Wednesday , April   24, 2019
Wednesday , April   24, 2019

ഇനിയവർ ഫ്ളാറ്റുകളിൽ അന്തിയുറങ്ങും; സോളിഡാരിറ്റി ഫ്ളാറ്റുകളുടെയും വീടിന്റെയും സമർപ്പണം 14 ന്

സോളിഡാരിറ്റി ഭവനരഹിതർക്കായി കൊച്ചിയിൽ നിർമിച്ചു നൽകുന്ന 21 ഫ്ളാറ്റുകളുടെ സമുച്ചയം. വലത്ത്: ഇരു നിലകളിലായി നിർമിച്ച വീടിന്റെ അവസാന മിനുക്കുപണികൾ നടക്കുന്നു. 

കൊച്ചി - ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന ഭവനരഹിതരായ കുടുംബങ്ങൾക്ക് സോളിഡാരിറ്റി നിർമിച്ചു നൽകുന്ന ഫ്ളാറ്റുകളുടെയും 21 ാമത് വീടിന്റേയും സമർപ്പണം മെയ് 14 ന് നടക്കും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഫ്ളാറ്റുകളുടേയും ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല വീടിന്റേയും വിതരണം നിർവഹിക്കും. 21 കുടുംബങ്ങൾക്കാണ് സൺറൈസ് കൊച്ചി എന്ന പേരിൽ 'സോളിഡാരിറ്റി' പാർപ്പിട സമുച്ചയം നിർമ്മിച്ചു നൽകിയത്. അമിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അയൽക്കൂട്ടങ്ങളിൽ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. 
കൊച്ചി കോർപ്പറേഷൻ രണ്ടാം ഡിവിഷനിലെ തുരുത്തിയിലാണ് 12 സെന്റ് സ്ഥലത്ത് നാല് നിലയിൽ പാർപ്പിട സമുച്ചയം പണിതീർത്തിരിക്കുന്നത്. 12000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ച് അപ്പാർട്ട്‌മെന്റ് പ്രൊജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത് ആർക്കിടെക്ട് ജി ശങ്കറാണ്. 2013ൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണത്തിന് രണ്ടു കോടിയോളം രൂപ ചെലവിട്ടതായി പ്രൊജക്ട് ഡയറക്ടർ മുഹമ്മദ് ഉമർ വ്യക്തമാക്കി.
മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ  69 സ്വയം സഹായ സംഘങ്ങളിൽ അയ്യായിരത്തിലധികം കുടുംബങ്ങൾ സൺറൈസ് കൊച്ചിയിൽ അംഗങ്ങളായുണ്ട്. ഇവരിൽ നിന്നാണ് അർഹരായ 21 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. വീടില്ലാത്തവർ, കുട്ടികൾ പഠിക്കുന്നവർ, മദ്യപാനികളല്ലാത്തവർ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 340 പേരെ അയൽക്കൂട്ടങ്ങൾ നിർദ്ദേശിച്ചിരുന്നെന്നും ഭാരവാഹികൾ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ സീറോ ലാൻഡ്‌ലെസ്സ് കേരളാ പദ്ധതിയിൽ അപേക്ഷിച്ച അംഗീകൃത അപേക്ഷകരുടെ കണക്ക് പ്രകാരം മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വില്ലേജുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങൾ ഭവനരഹിതരായുണ്ട്. 
കേരളത്തിൽ ഏറ്റവും കൂടുതൽ ഭവനരഹിതർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശമാണ് മട്ടാഞ്ചേരി. അതിനാലാണ് ഈ പ്രദേശത്ത് പാർപ്പിട സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചത്. 
ഫ്ളാറ്റ് സമുച്ചയത്തിന്റെ ടെറസ്സിൽ സ്വയം തൊഴിൽ പരിശീലനം നടത്താനും ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. 
പള്ളുരുത്തിയിൽ അറുപത് സെന്റ് ഭൂമി സൺറൈസ് കൊച്ചിയ്ക്ക് സൗജന്യമായി ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പാർപ്പിട നിർമ്മാണ പദ്ധതിയായ ലൈഫിന് ഈ സ്ഥലം വിട്ടുനിൽകാൻ തയ്യാറാണെന്ന് സബ്കളക്ടറെ ഭാരവാഹികൾ അറിയിച്ചതായും അവർ പറഞ്ഞു. 
അര സെന്റ് സ്ഥലത്ത് പീപ്പിൾസ് ഫൗണ്ടേഷന്റെ പീപ്പിൾസ് ഹോം പദ്ധതിയിൽപ്പെടുത്തി നിർമിച്ച് സൺറൈസ് കൊച്ചിയുടെ 21 ാമത് വീട് നിർമിച്ചിരിക്കുന്നത്. മട്ടാഞ്ചേരി ഓടത്തിപ്പറമ്പിൽ ഒരു വിധവയുടെ കുടുംബത്തിനായി നിർമ്മിച്ച ഈ വീടിന് രണ്ട് ബെഡ് റൂം, ഒരു ചെറുഹാൾ, ഒരു അടുക്കള, ഒരു കോമൺ ടോയിലറ്റ്, മറ്റൊരു അറ്റാച്ചഡ് ടോയിലറ്റ്, ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് രണ്ടു നിലകളിലായി വീട് നിർമിച്ചിരിക്കുന്നത്. സൺറൈസ് കൊച്ചി എൻഞ്ചിനീയേഴ്‌സ് ടീമാണ് വീട് ഡിസൈൻ ചെയ്തത്. 
സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ, കെ.വി. തോമസ് എം.പി, എം.ഐ. ഷാനവാസ് എം.പി, കെ.ജെ. മാക്‌സി എം.എൽ.എ, ഡോ. സെബാസ്റ്റിയൻ പോൾ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ടി.ഡി. രാമകൃഷ്ണൻ, ജില്ലാ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിർ വേളം തുടങ്ങിയവർ സംബന്ധിക്കും. 
മൈക്രോ ഫിനാൻസ് സംഗമം, ഫ്രണ്ട്‌സ് മീറ്റ്, അയൽക്കൂട്ട സംഗമം, വിവിധ കലാ പരിപാടികൾ തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.