Sunday , November   18, 2018
Sunday , November   18, 2018

കലക്ഷനില്‍ റെക്കോര്‍ഡിട്ട്  തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ 

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ബോളിവുഡില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ആമിര്‍ ഖാന്‍ സിനിമകളാണ് കൂടുതലുളളത്. ആമിര്‍ ഖാന്റെ ദംഗല്‍ എന്ന ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ട ചിത്രമായിരുന്നു. ആമിര്‍ ഖാന്റെതായി റിലീസിനെത്തിയ പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം വമ്പന്‍ റിലിസായിട്ടായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. റിലീസ് ദിന കളക്ഷന്റെ കാര്യത്തില്‍ ചിത്രം റെക്കോര്‍ഡിട്ടിരിക്കുകയാണ്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആമിര്‍ ഖാനൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മുഖ്യവേഷത്തിലെത്തിയ ചിത്രമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് നവംബര്‍ ഏട്ടിനായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്. 1795ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഈ വര്‍ഷത്തെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനില്‍ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ വിജയ് ചിത്രം സര്‍ക്കാരിനെ പിന്നിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആദ്യദിനം 47.85 കോടിയായിരുന്നു നേടിയിരുന്നത്. അതേസമയം 52.25 കോടി നേടിയാണ് ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ മുന്നിലെത്തിയിരിക്കുന്നത്.