Sunday , May   26, 2019
Sunday , May   26, 2019

വലിയ വിമാനങ്ങളുടെ ചിറകടി;  ചില പിന്നാമ്പുറക്കഥകൾ 

ഇന്ത്യയിൽ ഒരു വിമാനത്താവളത്തിന് വേണ്ടിയും ഇത്രമേൽ പ്രതിഷേധ സമരങ്ങൾ ഉയർന്നിട്ടുണ്ടാവില്ല. രാപ്പകലില്ലാതെ ഉയർന്ന സമര വേലിയറ്റം തന്നെയാണ് മലബാറിന്റെ വികസനക്കുതിപ്പിന് ആകാശ വീഥി തുറന്നിട്ട കരിപ്പൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിന് ആധാരവും. പ്രതിഷേധ സമരം കൊണ്ട് ലക്ഷ്യം നേടാനാവുമെന്ന പ്രതീക്ഷയാണ് വലിയ വിമാനങ്ങൾക്ക് വീണ്ടും കരിപ്പൂരിൽ സർവീസിന് അനുമതി ലഭിച്ചത് വഴി സാധ്യമാകുന്നത്.
 മൂന്ന് നൂറ്റാണ്ട് കഴിയുമ്പോഴും വിമാനത്താവളം നിലനിൽപ്പ് പോരാട്ടം തുടരുകയാണ്. കുറഞ്ഞ ഭൂമിയിൽ പ്രവർത്തിച്ച് പരിമിതികളിൽ പറന്ന് മുപ്പത് വയസ്സിലെത്തിയ കരിപ്പൂർ വിമാനത്താവളം ഇന്നും എയർപോർട്ട് അതോറിറ്റിക്ക് വരുമാന പ്രതീക്ഷയുളള ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ മുൻനിരയിലാണ്.
2017-18 സാമ്പത്തിക വർഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് കരിപ്പൂരിലുണ്ടായത്. തൊട്ടുമുമ്പുളള വർഷമിത് 133.62 ലക്ഷം മാത്രമായിരുന്നു. 92 കോടി രൂപയുടെ അധിക വരുമാനമാണ് കരിപ്പൂർ കഴിഞ്ഞ വർഷം മാത്രമുണ്ടാക്കിയത്. വരുമാനക്കുതിപ്പിൽ വരും വർഷം 162 കോടിയുടെ നേട്ടമാണ് കരിപ്പൂരിൽ പ്രതീക്ഷിക്കുന്നത്.

കണ്ണംകൊട്ടുപാറയിലെ  വിമാനത്താവളം
 മലബാറിൽ ഒരുവിമാനത്താവളം എന്ന ലക്ഷ്യവുമായി രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലുളളവർ അക്ഷീണം പ്രയത്‌നിച്ചതു മൂലമാണ് കോഴിക്കോട് വിമാനത്താവളം കരിപ്പൂരിൽ മുപ്പത് വർഷം മുമ്പ് ആരംഭിച്ചത്. പതിറ്റാണ്ടായി തുടരുന്ന സമരങ്ങളും നിവേദനങ്ങളും ഇന്നും മുടങ്ങാതെ നടക്കുന്നു.14 വർഷമായി നടത്തിയ വലിയ വിമാന സർവീസുകളും ഹജ് സർവീസുകളും പുനഃസ്ഥാപിക്കണമെന്നാണ് പുതിയ സമരങ്ങൾക്ക് ആധാരം.
ആകാശത്ത് വിമാനം വട്ടമിട്ട് പറന്ന് അതു പിന്നീട് റൺവെയിലൂടെ കുതിച്ചോടി, കിതച്ചു നിന്ന കാഴ്ച കരിപ്പൂരിലെ പ്രദേശവാസികളുടെ കൺമുന്നിലിൽ ഇന്നുമുണ്ട്. ഇഞ്ചിയും കപ്പയും ഉണക്കാനിട്ട, കൃഷിയിറക്കിയ സ്ഥലത്താണ് ആദ്യവിമാനം 1988 മാർച്ച് 23 ന് പറന്നിറങ്ങിയത്. വിമാനം കാണാൻ നാട്ടുകാരും ചുറ്റുംകൂടി. പറന്നുയർന്നപ്പോൾ പിറകെ ഓടി. അടച്ചിടാൻ ഗേറ്റും തോക്കു ചൂണ്ടിയ പാറാവുകാരുമില്ലാതെ കരിപ്പൂരിൽ വന്നിറങ്ങിയ വിമാനത്തിന്റെ ലാന്റിംഗ് ഇന്നും ഒളിമങ്ങാത്ത ഓർമയായി നാട്ടുകാരിലുണ്ട്. കരിപ്പൂർ റൺവെയിൽ പരീക്ഷണപ്പറക്കലിനാണ് മുംബൈയിൽ നിന്നുളള ആദ്യ വിമാനമെത്തിയത്. പിന്നീട് ഏപ്രിൽ 13 ന് വിഷുത്തലേന്നാണ് കരിപ്പൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
  മുംബൈയിലേക്കുള്ള ഇടത്താവളമായി പ്രവർത്തിച്ച കരിപ്പൂരിൽനിന്ന് 1992 മുതൽ ഷാർജ സർവീസ് തുടങ്ങിയതോടെ മലബാറിന്റെ വികസന കുതിപ്പ് തുടങ്ങി. റൺവെ വികസനം 1996 ൽ ആരംഭിച്ച് 2001 ൽ പൂർത്തീകരിച്ച് ജിദ്ദയിലേക്ക് ഹജ് സർവീസും ആരംഭിച്ചു. രാത്രികാല സർവീസിന് 2004ൽ അനുമതിയായ കരിപ്പൂരിൽ 2006 ൽ അന്താരാഷ്ട്ര വിമാനത്താവളമാക്കിയതോടെ വിദേശ വിമാനസർവ്വീസുകൾ തുടങ്ങിയത്. എയർപോർട്ട് അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കരിപ്പൂരിൽ 2015 മെയ്മുതൽ വലിയ വിമാനങ്ങൾ പിൻവലിച്ചതോടെയാണ് താളംതെറ്റി തുടങ്ങിയത്.

വലിയ വിമാനങ്ങൾ പറത്തിയവർ

2001 ൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവ്വീസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂർ റൺവെ പ്രാപ്തമാണെന്ന് കണ്ടെത്തിയത്. റൺവെ വികസനം പൂർത്തിയായതോടെയാണിത്. 2002ൽ ഹജ്ജ് സർവ്വീസിനായി കരിപ്പൂരിലെത്തിയത് എയർ ഇന്ത്യയുടെ 450 പേരെ ഉൾക്കൊളളുന്ന ജംബോ വിമാനമായിരുന്നു. ഇതിന് പിറകിൽ ശക്തമായി പ്രവർത്തിച്ചത് എം.പി ഇ. അഹമ്മദും, അന്നത്തെ എയർപോർട്ട് ഡയറക്ടറും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ സി. വിജയകുമാറുമായിരുന്നു. ഡി.ജി.സി.എ ആവശ്യപ്പെട്ട നിർദേശങ്ങൾക്ക് തടസ്സങ്ങളുന്നയിക്കാതെയാണ് റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടത്.
   എന്നാൽ അന്താരാഷ്ട്രപദവിയും, രാത്രികാല സർവ്വീസ് അനുമതിയും വൈകിയതോടെ വിദേശ വിമാന സർവീസുകൾക്ക് തിരിച്ചടിയായി. വീണ്ടും കരിപ്പൂരിന്റെ പരിസരം സമരങ്ങളുടെ വേലിയേറ്റം തീർക്കപ്പെട്ടു. ഒടുവിൽ 2006 ഫെബ്രുവരിയിൽ കരിപ്പൂരിന് അന്താരാഷ്ട്ര പദവി നൽകിയതോടെ അന്താരാഷ്ട്ര വിമാന കമ്പനികൾക്കും സർവീസിന് അനുമതിയായി. പരിമിതമായ സൗകര്യങ്ങളിലും വിമാന സർവീസുകൾ സുഖകരമായി നടത്തിയ കരിപ്പൂരിൽ 2015 ഏപ്രിൽ 30 വരെ ജംബോ വിമാനങ്ങൾ വന്നിറങ്ങിയിരുന്നു.പിന്നീട് റൺവെ അറ്റകുറ്റപ്പണികൾക്കായി വലിയ വിമാനങ്ങൾക്കുളള അനുമതി നിഷേധിച്ചു.

കരിപ്പൂരിന് മാത്രം ഒരു നിയമം..?

റൺവെ നിളം കൂട്ടൽ, റൺവെ സ്ട്രിപ്പ് വീതി കൂട്ടൽ, ടെർമിനൽ നിർമ്മാണം എന്നിവക്ക് സ്ഥലമേറ്റെടുത്ത് വികസനം നടത്താതെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നാണ് വ്യോമായാന മന്ത്രാലയത്തിന്റെ വാദം. എന്നാൽ ഇക്കാലമത്രയും വലിയ വിമാനങ്ങൾ സുരക്ഷിതമായി കരിപ്പൂരിലിറങ്ങിയതിനെക്കുറിച്ച് വിശദീകരിച്ചാൽ ഇവർ മംഗ്ലുരു വിമാനത്താവള അപകടത്തിന്റെ പേര് പറഞ്ഞ് കരിപ്പൂരിനെ തഴഞ്ഞു. ബി-747, ബി-777, എ-330 തുടങ്ങിയ വിമാനങ്ങളാണ് 2016 ഏപ്രിൽ 30 വരെ സുഖകരമായി സർവീസ് നടത്തിയത്. 2850 മീറ്റർ നീളമാണ് കരിപ്പൂർ റൺവെക്കുളളത്. എന്നാൽ കരിപ്പൂരിനേക്കാൾ കുറഞ്ഞ 2760 മാത്രം  നീളമുളള ലഖ്‌നോ വിമാനത്താവളത്തിൽ പ്രയാസങ്ങളില്ലാതെ ഇത്തരം വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റർ റൺവെ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരിൽ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂർ, ലഖ്‌നോ, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം റൺവെ സ്ട്രിപ്പ് 150 മീറ്ററാണുളളത്.എന്നിട്ടും കരിപ്പൂരിനെ മാത്രം മൂന്നര വർഷം അവഗണിച്ചു.
  റൺവെ റീ-കാർപ്പറ്റിംഗ് പൂർത്തിയായിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയില്ല. സമരങ്ങൾ പിന്നേയും ശക്തമാക്കി സംസ്ഥാന സർക്കാറും എം.പിമാരും വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും.     ഇതിനെ തുടർന്ന് ഇടത്തരം വിമാനങ്ങൾക്ക് സാധ്യത പഠനം നടത്താൻ അധികൃതർ തയ്യാറായി.തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ഉന്നതസംഘം കരിപ്പൂരിലെത്തി പരിശോധന നടത്തി.ഇതിനെ തുടർന്ന് ബി 777-200 വിഭാഗത്തിലുളള വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്നതിന് വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളുടെ സംയുക്ത പഠനം നടത്താൻ ഡി.ജി.സി.എ നിർദേശിച്ചു.കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥർ കോഡ് ഇ യിലുളള വിവിധ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുകൂലമായി വിശദമായ പഠന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു.ഈ റിപ്പോർട്ടിനെ തുടർന്ന് 300 ലധികം പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നിവക്ക് അനുകൂലമായി അതോറിറ്റി നിലപാട് സ്വീകരിച്ചു. 
  സർവീസ് നടത്താനുദ്ദേശിക്കുന്ന വിമാനകമ്പനിയോട് പുതിയ നടത്തിപ്പ് ക്രമം (ഓപ്പറേഷണൽ പ്രൊസിജ്യർ),സുരക്ഷ വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സമർപ്പിക്കാൻ ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് സൗദി എയർലൈൻസ് റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിന് നൽകി. എന്നാൽ ഇതിന് വീണ്ടും തടസ്സങ്ങൾ ഉന്നയിച്ചെങ്കിലും പാർലമെന്റിൽ അടക്കം പ്രതിഷേധ ജ്വാല ഉയർന്നതോടെ ഒടുവിൽ അനുമതിയായി.
  കരിപ്പൂരിന്റെ ചിറകരിയാൻ എയർപോർട്ട് അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനായ ഒരു മലയാളി ശ്രമിച്ചെന്ന ആക്ഷേപം നേരത്തെ ഉയർന്നിട്ടുണ്ട്. ഡി.ജി.സിഎക്ക് സമർപ്പിക്കേണ്ട ഫയലുകൾ പൂഴ്ത്തിയതിന് പിന്നിൽ മലയാളിയായ ഉന്നതനായിരുന്നു. 
പിന്നീട് സമരം ശക്തമായതും ഇയാൾക്കെതിരെ അന്വേഷണം വന്നതും കരിപ്പൂരിന്റെ ശനിദിശ മാറ്റി.

കരിപ്പൂർ റൺവെയും പ്രവാസികളും

കരിപ്പൂർ റൺവെയിൽ ഓരോ വിമാനവും ലാന്റ് ചെയ്യുമ്പോൾ പഴയകാല പ്രവാസികൾക്ക് അഭിമാനിക്കാം. മണലാരുണ്യത്തിൽ പ്രവാസികളൊഴുക്കിയ വിയർപ്പിന്റെ പങ്കുകൂടിയാണ് കരിപ്പൂർ റൺവെ.1996 ലാണ് കരിപ്പൂർ ആറായിരം അടിയിൽ നിന്ന് ഒമ്പതിനായിരം അടിയായി റൺവെ നീളം കൂട്ടുന്നത്.
60 കോടിക്ക് തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കുന്നത് 120 കോടിക്കാണ്. ഈ തുക ഹഡ്‌കോയിൽനിന്ന് വായ്പ എടുക്കുകയായിരുന്നു. ഈ തുക തിരിച്ചടക്കാനായി വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാരനിൽ നിന്നും യൂസേഴ്‌സ് ഫീ പിരിക്കുകയായിരുന്നു.   റൺവെ 51 ഏക്കർ നികത്താനായി മാത്രം സമീപത്തെ മലകളും, കുന്നുകളും ഇടിച്ച് നിരപ്പാക്കേണ്ടി വന്നത് പാരിസ്ഥിതിക ആഘാതവുമുണ്ടാക്കി. ലോകത്ത് ഇത്രയും മണ്ണിട്ടുയർത്തി പണിത ഒരു വിമാനത്താവളം വേറെയില്ല. നാലുവർഷം കൊണ്ട് പൂർത്തിയാക്കേണ്ട ജോലികൾ എട്ട് വർഷം സമയമെടുത്താണ് ചെയ്തത്.ഈ സമയത്തിനുള്ളിൽ നെടുമ്പാശ്ശേരിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം തന്നെ പൂർത്തിയാക്കിയിരുന്നു. മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതികത്വമാണ് നിലവിൽ റൺവെ നീളം കൂട്ടുന്ന ജോലികളിൽ നിന്ന് അഥോറിറ്റി പിന്മാറിയത്.നിലവിൽ നടക്കുന്ന റൺവെ എൻഡ് സേഫ്റ്റി ഏരിയ(റിസ)യുടെ പ്രവൃത്തികൾ നടത്താൻ മണ്ണ് എത്തിക്കാനാവാത്തതിനാൽ എംസാന്റ് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തിയത്.
 മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടതിനാൽ രാത്രികാല സർവ്വീസിന് നാലു ലീഡിംഗ് ലൈറ്റുകളുടെ സഹായത്തോടെയാണ് വിമാനമിറങ്ങുന്നത്.
സ്വിറ്റ്‌സർലാൻഡിലും ഹോങ്കോങ്ങ് പോലെയുള്ള വിദേശ രാജ്യങ്ങളിലുമാണ് ഇത്തരത്തിൽ കോടികൾ വിലപിടിച്ച ലീഡിംഗ് ലൈറ്റുകൾ സ്ഥാപിച്ച് വിമാനങ്ങളിറങ്ങുന്നത്. പരിമിതമായ സൗകര്യങ്ങളോടെ വികസനക്കുതിപ്പ് നടത്തുന്ന കരിപ്പൂരിന്റെ ചിറകൊടിക്കാൻ സ്വകാര്യ ലോബികളുടെ ശ്രമവും ചെറുതായിരുന്നില്ല. അതിനാൽ തന്നെ മുപ്പതാണ്ട് തികയ്ക്കുന്ന കരിപ്പൂരിന്റെ നിലനിൽപ്പിനായി  ഇനിയും സമരപ്പന്തലുകളുയരേണ്ടി വരുമെന്നത് തീർച്ച.പരിമിതമായ സൗകര്യങ്ങളോടെ വികസനക്കുതിപ്പ് നടത്തുന്ന കരിപ്പൂരിന്റെ ചിറകൊടിക്കാൻ സ്വകാര്യ ലോബികളുടെ ശ്രമവും ചെറുതായിരുന്നില്ല. അതിനാൽ തന്നെ മുപ്പതാണ്ട് തികയ്ക്കുന്ന കരിപ്പൂരിന്റെ നിലനിൽപ്പിനായി  ഇനിയും സമരപ്പന്തലുകളുയരേണ്ടി വരുമെന്നത് തീർച്ച.