Sunday , May   26, 2019
Sunday , May   26, 2019

പ്രവാസി മലയാളികളുടെ സാംസ്‌കാരികോത്സവം

മേള നടക്കുന്നത് അറബ് നാട്ടിൽ. സംഘാടകരും അറബികൾ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള പുസ്തക പ്രേമികളും പ്രസാധകരും ഒത്തുകൂടുന്നിടം. വിവിധ ഭാഷാ അക്ഷരങ്ങളുടെ വിസ്മയ ലോകം. ലോക പ്രശസ്ത എഴുത്തുകാരുടെയും പ്രസാധകരുടെയും സാന്നിധ്യം. ഇതൊക്കെയാണെങ്കിലും ഷാർജ പുസ്തകോത്സവം പ്രവാസി മലയാളികളുടെ സാംസ്‌കാരികോത്സവമായി മാറിയിരിക്കുന്നുവെന്ന് വേണം പറയാൻ. കാരണം കേരളത്തിൽ നടക്കുന്ന ഏതൊരു പുസ്തക മേളയേക്കാളും പതിന്മടങ്ങ് മേന്മയും മലയാളികളുടെ സാന്നിധ്യവും കൊണ്ട് സമ്പന്നമാണ്  ഷാർജ പുസ്തകോത്സവം.
വായനക്കാരുടെ അണ മുറിയാത്ത പ്രവാഹം, എഴുത്തുകാരുടെ സാന്നിധ്യം, പ്രസാധകരുടെ വൻ പങ്കാളിത്തം, ഇടതടവില്ലാതെയുള്ള പുസ്തക പ്രകാശനങ്ങൾ എന്നിവ കൊണ്ടെല്ലാം വിസ്മയിപ്പിക്കുന്നതായിരുന്നു പതിനൊന്ന് നാൾ ഷാർജയിൽ അരങ്ങേറിയ പുസ്തക മേള. മലയാളികളുടെ 150 ഓളം കൃതികളാണ്  മേളയിൽ പ്രകാശിതമായത്. എഴുതിത്തെളിഞ്ഞവരും എഴുതാൻ തുടങ്ങിയവരുമായ ഗ്രന്ഥകാരന്മാർക്കെല്ലാം ഒരുപോലെ തങ്ങളുടെ കൃതി പ്രകാശിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും അവസരം. പ്രവാസി എഴുത്തുകാരെ സംബന്ധിച്ചിടത്തോളം അവർക്കു കൈവന്നത് സുവർണാവസരമായിരുന്നു. സൗദി അറേബ്യ അടക്കം ഗൾഫ് രാജ്യങ്ങളിലെ  പ്രവാസി മലയാളികളുടെ കൃതികൾ ഇവിടെ പ്രകാശിപ്പിക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ളവ വേറെയും. മലയാളികളായ 472 സാഹിത്യകാരൻമാരും കലാകാരന്മാരും പങ്കെടുത്ത നൂറുകണക്കിനു പരിപാടികളും പുസ്തക നഗരിയിൽ അരങ്ങേറി. കേരളത്തനിമയാർന്ന കലാപരിപാടികളും ചർച്ചകളും. അങ്ങനെ കേരളീയം തുടിച്ചു നിന്ന മേള. 
ഇതിനൊക്കെ പുറമെയാണ് ലോക പ്രശസ്തരായ എഴുത്തുകാരും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നായകരുമായും സംവദിക്കാനുള്ള അവസരം. അന്താരാഷ്ട്ര പ്രശസ്തരായ പ്രസാധകരുമായി സഹകരിക്കാനും കൈകോർക്കാനുമുള്ള സാഹചര്യം കൂടിയാണ് ഷാർജ പുസ്തകോത്സവം സമ്മാനിച്ചത്. പ്രവാസി മലയാളികൾ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള മലയാളികൾ ഷാർജ പുസ്തകോത്സവത്തിലേക്ക് എത്തിച്ചേരുന്നത്  ഈ സൗകര്യങ്ങൾ മറ്റൊരിടത്തും ലഭ്യമല്ല എന്നതുകൊണ്ടു തന്നെയാണ്. അങ്ങനെ എല്ലാ അർഥത്തിലും ഷാർജ പുസ്തകോൽസവം മലയാളികളുടെ ഒരു സാംസ്‌കാരിക പൂരം തന്നെയായിരുന്നു. 
ലോകത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തക മേള എന്ന ഖ്യാതിയിലേക്ക് ഷാർജ പുസ്തകോത്സവം മാറിക്കഴിഞ്ഞു. ജനകീയ ഭരണാധികാരിയെന്നു പേരുകേട്ട അക്ഷര സ്‌നേഹിയും മനുഷ്യ സ്‌നേഹിയുമായ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണവും സർഗാത്മകതയും ലോകത്തിന്റെ അക്ഷര സ്‌നേഹികളുടെ നാടായി ഷാർജയെ മാറ്റിയിരിക്കുന്നു. 77 രാജ്യങ്ങളിൽ നിന്നുള്ള 1874 പ്രസാധകർ. 16 ലക്ഷം തലക്കെട്ടുകളിൽ രണ്ട് കോടി പുസ്തകങ്ങൾ. അതിൽ 80,000 പുതിയ കൃതികൾ. ലോകപ്രശസ്ത എഴുത്തുകാരുമായി വായനക്കാർക്ക് സംശയ നിവാരണത്തിന് അവസരങ്ങൾ. അക്ഷര ലോകത്തെ സാങ്കേതികവൽക്കരണം, എഴുത്തു പരിശീലനക്കളരി അങ്ങനെ അക്ഷരങ്ങളുടെ വിസ്മയ ലോകം തീർക്കാൻ അഹ്മദ് റക്കാദ് അൽ അമിരി ചെയർമാനായുള്ള ഷാർജ ഭരണാധികാരിയുടെ മേൽനോട്ടത്തിലുള്ള ഷാജ ബുക്ക് അതോറിറ്റിക്കായി. മലയാളിയായ മോഹൻ കുമാറിനെ പോലുള്ള സഹപ്രവർത്തകരുടെ രാപ്പകലില്ലാതെയുള്ള സേവനവും ഷാർജ പുസ്തകോൽസവത്തെ ശ്രദ്ധേയമാക്കുന്നതിലെ പ്രധാന ഘടകമാണ്.
22.3 ലക്ഷം പുസ്തക സ്‌നേഹികളാണ് മേളയിൽ പങ്കാളികളാവാൻ എത്തിയത്. ഇതിൽ 2.3 ലക്ഷം പേർ കുട്ടികളായിരുന്നുവെന്നത് എത്രയൊക്കെ സാങ്കേതിക വളർച്ച ഉണ്ടായാലും വായനയും എഴുത്തും മുരടിക്കാൻ പോകുന്നില്ലെന്നു തന്നെയാണ് കാണിക്കുന്നത്. സാമൂഹിക മാധ്യമങ്ങളും മേളയെ വർണാഭമാക്കിയെന്നതിന്റെ സൂചനയാണ് 270 കോടി കുറിപ്പുകൾ.
ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് റക്കാദ് അൽഅമിരി പറഞ്ഞതു പോലെ സാംസ്‌കാരിക കൈമാറ്റത്തിന് ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുസ്തകങ്ങൾ. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും മൂല്യങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനും അവ സഹായിക്കുന്നു. സ്‌നേഹവും സഹിഷ്ണുതയും മാനുഷികതയും കൈമാറ്റം ചെയ്യാൻ പുസ്തകങ്ങളേക്കാൾ മനോഹരമായ മറ്റൊന്നില്ല. അൽ അമിരിയുടെ അർത്ഥവത്തായ ഈ വാക്കുകളുടെ അന്വർഥമാക്കുന്നതായിരുന്നു അക്ഷര നഗരിയിൽ വർണ വർഗ വ്യത്യാസമില്ലാതെ ഒത്തുകൂടിയ  പതിനായിരങ്ങൾ. 
മേള കേരളത്തിനും മലയാളികൾക്കും സമ്മാനിച്ച സാംസ്‌കാരിക വിനിമയം നമ്മുടെ നാട്ടിലുംകൂടി പ്രായോഗികമാക്കുമ്പോഴാണ് ഇത് അർത്ഥവത്താകൂ. അതിന് അറബ് നാട്ടിലെ എഴുത്തുകാരെയും അവരുടെ കൃതികളെയും സാംസ്‌കാരിക പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്ന മേളകൾ നമ്മുടെ നാട്ടിലും ഉണ്ടാവണം. ഇതിനായി സർക്കാർ തലത്തിലോ എഴുത്തുകാരുടെ കൂട്ടായ്മ തലത്തിലോ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അപ്പോൾ മാത്രമായിരിക്കും സാംസ്‌കാരിക വിനിമയം സാധ്യമാവുക.  അതല്ലെങ്കിൽ അത് എന്നും ഏകപക്ഷീയമായി നിൽക്കും.