Sunday , May   26, 2019
Sunday , May   26, 2019

റിയാദ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിന് ഔദ്യോഗിക ക്ഷണം

റിയാദ് - അടുത്ത ഞായറാഴ്ച റിയാദിൽ നടക്കുന്ന മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ക്ഷണിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽസയ്യാനി ദോഹയിൽ എത്തിയാണ് ഖത്തർ അമീറിനുള്ള ക്ഷണം ഔദ്യോഗികമായി കൈമാറിയത്. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽമരീഖി ക്ഷണക്കത്ത് കൈപ്പറ്റി.
ദിവസങ്ങൾക്കു മുമ്പ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ജി.സി.സി സെക്രട്ടറി ജനറൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റിയാദ് ഗൾഫ് ഉച്ചകോടിയിലേക്ക് രാഷ്ട്ര നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കാൻ തുടങ്ങിയത്. ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ജി.സി.സി സെക്രട്ടറി ജനറൽ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവിന് കൈമാറി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും മേഖലയിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിനും മേഖലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സൽമാൻ രാജാവ് നടത്തുന്ന ശ്രമങ്ങളെ ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു. 
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് കുവൈത്തിൽ നടന്ന മുപ്പത്തിയെട്ടാമത് ഗൾഫ് ഉച്ചകോടിയിൽ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ ഭരണാധികാരികൾ പങ്കെടുത്തിരുന്നില്ല. ഖത്തർ അമീറും കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹും മാത്രമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശ മന്ത്രി ആദിൽ അൽജുബൈറും ബഹ്‌റൈനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഹമദ് അൽഖലീഫയും ഒമാനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽസഈദും യു.എ.ഇയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശുമാണ് കുവൈത്ത് ഉച്ചകോടിയിൽ പങ്കെടുത്തത്. ഗൾഫ് പ്രതിസന്ധി ഉടലെടുത്ത ശേഷമുള്ള ആദ്യത്തെ ഉച്ചകോടിയായിരുന്നു കുവൈത്ത് ഉച്ചകോടി. ഖത്തർ അമീർ പങ്കെടുത്തതിനാലാണ് മറ്റു ഗൾഫ് രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നത്.