Sunday , May   26, 2019
Sunday , May   26, 2019

വൈവിധ്യങ്ങളിലൂടെ അപൂർവ സഞ്ചാരം

ഷഹൻ അബ്ദുസ്സമദ്
കശ്മിരീലെ അർധ വിധവകൾ
ലഡാക്കിലെ ലേയിൽ നിന്ന്
ലേയിലെ നൂബ്‌റ വാലി
രാജസ്ഥാനിലെ പുഷ്‌കർ ഒട്ടക മേള
കശ്മീരിലെ ദാൽ തടാകം
ശ്രീനഗറിലെ സ്‌കൂൾ വിദ്യാർഥി

വില്യം ഡാൾറിംപ്‌ളിന്റെ 'നൈൻ ലൈവ്‌സ്' എന്ന പുസ്തകം ഷഹൻ അബ്ദുൽസമദ് വായിച്ചിട്ടുണ്ടാവുമോയെന്നറിയില്ല. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മഹാദ്ഭുതങ്ങളുടെ പ്രതീകമായ ഒമ്പതു പേരുടെ ജീവിതങ്ങളാണ് നൈൻ ലൈവ്‌സ്. അതിലൊരാൾ കണ്ണൂർക്കാരൻ ഹരിദാസാണ്. ഒരു പ്രത്യേകതയുമില്ലാത്ത ദിവസക്കൂലിക്കാരനായ ദളിത് യുവാവ്. വർഷത്തിൽ ഒമ്പതു മാസം വാരാന്ത്യങ്ങളിൽ അയാൾ ജയിൽ വാർഡന്റെ വേഷം കെട്ടും. അവശേഷിച്ച മൂന്നു മാസങ്ങളാണ് കാര്യം. ഡിസംബർ മുതൽ ഫെബ്രുവരി വരെ കണ്ണൂരിൽ തെയ്യക്കാലമാണ്. ഈ കാലത്ത് അയാൾ തെയ്യം കെട്ടി ദൈവിക ഭാവത്തിലെത്തും. ബ്രാഹ്മണർ വരെ ദാസനു മുന്നിൽ ദാസ്യ ഭാവത്തോടെ നിൽക്കും. വർഷത്തിൽ ഒമ്പതു മാസം അയാൾ വിലയില്ലാത്ത നീചനാണ്, മൂന്നു മാസം മേൽജാതിക്കാർ പോലും ഭയഭക്തിയോടെ കാണുന്ന ഉടയതമ്പുരാനും.

 


ഡാൾറിംപ്ൾ എന്ന സ്‌കോട്ടിഷ് എഴുത്തുകാരൻ  ഒമ്പതു ജീവിതങ്ങൾ എഴുതിത്തുടങ്ങുന്നത് ഒമ്പത് വർഷം മുമ്പാണ്. ഏതാണ്ട് അതേ കാലത്താണ് ക്യാമറയുമായി ഷഹൻ അബ്ദുൽ സമദ് എന്ന പതിനാറുകാരനും തെയ്യങ്ങളുമായി പ്രണയത്തിലാവുന്നത്. തെയ്യക്കോലങ്ങളിലേക്ക് മാറുന്ന സാധാരണ മനുഷ്യരെ ഉന്നത ജാതിക്കാർ പോലും ഭയഭക്തിയോടെ കാണുന്ന അദ്ഭുതം ഈ ചെറുപ്പക്കാരനെ വിസ്മയിപ്പിച്ചു. പ്രായം ചെറുപ്പമാണെങ്കിലും ആചാരങ്ങളുടെ മഹാദ്ഭുതങ്ങൾ തേടി എട്ടു വർഷത്തോളം ഷഹൻ ഇന്ത്യ മുഴുവൻ അലഞ്ഞു. വരാണസിയിലെ ധോബി കേന്ദ്രങ്ങളിൽ, മഥുരയിലെ വിധവകളുടെ ഹോളിയിൽ, കർണാടകയിലെ ഗുഹാക്ഷേത്രങ്ങളിൽ, തമിഴ്‌നാട്ടിലെ കൂവത്തെ ഹിജഡകളുടെ ഉത്സവത്തിൽ, ദൽഹിയിലെ ഈദാഘോഷത്തിൽ.. ആ യാത്രകൾക്കിടയിൽ ഇന്ത്യയെന്ന വൈവിധ്യത്തെയും ഷഹൻ ക്യാമറയിൽ പകർത്തി.

തലസ്ഥാന നഗരിയിലെ ചേരികളിൽ അന്തിയുറങ്ങുന്നവർ, ഇന്ത്യൻ മഹാസമുദ്ര തീരത്തെ ഉപ്പുപാടങ്ങളിൽ വിയർപ്പൊഴുക്കുന്നവർ, വിദൂര ഗ്രാമങ്ങളിലെ പള്ളിക്കൂടങ്ങൾ, കശ്മീരിലെ അർധ വിധവകൾ... എട്ടു വർഷത്തെ യാത്രക്കിടയിൽ ഷഹൻ പകർത്തിയത് പതിനായിരിക്കണക്കിന് ഫ്രെയിമുകൾ. അവയിൽ നിന്ന് തെരഞ്ഞെടുത്ത 60 ചിത്രങ്ങളുടെ പ്രദർശനം ഇന്ത്യയുടെ വൈവിധ്യങ്ങൾ തേടിയുള്ള ഇരുപത്തിമൂന്നുകാരന്റെ യാത്രയുടെ പ്രതീകാത്മക ചിത്രമായി. ഒരു പയ്യന്റെ അറിയപ്പെടാത്ത യാത്രകളുടെ നിറപ്പകിട്ടുകൾ കണ്ണൂർ സിറ്റി എന്ന നാട് നെഞ്ചിലേറ്റെടുത്ത് ആഘോഷിച്ചു. 

 


എട്ടു വർഷം മുമ്പ് ഷഹൻ ആദ്യ യാത്രക്കൊരുങ്ങിയപ്പോൾ ആശങ്കയുടെ കണ്ണീർ മുത്തുകൾ സമ്മാനിച്ചാണ് ഉമ്മാമ്മ സുലൈഖ ഫാത്തിഹ ഓതി യാത്രയാക്കിയത്. കഴിഞ്ഞയാഴ്ച അവർ ഫാത്തിഹ ഓതി ആനന്ദാശ്രുക്കളോടെ ഷഹന്റെ പ്രദർശനം നാടിനായി തുറന്നു കൊടുത്തു. ഇന്ത്യയെന്ന വൈവിധ്യത്തിന്റെ വർണപ്പകിട്ടായിരുന്നു ഈ 60 ചിത്രങ്ങൾ. 
പ്ലസ് ടു പിന്നിടും മുമ്പെ ചിത്രങ്ങളെക്കുറിച്ച് പഠിക്കാനും ക്യാമറയെടുത്ത് നാട് ചുറ്റാനും തീരുമാനിച്ചപ്പോൾ ആശങ്കയോടെയാണെങ്കിലും ഉമ്മ ഷിഹ്‌റതുന്നിസയും സോഫാ നിർമാണത്തൊഴിലാളിയായ പിതാവ് ശംസുദ്ദീനും കൂടെ നിന്നു. ഉമ്മാമ്മയുടെ പ്രാർഥന കരുത്തായി. ഫ്രീലാൻസായി ഫോട്ടോയെടുത്തു കിട്ടിയ തുകയായിരുന്നു യാത്രക്കുള്ള മുതൽക്കൂട്ട്. എട്ടു വർഷം കൊണ്ട് ഇന്ത്യ ചുറ്റിക്കറങ്ങി. ലഡാക്ക് വരെ സഞ്ചരിച്ചെത്തി. ഇന്ത്യയെന്ന മഹാദ്ഭുതത്തിന്റെ വൈവിധ്യങ്ങളെ നിറങ്ങളിൽ പകർത്തി. 
ഷഹന്റെ ആദ്യത്തെ പ്രദർശനമാണ് 'യൂനിറ്റി ഇൻ ഡൈവേഴ്‌സിറ്റി: എ ഫോട്ടോ ജേർണി' എന്ന പേരിൽ കണ്ണൂരിൽ സംഘടിപ്പിച്ചത്. പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര വീഡിയോ കോൺഫറൻസിലൂടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. 


ഷഹന്റെ നേട്ടങ്ങൾ സോഷ്യൽ മീഡിയ ആഘോഷിച്ചപ്പോൾ ആയിരങ്ങളാണ് കാപിറ്റോൾ മാളിലെ പവിലിയനിൽ കാഴ്ചക്കാരായി വന്നത്. നാടിന്റെ മണമുള്ള പ്രചാരണ രീതി നാട്ടുകാർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു:
ഏറ്റവും പിരിസപ്പെട്ട കണ്ണൂർ സിറ്റിക്കാർക്ക്, 
അസ്സലാമു അലൈക്കും, 

ബിസ്മിയും ഹംദും കൊണ്ട് തൊടങ്ങട്ടെ...സബയെല്ലരോടും നമ്മ ഒരു നല്ല ജോറായാ ബിസിയം പറയാ. മങ്ങലോം മാത്തൂട്ടിയൊന്നും അല്ലേ മക്കളേ ഇത് അയിലും ബെലിയ സംഗതിയാണ്..
നമ്മളെ സിറ്റീലെ ആറ്റപ്പൂ കുഞ്ഞപ്പൈതൽ ഷഹന്റെ പോട്ടം പുടിത്തത്തെ പറ്റിയാ. ഇതാണോ ഇത്രേം ബല്യ കാര്യംന്ന് നീരീക്കല്ലേ; ഇത് ബെറും പോട്ടം പുടിത്തമല്ല, എട്ട് കൊല്ലത്തെ നയിപ്പാണ്. 
പത്താം ക്ലാസിലെ കൊല്ലപ്പരീക്ഷക്ക് നല്ല മാർക്കിന് പാസായപ്പോ ഉമ്മാമ സ്‌നേഹത്തോടെ ഒരു കാമറ വാങ്ങിക്കൊടുത്ത മുതൽ ഈ പോട്ടോന്റെ ബേക്കിന്നേ പോകാലാണ് പോലും ഷഹൻ. നാട് ചുറ്റി, നാലാളെ കണ്ട്.. പോകുന്നേടത്തുന്നെല്ലാം പോട്ടോ പിടിച്ചു.
ഈ ഷഹന്റെ ബെലീപ്പാനെ നിങ്ങേല്ലാം അറിയും. പണ്ട് എറച്ചി മാർക്കറ്റിൽ ഈസിങ്ങാന്റെ പളളിന്റട്ത്ത്  പച്ചക്കറിപ്പൂടിയയിലെ സമദ്ക്ക, ബെള്ളിയായ്ച്ച രാവിലെ എറച്ചീം മാങ്ങീറ്റ് വരുമ്പം സമദ്ക്കാന്റെ പൂടീ കേറി അയിമ്പിസക്ക് കൊത്തംബാരിച്ചപ്പും ഒരുറുപ്പിയക്ക് ഇഞ്ചീം മാങ്ങിയ കാലം മറക്കാൻ പറ്റോ മക്കളേ..
നാളെ ബെള്ളിയായ്ച ജുമായും സിയാറത്തും കയിഞ്ഞ് എറച്ചി ബരട്ടിയതും നെയ്‌ചോറും  തിന്ന് പുളിനാരങ്ങ പീഞ്ഞ സുലൈമാനിയും കുടിച്ച് ചെരമ്പ് നേരം ഒറങ്ങി പാങ്ങനെ നമ്മളെ സിറ്റിക്കാരുടെ ലുലുമാളായ കാപിറ്റൽ മാളിൽ പോയി നമ്മളെ ഷഹന്റെ പോട്ടോ പുടിത്തത്തിലെ കുദ്‌റത്ത് കണ്ട് പെരുത്ത് കൊസിയാക്കണം.
മങ്ങലപ്പൊരക്ക്  പോന്നപോലെ പോണം എന്നിട്ട് ഓന്റെയും പിന്നെ നമ്മളെ സിറ്റിന്റെയും ഇസ്സത്ത് ലോകം മുയുവൻ അറിയിക്കണം. ഇൻഷാഅല്ലാഹ്.. 
ഓന്റെ പേരും ആലം ദുനുയാവിൽ എല്ലാരും അറിയുന്ന കാലം വരും,  അതുകൊണ്ട് മറക്കണ്ട നാളെ അസറിന് ശേഷം കാപിറ്റൽ മാളിൽ...
വസ്സലാം 
പാറപ്പുറത്തെ ഖൈറു. കണ്ണൂർ സിറ്റി

പ്ലസ് ടു കഴിഞ്ഞ് ഷഹൻ ഫൈൻ ആർട്‌സ് തെരഞ്ഞെടുത്തത് ചിത്രങ്ങളോടുള്ള കമ്പം കാരണമാണ്. ഇപ്പോൾ മൈസൂർ യൂനിവേഴ്‌സിറ്റിയിൽ എം.എഫ്.എ വിദ്യാർഥിയാണ്. കുറച്ചുകാലം കേരള കൗമുദി പത്രത്തിൽ ഫോട്ടോഗ്രഫറായിരുന്നു. ഫെയ്‌സ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള വെറും യാത്രകൾക്കു പകരം ഇന്ത്യയെ അതിന്റെ ഗ്രാമങ്ങളിൽ നിന്ന് അറിയാനുള്ള ട്രാവൽ കഫെ എന്ന സംരംഭം ആരംഭിക്കാനൊരുങ്ങുകയാണ് ഷഹൻ. ംംം.വെമവമിമൊമറ.രീാ എന്ന വെബ്‌സൈറ്റുമുണ്ട്. ഈ വെബ്‌സൈറ്റിൽ നിന്ന് ഷഹന്റെ ഫോട്ടോ കണ്ട് തുർക്കിയിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. വൈകാതെ തുർക്കി സന്ദർശിക്കും. ദുബായ്, ഖത്തർ എന്നിവിടങ്ങളിലും പ്രദർശനം ആസൂത്രണം ചെയ്യുന്നുണ്ട്.