിയെയും മക്കളെപ്പോലെയാണ് അമ്മ കണ്ടത്. നല്ല സപ്പോർട്ടായിരുന്നു അനുചേച്ചിയിൽനിന്നും ഉണ്ടായത്. രണ്ടു നായികമാരുണ്ടെങ്കിൽ ഈഗോയുണ്ടാകുമെന്ന് പറയാറുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ വലിയ സൗഹൃദത്തിലായിരുന്നു.

നിമിഷ എന്ന വ്യക്തിയെക്കുറിച്ച്?
എൻജിനീയറായ സജയന്റയും വീട്ടമ്മയായ ബിന്ദുവിന്റെയും മകൾ. മുംബൈയിലാണ് ജനിച്ചുവളർന്നത്. കൊല്ലത്തിനടുത്ത പുനലൂരാണ് അമ്മയുടെ വീട്. മുംബൈയിലെ കാർമൽ കോൺവെന്റ് സ്‌കൂളിലാണ് പഠിച്ചത്. കെ.ജെ. സോമയ്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ്.
കുട്ടിക്കാലംതൊട്ടേ കായിക രംഗത്ത് ശ്രദ്ധ പതിപ്പിച്ചിരുന്നു. തൈക്കാണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. കോളേജിലെ വോളിബാൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കൂടാതെ നീന്തലിലും സ്‌കേറ്റിങ്ങിലുമെല്ലാം പങ്കെടുത്തിരുന്നു. ഒരു ചേച്ചിയുണ്ട്, നീതു.

സിനിമയിലെ ഒഴിവുവേളകൾ?
പുസ്തകങ്ങൾ വായിക്കും. കുറേ സിനിമകൾ കാണും. സിനിമാ സംബന്ധിയായ പുസ്തകങ്ങളാണ് ഏറെയും വായിക്കുന്നത്. മലയാളത്തിൽ ഏറെയിഷ്ടം തോന്നിയ ചിത്രങ്ങളാണ് കന്മദം, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ. രണ്ടിലും മഞ്ജു ചേച്ചിയാണ് നായിക. കൊതിപ്പിച്ച കഥാപാത്രങ്ങളാണവ.

യുവതലമുറയിലെ നടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു?
കൂടെ വേഷമിട്ടവരെല്ലാം നല്ല കഴിവുള്ളവരായിരുന്നു. തൊണ്ടിമുതലിലെ പ്രസാദ് എന്ന കഥാപാത്രത്തിലൂടെ ഫഹദിക്ക ശരീര ചലനങ്ങളേക്കാൾ കണ്ണുകൊണ്ട് അഭിനയിക്കുകയാണെന്നു തോന്നിയിട്ടുണ്ട്. 
സുരാജേട്ടൻ ആണെങ്കിൽ കളിചിരി തമാശക്കിടയിൽ പെട്ടെന്ന് കഥാപാത്രമായി മാറുകയായിരുന്നു. സെറ്റിൽ ഫുൾടൈം കഥാപാത്രമായി നിൽക്കുന്ന നടനാണ് ഷെയ്ൻ നിഗം. 
ടൊവിനോയാകട്ടെ സൂക്ഷ്മഭാവങ്ങളിലൂടെയാണ് നമ്മെ രസിപ്പിക്കുക. കഥാപാത്രങ്ങളെ എങ്ങനെ സമീപിക്കണമെന്ന് നെടുമുടി വേണു ചേട്ടനും സിദ്ദീക്ക് ഇക്കയും കാണിച്ചുതന്നു. കൂടെ വേഷമിട്ടവരിൽനിന്നെല്ലാം പലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.

അഭിനയം തന്നെയാണോ ലക്ഷ്യം?
അങ്ങനെ പറയാനാവില്ല. സിനിമ ഒരുപാടിഷ്ടമാണ്. അഭിനേത്രിയായി മാത്രമേ നിലനിൽക്കൂ എന്നു പറയാനാവില്ല. എങ്കിലും ഒരു നടി എന്ന നിലയിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ട് എന്ന് കരുതുന്ന കൂട്ടത്തിലാണ്. സിനിമയുടെ ഏതു മേഖലയിൽ പ്രവർത്തിക്കാനും തൽപരയാണ്.

പുതിയ ചിത്രം?
സനൽ കുമാർ ശശിധരന്റെ ചോലയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോർജ് നായകനാകുന്ന ഈ ചിത്രം മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിൽ വന്നുപെടുന്ന ഒരു പ്രധാന സംഭവത്തിന്റെ ചുവടുപിടിച്ചാണ് പുരോഗമിക്കുന്നത്.