Sunday , May   26, 2019
Sunday , May   26, 2019

വികസനത്തിന് മുന്നിൽ  നിസ്സഹായരാകുന്ന ഇരകൾ


വികസനത്തെ കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ ഇരകളാകുന്നവർക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങൾ ദുർബലപ്പെടുകയും കെട്ടിയിറക്കപ്പെടുന്ന വികസന മാതൃകകളെ തലകുനിച്ച് സ്വീകരിക്കുകയും ചെയ്യുന്ന നിസ്സഹായതയിലേക്ക് കേരളം മാറിയിരിക്കുന്നു. 
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ അടുത്ത കാലങ്ങളിലായി സ്വീകരിച്ചു വരുന്ന നിലപാട് മാറ്റമാണ് ഇതിന് മുഖ്യ കാരണം. കണ്ണൂരിലെ കീഴാറ്റൂരിലും മലപ്പുറത്തെ വിവിധ പ്രദേശങ്ങളിലും ദേശീയ പാത വികസനത്തിന്റെ കാര്യത്തിൽ ഈ നിസ്സഹായത ഏറെ പ്രകടനമാണ്. ഗെയിൽ പാചകവാതക പൈപ്പ് ലൈനിനെതിരെ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വന്ന പ്രതിഷേധങ്ങൾ ഏറെ കുറെ നിശ്ശബ്ദമായിക്കഴിഞ്ഞു. വികസന വിരോധികൾ എന്ന ലേബലിൽ നിന്നും ഉപാധികളില്ലാതെ വികസനത്തെ അനുകൂലിക്കാമെന്ന നിലയിലേക്ക് മലയാളി സമൂഹം മാറിക്കഴിഞ്ഞു. ഈ മാറ്റത്തിന് മുന്നിൽ പകച്ചു നിൽക്കുന്നത് വികസനത്തിന്റെ പേരിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട ഏതാനും കുടുംബങ്ങൾ മാത്രമാണ്.
കണ്ണൂർ ജില്ലയിൽ ബൈപ്പാസിനായി കീഴാറ്റൂർ പഞ്ചായത്തിൽ വയൽ നികത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയാണ്. നെൽവയൽ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാന സർക്കാറും ബൈപ്പാസിനുള്ള ബദൽ നിർദേശത്തെ കണ്ടില്ലെന്ന് നടിക്കുന്നു. 
വീടു നഷ്ടപ്പെടുന്നരുടെ രോദനത്തോടൊപ്പം കീഴാറ്റൂരിൽ നിന്ന് ഉയരുന്നത് കാർഷിക ഭൂമിയുടെ നിലനിൽപിനായുള്ള മുറവിളികളുമാണ്. പരിസ്ഥിതി സ്‌നേഹവും കാർഷിക മേഖലയുടെ സംരക്ഷണവും മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്ന സർക്കാറുകൾ തന്നെയാണ് ഏക്കർ കണക്കിന് ഭൂമി മണ്ണിട്ടു നികത്താനുള്ള പദ്ധതിയുമായി മുന്നോട്ടു വരുന്നത്. കേന്ദ്ര സർക്കാറിന്റെ പദ്ധതിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ജനകീയ പ്രതിഷേധങ്ങളെ അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കീഴാറ്റൂരിൽ വയൽകിളികൾ നടത്തുന്ന സമരവും സർക്കാറിന്റെ നിഷേധ നിലപാടുകൾക്ക് മുന്നിൽ ദുർബലപ്പെടുന്നു.
മലപ്പുറം ജില്ലയിലും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയിട്ട് ഏറെ കാലമായി. കുറ്റിപ്പുറം മുതൽ തേഞ്ഞിപ്പലം വരെയുള്ള പ്രദേശങ്ങളിൽ പാതക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് പലപ്പോഴും സംഘർഷത്തിൽ കലാശിച്ചു. ജനകീയ പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് തുടരുമ്പോഴും സ്ഥലമെടുപ്പിന്റെ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ സാമ്പത്തിക നഷ്ടങ്ങൾ വേണ്ടത്ര പരിഗണിക്കാതെയാണ് സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഉടമകൾക്ക് നഷ്ടപ്പെടുന്ന സ്ഥലം, വീടുകൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ എന്നിവക്ക് മതിയായ പരിഹാരം ഇനിയും ലഭ്യമാക്കിയിട്ടില്ലെന്നാണ് സമര രംഗത്തുള്ളവരുടെ പരാതി. സ്ഥലമുടമകൾ കണക്കാക്കിയിട്ടുള്ള സാമ്പത്തിക നഷ്ടത്തിന്റെ പത്തിലൊന്ന് പോലും നഷ്ടപരിഹാരമായി സർക്കാർ കണക്കാക്കിയിട്ടില്ല. മലപ്പുറം ജില്ലയിൽ പാതക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്കും കെട്ടിടത്തിനും നഷ്ടപരിഹാരമായി നാലായിരം കോടി രൂപ വേണ്ടിവരുമെന്നാണ് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ സർക്കാർ വകയിരുത്തിയിരിക്കുന്നത് ഏതാണ്ട് 200 കോടി രൂപയാണ്. സർക്കാർ നിശ്ചയിച്ച തുകക്ക് സ്ഥലം നൽകാൻ തയ്യാറുള്ളവരിൽ നിന്ന് സമ്മതപത്രം വാങ്ങി ഇടപാടുകൾ പൂർത്തിയാക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇതിന് തയ്യാറല്ലാത്തവരാണ് ഇപ്പോൾ സമര രംഗത്തുള്ളത്. 
അവർക്ക് സംഭവിക്കുന്ന നഷ്ടങ്ങൾ സർക്കാർ കണക്കിനേക്കാൾ എത്രയോ വലുതാണ്. വീടുകൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തെ കുറിച്ച് ഇനിയും സമയവായത്തിലെത്താനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. വാണിജ്യ കെട്ടിടങ്ങൾ നഷ്ടപ്പെടുന്നവർക്ക് അവരുടെ ജീവിതത്തിലെ പ്രധാന വരുമാനമാണ് നഷ്ടപ്പെടുന്നതെന്ന യാഥാർഥ്യം സർക്കാർ കണക്കിലെടുത്തിട്ടില്ല. കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കനുസരിച്ച് സ്ഥലമേറ്റെടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. പ്രതിഷേധങ്ങളോടെല്ലാം പുറം തിരിഞ്ഞു നിൽക്കുകയാണ് സർക്കാർ. 
പൊതുമേഖലാ സ്ഥാപനമായ ഗെയിലിന്റെ പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലും ഇരകളോടുള്ള ഈ അവഗണന പ്രകടനമായിരുന്നു. പൈപ്പ് ലൈൻ കടന്നു പോകുന്ന മലപ്പുറം ജില്ലയിലെ പല പ്രദേശത്തും വീടുകൾ നഷ്ടപ്പെട്ടവരുടെ രോദനങ്ങൾ സർക്കാർ കേൾക്കുന്നില്ല. നിരവധി വീടുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും ഈ മേഖലകളിലും പൈപ്പ് ലൈനിനു വേണ്ടി വിട്ടു നൽകേണ്ടി വന്നു. ന്ഷ്ടപ്പെടുന്ന സ്ഥളത്തിന്റെ വ്യാപ്തി ദേശീയ പാതയേക്കാൾ കുറവാണെങ്കിലും പൈപ്പ് ലൈൻ ഉർത്തുന്ന അപകട ഭീതി ജനങ്ങളിൽ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. പൈപ്പ് വഴിയുള്ള പാചകവാതകം ചോരാനുള്ള സാധ്യത ഗെയിൽ തള്ളിക്കളയുന്നുണ്ടെങ്കിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പൈപ്പ് ലൈൻ വഴിയുണ്ടായ അപകടങ്ങളുടെ അനുഭവങ്ങളെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്നത് ഏതു സമയവും കടന്നു വരാവുന്ന ദുരന്തമാണെന്ന ഭീതി ജനങ്ങളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. 
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ സ്വീകരിച്ച രീതി ഏറെ ജനദ്രോഹപരവും സ്വേഛാപരവുമായിരുന്നു. സംസ്ഥാന സർക്കാറിന് മേൽ കടുത്ത സമ്മർദം ചെലുത്തിയ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ സംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് ലക്ഷ്യം കാണുകയായിരുന്നു. എതിർത്തു നിന്ന ജനങ്ങളെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. വീണ്ടും സമരത്തിനെത്തിയവരെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസറ്റ് ചെയ്തു. നിയമത്തിന്റെ ഇരുമ്പുദണ്ഡുപയോഗിച്ച് ജനാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചത്. ഇത് ഏറെക്കുറെ വിജയിച്ചതോടെ ഗെയിൽ മോഡൽ സ്ഥലമേറ്റെടുപ്പ് മറ്റു പദ്ധതികളിലേക്കും വ്യാപിപ്പിക്കുകയാണിപ്പോൾ.
രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്ന അവസരങ്ങൾ കൂടിയാണിത്. സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുന്ന ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോൾ അവർക്ക് പിന്തുണ നൽകാൻ മടികാണിക്കുന്ന രീതിയിലേക്ക് രാഷ്ട്രീയ പാർട്ടികൾ മാറിയിരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ അടിസ്ഥാനവാകശാമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന കാര്യം പാർട്ടികൾ വിസ്മരിക്കുന്നു. മലപ്പുറത്ത് ഗെയിൽ പദ്ധതിക്കെതിരായ സമരത്തിന് പ്രമുഖ പാർട്ടികളായ സി.പി.എമ്മോ കോൺഗ്രസോ പിന്തുണ നൽകിയില്ല. മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധങ്ങൾ ഏറെ നീണ്ടു നിന്നില്ല. ബി.ജെ.പി പ്രവർത്തകരുടെ സമരങ്ങളും പിന്നീട് അസ്തമിച്ചു. ഇരകളായവർ പ്രബല സംഘടനകളുടെ പിന്തുണ ലഭിക്കാതെ നിസ്സഹായരായി. ഗെയിൽ പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് മുന്നിൽ പ്രതിഷേധങ്ങളെല്ലാം അലിഞ്ഞു പോകുകയായിരുന്നു.
കീഴാറ്റൂരിലും ഇതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വയൽകിളികളുടെ സമരം ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ദുർബലമാകുകയാണ്. ബി.ജെ.പി പിന്തണച്ചതോടെ ഇതര പാർട്ടികളുടെ ശത്രുതയും വയൽക്കിളികളെ തേടി വന്നു. ഒരു കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി തെരുവിലിറങ്ങിയ പാർട്ടികൾ കീഴാറ്റൂരിലെ നെൽവയലുകൾ മണ്ണിട്ട് മൂടുന്നത് കാണാൻ കാത്തിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകരുടെ ശബ്ദങ്ങളും ദുർബലമായെന്നാണ് ഇരകളുടെ ഒറ്റപ്പെടലുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ഗെയിൽ പദ്ധതിയിലും കീഴാറ്റൂർ ബൈപാസ് പദ്ധതിയിലും വ്യക്തമായ ബദൽ നിർദേശങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറായിട്ടില്ല. ഗെയിൽ പദ്ധതി കേരളത്തിന്റെ തീരപ്രദേശങ്ങളിലൂടെ കടലിനോട് ചേർന്ന് നടപ്പാക്കണമെന്ന നിർദേശം സർക്കാർ ഗൗനിച്ചില്ല. അതുവഴി ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാകുമെന്ന വാദഗതികളെയും സർക്കാർ അവഗണിച്ചു. കീഴാറ്റൂരിൽ വയൽ നികത്തുന്നതിന് പകരം ഫ്‌ളൈഓവർ നിർമിക്കണമെന്ന നിർദേശം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ടു വെച്ചിരുന്നു. 
ഈ നിർദേശം കേരള നിയമസഭയിൽ ചർച്ചയായെങ്കിലും സർക്കാർ ഇതും അവഗണിക്കുകയായിരുന്നു. സർക്കാർ നിശ്ചയിച്ച സ്ഥലത്ത്, ഘടനയിൽ പദ്ധതി മുന്നോട്ടു പോകുമെന്ന സ്വേഛാധിപത്യപരമായ നിലപാടാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചത്.
വികസന പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന രൂപരേഖകൾ കേരളത്തിന്റെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം ഏറെ കാലമായി ഉയരുന്നു. കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന ജനവാസമില്ലാത്ത ഭൂമിയുള്ള പ്രദേശങ്ങളാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്. വീടുകൾ നശിപ്പിക്കാതെയും ജനജീവിതത്തിന് ഭീഷണി ഉയർത്താതെയും അവിടെ പദ്ധതികൾ നടപ്പാക്കാനാകും. എന്നാൽ ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ അതേ മാതൃകയിൽ പദ്ധതികൾ നടപ്പാക്കുന്നത് ജനജീവിതത്തിനും കാർഷിക മേഖലക്കും കനത്ത നഷ്ടങ്ങളുണ്ടാക്കുന്നുവെന്നാണ് അനുഭവങ്ങൾ. ഈ യാഥാർഥ്യം തിരിച്ചറിയാനോ ബദൽ നിർദേശങ്ങൾ സ്വീകരിക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകാറില്ല. ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തേണ്ട സംസ്ഥാന സർക്കാർ പലപ്പോഴും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നു. പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തി ഒടുവിൽ കൂടിയാലോചനകൾക്ക് വേണ്ടത്ര സമയം അനുവദിക്കാതെ അതിവേഗം നടപടികളിലേക്ക് നടക്കുന്നതോടെ പലപ്പോഴും ജനങ്ങളിൽ ദുരിതം അടിച്ചേൽപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. 
വികസനം നാടിന് ആവശ്യമാണെന്ന വാദം നിലനിൽക്കുമ്പോഴും വികസനത്തിന്റെ പേരിൽ ഇരയാക്കപ്പെടുന്നവരുടെ ദുരിതം കാണാതിരുന്നു കൂടാ. വികസന പദ്ധതികൾ ജനങ്ങളിലുണ്ടാക്കുന്ന ആഘാതം പരമാവധി കുറക്കുന്നതിന് സർക്കാറുകൾക്ക് കഴിയണം. പ്രതിഷേധങ്ങളെ അടിച്ചൊതുക്കി ഏതു വിധേനയും പദ്ധതി നടപ്പാക്കുമെന്ന നിലപാട് ജനാധിപത്യ സർക്കാറുകൾക്ക് ചേർന്നതല്ല.