Sunday , May   26, 2019
Sunday , May   26, 2019

ചരിത്രത്തിന്റെ അവസാനം

ജനാധിപത്യത്തിന്റെ ആകർഷകത്വം കുറയാനിടയില്ല.  കണ്ണും പൂട്ടി പറയാം, ഈ യുഗം ജനയുഗം. ജനത്തിന്റെ ഇംഗിതത്തിലേക്ക് വളരാനാണ് ജനത്തെ കളിപ്പിക്കുന്നവരുടെയും കുളിപ്പിക്കുന്നവരുടെയും ശ്രമം.  ജനത്തിന്റെ അംഗീകാരമുണ്ടായാൽ ശുദ്ധീകരിക്കപ്പെടാത്തതായി ഒന്നുമില്ല. അങ്ങനെ അംഗീകാരം നേടാൻ കഴിയുന്നവരാവും നെവാദയിൽ മരിച്ചിട്ടും ജയിച്ച സ്ഥാനാർഥിയെപ്പോലുള്ളവർ.  അവർ ഇനിയും വാഴും, അവരിൽനിന്ന് ഒളിച്ചോടാനാവില്ല.

അമേരിക്കയിലെ നെവാദ വിട്ടുപോകാൻ എന്റെ മകന് പല കാരണങ്ങളും ഉണ്ടായിരുന്നു.  അത്ഭുതമെന്നു പറയട്ടെ, അവൻ പോലും അറിഞ്ഞുകാണില്ല ഒരു കാരണം. അതു തെളിഞ്ഞുവന്നത് സ്ഥലം വിടാൻ തീരുമാനിക്കുന്നതിനു മുമ്പായിരുന്നു.  ആ കാരണം ഉരുത്തിരിഞ്ഞത് എന്റെ വ്യാഖ്യാനത്തിൽനിന്നായിരുന്നു, അവന്റെ ആലോചനയിൽനിന്നല്ല.
നെവാദയിൽ ഈയിടെ തെരഞ്ഞെടുപ്പ് നടന്നു.  ലേഷ്യ റൊമനോവ് എന്ന സ്ത്രീ സ്ഥാനാർഥി തോറ്റു.  അവർ ജയിക്കുമെന്നായിരുന്നു പൊതുവെ കണക്കുകൂട്ടൽ. പക്ഷേ പരമ ദയനീയമായിപ്പോയി അവരുടെ തോൽവി. അതിനേക്കാൾ കഷ്ടമായ തോൽവി ചരിത്രത്തിലോ ഭൂമിശാസ്ത്രത്തിലോ ഉണ്ടാവില്ല. ജീവിച്ചിരിക്കുന്ന ആരോടുമല്ല അവർ തോറ്റത്.  ജയം വരുന്നതിനെത്രയോ മുമ്പ് തന്നെ വിജയി മരിച്ചിരുന്നു. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന പഴമൊഴി അങ്ങനെ പതിരായി മാറിയിരിക്കുന്നു. വാസ്തവത്തിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ സജീവമായിരുന്നു ആ 'ചത്ത' വിജയം.
നെവാദയിൽ റൊമനോവിനെ തോൽപിച്ച് ജയിച്ചത് ഡെന്നിസ് ഹോഫ് ആയിരുന്നു.  വേശ്യാലയം നടത്തുകയായിരുന്നു ഹോഫിന്റെ വരുമാന മാർഗം. 'ദല്ലാൾ' എന്നും ഒരു റിപ്പോർട്ടിൽ കക്ഷിയെ വിശേഷിപ്പിച്ചു കണ്ടു. തർക്കമില്ലാത്ത ഒരു വസ്തുത ഇങ്ങനെ: തെരഞ്ഞെടുക്കപ്പെടുമ്പോൾ വിജയി കാലം കൂടിയിരുന്നു.  മരിച്ച ഒരാളെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്ന ജനത്തിന്റെ നാട്ടിൽ ജനായത്ത ഭരണം പുലരുമെന്ന് ആരെങ്കിലും ആശിക്കുമോ? അന്നാട്ടിൽ കഴിയാതിരിക്കാൻ ഇനി വല്ല കാരണവും വേണോ?
രാഷ്ട്രീയ പരിണാമത്തിൽ ഏറ്റവും മികച്ചതെന്നു കണക്കാക്കപ്പെടുന്നതാണ് ജനാധിപത്യം. നാടുവാഴിത്തവും രാജഭരണവും പട്ടാളക്കോയ്മയും ഏകാധിപത്യവും സർവാധിപത്യവുമൊക്കെ കഴിഞ്ഞ് രൂപം കൊണ്ടതാണ് ജനകീയ ഭരണത്തിന്റെ മാർഗം. അതിനോളം അഭിലഷണീയമായിട്ടുള്ള ഭരണ രൂപം ഇല്ലെന്ന് ഒരു കൂട്ടം പണ്ഡിതന്മാർ വാദിക്കുന്നു. ചരിത്രം അതിൽ എത്തിനിൽക്കുന്നു എന്നു തോന്നിയതുകൊണ്ട് അതിനെ 'ചരിത്രത്തിന്റെ അവസാനം'  എന്ന പുസ്തകപ്പേരു കൊടുത്ത് ആഘോഷിച്ചു ഫ്രാൻസിസ് ഫ്യൂക്കുയാമ എന്ന ചിന്തകൻ. അര നൂറ്റാണ്ടു മുമ്പ് ആ പുസ്തകം ഇറങ്ങിയപ്പോൾ നമ്മുടെ സ്വന്തം ചിന്തകനായ ടൈംസ് ഓഫ് ഇന്ത്യ എഡിറ്റർ ശാം ലാൽ നിരൂപണമെഴുതി സമർഥിച്ചു, അങ്ങനെയൊന്നും അവസാനിക്കുന്നതല്ല ചരിത്രവും ഭരണക്രമത്തിന്റെ പരിണാമവും. 
തുടക്കം ആദിമ ഏതൻസിലാണെന്ന് വിശ്വസിക്കപ്പെടുന്നു.  എല്ലാ നന്മകളുടെയും തായ്‌വേര് ജംബു ദ്വീപത്തിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിക്കാണുന്നവർക്ക് ഇക്കാര്യത്തിൽ രക്ഷയില്ല. രാജാവും പ്രജയും എന്നതാണ് പൊതുവെ നിലപാട്. ജനക്ഷേമ തൽപരനായ രാജാവും വിശ്വസ്തരായ ജനങ്ങളുമായാൽ നമ്മൾ അന്തിമമായ ആദർശമായി കരുതുന്ന ഭരണ ബന്ധമായി.  ജനാഭിലാഷം നോക്കിയിരുന്നവരായിരുന്നു സീസറും മച്ചമ്പിമാരും. അയൽക്കാരനെ സ്‌നേഹിക്കാൻ പറഞ്ഞ മനുഷ്യനെ കുരിശേറ്റാൻ പോലും നാട്ടുകാരുടെ ഹിതം തേടുകയും കൈ കഴുകയും ചെയ്തയാളായിരുന്നു സീസറുടെ പ്രതിപുരുഷൻ. ഒരു സീസറുടെ മരണ ശേഷം വെസ്‌പേഷ്യൻ എന്ന സേനാപതി സീസറായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം വസ്ത്രം ധരിക്കുകയായിരുന്നു. 
 ഒരു കാലിൽ പാദരക്ഷ പിടിപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഭടന്റെ വരവ്, വെസ്‌പേഷ്യൻ സീസറായിരിക്കുന്നു എന്ന സന്ദേശവുമായി. അതോടെ മറ്റേ കാലിൽ പാദരക്ഷ കയറാതായി. ഒരു നിമിഷം കൊണ്ട് കാൽ വലുതായിരിക്കുന്നു. അതാണ് അധികാരത്തിന്റെ സ്വഭാവം, തടി കൂട്ടും. അധികാരം കൈവശം വരുന്ന ജനത്തിനു പോലും അങ്ങനെ സംഭവിക്കാം.
ചക്രവർത്തിമാർക്കു ജന്മം നൽകിയ ഏതൻസിൽ ജനഭരണം ഏറെ നാൾ നീണ്ടുനിന്നില്ല. ചോദ്യം ചോദിക്കാൻ ചെറുപ്പക്കാരെ ശീലിപ്പിച്ച ഗുരുവിനെ ജനം വിഷം കുടിപ്പിച്ചു കൊന്നതാണ് അവിടത്തെ പാരമ്പര്യം.   അദ്ദേഹത്തിന്റെ അരുമ ശിഷ്യൻ ജനാധിപത്യത്തിന്റെ വൈതാളികനായിരുന്നില്ല. 'വിവരമുള്ള ആൾ' വേണം രാജാവാകാൻ എന്ന് പ്ലാറ്റോ ശഠിച്ചു. 'ഫിലോസഫർ കിംഗ്' ആയിരുന്നു ഏറ്റവും നല്ല ഭരണവ്യവസ്ഥയുടെ ആധാരം അദ്ദേഹത്തിന്റെ സങ്കൽപത്തിൽ. ജനം ജനത്തിനു വേണ്ടി ജനത്തെ നേരിട്ടു ഭരിക്കുന്ന അഥീനിയൻ സമ്പ്രദായം പ്ലാറ്റോ പ്രോൽസാഹിപ്പിച്ചില്ല.  ഇടക്കു പറയട്ടെ, നാലര മിനിറ്റ് നീണ്ട ഒരു ചരമ പ്രസംഗത്തിൽ എബ്രഹാം ലിങ്കൺ പ്രയോഗിച്ചതാണ് ജനാധിപത്യത്തിന്റെ ആ നിർവചന വാക്യം. 
അതെഴുതിവെച്ചതോ, പ്രസംഗിക്കാൻ തന്റെ ഊഴം കാത്തിരിക്കേ ലിങ്കന്റെ കയ്യിൽ കിട്ടിയ ഒരു കീറക്കടലാസിനു പുറത്തും.
സ്വാതന്ത്ര്യവും ജനാധിപത്യവും വിലപ്പെട്ടതായത് പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷമായിരുന്നു.  'സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം' എന്നൊക്കെ കാവ്യമുദ്രാവാക്യം മുഴക്കാൻ പോലും കവിത്രയം വേണ്ടി വന്നു.  അതു വരെ സുൽത്താനോ പൊന്നു തമ്പുരാനോ 'ജനഗണ' പാടുന്നതായിരുന്നു ചട്ടം. അറിയില്ലേ, നമ്മുടെ പ്രിയപ്പെട്ട ദേശീയ ഗാനം പോലും രാജ്ഞിക്കു വേണ്ടി ആലപിച്ചതായിരുന്നു ആദ്യം എന്നു പല വിരുതന്മാരും പറഞ്ഞു പരത്തിയിരിക്കുന്നു.
'സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യ'ത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ നാലാം ശതകത്തിൽ പരക്കെ വെളിച്ചം വീഴാൻ തുടങ്ങി.  സ്വാതന്ത്ര്യവും സ്വയംഭരണവും സാമൂഹ്യാദർശങ്ങളായി. അതുവരെ പല പശ്ചിമ യൂറോപ്യൻ രാജ്യങ്ങളും ഭൂമി അടക്കിവാഴുകയായിരുന്നു.  പിന്നെ കൊളോണിയലിസത്തിന്റെയും ഭരണത്തിന്റെയും കൊത്തളങ്ങൾ ഇടിഞ്ഞു വീഴുകയായി. സ്വാതന്ത്ര്യം കിട്ടിയിട്ടും ജനഭരണം വേണമെന്നു ശഠിക്കാത്ത രാജ്യങ്ങൾ ഏറെ ഉണ്ടായിരുന്നു. പാകിസ്താനെപ്പോലുള്ള പ്രദേശങ്ങളിൽ നാടൻ പട്ടാളം താവളമുറപ്പിച്ചു.  അതിനെയും അവർ വിളിച്ചു ജനാധിപത്യം എന്ന്, ഒരു വിശേഷണത്തോടെ. തന്റെ ഭരണം 'നിയന്ത്രിത ജനാധിപത്യം' ആണെന്നായിരുന്നു ജനറൽ അയൂബ് ഖാന്റെ വാദവും വിശ്വാസവും. സുക്കാർണോ തന്റെ നാട്ടിൽ 'മൗലിക ജനാധിപത്യം' സ്ഥാപിച്ചു. ഒരിടക്ക് ആരോ പറഞ്ഞു കേട്ടു, ജനാധിപത്യം സോഷ്യലിസം പോലെയത്രേ, കണ്ടമാനം ഓരോരുത്തർ എടുത്തണിഞ്ഞിട്ട് അതിന്റെ ആകൃതി വികൃതമായിരിക്കുന്നു. 
വിപ്ലവം പൊട്ടിപ്പുറപെട്ട കിഴക്കൻ യൂറോപ്പിൽ പോലും ജനാധിപത്യം പ്രിയപ്പെട്ടതും ഒരു തരത്തിൽ അനിവാര്യവും ആയിരുന്നു.  സാമ്രാജ്യവാദികളും നാടുവാഴികളും കൊണ്ടാടുന്നതു പോലെയല്ല, ജനകീയമോ ദേശീയമോ ആകണം ജനാധിപത്യം എന്നായി കമ്യൂണിസ്റ്റ് വാദം.  അങ്ങനെ കമ്യൂണിസത്തിൽ തന്നെ കട്ടി കൂടിയ വിഭാഗം ജനകീയ ജനാധിപത്യം നിലവിൽ വരുത്തി, ഭാഷാപ്രയോഗത്തിലെങ്കിലും.  ജലീുഹല' െഉലാീരൃമര്യ. 
അങ്ങനെയുമുണ്ടോ ഒരു സർക്കസ്, ജനങ്ങളുടെ ജനാധിപത്യം എന്നു ചോദിച്ചുപോകരുത്. 
ബീജിംഗിലെ ടിയാനെന്മെൻ ചത്വരത്തിൽ പ്രതിഷേധികളെ ഒതുക്കാൻ യുദ്ധവാഹനങ്ങൾ ഓടിച്ചിറക്കിയപ്പോൾ നമ്മുടെ ഇ എം എസ് പറഞ്ഞു, പ്രതിവിപ്ലവം അമർച്ച ചെയ്യാനുള്ളതാണ് തോക്കും ടാങ്കും പോലീസും പട്ടാളവും.  അതാണ് ജനാധിപത്യത്തിന്റെ സ്വഭാവം. അവിടെ എന്തുമാവാം ജനങ്ങളുടെ പേരിൽ. ഇന്ത്യയിൽ 1975 ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും അത് ഏർപ്പെടുത്തിയവരെ 80 ൽ വീണ്ടും പരവതാനി പരത്തി വരവേറ്റതും ജനാധിപത്യത്തിന്റെ പേരിലായിരുന്നു.
കൂടുതൽ പേർക്ക് കൂടുതൽ മെച്ചപ്പെട്ടതെന്നു തോന്നുന്ന വിഭവം ഒരുക്കുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം എന്നു പറയാം.  തുറന്ന സമൂഹത്തിന്റെ ശത്രുക്കൾ എന്നു കാൾ പോപ്പർ വിളിച്ച ആളുകളും ജനാധിപത്യവാദികളിൽ കാണാം. കൂടുതൽ പേർക്ക് കൂടുതൽ ഹിതകരം എന്ത് എന്നു തീരുമാനിക്കുന്നതു തന്നെ ദുഷ്‌കരം.  സ്വന്തം ഹിതം സ്വയം നിശ്ചയിക്കാനുള്ള പ്രാവീണ്യം ജനസാമാന്യത്തിനില്ല എന്നു വാദിക്കുന്നവർ നന്നേ കുറവല്ല. പരമമായ നന്മ എന്തെന്നു നിശ്ചയിക്കാനുള്ള അവസരം ജനസാമാന്യത്തിനു വിട്ടുകൊടുത്താൽ, കലയും ശാസ്ത്രവും സംസ്‌കാരവും തരം താണു പോകുമത്രേ. അതുവഴി ഭാവുകത്വം സമീകരിക്കപ്പെട്ടുപോകുമെന്ന് ഒർടേഗ ഗാസേയെപ്പോലുള്ള ചിന്തകർ വിശ്വസിക്കുന്നു.  
എന്നാലും ജനാധിപത്യത്തിന്റെ ആകർഷകത്വം കുറയാനിടയില്ല.  കണ്ണും പൂട്ടി പറയാം, ഈ യുഗം ജനയുഗം. ജനത്തിന്റെ ഇംഗിതത്തിലേക്ക് വളരാനാണ് ജനത്തെ കളിപ്പിക്കുന്നവരുടെയും കുളിപ്പിക്കുന്നവരുടെയും ശ്രമം.  ജനത്തിന്റെ അംഗീകാരമുണ്ടായാൽ ശുദ്ധീകരിക്കപ്പെടാത്തതായി ഒന്നുമില്ല. അങ്ങനെ അംഗീകാരം നേടാൻ കഴിയുന്നവരാവും നെവാദയിൽ മരിച്ചിട്ടും ജയിച്ച സ്ഥാനാർഥിയെപ്പോലുള്ളവർ.  
അവർ ഇനിയും വാഴും, അവരിൽനിന്ന് ഒളിച്ചോടാനാവില്ല.