Tuesday , May   21, 2019
Tuesday , May   21, 2019

ശ്രീലങ്കയിലെ സംഘർഷം

ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് അടുത്ത വർഷം ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രഖ്യാപനം ദ്വീപുരാഷ്ട്രത്തിലെ ജനാധിപത്യ ക്രമം അഭിമുഖീകരിക്കുന്ന ആഴമേറിയ കുഴപ്പത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 
ഒക്‌ടോബർ 26 നാണ്, ഭരണഘടനാ അട്ടിമറിയിലൂടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി പ്രഖ്യാപിച്ച് ഇക്കാലമത്രയും തന്റെ പ്രഖ്യാപിത രാഷ്ട്രീയ വൈരിയായിരുന്ന മഹിന്ദ രാജപക്‌സെയെ സിരിസേന തൽസ്ഥാനത്ത് അവരോധിച്ചത്. വിക്രമസിംഗെയെ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പ്രധാനമന്ത്രി പദത്തിൽ നിന്നു സിരിസേന നീക്കം ചെയ്തത്. താൻ തന്നെയാണ് നിയമാനുസൃതം പ്രധാനമന്ത്രിയെന്നും തനിക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്നും അവകാശപ്പെട്ട വിക്രമസിംഗെ ഔദ്യോഗിക വസതിയായ 'ടെമ്പിൾ ട്രീസി'ൽ നിന്നും ഒഴിയാൻ വിസമ്മതിച്ചതോടെ കുറച്ചുനാളായി പുറമെ ശാന്തമായിരുന്ന ശ്രീലങ്കൻ രാഷ്ട്രീയം തിളച്ചുമറിയാൻ തുടങ്ങി. ഇതിനിടെ പാർലമെന്റ് വിളിച്ചുകൂട്ടണമെന്ന വിക്രമസിംഗെയുടെ ആവശ്യത്തിനു വഴങ്ങി ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന സ്പീക്കർ ജയസൂര്യയുടെ ആവശ്യവും പ്രസിഡന്റ് നിരാകരിച്ചു. നവംബർ 14 ന് പാർലമെന്റ് വിളിച്ചുചേർക്കാൻ സ്പീക്കർ സന്നദ്ധത പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സിരിസേന ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 2015 ൽ ഭേദഗതി ചെയ്ത ഭരണഘടനാനുസൃതം ഗവൺമെന്റിന്റെ അഞ്ചു വർഷ കാലാവധിയിൽ ആദ്യ നാലര വർഷക്കാലവും പ്രസിഡന്റിന് പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരമില്ല. ആ ഭരണഘടനാ വ്യവസ്ഥയെ മറികടന്നാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് നിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു. ഈ ആഴ്ച ആരംഭത്തിൽ തന്നെ വിഷയം സുപ്രീം കോടതിയിൽ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സുപ്രീം കോടതി വിധിയായിരിക്കും ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ ഭാവി ഗതിവിഗതികളെ നിർണയിക്കുക.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്‌സെക്ക് എതിരായ പൊതുപ്രതിപക്ഷ സ്ഥാനാർഥിയായാണ് സിരിസേന 2015 ൽ അപ്രതീക്ഷിത വിജയം കൈവരിച്ചത്. രാജപക്‌സെയുടെ ഏകാധിപത്യത്തെയും കുടുംബ വാഴ്ചയെയും എതിർത്ത് രംഗത്തു വന്ന സിരിസേന രാജ്യത്ത് നിലനിന്നിരുന്ന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സമ്പ്രദായം താൻ വിജയിച്ച് അധികാരത്തിൽ വന്നാൽ നൂറു ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഏകാധിപത്യത്തിന് അറുതി വരുത്തുമെന്നും അഴിമതി, സ്വജനപക്ഷപാതം എന്നിവ തുടച്ചുനീക്കുമെന്നും പ്രചാരണ വേളയിൽ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. തമിഴ് ജനതക്കെതിരെ ദ്വീപ് രാഷ്ട്രത്തിൽ നടന്ന വംശീയ ഉന്മൂലനവും അതിക്രമങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ബ്രിട്ടീഷ് മാതൃകയിലുളള കാബിനറ്റ് സമ്പ്രദായം നടപ്പാക്കുമെന്നും സിരിസേന വാഗ്ദാനം ചെയ്തിരുന്നു. ആ ദിശയിൽ ചില നീക്കങ്ങൾ നടന്നെങ്കിലും ശ്രീലങ്കാ ഫ്രീഡം പാർട്ടിയും പ്രധാനമന്ത്രിയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയും തമ്മിലുള്ള ബാന്ധവം ഏറെ സുഗമമായിരുന്നില്ല. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുളള ഏകോപനവും താളം തെറ്റിയിരുന്നു. പ്രധാനമന്ത്രിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ കുറച്ചു നാളുകളായി ശ്രമം നടത്തിവന്നിരുന്നതായി സിരിസേന തന്നെ നവംബർ ആരംഭത്തിൽ കൊളംബോയിൽ നടന്ന ഒരു റാലിയിൽ വെളിപ്പെടുത്തുകയുണ്ടായി. സിരിസേന പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി അധികാരവും പദവിയും ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് തുടർന്നുവന്നിരുന്നതെന്ന് തന്റെ നടപടികളിലൂടെ തുറന്നുകാട്ടി. കണക്കുകൂട്ടലുകൾക്ക് അനുസരിച്ച് താൻ പ്രധാനമന്ത്രി പദത്തിൽ അവരോധിച്ച രാജപക്‌സെക്ക് ഭൂരിപക്ഷം ഉറപ്പു നൽകാനാവില്ല എന്ന ഘട്ടത്തിലാണ് സിരിസേന ഇപ്പോൾ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ സംഭവ വികാസങ്ങളിലും അവിടെ നടക്കുന്ന ഭരണഘടനാ അട്ടിമറിയിലും ഐക്യരാഷ്ട്ര സഭയും വിവിധ ലോക രാഷ്ട്രങ്ങളും ഇതിനകം ഉൽക്കണ്ഠ രേഖപ്പെടുത്തി രംഗത്തു വന്നിട്ടുണ്ട്. ഇതിനിടെ സിരിസേനയുടെ ഉത്തരവുകൾ അംഗീകരിക്കേണ്ടതില്ലെന്ന സ്പീക്കർ കറുജയസൂര്യയുടെ ആഹ്വാനം സ്ഥിതിഗതികൾ രൂക്ഷതരമാക്കിയിട്ടുണ്ട്.
യു.എസും റഷ്യയും ചൈനയുമടക്കം വൻശക്തികളുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വിദേശ നയത്തിനാണ് മോഡി ഭരണം ഊന്നൽ നൽകിവരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും സാമ്പത്തിക സൈനിക ശക്തി എന്ന നിലയിലും ശ്രീലങ്കയടക്കമുള്ള അയൽരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും ദക്ഷിണേഷ്യൻ കൂട്ടായ്മയും അവഗണിക്കപ്പെട്ടുകൂടാ. 
ചൈനയും യുഎസും ഒരുപോലെ തങ്ങളുടെ സ്വാധീനം വിപുലമാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖല എന്ന നിലയിൽ ഈ മേഖലയിലെ സാമ്പത്തിക നയതന്ത്ര ബന്ധങ്ങൾ ഇന്ത്യക്ക് അതീവ നിർണായകമാണ്.
 ശ്രീലങ്കയിൽ ആരോഗ്യകരമായ ജനാധിപത്യം പുലരാനും അത് ബാഹ്യശക്തികളുടെ മത്സര മേഖലയായി മാറാതിരിക്കാനും കരുതലോടെയുള്ള നയതന്ത്ര സമീപനങ്ങൾ പ്രാധാന്യം അർഹിക്കുന്നു.
 

Latest News