Sunday , May   26, 2019
Sunday , May   26, 2019

മഴക്കാല യാത്രയിലെ കൗതുകങ്ങൾ

യാത്രയാണല്ലോ ഇന്ന് മലയാളികൾ   ഏറ്റവും  ഇഷ്ടപ്പെടുന്ന വിനോദം.  അതിൽ സാധാരണക്കാരുടെ ഏറ്റവും കൂടുതൽ സഞ്ചാര  പാത റോഡാണെന്നതും  വിനോദ യാത്ര  ഇഷ്ടപ്പെടുന്നവരെ  ഓർമ്മ  പ്പെടുത്തേണ്ടതില്ല. … ലോകത്തെ ഒന്നാംതരം നദികൾ,
തോടുകൾ, വെള്ളച്ചാട്ടം, മലകൾ, പാർക്കുകൾ, മൃഗങ്ങൾ വിവിധ തരം ജനങ്ങൾ, സംസ്‌കാരങ്ങൾ  മുതലായവ കണ്ടുമടുത്ത നമ്മൾ ഇനി പോകേണ്ടത് കേരളത്തിലെ മഴക്കാല റോഡുകളിലേക്കാണ്. അതെ, നാട്ടിൽ മഴ പെയ്തു തുടങ്ങിയാലുള്ള റോഡ് കാഴ്ചകൾ കാണാൻ. നേരിട്ട് കണ്ട് വിലയിരുത്തേണ്ടത് തന്നെയാണ്  നമ്മുടെ റോഡിന്റെ സ്ഥിതി. അതിരാവിലെ വീട്ടിൽ നിന്നും ഹോണ്ട ആക്ടിവയിൽ മലപ്പുറം ജില്ലയിലെ പ്രധാന റോഡിന്റെ പരിക്കുകൾ കാണാൻ പുറപ്പെട്ടത് മഴക്ക് അൽപം ശമനം വന്നപ്പോഴാണ്. ഇരു ഭാഗങ്ങളിലും മരങ്ങളും കെട്ടിടങ്ങളും പുഴകളും തോടും വയലുമെല്ലാം ഉൾപ്പെട്ടതാണ് കേരളത്തിലെ റോഡുകൾ, സ്‌കൂൾ കെട്ടിടങ്ങളും വീടുകളും ആശുപത്രികളും റോഡിനരികിൽ പതിവാണ്. 
വളവുകളും ഇറക്കവും കയറ്റവും വെയ്റ്റിങ് ഷെഡുകളുമെല്ലാം നിർമിക്കാൻ നിയമങ്ങൾ ഉണ്ടെങ്കിലും സാധാരണ റോഡുകളുടെ കൺട്രോൾ ആ പ്രദേശത്തെ നാട്ടുകാർ തന്നെ ഏറ്റെടുത്ത പോലെയാണ് മിക്ക റോഡുകളും. റോഡ് വെട്ടിക്കീറാനും  താൽക്കാലിക ഷെഡുകൾ ഉണ്ടാക്കാനുമെല്ലാം അധികാരം നാട്ടുകാർ തന്നെ ഏറ്റെടുക്കുന്ന പ്രവണത പഞ്ചായത്ത് റോഡുകളുടെ റോഡപകടങ്ങളുടെ ഗ്രാഫ് ഉയർത്തി. കടലുണ്ടിയിലേക്കുള്ള  റോഡിലൂടെ ഹോണ്ട ആക്ടീവ കടന്നു പോകുന്നത് തന്നെ ക്ലേശകരമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം റോഡിൽ രൂപപ്പെട്ട വലിയൊരു തോട് കടന്നു വേണം അപ്പുറം എത്താൻ. ഒരു ഭാഗം ചുവന്ന കൊടി നാട്ടിയിട്ടുണ്ട്. അതിലെ പോകരുത് എന്ന മുന്നറിയിപ്പായിരുന്നു അത്. തിരിച്ചു വരുമ്പോൾ വെള്ളം കൂടിയ കാരണം കൊടി ഇളകിപ്പോയി. ഓർമയില്ലതെ അതിലൂടെ  സ്‌കൂട്ടർ മുന്നോട്ട് എടുത്തു. പക്ഷേ സ്‌കൂട്ടർ  ചെന്നു  നിന്നത്  വലിയൊരു  കുഴിയിലാണ്. കാല് കൊണ്ട് സപ്പോട്ട് കൊടുക്കാൻ  ശ്രമിക്കുന്നതിന് മുമ്പേ   സ്‌കൂട്ടർ വെള്ളത്തിൽ വീണു. 
സഹായിക്കാൻ  ആളുകൾ എത്തുമ്പോഴേക്കും  സൈലൻസർ  വഴി എൻജിൻ  വേണ്ടുവോളം  വെള്ളം കുടിച്ചു കഴിഞ്ഞിരുന്നു. ഒരു വിധം പൊക്കിയെടുത്ത് തൊട്ടടുത്ത വർക്ക് ഷോപ്പിൽ  കൊടുത്തു.   സമാനമായിട്ടുള്ള  കുഴികൾ  തന്നെയാണ്  നാടിന്റെ  ശാപവും.  ചെട്ടിപ്പടി ജംഗ്ഷനിൽ  നിന്നും  രണ്ടര കിലോമീറ്റർ മാത്രം  ദൂരെയുള്ള  നഹാസ്  ആശുപത്രിയിൽ എത്താൻ കാൽ മണിക്കൂറിലധികം   വേണം. അതിനിടയിൽ  വരുന്ന  രോഗികളുടെ  നടുവൊടിയുന്നത്  മറ്റൊരു  കാഴ്ച.
ദിവസവും  രാവിലെ  പത്രങ്ങളിൽ  വായിക്കാൻ  കഴിയുന്നത്  റോഡിന്റെ മോശം  അവസ്ഥയും  മരണങ്ങളുമാണ്. പിറ്റേ  ദിവസം അതേ  റോഡിലൂടെ വീണ്ടും പോയപ്പോൾ ഉപായം കൊണ്ട് ഓട്ടയടക്കുക എന്ന പഴഞ്ചൊല്ല് പോലെ കുറച്ച് മണ്ണും കരിങ്കല്ലും കലർത്തിയ മിശ്രിതം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥരെയാണ് കണ്ടത്. പെട്ടെന്നുള്ള ഈ പ്രവൃത്തിയുടെ കാരണം അന്വേഷിച്ചപ്പോൾ അടുത്ത ദിവസം മലപ്പുറത്ത് മന്ത്രി സുധാകരൻ വരുന്നുണ്ടെന്നും വലിയൊരു നിവേദന സംഘം അദ്ദേഹത്തെ കാണുന്നുമെന്നുമെല്ലാം തീരുമാനിച്ചപ്പോൾ ഇത് വരെ അനങ്ങാതിരുന്ന ഉദ്യോഗസ്ഥർ രാപ്പകൽ കഷ്ടപ്പെടുന്ന കാഴ്ച നമ്മുടെ റോഡിന്റെ മാത്രം അത്ഭുതക്കാഴ്ചയാണ്.
മഴയുടെ  തോത് ആർക്കും  നിർണയിക്കാൻ  കഴിയില്ല. ഈ വർഷം ജൂൺ ഒന്ന് മുതൽ  ജൂലൈ  30  വരെ 13  ശതമാനം   അധിക മഴയാണ് കേരളത്തിന് ലഭിച്ചത്. 
പക്ഷേ  മഴക്കാലമായാൽ  നമ്മുടെ  റോഡിന്റെ  സ്ഥിതി  മോശമാകാൻ  തുടങ്ങിയിട്ട് വർഷങ്ങളായി. മഴക്കാലത്തിന് തൊട്ട് മുമ്പ് അറ്റകുറ്റപ്പണികൾ തീർക്കേണ്ട മേഖലയാണ്  പൊതുമരാമത്ത്  വകുപ്പ്.    
ഏതാണ്ട്  മൂന്നര  ലക്ഷത്തോളം  കിലോമീറ്റർ  ദൈർഘ്യമുള്ള   കേരളത്തിലെ റോഡിന്റെ  80 ശതമാനവും  പഞ്ചായത്തിന്റെ പരിധിയിലാണ്. നാഷണൽ ഹൈവേ  കോർപറേഷറേഷൻ റോഡുകൾ, ഫോറസ്റ്റ്, ഇറിഗേഷൻ, റെയിൽവേ റോഡുകൾ ഒഴിച്ചുനിർത്തിയാൽ ബാക്കി വരുന്ന മൂന്നുലക്ഷത്തി പതിനയ്യായിരം കിലോമീറ്ററോളം വരുന്ന റോഡുകളെ ഗതാഗത യോഗ്യവും   അല്ലാത്തതുമായി വേർതിരിച്ചാൽ,  ഗതാഗത യോഗ്യമല്ലാത്ത റോഡുകളാണ് കേരളത്തിൽ മൺസൂൺ കാലങ്ങളിൽ കൂടുതലും കാണാൻ കഴിയുക. പൊട്ടി രണ്ടായി പിളർന്ന റോഡ്, കിണറുകൾ പോലെ കുഴികൾ രൂപപ്പെട്ട റോഡ്, ഇടിഞ്ഞു തകർന്ന റോഡ് -അങ്ങനെ മഴക്കാല റോഡുകളുടെ  വേറിട്ട കാഴ്ചകൾ നിരവധി.
2015 ലെ റോഡ് സുരക്ഷാ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച് മഴക്ക് തൊട്ടു മുമ്പു വരെ റോഡിൽ ശരാശരി 10 മനുഷ്യ ശരീരങ്ങൾ ചിന്നി
ച്ചിതറുന്നുണ്ട്. മഴക്കാലം കൂടിയായാൽ കണക്കിൽ അൽപം ഉയർച്ച ഉണ്ടാകും.  മൂന്നു വർഷം മുമ്പ് ലഭ്യമായ കണക്കു പ്രകാരം ജനുവരി മുതൽ ഡിസംബർ വരെ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4196 ആണ്. ഗുരുതരമായി പരിക്കേറ്റവരെ അപേക്ഷിച്ച് ഏഴ് ഇരട്ടി അധികമാണിത്.  നിസ്സാരവും ഗുരുതരവുമായി പരിക്കേറ്റവരുടെ മൊത്തം കണക്ക് 44,000 ത്തോളം വരും.  ഈ കണക്കുകൾ മുൻകാലങ്ങളിലെ  മഴ കുറച്ചു  ലഭിച്ച വർഷങ്ങളിലേതാണ്. റോഡപകടങ്ങൾ മൂലം നിരവധി  ബൈക്കുകൾ  മറിഞ്ഞുണ്ടായ  അപകടം  മൂലം ധാരാളം ജീവഹാനി  വേറെയും  സംഭവിക്കുന്നു.  ആഡംബര കാറുകൾ  റോഡിൽ ഇറക്കാൻ  കഴിയാതെ  മറ്റൊരു  വിഭാഗം. വെള്ളക്കെട്ടുകൾ  മൂലം ഓട്ടോ റിക്ഷകൾ  അധികം  ചാർജ്  ഈടാക്കുന്നു. ലീഫിന്റെയും  ടയറുകളുടെയും  പരിക്ക്  മൂലം  ബസ് ജീവനക്കാർ ശപിക്കാത്ത  നിരത്തുകൾ കേരളത്തിൽ  അപൂർവമാണ്.
കഴിഞ്ഞ  ഒരു  ദശാബ്ദത്തിനിടയിലെ  അപകടങ്ങളിൽ  മരണ സംഖ്യ  ഉയർന്നു വരുന്ന  കണക്കുകൾ  മൺസൂൺ  സമയങ്ങളിൽ  അധികൃതർ  പൗരസമൂഹത്തിനു മുന്നിൽ വെക്കുന്നില്ല. അതിനു പ്രധാന കാരണം   ഈ  അപകടങ്ങൾ  മനുഷ്യ  നിർമിതമാണ്.   റോഡുകളുടെ ഇത്തരം  ദയനീയമായ  അവസ്ഥക്ക് പ്രധാന കാരണം റോഡരികിലെ  മരങ്ങൾ  ആണെന്നാണ് എൻജിനീയർമാർ പറയുന്നത്. ചെറിയ മഴത്തുള്ളികൾ വീണ് ചെറിയ  കുഴി  രൂപപ്പെട്ട് അതിലൂടെ വാഹനം കയറി ഇറങ്ങി  സമ്മർദം  മൂലം  കുഴി വലുതായി വരുന്നു എന്നാണ് അവരുടെ  നിലപാട്. എന്നാൽ ഈ വാദം  ഒട്ടും തന്നെ ശരിയല്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക്  സമീപവും  കല്ലായിലും റോഡരികിൽ  വളർന്നു പന്തലിച്ച  മരങ്ങളും  റോഡും കാണുമ്പോൾ  എൻജിനീയർമാരുടെ വാദം പൊളിയും. എന്നാൽ അതിൽ നേരിയ സത്യവുമുണ്ട്. അത് അഴിമതിയുമായി ബന്ധപ്പെട്ടതാണ്. അഴിമതി   മാറ്റി നിർത്തിയാൽ  ജോലിക്ക്  ഉപയോഗിക്കുന്ന  വസ്തുക്കളുടെ  ഗുണനിലവാരം  ഉറപ്പാക്കണം.  മിശ്രിതം നിർദിഷ്ട  അനുപാതം നിലനിർത്തുന്നുന്നുണ്ടോ എന്ന ചോദ്യവും  പ്രസക്തമാണ്. കേരളത്തിന്റെ റോഡിന്റെ അവസ്ഥ നേരിട്ട് കാണണമെങ്കിൽ കാസർകോട് മുതൽ  രാജ്ഭവൻ വരെ ഒരു യാത്ര നടത്തണം. അതിനു  ദിവസങ്ങൾ തന്നെ വേണ്ടിവരും. തൽക്കാലം ഈ അന്വേഷണ യാത്ര മലപ്പുറം ജില്ലയിൽ മാത്രം ഒതുക്കി നിർത്തുകയാണ്. 
ഹോണ്ട ആക്ടീവ നേരെ ചെന്ന് നിർത്തിയത് ഒരു വിദേശ വിനോദ സഞ്ചാരിയുടെ അടുത്താണ്. മൂന്നാറിന് സമീപം നീലക്കുറിഞ്ഞി പരവതാനി കാണാൻ വന്ന അദ്ദേഹം ദേശാടന പക്ഷി കേന്ദ്രമായ കടലുണ്ടി കൂടി ലക്ഷ്യമിട്ടു വന്നതാണ്. അദ്ദേഹം പറയുന്നു-  കേരളം വിനോദ  സഞ്ചാരികളുടെ  താവളം  തന്നെയാണ്. ഇവിടെയുള്ള  റോഡുകൾ കൂടി  ഒന്ന് നന്നായിരുന്നെങ്കിൽ  എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത് നമ്മുടെ  റോഡിന്റെ  അവസ്ഥ  വിദേശികൾക്ക് പോലും  ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിന് തെളിവാണ്.  
പ്രളയം  മൂലം റോഡുകളുടെ  അറ്റകുറ്റപ്പണികൾക്ക്  കാലതാമസം  വന്നു. എന്നാൽ പിന്നീട്   നല്ല രീതിയിൽ നടക്കുന്നുണ്ടെന്നാണ് കേട്ടത്. അത് തന്നെ എത്ര  മാസം  നിലനിൽക്കുമെന്ന ചോദ്യത്തിന്  ഉത്തരം  ലഭിക്കാൻ   അടുത്ത  മഴക്കാലം  വരെ  നമുക്ക് കാത്തു നിൽക്കാം.