Tuesday , May   21, 2019
Tuesday , May   21, 2019

ഡബ്ബാവാലകൾ അഥവാ ജീവിതം അധ്വാനം കൊണ്ട് അടയാളപ്പെടുത്തുന്നവർ

മുംബൈ നഗരത്തിൽ ജീവിതം അധ്വാനം കൊണ്ട് അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ഡബ്ബാവാലകൾ. വെള്ള നിറമുള്ള കോട്ടൺ കുർത്തയും പൈജാമയും തലയിൽ വെളുത്ത ഗാന്ധിത്തൊപ്പിയും ധരിച്ചെത്തുന്ന ഇവർ ടിഫിൻ ബോക്‌സ് സപ്ലയേഴ്‌സ് അഥവാ ചോറ്റുപാത്ര വിതരണക്കാർ എന്നീ പേരുകളിലും അറിയപ്പെടുന്നു. 

2003 നവംബറിൽ ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ തന്റെ ഇന്ത്യാ സ ന്ദർശനത്തിന്റെ ഭാഗമായി മുംബൈയിൽ എത്തിയപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഡബ്ബാവാലകളെ കാണണം എന്നാണ്. കൂടെയുള്ള നയതന്ത്ര പ്രതിനിധികളും മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും അതു കേട്ട് അത്ഭുതപ്പെട്ടു. അദ്ദേഹത്തെ അനുഗമിച്ച വിദേശ പത്രപ്രതിനിധികളിൽ ഒരാൾ ചോദിച്ചു, ആരാണത്? അത് മുംബൈയുടെ നിത്യജീവിതത്തെ ചലിപ്പിക്കുന്ന പ്രധാന രക്തധമനികളിൽ ഒന്നാണ് എന്നായിരുന്നു രാജകുമാരന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി.
ഡബ്ബാവാലകളിൽ അധികവും പൂനെയിൽ നിന്നുള്ളവരാണ്. അകോള, മാവൽ, രാജ്ഗുരു നഗർ, ജുന്നർ, അംബേഗാവ്, മാഷി തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള വാർക്കരി വിഭാഗക്കാരാണവർ. നിരക്ഷരരും വിദ്യാഭ്യാസം കുറഞ്ഞവരുമാണ് അവരിലേറെയും. പക്ഷേ, അവരുടെ കാര്യക്ഷമതയും പ്രവർത്തന ശേഷിയും സമയ ക്ലിപ്തതയും സൂക്ഷ്മതയും ഉത്തരവാദിത്തബോധവും അച്ചടക്കവും അർപ്പണ മനോഭാവവും ആത്മാർഥതയും ആരെയും അമ്പരപ്പിക്കും. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, അമേരിക്കയിലെ ഹാർവാഡ് ബിസിനസ് സ്‌കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡബ്ബാവാലകളുടെ പ്രവർത്തന മികവ് വിദ്യാർഥികളുടെ പഠനത്തിന് മാതൃകയാക്കുന്നുണ്ട്. ഇന്ത്യയിലെ കോർപറേറ്റ് ഭീമൻമാരിൽ പലരും അവരുടെ പ്രവർത്തന രീതി അനുകരിക്കുന്നവരാണ്.
128 വർഷത്തെ പാരമ്പര്യമുണ്ട് ഡബ്ബാവാലകൾക്ക്. 1890 ൽ മഹാരാഷ്ട്രക്കാരനായ മഹാദോഹവാജി ബച്ഛെ എന്നയാളാണ് അതിന് തുടക്കം കുറിച്ചത്. പൂനെയിൽ നിന്നും തൊഴിൽ തേടി മുംബൈയിൽ എത്തിയതായിരുന്നു അയാൾ. മുംബൈയിലന്ന് തുണിമില്ലുകളുടെ സുവർണ കാലം. ഒരു മില്ലിൽ പണിയന്വേഷിച്ചു ചെന്ന് അത് കിട്ടാതെ നിരാശനായി മടങ്ങിയ ബച്ഛെയോട് അവിടുത്തെ പാഴ്‌സി വംശജനായ മാനേജർക്ക് അലിവു തോന്നി. കുറച്ചകലെയുള്ള തന്റെ വീട്ടിൽ നിന്നും നിത്യവും ഉച്ചഭക്ഷണം എത്തിക്കുകയാണെങ്കിൽ ഒരു നിശ്ചിത തുക കൂലിയായി തരാം എന്നദ്ദേഹം പറഞ്ഞു. മുൻപിൻ നോക്കാതെ ബച്ഛെ സമ്മതിച്ചു. ടിഫിൻ കാര്യറിൽ ഭക്ഷണവുമായി പോകുന്ന ബച്ഛെയെ ഡബ്ബാവാല എന്ന് സ്‌നേഹപൂർവം ആദ്യം വിളിച്ചത് മാനേജരുടെ ഭാര്യയാണ്. തുടർന്നത് മുംബൈയിലെ ഒരു വലിയ കൂട്ടം തൊഴിലാളികളെ തിരിച്ചറിയുന്ന പ്രസിദ്ധമായ ബ്രാന്റ് നെയിമായി. 
നഗരത്തിൽ ഹോട്ടലുകളും ഭക്ഷണശാലകളും അധികമില്ലാത്ത കാലം. ഉള്ളവയിൽ സാധാരണക്കാരന് താങ്ങാനാവാത്ത വിലയും. വെളുപ്പിനെ വീട്ടിൽ നിന്നും ഇറങ്ങുന്നതിനാൽ മിൽ തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഉച്ചഭക്ഷണം കൂടെ കരുതാനും പറ്റിയിരുന്നില്ല. ബച്ഛെയുടെ ബുദ്ധിയിൽ അ പ്പോൾ ഒരു ആശയമുദിച്ചു. എന്തായാലും മാനേജരുടെ ഉച്ചയൂണ് ദിവസവും മില്ലിൽ എത്തിക്കുന്നു. അതിനൊപ്പം എന്തുകൊണ്ട് ചുറ്റുവട്ടത്തുള്ള മിൽ തൊഴിലാളികളുടെ ഭക്ഷണവും കൂടി എടുത്തു കൂടാ? ബച്ഛെ അതിനെ കുറിച്ച് പറഞ്ഞപ്പോൾ തൊഴിലാളികൾക്ക് നൂറുവട്ടം സമ്മതം. ഒറ്റയടിക്ക് അദ്ദേഹം 35 തൊഴിലാളികളുടെ ഭക്ഷണ ഓർഡറാണ് നേടിയെടുത്തത്. അവരുടെ വീടുകളിൽ ചെന്ന് ഭക്ഷണം ശേഖരിച്ച് വലിയ കൂടയിൽ ചുമന്ന് അദ്ദേഹം കൃത്യമായി മില്ലിലെത്തിച്ചു. ഊണു കഴിഞ്ഞ് കാലിപ്പാത്രങ്ങൾ തിരിച്ച് വീട്ടിലെത്തിക്കുന്ന ചുമതലയും അദ്ദേഹം ഏറ്റെടുത്തു. തൊഴിലാളികൾ മനസ്സറിഞ്ഞു നൽകുന്ന പണം ബച്ഛെ കൂലിയായി വാങ്ങി. 
താമസിയാതെ ഉച്ചഭക്ഷണമെത്തിക്കാനുള്ള ആവശ്യവുമായി മില്ലിലെ കൂടുതൽ തൊഴിലാളികൾ ബച്ഛെയെ സമീപിച്ചു. തുടർന്ന് മറ്റു മില്ലുകൾ, ഫാക്ടറികൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ഓർഡറുകൾ കിട്ടിത്തുടങ്ങിയതോടെ അദ്ദേഹം സഹായത്തിന് പൂനെയിൽ നിന്നും കൂടുതലായി ആ ളുകളെ കൊണ്ടുവന്നു. തൊഴിലിൽ തികഞ്ഞ കാര്യക്ഷമതയും കൃത്യതയും ആത്മാർഥതയും അച്ചടക്കവും പാലിക്കാൻ അദ്ദേഹം അവരോട് കർശനമായി നിഷ്‌കർഷിച്ചിരുന്നു. കാലമിത്രയേറെ കഴിഞ്ഞിട്ടും ഡബ്ബാവാലകളുടെ എഴുതപ്പെടാത്ത നിയമാവലിയിൽ ഒരനുഷ്ഠാനം പോലെ അതൊക്കെ ഇ പ്പോഴും നിലനിൽക്കുന്നുണ്ട്. 


മുംബൈയിൽ ബച്ഛെ ചെറിയ തോതിൽ തുടങ്ങിയ തൊഴിൽ മേഖല 128 വർഷങ്ങൾക്കിടയിൽ വളർന്ന് പന്തലിച്ച് ഒരു വലിയ പ്രസ്ഥാനമായി മാറി. മൂന്ന് തലമുറകൾ കഴിഞ്ഞപ്പോഴേക്കും അതിലെ തൊഴിലാളികളുടെ എണ്ണം 5000 ത്തിലേറെയായി. അത് മുംബൈയിലെ മറ്റേതൊരു പ്രമുഖ തൊഴിൽ സ്ഥാപനത്തിലെ പണിക്കാരേക്കാളും വലിയൊരു ശക്തിയാണ്. 2 ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് ഇന്ന് മുംബൈയിൽ ഉച്ചഭക്ഷണത്തിന് ആശ്രയം ഡബ്ബാവാലകളാണ്. അവരുടെ എണ്ണം പ്രതിവർഷം 5 മുതൽ 10 ശതമാനം വരെ വർധിക്കുന്നു എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ ഒരു സർവേ രേഖപ്പെടുത്തുന്നത്. 
ഡബ്ബാവാലകളുടെ മഹാശക്തിക്ക് ഇന്ന് മുംബൈയിൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. നഗരത്തെ സ്തംഭിപ്പിക്കുന്ന ഒരു സമരമോ പണിമുടക്കോ ബന്ദോ നടത്താനും വിജയിപ്പിക്കാനും അവർക്ക് നിഷ്പ്രയാസം സാധിക്കും. പക്ഷേ, അവരതിന് മുതിരാറില്ല. തങ്ങളതു ചെയ്താൽ ഉച്ചയ്ക്ക് പട്ടിണിയാകുന്നത് 2 ലക്ഷം പാവപ്പെട്ട മനുഷ്യരാണ് എന്ന ബോധം അവർക്കുണ്ട്. ഇന്ത്യയിൽ മറ്റൊരു തൊഴിലാളി വർഗത്തിനുമില്ലാത്ത അവബോധമാണത്. എങ്കിലും ഇക്കാലത്തിനിടയിൽ രണ്ടേ രണ്ടു സമരങ്ങളെ അവർ പിൻതുണക്കുകയുണ്ടായി. 2011 ൽ ലോക്പാൽ ബിൽ നടപ്പാക്കാനാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സത്യഗ്രഹത്തെയും 2017 ഓഗസ്തിൽ നടന്ന മറാത്ത ക്രാന്തി മോർച്ചയുടെ തൊഴിൽ സംവരണ മൗനജാഥയെയും.
ഏതെങ്കിലും മുതലാളിയുടെയോ മാനേജ്‌മെന്റിന്റെയോ കീഴിലല്ല ഡബ്ബാവാലകൾ പണിയെടുക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും അണികളുമല്ല അവർ. അതുകൊണ്ടു തന്നെ അവർ സ്വാതന്ത്രരാണ്. ആർക്കും ഒന്നിനു വേണ്ടിയും അവരെ നിർബന്ധിക്കാനാവില്ല. ജാതി-മത വ്യത്യാസമില്ലാതെ സ്വയം വിശപ്പടക്കാനായി, മറ്റുള്ളവരുടെ വിശപ്പു മാറ്റാൻ തുനിഞ്ഞിറങ്ങിയ സൻമനസ്സുള്ളവരുടെ സന്നദ്ധ സംഘടനയാണ് ഡബ്ബാവാലകളുടേത്. 1956 ൽ നൂതൻ മുംബൈ ടിഫിൻ ബോക്‌സ് സപ്ലയേഴ്‌സ് എന്ന പേരിൽ അവരൊരു ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. തുടർന്ന് 1968 ൽ മുംബൈ ടിഫിൻ ബോക്‌സ് സപ്ലയേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയും നിലവിൽ വന്നു. 
രാവിലെ 8നും 9.30 നുമിടയിൽ ഡബ്ബാവാലകൾ വീടുകളിൽ നിന്നും ഉച്ചഭക്ഷണം ശേഖരിക്കും. ഓരോ സ്ഥലത്തും അതിനായി നിയമിച്ച ആളുകളുണ്ട്. അവർ പരസ്പര സഹായ സഹകരണത്തോടെ പ്രവർത്തിക്കുന്നു. ശേഖരിക്കുന്ന ഓരോ ഭക്ഷണപ്പാത്രത്തിനും പ്രത്യേകം കളർ കോഡുകളും നമ്പർ കോഡുകളും നൽകും. വീടിരിക്കുന്ന ഇടം, അതിനടുത്ത റെയിൽവേ സ്റ്റേഷൻ, പോകേണ്ട സ്റ്റേഷൻ, തുടർന്നെത്തേണ്ട സ്ഥലം, അവിടുത്തെ കെട്ടിടത്തിന്റെ പേര്, ഫ്‌ളോർ നമ്പർ, റൂം നമ്പർ എന്നിവയൊക്കെ തിരിച്ചറിയുന്നതും തരംതിരിക്കുന്നതും ഈ കോഡുകളുടെ അടിസ്ഥാനത്തിലാണ്. തുടർന്ന് ഉന്തുവണ്ടികളിലും സൈക്കിളിലുമായി അവ അടുത്തുള്ള ലോക്കൽ റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുന്നു. അവിടെ ഡബ്ബാവാലകളുടെ മറ്റൊരു വിഭാഗം അവ ഏറ്റുവാങ്ങുന്നു. അവരത് തരംതിരിച്ച് നീളമുള്ള മരപ്പെട്ടികളിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുന്ന ട്രെയിനുകളിൽ കയറ്റിക്കൊണ്ടു പോകുന്നു. ട്രെയിൻ അവിടെ എത്തുമ്പോൾ അവ സ്വീകരിക്കാൻ മറ്റൊരു കൂട്ടരുണ്ട്. അവരവിടെ വെച്ച് വീണ്ടും അവ തരംതിരിക്കുന്നു. തുടർന്ന് ഡബ്ബാവാലകളുടെ മറ്റൊരു ഗ്രൂപ്പ് അതുമായി ഓഫീസുകളിലേക്കും ഫാക്ടറികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പായുന്നു. 
ഇങ്ങനെ നാലോ അതിലധികമോ ആളുകളിലൂടെ കൈമറിഞ്ഞാണ് ഓരോ ഭക്ഷണപ്പാത്രവും അതാതിന്റെ യാഥാർഥ ഉടമയുടെ മുന്നിലെത്തുന്നത്. അതും ഉച്ചയ്ക്ക് 12.30ന് മുമ്പായി. ഏറെക്കുറെ തെറ്റു പറ്റാതെയും പാത്രം മാറിപ്പോകാതെയുമാണ് ഡബ്ബാവാലകൾ ഈ പ്രവൃത്തി നിർവഹിക്കുന്നത്. ഉച്ച തിരിഞ്ഞാൽ കൊടുത്ത ഇടങ്ങളിൽ നിന്നും കാലിയായ ചോറ്റു പാത്രങ്ങൾ അവർ ശേഖരിക്കുന്നു. തുടർന്ന് മേൽപറഞ്ഞ അതേ പ്രവർത്തന പ്രക്രിയയിലൂടെ അതാത് വീടുകളിലേക്ക് അവ തിരിച്ചെത്തിക്കുന്നതോടെ ഡബ്ബാവാലകളുടെ സംഭവബഹുലമായ ഒരു ദിവസം അവസാനിക്കുകയായി.പല ഭാഗങ്ങളിൽ നിന്നായി ശേഖരിക്കുന്ന പല ആകൃതിയിലുള്ള പലതരം പാത്രങ്ങൾ മുംബൈ നഗരത്തിലെയും സബർബൻ ട്രെയിനുകളിലെയും വൻ തിരക്കുകളെ അതിജീവിച്ച് പല ആളുകളിലൂടെ കൈമാറി, കൃത്യമായി ഉടമയുടെ കൈകളിലെത്തിക്കുന്ന ഡബ്ബാവാലകളുടെ അസാധാരണ ഇന്ദ്രജാല പ്രകടനത്തിന്റെ രഹസ്യം ആർക്കും അത്രയെളുപ്പം പിടികിട്ടുന്നതല്ല. രാജ്യത്തെ ഏത് മാനേജ്‌മെന്റ് വിദഗ്ധരേയും അമ്പരപ്പിക്കുന്നതാണ് ഈ പണി. കൂടിയാൽ മൂന്നു മണിക്കൂറിനുള്ളിലാണ് അവരത് സമർഥമായി സാധിക്കുന്നത് എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. തികഞ്ഞ മെയ്‌വഴക്കവും അസാമാന്യ വേഗതയും അണുവിട തെറ്റാത്ത കൃത്യതയുമാണ് അതിനവരെ പ്രാപ്തരാക്കുന്നത്. ഡബ്ബാവാലകൾ അതിന് ഒരാളിൽ നിന്ന് ഈടാക്കുന്ന പ്രതിഫലമാകട്ടെ തുലോം തുഛവും. വെറും 400-450 രൂപ മാത്രം! (നിശ്ചിത ദൂരപരിധി ക്ക് പുറത്താകുമ്പോൾ തുക അൽപം കൂടും) 


മുംബൈയിലെ സിഎസ്ടി റെയിൽവേ സ്റ്റേഷൻ മുതൽ കല്യാൺ, നവിമുംബൈ വരെയും ചർച്ച്‌ഗേറ്റ് മുതൽ വിരാർ വരെയുമുള്ള പ്രദേശമാണ് ഏകദേശം ഡബ്ബാവാലകളുടെ പ്രധാന പ്രവർത്തന മേഖല. മുംബൈയുടെ വിവിധ  ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 50-60 കിലോ മീറ്റർ ചുറ്റളവിലായി ഇവരുടെ സേവനം ലഭ്യമാണ്. ഡബ്ബാവാലകളെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അതിനനുസരിച്ച് ഭക്ഷണം കൊണ്ടുപോകാൻ അവർ സൗകര്യവും വർധിപ്പിക്കുന്നുണ്ട്. ഉന്തുവണ്ടികൾക്കും സൈക്കിളിനും പുറമെ ഇപ്പോൾ ബൈക്കുകളും ഉപയോഗിച്ചു തുടങ്ങി. ഒപ്പം തൊഴിലാളികളുടെ എണ്ണം കൂട്ടുകയും വരുമാനം വർധിപ്പിക്കാൻ ഒരു കൊറിയർ സർവീസ് ആരംഭിക്കുകയും ചെയ്തു. ഡബ്ബാവാലകളുടെ വിതരണ ശൃംഖലയുടെ കൃത്യതയും കാര്യക്ഷമതയും മനസ്സിലാക്കിയ വൻ ബിസിനസുകാർ അവരുടെ പരസ്യ നോട്ടീസുകളുടെ വിതരണം ഇപ്പോൾ ഇവരെ എൽപിക്കുകയാണ്. പ്രസിദ്ധമായ കോൻബനേഗ ക്രോർപതിയുടെ രണ്ടു ലക്ഷം നോട്ടീസുകളുടെ മുംബൈയിലെ വിതരണച്ചുമതല സ്റ്റാർ ടി.വി ഇവർക്കാണ് നൽകിയത്. നാല് ദിവസത്തിനുള്ളിൽ അവരത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
മുംബൈ നഗരത്തിൽ വർഷങ്ങളായി കഴിയുന്നവരാണ് ഡബ്ബാവാലകളെങ്കിലും ഇന്ത്യയിലെത്തിയ ചാൾസ് രാജകുമാരൻ അന്വേഷിച്ചതു മുതലാ ണ് അവർ വലിയ തോതിൽ ജനശ്രദ്ധയിൽ പെട്ടത്. ചർച്ച് ഗേറ്റിൽ വെച്ച് അവരെ അദ്ദേഹം കാണുകയും സംസാരിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ മതിപ്പും വിസ്മയവും പ്രകടിപ്പിക്കുകയും ചെയ്തതോടെ ഡബ്ബാവാലകൾ ക്ക് പേരും പെരുമയും കിട്ടി. 2005 ൽ ചാൾസ്-കാമില്ലാ വിവാഹ നിശ്ചയ വാർത്തയറിഞ്ഞപ്പോൾ അവർക്കൊരു സമ്മാനം നൽകാൻ ഡബ്ബാവാലകൾ പിരിവെടുത്തു. മഹാരാഷ്ട്രയിലെ വധൂവരൻമാരുടെ പരമ്പരാഗത ശൈലിക്ക് ഇണങ്ങുന്ന രീതിയിൽ കാമില്ലയ്ക്ക് പൈഠനിയും (ഒമ്പത് വാരയുടെ സാരി) ചാൾസിന് തലപ്പാവും അവർ നൽകി. അതു സ്വീകരിച്ച ചാൾസ് അവരെ കല്യാണത്തിന് ക്ഷണിക്കുകയും അവരിൽ നിന്ന് രണ്ടു പേർക്ക് ലണ്ടനിലെത്താനുള്ള യാത്രാ ചെലവു നൽകുകയും ചെയ്തു. ഡബ്ബാവലകളുടെ സംഘടനാ പ്രതിനിധികളായി രഘുനാഥ് മെഡ്‌ഘെ, സോപാൻ മോരെ എന്നിവർ വിവാഹത്തിൽ പങ്കെടുക്കുകയുണ്ടായി. 
ഡബ്ബാവാലകൾ ആഴ്ചയിൽ ആറു ദിവസവും പണിയെടുക്കും. മാർച്ചു മാസത്തിലെ ഗ്രാമോത്സവത്തിൽ പങ്കെടുക്കാൻ 5 ദിവസം മുന്നറിയിപ്പോടെ അവധിയെടുക്കും എന്നതൊഴിച്ചാൽ അവർക്ക് മറ്റ് ഒഴിവു ദിനങ്ങളില്ല. പേമാരിയോ മഞ്ഞോ വെയിലോ തണുപ്പോ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഹർ ത്താലോ ഒന്നും ഡബ്ബാവാലകളെ ബാധിക്കാറില്ല. തങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2 ലക്ഷത്തിലേറെ വരുന്ന വിശക്കുന്ന വയറുകളെ മാത്രമേ അവരെപ്പൊഴും ഓർക്കാറുള്ളൂ. അവരുടെ വിശപ്പ് മാറിയാെേല തങ്ങൾക്ക് വിശപ്പടക്കാനുള്ളത് കിട്ടൂ എന്നവർക്കറിയാം. പക്ഷേ, ഇങ്ങനെ കഠിനമായി ജോലി ചെയ്തിട്ടും അവർക്ക് കിട്ടുന്ന മാസവേതനം വളരെ കുറവാണ്. 6,000 മുത ൽ 8,000 രൂപ വരെ മാത്രം! ദീപാവലിക്ക് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങളൊന്നമില്ല. അങ്ങനെ നോക്കുമ്പോൾ ഡബ്ബാവാലകൾ എന്ന അന്നദാതാക്കളുടേത് നിസ്വാർഥ സേവനമാണ്. അക്ഷരാർഥത്തിൽ തൊഴിലിന്റെ മഹത്വം ഉൾക്കൊള്ളുന്ന മാതൃകാ തൊഴിലാളികൾ. 

Latest News