Thursday , December   13, 2018
Thursday , December   13, 2018

എയർബസും സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പുവെച്ചു

എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥും എയർബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ. സ്റ്റാൻലിയും ധാരണാപത്രം ഒപ്പുവെച്ചത്. 
എയർബസിന്റെ ബിസ്‌ലാബ് ആക്‌സിലറേറ്റർ പദ്ധതിയുടെ ഇന്നവേഷൻ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക. എയർബസിന്റെ ബംഗളൂരു സെന്ററിന് കീഴിലാവും ഇത് പ്രവർത്തിക്കുക. ലോകത്തിലെ നാലു ബിസ്‌ലാബുകളിൽ ഒന്നാണ് ബംഗളൂരുവിലേത്. ഫ്രാൻസിലെ ടുളൂസ്, സ്‌പെയിനിലെ മഡ്രീഡ്, ജർമനിയിലെ ഹാംബർഗ് എന്നിവിടങ്ങളിലാണ് മറ്റു ലാബുകൾ. തെരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ബിസ്‌ലാബിൽ ആറു മാസത്തെ പരിശീലനം നൽകും. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ വിദഗ്ധരെയുൾപ്പെടുത്തി ശിൽപശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കും. 
ജർമൻ കോൺസൽ ജനറൽ മാർഗിറ്റ് ഹെൽവിഗ് ബോട്ടെ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി സെക്രട്ടറി ശിവശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. 
 

Latest News