Tuesday , June   18, 2019
Tuesday , June   18, 2019

ജമ്മു-കശ്മീർ മുതൽ കേരളം വരെ

നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു പരാജയംകൂടിയായി ജമ്മു-കശ്മീർ. നിയമസഭ പിരിച്ചുവിട്ട് ഗവർണറിലൂടെ ജമ്മു-കശ്മീർ ഭരണം കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ നിലനിർത്താനായെങ്കിലും.
ബി.ജെ.പിയെ ഒറ്റപ്പെടുത്തി പി.ഡി.പി- നാഷണൽ കോൺഫറൻസ് - കോൺഗ്രസ് കക്ഷികളുടെ വിശാലമുന്നണി  സർക്കാർ രൂപീകരിക്കാനുള്ള നാടകീയ നീക്കമാണ് നടന്നത്.   ബി.ജെ.പി വൈസ് പ്രസിഡന്റായിരുന്ന ഗവർണർ സത്യപാൽ മാലിക്കിനെ ഉപയോഗിച്ച് അടിയന്തരമായി തടയുകയായിരുന്നു മോഡി.  
87 അംഗ കശ്മീർ നിയമസഭയിൽ 55 എം.എൽ.എമാരുടെ പിന്തുണയോടെ ത്രികക്ഷി സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് പി.ഡി.പി ഫാക്‌സ് സന്ദേശം അയച്ച ഉടനെയായിരുന്നു ഗവർണറുടെ നടപടി.
തന്ത്രപ്രധാനമായ സംസ്ഥാനത്ത് സ്ഥിരതയില്ലാത്ത ഭരണം ഒഴിവാക്കാനും കുതിരക്കച്ചവടം നടക്കുന്നതു തടയാനുമാണ് ഇങ്ങനെ ചെയ്തതെന്ന ഗവർണറുടെ വ്യാഖ്യാനത്തിന് അടിസ്ഥാനമില്ല.  ഇപ്പോൾ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരമാവധി യോജിച്ചുനീങ്ങുന്ന സാഹചര്യമുണ്ട്.  അതിനിടയ്ക്ക് വർഷങ്ങളായി ബദ്ധവൈരികളായി നിലനിൽക്കുന്ന പി.ഡി.പിയും നാഷണൽ കോൺഫറൻസും ബി.ജെ.പിക്കെതിരെ   ഒന്നിച്ചു നീങ്ങിയത് ജമ്മു-കശ്മീരിലും  ദേശീയതലത്തിലും പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അത്  തടയുകയാണ്  ചെയ്തത്.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോഡി ഒരു രാഷ്ട്രീയ ജാലവിദ്യക്കാരനെപോലെ നടത്തിയ പരീക്ഷണങ്ങളിലൊന്നായിരുന്നു പി.ഡി.പിയും ബി.ജെ.പിയും ചേർന്ന് ജമ്മു-കശ്മീരിൽ നാലുവർഷംമുമ്പ്   കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചത്. രണ്ടു കാര്യങ്ങളാണ് പ്രധാനമന്ത്രി മോഡി അന്ന് അവകാശപ്പെട്ടത്.  ജമ്മു-കശ്മീരിൽ ശാശ്വത സമാധാനവും തൊഴിലും വികസനവും ഉറപ്പുവരുത്തുന്ന ഒരു ഭരണം.  അതോടൊപ്പം ബി.ജെ.പി മുസ്‌ലിം  വിരുദ്ധ പാർട്ടിയാണെന്ന ധാരണ തിരുത്തുക. 
കഴിഞ്ഞ ജൂണിൽ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച് മെഹബൂബ മുഫ്തി മന്ത്രിസഭയെ വീഴ്ത്തിയതിലൂടെ മോഡിയും ബി.ജെ.പിയും സ്വയം മുന്നോട്ടുവെച്ച ആ അവകാശവാദങ്ങളാണ് തകർന്നത്.  
ആദ്യം ബിഹാറിലും അവിടെനിന്ന് ജമ്മു-കശ്മീരിലും ഗവർണറായി നിയമിച്ച പ്രധാനമന്ത്രിയോടും തന്റെ ഒടുവിലത്തെ രാഷ്ട്രീയപാർട്ടിയെന്ന മാതൃപേടകത്തോടുമുള്ള  കൂറ് വിനിയോഗിക്കുകയാണ് ഗവർണർ ചെയ്തത്.  നിയമസഭ പിരിച്ചുവിടാതെ ഒരു ജനകീയ ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യത ആരായേണ്ടത് ഗവർണറുടെ ബാധ്യതയാണെന്ന സുപ്രിംകോടതിയുടെ സുപ്രധാനവിധി ഗവർണർ ലംഘിച്ചു.  കുതിര കച്ചവടത്തിന്റെ പേരിൽ നിയമസഭ പിരിച്ചുവിട്ടുകൂടെന്ന നിർദ്ദേശവും.  
നിയമസഭാ തെരഞ്ഞെടുപ്പ് എന്നു നടത്തുമെന്ന് ഗവർണർ ഉറപ്പിച്ചു പറയുന്നില്ല.  മോഡി ഗവണ്മെന്റിന്റെ ആശങ്കയും ആശയകുഴപ്പവുമാണ് ഗവർണറുടെ അവ്യക്ത നിലപാടിൽ നിഴലിക്കുന്നത്.  അധിനിവേശ കശ്മീരിനും പാക് അതിർത്തിക്കുമിടയിൽ ജമ്മു-കശ്മീരിൽ ഒരു ജനാധിപത്യ ഗവണ്മെന്റിനെ നിലനിർത്തുകയെന്ന ചരിത്രപരമായ പരിശ്രമംപോലും പ്രധാനമന്ത്രി മോഡിയുടെ മുൻഗണനാ വിഷയമായില്ല. 
അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലം ഡിസംബർ 11ഓടെ പുറത്തുവരും. അപ്പോഴുണ്ടാകാവുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ മുമ്പിലാണ് പ്രധാനമന്ത്രി മോഡിയും ബി.ജെ.പിയും ഇപ്പോൾ. ജനുവരി ആദ്യപകുതിക്കുമുമ്പു പാർലമെന്റിന്റെ ശീതകാല സമ്മേളനം തീരും. ബജറ്റ് സമ്മേളനത്തിനുപകരം പാർലമെന്റ് ചേർന്ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയേ ചെയ്യൂ. അതായത് ജനുവരിയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വഴിയിലേക്ക് മോഡിക്കു നീങ്ങേണ്ടതുണ്ട്. അതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.  
       ഇതിനകം തെരഞ്ഞെടുപ്പു പൂർത്തിയായ, മാവോയിസ്റ്റു വെല്ലുവിളിയുള്ള ഛത്തീസ്ഗഡിൽ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് ജനതാ പാർട്ടിയും ബി.എസ്.പിയും ചേർന്നുള്ള രാഷ്ട്രീയമുന്നണിയുടെ സാന്നിധ്യമാണ് കോൺഗ്രസിനെക്കാൾ വലിയ വെല്ലുവിളി എന്ന് നിരീക്ഷകർ പറയുന്നു. മോഡിയാകട്ടെ കോൺഗ്രസിനെതിരെയാണ് പ്രചാരണ ആയുധങ്ങളെല്ലാം അവിടെ ചെലവഴിച്ചത്.  ഈ ത്രികോണ മത്സരത്തിന്റെ ഫലം വോട്ടെണ്ണലിനു ശേഷമേ പറയാനാകൂ.  തൊഴിൽ - വികസന വാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞും കോൺഗ്രസ് ഭരണകാലത്തെ കുറ്റപ്പെടുത്തിയും മോഡി അധികാരത്തിലേറ്റിയതായിരുന്നു ഛത്തീസ്ഗഡിൽ രമൺ സിംഗ് മന്ത്രിസഭയെ. ഈ ബി.ജെ.പി സർക്കാറിൽനിന്ന് ജനങ്ങൾ നേരിട്ട തിക്താനുഭവങ്ങൾ അവരെങ്ങനെ വിലയിരുത്തും എന്നതാണ് കാണാനിരിക്കുന്നത്. 
മിസോറാമും  തെലങ്കാനയുമൊഴിച്ചാൽ ബി.ജെ.പിയുടെ രാഷ്ട്രീയ അസ്തിവാരമായി തുടരുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ജനവിധിയാണ് ബി.ജെ.പിയുടെ ലോകസഭാ വിധിയെ നിർണ്ണയിക്കുക. വസുന്ധരാ രാജേ സിന്ധ്യയുടെ അഞ്ചുവർഷത്തെ രണ്ടാമൂഴം രാജസ്ഥാനിൽ ബി.ജെ.പിക്ക് വലിയൊരു ബാധ്യതയായിത്തീർന്നു. 
എം.എൽ.എമാരിൽ നൂറുപേരെ മാറ്റിയില്ലെങ്കിൽ സംസ്ഥാനം കൈവിട്ടുപോകുമെന്ന് അമിത് ഷാ തന്നെ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നു.  45 പേരെ മാത്രം ഒഴിവാക്കാനേ സിന്ധ്യ വഴങ്ങിയുള്ളൂ.  ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയവരും റബൽ സ്ഥാനാർത്ഥികളായി പാർട്ടിയെ തിരിഞ്ഞുകുത്തുന്നവരും തെരഞ്ഞെടുപ്പുമുഖത്ത് ഏറെയാണ്. വെള്ളിയാഴ്ച നാലു മന്ത്രിമാരടക്കം അത്തരക്കാരായ 11 പേരെ ബി.ജെ.പിക്കു ഛത്തീസ്ഗഡിൽ പുറത്താക്കേണ്ടിവന്നത് പാർട്ടിയിലെ പൊട്ടിത്തെറിയുടെ തെളിവാണ്. 
രാജ്യത്തെ ജനകീയ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രിയാണ് ശിവരാജ് സിംഗ് ചൗഹാൻ.  അദ്ദേഹവും ബി.ജെ.പി കോട്ടയിൽ ഇത്തവണ പിടിച്ചുനിൽക്കാനാവാതെ  വിയർക്കുകയാണ്. തെലങ്കാന രാഷ്ട്ര സമിതിക്ക്  ഭരണവും മേൽക്കൈയുള്ള തെലങ്കാനയിലോ രാഷ്ട്രീയ അടിവേരുകളില്ലാത്ത മിസോറമിലോ നടക്കുന്ന  തെരഞ്ഞെടുപ്പിന്റെഫലം ബി.ജെ.പിക്ക് ഇതുപോലെ നിർണ്ണായകമല്ല. 
അത്തരമൊരു അവസ്ഥയിലാണ് 2015 മുതൽ അധികാരം പങ്കുവെച്ച ജമ്മു-കശ്മീർകൂടി പ്രതിപക്ഷത്തിന് ആവേശവും കരുത്തുമാകുന്ന സാഹചര്യം ജനാധിപത്യ വിരുദ്ധമായി മോഡി സർക്കാർ തകർക്കാൻ ശ്രമിച്ചത്. കേന്ദ്രത്തിൽ എൻ.ഡി.എ ഭരണത്തിന് നേതൃത്വം നൽകിയിരുന്ന പ്രധാനമന്ത്രി വാജ്‌പേയി സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും മത സൗഹാർദ്ദത്തിന്റെയും നയം ഉയർത്തിപ്പിടിച്ചാണ് അഞ്ചുവർഷ ഭരണം പൂർത്തിയാക്കിയത്.  എന്നിട്ടും 'ഇന്ത്യ തിളങ്ങുന്നു' എന്ന ബി.ജെ.പിയുടെ അവകാശവാദം 2004ലെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞു.  
തുടർന്ന് രണ്ടുതവണ മൻമോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ കൂട്ടുകക്ഷി മന്ത്രിസഭയാണ് അധികാരത്തിൽ വന്നത്. മൻമോഹൻസിംഗ് സർക്കാർ അതിന്റെ രണ്ടാംഘട്ടത്തിൽ നടത്തിയ ഗുരുതരമായ അഴിമതികളും ഉത്തരവാദിത്വമില്ലാത്ത കൂട്ടുകക്ഷി സർക്കാറിന്റെ ദുർബല ഭരണവുമാണ് ജനങ്ങളെ എതിരാക്കിയത്. അതു തിരുത്തുമെന്നും അഴിമതി രഹിതവും വികസനോന്മുഖവുമായ ഒരു നല്ലദിനം കൊണ്ടുവരുമെന്നുമുള്ള വാഗ്ദാനമാണ് മോഡി മുന്നോട്ടുവെച്ചിരുന്നത്. തന്റെ ഗുജറാത്ത് ഭരണമാതൃകയും.  ഇന്ത്യയിലെ ഇടത്തരക്കാരുടെ മഹാഭൂരിപക്ഷം വോട്ടുംനേടി മോഡി പ്രധാനമന്ത്രിയായി.     
എന്നാൽ വികസനമാതൃകയല്ല ഗുജറാത്തിൽ നടത്തിയ  വർഗീയ ധ്രുവീകരണത്തിന്റെയും ന്യൂനപക്ഷ ആക്രമങ്ങളുടെയും മാതൃക രാജ്യവ്യാപകമാക്കാനുള്ള അവസരമായാണ് സംഘ് പരിവാർ ഭരണാവസരം നാടാകെ പ്രയോജനപ്പെടുത്തിയത്. ഹിന്ദുത്വ - വർഗീയ രാഷ്ട്രീയം ആളിക്കത്തിച്ച്.  ഒടുവിൽ ഛത്തീസ്ഗഡിലും മറ്റിടങ്ങളിലും  വാജ്‌പേയിയുടെ ഭരണമാതൃകയുടെ തുടർച്ചയാണ് തങ്ങൾ നിർവ്വഹിക്കുന്നതെന്ന് ഇപ്പോൾ മോഡിക്ക് തിരുത്തിപ്പറയേണ്ടിവന്നു. 
അതുംപോരാഞ്ഞ് രാമജന്മഭൂമിയുടെയും ശ്രീരാമക്ഷേത്രത്തിന്റെയും വർഗീയ രാഷ്ട്രീയം വീണ്ടും മുന്നോട്ടുവെച്ചു.  ഹിന്ദുത്വ വോട്ടുകളെ ആശ്രയിക്കുകയെന്ന പഴയ തന്ത്രം പുറത്തെടുക്കേണ്ടിവന്നു. ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രിയുടെ വിധേയസ്ഥാപനങ്ങളാക്കി മാറ്റുന്ന നടപടികൾ തുടർച്ചയാക്കി. സി.ബി.ഐയുടെയും റിസർവ്വ് ബാങ്കിന്റെയും വിശ്വാസ്യത തകർക്കുന്ന നടപടികളിലെത്തിയത് അതിന്റെ തുടർച്ചയായിരുന്നു. 
അന്താരാഷ്ട്ര തലത്തിൽപോലും വിവാദമായും മനുഷ്യാവകാശ പ്രശ്‌നമായും ഉയർന്നുനിൽക്കുന്ന കശ്മീരിൽ അതേ ശൈലിയുടെ മറ്റൊരു പ്രകടനമാണ് ഈ ജനാധിപത്യ ഹത്യ. ഇന്ത്യയിലെ ജനങ്ങൾ പൊതു തെരഞ്ഞെടുപ്പിൽ ഇത്തവണ ഒരു പുതിയ മുദ്രാവാക്യം മുന്നോട്ടുവെക്കാൻ നിർബന്ധിതമാകുകയാണ്. ഭരണഘടനയെ രക്ഷിക്കുന്നതിന് നരേന്ദ്രമോഡിയെയും ബി.ജെ.പിയെയും തോല്പിക്കുക എന്ന്. അതിനുപിന്നിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കുന്ന ഒരു സാഹചര്യമാണ് വികസിക്കുന്നത്.  
നിത്യ ശത്രുക്കളായിരുന്ന നാഷണൽ കോൺഫറൻസും പി.ഡി.പിയും ഒന്നിച്ചുവരുന്നതിൽ, ബി.ജെ.പിക്കെതിരെ ജമ്മു-കശ്മീരിൽ കോൺഗ്രസ് അവർക്കൊപ്പം നീങ്ങുന്നതിൽ.  ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കർണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള ചർച്ചകൾ. ദേശീയ സാഹചര്യം രാഷ്ട്രീയ പാർട്ടികളെ ഇത്തരമൊരു നീക്കത്തിന് നിർബന്ധിക്കുകയാണ്.  മുൻകാല ബന്ധങ്ങളും വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട്. 
ദേശീയ രാഷ്ട്രീയത്തിലെ ഈ പുതിയ പ്രതിഭാസത്തിൽനിന്ന് ഏറെക്കുറെ ഒഴിഞ്ഞുമാറി നിൽക്കുന്നത് ഇടതുപാർട്ടികളാണ്. അതും മൊത്തത്തിൽ പറയാനാകില്ല. സി.പി.ഐ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ ഈ പുതിയ നീക്കങ്ങൾക്കൊപ്പമാണ്.  സി.പി.എം മുൻകാല പതിവുവിട്ട് മുഖ്യധാരയിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതായാണ് കാണുന്നത്.   
നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരുമ്പോൾ സി.പി.എമ്മിനും പുനഃപരിശോധന നടത്തേണ്ടിവരും. കേരളത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട് സംഘ് പരിവാർ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും പ്രളയത്തിൽ തകർന്ന കേരളത്തെ സാമ്പത്തികമായി സഹായിക്കാൻ   കേന്ദ്ര ഗവണ്മെന്റ് തയാറാകാത്തതും അവരുടെ തീരുമാനത്തെ സ്വാധീനിക്കും. 
സംസ്ഥാനത്ത് പാർട്ടിയുടെയും എൽ.ഡി.എഫിന്റെയും കാൽച്ചുവട്ടിൽനിന്ന് മണ്ണ് അതിവേഗം ഒലിച്ചുപോകുകയാണ്.  അത് കണ്ടില്ലെന്നു നടിക്കാൻ സി.പി.എം നേതൃത്വത്തിന് ഇനി കഴിയാതെവരും. 

യുവതി പ്രവേശവും മാത്യു ടി. തോമസും
സുപ്രിംകോടതി വിധിയനുസരിച്ച് ശബരിമല സന്ദർശനത്തിന് അനുമതിതേടി നാല് യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീകൾക്ക് പ്രത്യേക ദിവസം നിശ്ചയിച്ച് സുരക്ഷ നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇതോടെ ശബരിമല പ്രശ്‌നത്തിന് അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായി.  91ലെ ഹൈക്കോടതിവിധിയനുസരിച്ച് യുവതികൾക്ക് ശബരിമലയിൽ പ്രവേശം നിഷേധിച്ചതാണ് സുപ്രിംകോടതി തിരുത്തിയത്.
ഇതു സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമറിയിക്കാൻ സംസ്ഥാന ഗവണ്മെന്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. തിരുത്തൽ ഹൈക്കോടതിയിൽനിന്നുതന്നെ തുടങ്ങുന്ന ചരിത്ര നിയോഗം.  
പിണറായി മന്ത്രിസഭയിൽനിന്ന് ജനതാദൾ സെക്യുലർ നേതാവ് മാത്യു ടി. തോമസിനെ പിൻവലിക്കുന്നു. കെ. കൃഷ്ണൻകുട്ടി എം.എൽ.എയെ മന്ത്രിയാക്കുന്നു. ബംഗളുരുവിൽ നടന്ന ചർച്ചയിൽ ജെ.ഡി.യു അധ്യക്ഷൻ ദേവഗൗഡ എടുത്ത  തീരുമാനം അറിഞ്ഞില്ലെന്നു മാത്യു ടി. തോമസ്. 
പലവട്ടം പിളർന്നു ചെറുതായി പലതായതിലൊന്നാണ് ജനതാദൾ സെക്യുലർ.  തൽക്കാലമുണ്ടാകില്ലെങ്കിലും ഒരു പിളർപ്പുകൂടി വരാനിരിക്കുന്നു.


 

Latest News