Sunday , May   26, 2019
Sunday , May   26, 2019

ജോർജേട്ടൻസ് പൂരം @ ശബരിമല

ഭ.ജ.പ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള അനന്തപുരിയിൽ കമ്യൂണിസ്റ്റ് കുടുംബത്തിലെ കൊച്ചു കുട്ടിയെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചപ്പോൾ എല്ലാവർക്കും തമാശയായിരുന്നു. കൂട്ടത്തിൽ അദ്ദേഹം ഒന്ന് കൂടി പറഞ്ഞു -ഇനിയും ചില വൻ തോക്കുകൾ പാർട്ടിയിലേക്ക് വരാനുണ്ടെന്ന്. ഇങ്ങനെയൊന്നും സംഭവിക്കാത്തത് കണ്ട് വീണ്ടും കളിയാക്കാൻ തുടങ്ങിയവരുടെയെല്ലാം കണ്ണ് തള്ളിയ കാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ കണ്ടത്. 
പാർട്ടിയുടെ ഏക എം.എൽ.എ രാജേട്ടൻ ഏകാന്ത പഥികൻ ഞാൻ... എന്ന പഴയ ഗാനവുമാലപിച്ച് കാലം കഴിച്ചു കഴിയുകയായിരുന്നു. അപ്പോഴതാ കറുപ്പണിഞ്ഞ ഒരു സിംഹം പൂഞ്ഞാർ വനമേഖലയിൽ നിന്ന് കൂട്ട് ചേരാനെത്തിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനിടയ്ക്ക് പാർട്ടിയുടെ ശക്തി ഇരട്ടിച്ചിരിക്കുകയാണ്. ശബരിമല തീർഥാടകരുടെ താൽപര്യം സംരക്ഷിച്ചിട്ട് ബാക്കി കാര്യമെന്ന നിലപാടാണ് മൂന്ന് മുന്നണിയേയും തോൽപിച്ച് വൻ ഭൂരിപക്ഷത്തിൽ കോട്ടയം ജില്ലയിലെ മലയോര മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അച്ചായൻ പറയുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയപ്പോൾ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ ഡയലോഗുകൾ കേൾക്കാനെത്തിയത്. ആദവും ഹവ്വയുമെല്ലാം പറഞ്ഞ് കത്തിക്കയറി പുണ്യ ജിദ്ദ വരെ എത്തി. ഇതാദ്യമായി മുത്തശ്ശി നഗരത്തിന് പുണ്യമെന്ന വിശേഷണമെന്നതൊന്നും ശ്രോതാക്കൾ കാര്യമാക്കിയില്ല. നോമ്പു കാലത്തിന്റെ സവിശേഷത വിവരിക്കുന്ന ജോർജിന്റെ പ്രഭാഷണത്തിനും സോഷ്യൽ മീഡിയയിൽ ആവശ്യക്കാരേറെയാണ്. 
ശബരിമല വിഷയത്തിൽ നിയമസഭയിൽ ഒന്നിച്ച് നിൽക്കാനാണ് പി.സി ജോർജിന്റേയും ബി.ജെ.പിയുടേയും തീരുമാനം. അതിന്റെ ഭാഗമായി പി.സി ജോർജും ഒ.രാജഗോപാലും കറുപ്പുടുത്താണ് ഇത്തവണ നിയമസഭയിൽ എത്തിയത്. ജോർജ് ഇപ്പോൾ ബി.ജെ.പിക്കൊപ്പം നിൽക്കുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകന് സീറ്റ് കിട്ടാൻ വേണ്ടിയാണെന്ന് ശ്രുതിയുണ്ട്. പൂഞ്ഞാർ മേഖലയിൽ പി.സിക്ക് വലിയ സ്വാധീനമുണ്ട്. അവിടെയുള്ള ജനങ്ങളെ തങ്ങൾക്കൊപ്പം നിർത്താമെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു. പി.സിയുടെ മകൻ ഷോൺ ജോർജിന് പത്തനംതിട്ട ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്ത് പി.സിയെ തങ്ങൾ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ബി.ജെ.പിക്കുണ്ടെന്ന് മംഗളം ചാനലിൽ വാർത്തയുണ്ടായിരുന്നു. രാജേട്ടന് കഴിയില്ലെന്ന് കരുതി ദേശീയ ചാനലുകളോട് പ്രതികരിക്കാൻ പി.സി മിനക്കെടരുതെന്ന് മാത്രമാണ് മലയാളികൾ ആഗ്രഹിക്കുന്നത്. റിപ്പബ്ലിക് ചാനലിന്റെ ന്യൂസ് നൈറ്റിൽ ഇംഗ്ലീഷിലെ ചോദ്യങ്ങൾക്ക് മലയാളത്തിൽ മറുപടി പറഞ്ഞ മഹാനാണല്ലോ. എന്തായിരിക്കും തെക്കുള്ള ലോ കോളേജിലെ ബിരുദധാരികളായ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഇംഗ്ലീഷ് പറയാൻ ഇത്ര പ്രയാസപ്പെടുന്നത്? 

***    ***    ***

മലയാളം ന്യൂസ് ചാനലുകൾ തുടർച്ചയായി ശബരിമല വിളമ്പി ശ്രോതാക്കളെ വെറുപ്പിക്കുന്നത് തുടരുന്നു. വൈകുന്നേരങ്ങളിലെ സംവാദങ്ങളും വ്യത്യസ്തമല്ല. ദേശീയ ചാനലുകൾ പാക്കിസ്ഥാൻ, അയോധ്യ പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിറർ നൗ ചാനൽ മാത്രമാണ് അൽപമെങ്കിലും വ്യത്യസ്ഥമാകുന്നത്. കിസാൻ മുക്തി മാർച്ച് എന്ന പേരിലൊരു വലിയ പ്രക്ഷോഭം രാജ്യ തലസ്ഥാനത്ത് നടക്കുന്നത് കണ്ടില്ലെന്ന് ഭാവിക്കാനാണ് പലർക്കും ഇഷ്ടം. കർഷക ആത്മഹത്യ, കാർഷിക വിളകളുടെ വിലയിടിവ് എന്നിവ ടി.വി സ്റ്റുഡിയോയിലിരുന്ന് പറയേണ്ട കാര്യമെന്ത്? മിറർ നൗവിന്റെ അർബൻ ഡിബേറ്റിൽ മറ്റുള്ളവരുടെ കണ്ണടച്ച് ഇരുട്ടാക്കലിനെ കൊട്ടിയാണ് കർഷക മാർച്ച് കഴിഞ്ഞ ദിവസം ചർച്ച ചെയ്തത്. ദേശീയ എന്റർടെയ്ൻമെന്റ് ചാനലുകളിൽ മറ്റൊരു വിവാഹ വാർത്ത സംപ്രേഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മകൾ ഇഷയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് മുംബൈ.  ഗൃഹശാന്തി പൂജയ്ക്കായി ലഹങ്കയണിഞ്ഞു അതിസുന്ദരിയായി നിൽക്കുന്ന ഇഷ അംബാനിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനർ  സബ്യസാചി മുഖർജിയാണ് ഇഷയ്ക്കായി വസ്ത്രം ഡിസൈൻ ചെയ്തത്. സബ്യസാചി ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ  പങ്കു വെച്ചിരിക്കുന്നത്. എബ്രോയ്ഡറിയും ഹാന്റ് പെയിന്റിംഗും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ ദുപ്പട്ടയ്ക്കും ഒപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്‌ലേസും കമ്മലുമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. രാജകീയ വസ്ത്രത്തിൽ ബോളിവുഡ് താരത്തെ പോലെ തിളങ്ങിയാണ് ഗൃഹശാന്തി പൂജയ്ക്കായി ഇഷ എത്തിയതെന്നും ധാരാളം കാഴ്ചക്കാരുള്ള ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 12ന് മുംബൈയിലെ സ്വന്തം വസതിയിലാണ് ഇഷ അംബാനിയുടെ വിവാഹം. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ പ്രതിശ്രുത വരൻ. കഴിഞ്ഞ മാസം ഇറ്റലിയിലെ ആഡംബര വേദിയായ ലേക് കോമോയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഒട്ടും മൂല്യാധിഷ്ഠിതമല്ലാത്ത ഇത്തരം വാർത്തകൾ വേണമെങ്കിൽ പത്രങ്ങൾക്കും ചാനലുകൾക്കും തമസ്‌കരിക്കാം. എന്നിട്ട് നിത്യേനെ നാൽപത് ലക്ഷം കോപ്പി അച്ചടിച്ച് നാല് കോടി വായനക്കാരിലെത്തുന്ന പത്രത്തെ നോക്കി അസൂയപ്പെടാം. 
മലയാളികളെ ആനന്ദ സാഗരത്തിലാറാടിക്കാൻ സീ കേരളം കൂടി തുടങ്ങി. ഇനിയും വരട്ടെ ന്യൂസ്-എന്റർടെയ്ൻമെന്റ് ചാനലുകൾ. 

***    ***    ***

മി ടൂ കാമ്പയിൻ രണ്ടാം ഇടവേളയിൽ പ്രവേശിച്ചത് മാതിരിയുണ്ട്. ഇതെല്ലാം കാണുന്നത് പോലെ രസകരമാണ് സെലിബ്രിറ്റികളുടെ തുറന്നു പറച്ചിലും. മൂന്ന് നാല് പതിറ്റാണ്ടുകൾക്കപ്പുറം സിനിമ കണ്ടിരുന്നവർക്കെല്ലാം സുപരിചിതനാണ് ജാക്കിചാൻ. പ്രായഭേദമന്യേ ലോകമെങ്ങും ആരാധകരുള്ള സൂപ്പർ താരമാണ്. 64-ാം വയസ്സിലും താരം വാർത്തകളിൽ ഇടം പിടിക്കുകയാണ്.ചൊവ്വാഴ്ച പുറത്തിറങ്ങുന്ന 'നെവർ ഗ്രോ അപ്പ്' എന്ന ആത്മകഥയിലാണ് താരം ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ഭാര്യ ജോവാനുമായി വീട്ടിൽ വഴക്കുണ്ടാക്കിയപ്പോൾ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതു കണ്ട് ഭാര്യ പേടിച്ചുപോയെന്നും ജാക്കി പറയുന്നു.
പിന്നീട് ഇക്കാര്യത്തിൽ ജാക്കി മാപ്പു പറയുകയും ചെയ്തു. മുൻ സൗന്ദര്യ റാണി എലൈനുമായി ബന്ധത്തിൽ ഏർപ്പെട്ടെന്ന വാർത്ത 1999 ൽ പുറത്തായപ്പോഴും ജാക്കി തെറ്റേറ്റ് പറഞ്ഞിരുന്നു.താൻ ഒരിക്കലും ഒരു നല്ല പിതാവോ ഭർത്താവോ ആയിരുന്നില്ലെങ്കിലും ആ രണ്ട് റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. അതേസമയം എലൈനിലുള്ള മകൾ എറ്റയെക്കുറിച്ച് പുസ്തകത്തിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സ്വവർഗാനുരാഗത്തെ വീട്ടുകാർ എതിർത്തതോടെ വീടുവിട്ടിറങ്ങേണ്ടി വന്നെന്നും തെരുവിലും പാലത്തിനടിയിലുമാണ് മാസങ്ങളായി കഴിയുന്നതെന്നും എറ്റ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.
ഒരു കാലത്ത് തനിക്കു ലഭിച്ചിരുന്ന പണമെല്ലാം പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണ് ചെലവഴിച്ചതെന്നും ജാക്കി പുസ്തകത്തിൽ വെളിപ്പെടുത്തി. 
എല്ലാ രാത്രികളിലും സുന്ദരികളായ പെൺകുട്ടികളോടൊപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഏറ്റവും വലിയ വിനോദമെന്നും എന്നാൽ, അവരുടെ പേരുകൾ പോലും ഇപ്പോൾ ഓർമയില്ലെന്നും ജാക്കിചാൻ പറയുന്നു.
ആർമർ ഓഫ് ഗോഡ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഏറ്റ പരിക്കാണ് ജീവിതത്തിൽ ഏറ്റവും വലുതായി ജാക്കിചാൻ കണക്കാക്കുന്നത്.
1973 ൽ ബ്രൂസ്‌ലിയ്ക്ക് ഹോളിവുഡിൽ സിംഹാസനം നേടിക്കൊടുത്ത എന്റർ ദി ഡ്രാഗണിൽ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കിചാന്റെ സിനിമാ പ്രവേശനം.ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരാളായി മാറിയ ജാക്കിചാന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ തകർപ്പൻ. ചാൾസ് ശോഭരാജ് കഴിഞ്ഞാൽ ഇത്രയും ധൈര്യത്തോടെ തുറന്നു പറഞ്ഞ ഒരാൾ വേറെ കാണില്ല.  

***    ***    ***

നൂറ് നാളുകൾക്കപ്പുറമാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. എറണാകുളം, ചെങ്ങന്നൂർ, തൃശൂർ, വയനാട് പ്രദേശങ്ങളെ ഓർത്ത് മലയാളികൾ നൊമ്പരപ്പെട്ട ദിനങ്ങൾ. ജാതിയും മതവും രാഷ്ട്രീയവും മറന്ന് മനുഷ്യരെ രക്ഷിക്കാൻ കേരളീയർ ഉത്സാഹിച്ച സീസൺ. ഇതെല്ലാം പെട്ടെന്ന് മറന്നുവോ എന്ന് സംശയമുണർത്തുന്നതായിരുന്നു പിന്നീട് മധ്യ കേരളത്തിൽ കണ്ട ചില നാടകങ്ങൾ. 
പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായ ഹസ്തവുമായി രാപകൽ കർമ നിരതനായ കർമഭടൻ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പ്രമുഖ ട്രോമാ കെയർ വളണ്ടിയറും, ജീവകാരുണ്യ പ്രവർത്തകനുമായ കുറ്റിയാടി മുനീസ് (34) കഴിഞ്ഞ വാരത്തിൽ വിട വാങ്ങി. മുനീസിനെ കുറിച്ച് അരുൺ ദാസ് കാലിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ എഴുതി വൈറലായ കുറിപ്പ് ഇങ്ങനെ -'ഇത് മുനീസ്... പരപ്പനങ്ങാടിയിലെ ട്രോമാ കെയർ വളണ്ടിയർ...
പ്രളയ കാലത്തെ രക്ഷാ പ്രവർത്തനത്തിനിടയിൽ ആളുകൾക്ക് ബോട്ടിൽ കയറാൻ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കൊടുത്ത ജെയ്‌സലിന്റെ കൂടെയുണ്ടായിരുന്നയാൾ. ഇന്ന് രാവിലെ കോഴിക്കോട് പൊറ്റമ്മലിൽ ബൈക്കിൽ ബസിടിച്ച് ഒരപകടമുണ്ടായി. ബൈക്കിലുണ്ടായിരുന്ന പെൺകുട്ടി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ബസിനടിയിൽപ്പെട്ട കുട്ടിയുടെ തലക്കാണ് പരിക്ക് പറ്റിയത്. ഓടിക്കൂടിയവരിൽ പലരും ഫോട്ടോ ഷൂട്ടിലായിരുന്നു. ഈ സമയത്ത് അത് വഴി വന്ന മുനീസ് ചിതറിക്കിടന്ന ആ കുട്ടിയുടെ ശവശരീരം സ്വന്തം ഉടുമുണ്ടഴിച്ചു പുതപ്പിച്ചു.
പോലീസിലേക്ക് വിളിച്ച് ആംബുലൻസെത്തിച്ചു. മറ്റു മൂന്നു പേരുമായി ചേർന്ന് ആ മൃതദേഹം ആംബുലൻസിലേക്ക് കയറ്റുകയും, അതിൽ കയറി മെഡിക്കൽ കോളേജിലേക്ക് പോവുകയും ചെയ്തു. അതിലൊരാൾ മുനീസിന്റെ സുഹൃത്ത് ശറഫുദ്ദീൻ ചെട്ടിപ്പടി, പിന്നെ മാത്തോട്ടം സ്വദേശി സിദ്ദീഖ്, എന്റെ കൂടെ ജോലി ചെയ്യുന്ന മുസ്തഫ എന്നിവരായിരുന്നു. മുസ്തഫ അപകടത്തിലായ ബസിലുണ്ടായിരുന്നു. മുസ്തഫയാണ് മുനീസിന്റെ കാര്യം പറഞ്ഞു തന്നത്. ഇത്രയും നാട്ടുകാർ അവിടെയുണ്ടായിരുന്നിട്ടും, റോഡിൽ ചിതറിക്കിടന്ന ആ മൃതദേഹം മൂടിവെക്കാൻ സ്വന്തം ഉടുമുണ്ടഴിച്ചെടുത്ത ആ മനസ്സുണ്ടല്ലോ. അതിന് മുമ്പിൽ ശിരസ്സ് കുനിക്കണം നമ്മൾ. 
മുനീസിന് വേറൊരു പ്രത്യേകതയുമുണ്ട്, ഇദ്ദേഹത്തിന്റെ ഒരു കാലിന് സ്വാധീനം കുറവാണ്. മുനീസ് തീർച്ചയായും ഇത് ചെയ്തിരിക്കും... കാരണം ഇദ്ദേഹം ജയ്‌സലിന്റെ സുഹൃത്താണല്ലോ. ബിഗ് സല്യൂട്ട് മുനീസ്.