ബെയ്ജിംഗ്- പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് നഗ്നഫോട്ടോകള്‍ ആവശ്യപ്പെടുകയോ സെക്‌സിന് സമ്മര്‍ദം ചെലുത്തുകയോ ചെയ്താല്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനമാകുമെന്ന് ചൈനീസ് സുപ്രീം പീപ്പിള്‍സ് പ്രോക്യുറ്ററേറ്റ് (എസ്.പി.പി) വ്യക്തമാക്കി.
ഇത്തരം കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും ശിക്ഷ ശുപാര്‍ശ ചെയ്യുന്നതിനും രാജ്യത്തെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരിക്കയാണ് എസ്.പി.പി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശങ്ങള്‍.
കഴിഞ്ഞ വര്‍ഷം നഗ്ന ഫോട്ടോകള്‍ അയക്കുന്നതിന് 13 കാരിയെ ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയതിന് 25 കാരനായ ലുവോക്കെതിരെ ഫയല്‍ ചെയ്ത കേസാണ് ഒരു ഉദാഹരണം. ഇന്റര്‍നെറ്റ് വഴി ഫോട്ടോകള്‍ അയച്ചതിനു പിന്നാലെ കുട്ടിയോട് സെക്‌സിനായി ഹോട്ടലില്‍ എത്താന്‍ സമ്മര്‍ദം ചെലുത്തി. ഇല്ലെങ്കില്‍ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടലിലേക്കുള്ള മാര്‍ഗമധ്യേ യുവാവ് അറസ്റ്റിലായി.
കുറ്റക്കാരനെന്ന് കണ്ടെത്തിയ ലുവോയെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ ഓഗസ്റ്റില്‍ ഡിസ്ട്രിക്ട് കോടതി ഒരു വര്‍ഷം ജയിലിലടക്കാന്‍ ശിക്ഷിച്ചു. പീഡനം നടന്നിട്ടില്ലെന്ന പ്രതിയുടെ വാദം തള്ളിപ്പോയി. യഥാര്‍ഥത്തില്‍ പീഡനം നടക്കാത്തതിനാലാണ് ശിക്ഷ കുറഞ്ഞതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.