Sunday , May   26, 2019
Sunday , May   26, 2019

അഴിമതിയിൽ ആറാടിയ മോഡി ഭരണകൂടം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുമ്പോൾ നരേന്ദ്ര മോഡിയും കൂട്ടരും പറഞ്ഞത് രണ്ടാം യു.പി.എ ഭരണകൂടം നടത്തുന്ന അഴിമതിയാകെ തങ്ങൾ തുടച്ചുനീക്കുമെന്നായിരുന്നു. 2 ജി സ്‌പെക്ട്രത്തിലെ കൊടിയ കുംഭകോണവും കൽക്കരിഖനി കുംഭകോണവും ഉയർത്തിക്കാട്ടിയാണ് ബി ജെ പിയും നരേന്ദ്ര മോഡിയും വോട്ട് അഭ്യർഥിച്ചത്. അഴിമതി തുടച്ചു നീക്കാൻ ഞങ്ങളെ അധികാരത്തിലെത്തിക്കൂ എന്ന് പറഞ്ഞ് വോട്ട് അഭ്യർഥിച്ചവർ 'അഴിമതി തുടച്ചു നക്കു'ന്നതിനാണ് സമീപകാലത്ത് നാം സാക്ഷിയാകേണ്ടിവരുന്നത്.
റഫാൽ അഴിമതിയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന കുംഭകോണ അധ്യായം. 126 വിമാനങ്ങൾക്കാണ് 58,000 കോടി രൂപയുടെ കരാർ ഫ്രാൻസുമായി ഉറപ്പിച്ചിരുന്നത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷം 126 വിമാനങ്ങൾ 36 വിമാനങ്ങളായി ചുരുങ്ങിയപ്പോഴും 126 വിമാനങ്ങളുടേതിനേക്കാൾ തുക വർധിച്ചു. 526 കോടി രൂപയാണ് ഒരു വിമാനത്തിന് ചെലവുവരുന്നത്. ഫ്രഞ്ച് 
പ്രസിഡന്റ് വെളിപ്പെടുത്തിയത് നരേന്ദ്ര മോഡി കരാർ പുതുക്കിയെഴുതിയതിലൂടെ കൊള്ള നടത്തിയെന്നാണ്.
നരേന്ദ്ര മോഡി കരാർ പുതുക്കുന്നതിന് രണ്ട് ദിവസം മുമ്പ് രൂപീകരിക്കപ്പെട്ട അനിൽ അംബാനിയുടെ കമ്പനിക്കാണ് വിമാന നിർമാണ ചുമതല ഏൽപിച്ചത്. എച്ച്‌ഐഎൽ കമ്പനിക്കാണ് നിർമാണ ചുമതല നിശ്ചയിച്ചിരുന്നതെങ്കിലും നരേന്ദ്ര മോഡി അംബാനിയുടെ കമ്പനിക്ക് നിർമാണ ചുമതല കൈമാറുകയായിരുന്നു. 
522 വിമാനങ്ങൾക്ക് 18,936 കോടി രൂപയാണ് ചെലവ് വരുന്നതെങ്കിൽ 36 വിമാനങ്ങൾക്ക് 60,120 കോടി രൂപ ചെലവുവരും. ഇതിൽ നിന്നു തന്നെ കോടാനുകോടി രൂപയുടെ അഴിമതി വ്യക്തമാണ്. അംബാനി കുടുംബത്തിനു വേണ്ടി നരേന്ദ്ര മോഡി സർക്കാർ റഫാൽ ഇടപാടിൽ വഴിവിട്ടു പ്രവർത്തിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 36 വിമാനങ്ങൾക്കായി 16,700 കോടി രൂപയാണ് അംബാനി കുടുംബത്തിനായി നരേന്ദ്ര മോഡി സർക്കാർ കുംഭകോണത്തിലൂടെ സമ്മാനിക്കുന്നത്.
വസുന്ധര രാജെ സിന്ധ്യ ഭരണം നയിക്കുന്ന രാജസ്ഥാനിൽ സ്വന്തം മകനു വേണ്ടി ക്രിക്കറ്റ് കുംഭകോണ വീരനായ ലളിത് മോഡിയുമായി ചേർന്ന് നടത്തിയ അഴിമതിയും നാടിന്റെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ലളിത് മോഡിയെ പോർച്ചുഗലിലേക്ക് പറക്കാൻ അനുവദിച്ചത് വസുന്ധര രാജെ സിന്ധ്യയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രിയതമനുമായിരുന്നു. 
നോട്ട് നിരോധനത്തിന് രണ്ടു വർഷം പൂർത്തിയായപ്പോൾ 
അതേക്കാൾ വലിയ മണ്ടൻ തീരുമാനവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിന്റെ മൂന്നിലൊന്ന് വരുന്ന 3.6 ലക്ഷം കോടി രൂപ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ധനകാര്യ മാനേജ്‌മെന്റിൽ സർക്കാർ സമ്പൂർണ പരാജയമാണ് എന്നുമാണ് ഈ നീക്കം കാണിക്കുന്നത്. തങ്ങളുടെ തന്നെ തലതിരിഞ്ഞ തീരുമാനങ്ങൾ കാരണം സർക്കാറിന്റെ കൈയിൽ കാശില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണിൽ പൊടിയിടാൻ പാകത്തിലുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലതിൽ നടപടികൾ സ്വീകരിക്കുകയും വേണം. അതിനായി വിത്തെടുത്ത് കുത്താനാണ് സർക്കാർ വിചാരിക്കുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ കൈയിട്ടു വാരാൻ മുതിരുന്നത് അതിനാണ്. എന്നാൽ കരുതൽശേഖരം വിട്ടുതരാൻ പറ്റില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചുകഴിഞ്ഞു. നേരത്തെ നോട്ട് നിരോധനത്തോട് വിയോജിപ്പുള്ള രഘുറാം രാജനെ ആർബിഐ ഗവർണർ സ്ഥാനത്തുനിന്ന് പുകച്ചു ചാടിച്ചതാണ്. ഇനിയിപ്പോൾ തങ്ങളുടെ സമഗ്രാധിപത്യ അജൻഡ ആർബിഐക്കു മേൽ എങ്ങനെ നടപ്പാക്കുമെന്ന് രാജ്യം ആശങ്കപ്പെടുകയാണ്. രഘുറാം രാജൻ ചൊവാഴ്ച പറഞ്ഞതിലാണ് കാര്യമിരിക്കുന്നത്. 'സീറ്റ് ബെൽറ്റ് പോലെയാണ് ആർബിഐ. അതിന്റെ ഡ്രൈവറായ സർക്കാർ' സീറ്റ് ബെൽറ്റ് ഇടാതിരിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ബെൽറ്റ് ഇടാതിരിക്കുകയും അപകടമുണ്ടാവുകയും ചെയ്താൽ ആഘാതം ഗുരുതരമായിരിക്കും' -ആദ്ദേഹം പറഞ്ഞു. ധനകാര്യ മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠങ്ങൾ പോലും മറന്നുകൊണ്ടുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ സീറ്റ് ബെൽറ്റ് തന്നെ പറിച്ചെറിയുന്ന തരത്തിലുള്ളതാണ്.
ബിജെപിയുടെ കർണാടകയിലെ മുൻ മന്ത്രിയും ഖനി കുംഭകോണത്തിന് കാരാഗൃഹ വാസം അനുഭവിക്കുകയും ചെയ്ത, ഇപ്പോൾ ജാമ്യത്തിൽ പുറത്തുള്ള ബല്ലാരിരാജ ജനാർദ്ദന റെഡ്ഡി 18 കോടി കൈക്കൂലി വാങ്ങിയ ശേഷം ഒളിവിന്റെ മറവിൽ കഴിയുകയാണ്. 
അഴിമതി വിമുക്ത ഭാരതം സൃഷ്ടിക്കുമെന്നു പറഞ്ഞ പാർട്ടിയുടെ ഗതികേടാണിത്. അതിസമ്പന്നന്മാർ കോടാനുകോടി രൂപ പൊതുമേഖലാ ബാങ്കുകളിൽ നിന്നു വായ്പ എടുത്തതിനു ശേഷം രാജ്യം വിട്ടു നടക്കുകയാണ്. 
ലളിത് മോഡി, വിജയ് മല്യ, നീരവ് മോഡി എന്നിങ്ങനെ പേരുകൾ നീളുകയാണ്. ഇവർക്ക് എല്ലാ സംരക്ഷണവും നരേന്ദ്ര മോഡി സർക്കാർ നൽകുമ്പോൾ പാവപ്പെട്ട കൃഷിക്കാർ, തൊഴിലാളികൾ, പട്ടിണി കിടന്ന് മരിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ശതകോടീശ്വരന്മാർക്കും സഹസ്ര കോടീശ്വരന്മാർക്കുമൊപ്പമാണ് നരേന്ദ്ര മോഡി സർക്കാർ. കർണാടകയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ കനത്ത പ്രഹരം അഴിമതി പരമ്പരകൾക്കും ജനദ്രോഹ നയത്തിനും വർഗീയ ഭ്രാന്തിനുമെതിരായ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളുടെ അതിശക്തമായ വിധിയെഴുത്താണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഭാരതീയ മതനിരപേക്ഷ ജനത നരേന്ദ്ര മോഡി സർക്കാറിനെതിരായി വിധിയെഴുതുമെന്നതിന്റെ പാഠമാണ് കർണടകയിൽ കണ്ടത്.