സേട്ട് സാഹിബിനെ എല്ലാവർക്കുമറിയാം. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അർത്ഥവും ആഴവും കർമ്മപഥത്തിലെ കാൽപാടുകളും വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളില്ല. ഒരു ബൃഹദ് ഗ്രന്ഥത്തിലൂടെ ആ കുറവ് നികത്തുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ. സുലൈമാൻ സേട്ട് ഒരിന്ത്യൻ വീരഗാഥ എന്ന ഈ ഗ്രന്ഥം സേട്ട് സാഹിബിന്റെ ജീവിതത്തോടൊപ്പം ആധുനിക ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ചരിത്രം കൂടി അനാവരണം ചെയ്യുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏടുകളിൽ കറുത്ത പുള്ളി വീഴ്ത്തിയ 1992 ഡിസംബർ ആറ്. അതൊരു ഞായറാഴ്ചയായിരുന്നു. മതേതര ഇന്ത്യയുടെ മാറു പിളർത്തി കർസേവകരുടെ ആയുധങ്ങൾ ബാബ്‌രി മസ്ജിദിന്റെ താഴികക്കുടങ്ങളെ തച്ചുതകർത്തു. ബൽവന്ത്‌റായ് മേത്താ ലൈനിലെ ഏഴാം നമ്പർ വസതിയിൽ അന്ന് പതിവിൽ കവിഞ്ഞ തിക്കും തിരക്കും. ഇന്ത്യയിലെ മിക്ക മുസ്‌ലിം നേതാക്കളും അവിടെയുണ്ട്. ബാബ്‌രി സംരക്ഷിക്കുമെന്ന് അടിക്കടി ഉറപ്പുകൊടുത്ത പ്രധാനമന്ത്രി നരസിംഹറാവു ചെയ്ത കൊടുംചതിയുടെ വേദന കടിച്ചമർത്തിയാണ് അവർ അവിടെ ഇരുന്നത്. അവർക്കിടയിൽ ഒരു മനുഷ്യൻ. കണ്ണീരു വീണ താടിയും കറുത്ത തൊപ്പിയും ധരിച്ച സുലൈമാൻ സേട്ട് സാഹിബ്. ഇഖ്ബാൽ അഹമ്മദ് കുസ്തിവാലയെന്ന ഉറ്റമിത്രം അപ്പോൾ അങ്ങോട്ടു കയറി വന്നു. അദ്ദേഹത്തെ കണ്ട മാത്രയിൽ ഒരു കൊച്ചുകുട്ടിയെ പോലെ സേട്ട് സാഹിബ് പൊട്ടിക്കരഞ്ഞു. ആശ്വാസ വാക്കുകളൊന്നും ഏശുന്നില്ല. കൂടിയിരിക്കുന്ന മനുഷ്യരും കരഞ്ഞു. ഇന്ത്യയിലെ ഓരോ മതേതര വിശ്വാസിയും അന്നു സേട്ട് സാഹിബിനൊപ്പം കരയുകയായിരുന്നു.
പ്രധാനമന്ത്രി നരസിംഹ റാവുവാണ് ഇന്ത്യയിലെ മുസ്‌ലിംകളെ ചതിച്ചതെന്ന് സേട്ട് സാഹിബ് ഉറച്ചു വിശ്വസിച്ചു. അന്നു വൈകുന്നേരം തന്നെ സേട്ട് സാഹിബിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രധാനമന്ത്രിയെ ചെന്നു കണ്ടു. യു.പിയിലെ കല്യാൺ സിങിന്റെ ബി.ജെ.പി സർക്കാറിനു മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് റാവു ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ മുഖത്തു നോക്കി ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നിങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നും രാജ്യത്തെയും ന്യൂനപക്ഷത്തെയും വഞ്ചിച്ച താങ്കൾ ഉടൻ രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സേട്ട് സാഹിബ് പറഞ്ഞു. ഇന്ത്യൻ പാർലമെന്റിൽ സിംഹ ശൗര്യത്തോടെ വേദനിക്കുന്ന ജനതക്കു വേണ്ടി വാദിച്ചു. ആ കറുത്ത ഞായറാഴ്ചക്കു ശേഷം മരണം വരെയും ബാബ്‌രി മസ്ജിദിന്റെ വേദന സേട്ട് സാഹിബിനെ വിട്ടുപോയില്ല. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെ അതോടെ വഴിമാറി. ചെറുപ്പം മുതലേ മുസ്‌ലിം ലീഗിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, ഉത്തരേന്ത്യയിൽ പാർട്ടി വളർത്താൻ കഠിനാധ്വാനം ചെയ്ത സേട്ട് സാഹിബ് ലീഗിനോടു വിട പറഞ്ഞു. മരണം വരെ ബാബ്‌രിയുടെ നൊമ്പരവും പേറിയാണ് അദ്ദേഹം ജീവിച്ചത്.
സേട്ട് സാഹിബിനെ എല്ലാവർക്കുമറിയാം. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അർത്ഥവും ആഴവും കർമ്മപഥത്തിലെ കാൽപാടുകളും വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളില്ല. ഒരു ബൃഹദ് ഗ്രന്ഥത്തിലൂടെ ആ കുറവ് നികത്തുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ. സുലൈമാൻ സേട്ട് ഒരിന്ത്യൻ വീരഗാഥ എന്ന ഈ ഗ്രന്ഥം സേട്ട് സാഹിബിന്റെ ജീവിതത്തോടൊപ്പം ആധുനിക ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ചരിത്രം കൂടി അനാവരണം ചെയ്യുന്നു. 1999 ൽ സേട്ട് സാഹിബ് ജീവിച്ചിരുന്ന കാലത്ത് സഹോദരൻ ടി.പി ചെറൂപ്പയും ഹസൻ ചെറൂപ്പയും ചേർന്ന് പുറത്തിറക്കിയ 900 ത്തിലേറെ പേജുള്ള കനൽപഥങ്ങളിലൂടെ ഒരാൾ എന്ന ഗ്രന്ഥത്തിന്റെ തുടർച്ചയാണിത്. സേട്ട് സാഹിബിന്റെ ജീവിതത്തോടൊപ്പം വിഭജനവും അതിനു മുമ്പും ശേഷവുമുള്ള ന്യൂനപക്ഷ വർത്തമാനങ്ങളും വസ്തുനിഷ്ഠവും സമഗ്രവുമായി പുസ്തകം പ്രതിപാദിച്ചിട്ടുണ്ട്.
ജീവിച്ചിരുന്ന കാലത്തു തന്നെ അദ്ദേഹത്തെ നേരിൽ കണ്ടു തയ്യാറാക്കിയതാണ് ഈ പുസ്തകത്തിലെ വിവരങ്ങൾ എന്നതിനാൽ തീർത്തും സത്യസന്ധമായി ആ ഇതിഹാസ ജീവിതത്തെ പകർത്തി എഴുതാൻ ഹസൻ ചെറൂപ്പക്ക് സാധിച്ചു.
സേട്ട് സാഹിബിന്റെ ചെറുപ്പകാലം മുതൽ ഏറ്റവും അടുപ്പമുള്ളവരെയും ഒന്നിച്ചു പ്രവർത്തിച്ചവരെയും കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചാണ് ഈ ഗ്രന്ഥത്തിലെ അദ്ധ്യായങ്ങൾ പൂർത്തിയാക്കിയത്. സേട്ട് സാഹിബിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം ജീവിച്ചിരുന്ന കാലത്തിന്റെ കഥ കൂടി പറയേണ്ടി വരും. അങ്ങനെയായതിനാൽ ഇതൊരു രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും ചരിത്രാഖ്യാനം കൂടിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും കാണേണ്ടവരെ കാണുകയും ചെയ്ത് പൂർത്തിയാക്കിയതിനാൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്ര രചനകളുടെ കൂട്ടത്തിൽ ഏറ്റവും സമഗ്രമായ ഒന്നാണിതെന്ന് നിസ്സംശയം പറയാനാകും.
രാജ്യസഭയിലും ലോക്‌സഭയിലും മൂന്നര പതിറ്റാണ്ട് ശോഭിച്ച സേട്ട് സാഹിബ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മുസ്‌ലിം നേതാക്കളിൽ ഒരാളായിരുന്നു. ജീവിതത്തിലെ ഒരു ഘട്ടത്തിലും വിശ്വസിക്കുന്ന ആദർശങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. മുസ്‌ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷനെന്ന പദവിയേക്കാൾ മികച്ചതായി അദ്ദേഹം പരിഗണിച്ചത് സ്വന്തം ആദർശം തന്നെയായിരുന്നു.
സുലൈമാൻ സേട്ട് ഒരിന്ത്യൻ വീരഗാഥ എന്ന ഗ്രന്ഥം പേരു സൂചിപ്പിക്കുന്ന പോലെ ഇന്ത്യയുടെ ചരിത്രം കൂടിയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം പഠിക്കുന്നവർക്കുള്ള റഫറൻസ് ഗ്രന്ഥമായി ഈ പുസ്തകം പരിഗണിക്കാവുന്നതാണ്. ഇന്ത്യാ വിഭജനം മുതൽ ബാബ്‌രി കാലം വരെ മുസ്‌ലിം സമുദായം അനുഭവിച്ച തീഷ്ണ വ്യഥകളെ ഒട്ടും അതിശയോക്തിയില്ലാതെ ഹസ്സൻ ചെറൂപ്പ വിശകലനം ചെയ്യുന്നുണ്ട്. ആരെയും ഭയക്കാതെ കലാപഭൂമികളിൽ സാന്ത്വനവുമായി കടന്നുചെന്ന സേട്ട് സാഹിബിനെ ആവേശത്തോടെയല്ലാതെ വായിക്കാനാകില്ല. ഇസ്‌ലാമിക ശരീഅത്ത് ഭീഷണി നേരിട്ടപ്പോൾ അദ്ദേഹം പാർലിമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളും ടാഡയെന്ന കരിനിയമത്തിനെതിരായ ഐതിഹാസിക സമരവും ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നു. നരസിംഹ റാവുവിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ സേട്ട് സാഹിബ് നടത്തിയ പ്രസംഗം ബാബ്‌രി തകർക്കപ്പെട്ടതിന്റെ വേദനകളെ പ്രതിഫലിപ്പിക്കുന്നതാണ്. മജ്‌ലിസെ മുശാവറ, മില്ലി കൗൺസിൽ, മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് തുടങ്ങിയ സംഘടനകളുടെ പിറവിയിലും പ്രയാണത്തിലും സേട്ട് സാഹിബ് വഹിച്ച പങ്ക് വിശദമായി വിവരിക്കുന്നുണ്ട്. ഇന്ത്യൻ നാഷണൽ ലീഗ് എന്ന പുതിയ പാർട്ടിയുടെ രൂപവത്കരണത്തിലേക്കു നയിച്ച സംഭവ വികാസങ്ങൾ സമഗ്രമായി വിവരിക്കുന്ന ചരിത്ര രേഖ കൂടിയാണ് ഈ പുസ്തകം. സേട്ട് സാഹിബിന്റെ വ്യക്തി ജീവിതത്തിന്റെ നന്മകളെയും കാപട്യമില്ലാത്ത മതേതര ജീവിതത്തെയും അടുത്തറിയാൻ ഈ പുസ്തകം വായിക്കുക തന്നെ വേണം.
സേട്ട് സാഹിബിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും ഭീഷണി നേരിടുന്ന കാലത്ത്, ഫാസിസം അതിന്റെ മൂർത്ത രൂപങ്ങൾ പുറത്തെടുക്കുന്ന കാലത്ത് നെഞ്ച് വിരിച്ചുനിന്ന് പോരാടാൻ ഒരു സേട്ട് സാഹിബില്ലാതെ പോയി എന്നത് ഇന്ത്യയിലെ മുസ്‌ലിംകൾ അനുഭവിക്കുന്ന വലിയ കുറവുകളിൽ ഒന്നാണ്. സുലൈമാൻ സേട്ട്, ഒരിന്ത്യൻ വീരഗാഥ വായിച്ചാൽ ആ കുറവ് എത്ര വലുതാണെന്ന് തിരിച്ചറിയാനാകും.
പഴയ കാലത്തെ അപൂർവ ചിത്രങ്ങളുടെ ശേഖരം തന്നെ പുസ്തകത്തിലുണ്ട്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും അറബ് മാധ്യമ കുലപതി ഖാലിദ് അൽമഈനയുടെയും തത്സമയം ചീഫ് എഡിറ്റർ ടി.പി. ചെറൂപ്പയുടെയും ആമുഖ ലേഖനങ്ങൾ ഗ്രന്ഥത്തിന് പ്രൗഢി കൂട്ടുന്നു.
സുലൈമാൻ സേട്ട് ഒരിന്ത്യൻ വീരഗാഥ
ഹസൻ ചെറൂപ്പ
പ്രസിദ്ധീകരണം:
ഫനൂഹ പബ്ലിക്കേഷൻസ്
വിതരണം: ട്രെന്റ് ബുക്‌സ്, കോഴിക്കോട്
ഫോൺ: 0495 4022 272
പേജ്: 670
വില: 550 രൂപ