Sunday , November   18, 2018
Sunday , November   18, 2018

റെക്കോര്‍ഡ് ജനക്കൂട്ടം ഈ ഫൈനല്‍ വീക്ഷിക്കും

ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം പാദ ഫൈനല്‍ കാണാന്‍ റെക്കോര്‍ഡ് ജനക്കൂട്ടമെത്തും. ശനിയാഴ്ച ഇറാന്‍ ടീം പെര്‍സപോളിസ് ജപ്പാനിലെ കഷീമ ആന്റ്‌ലേഴ്‌സുമായി ഏറ്റുമുട്ടും. തെഹ്‌റാനിലെ ഭീമാകാരമായ ആസാദി സ്റ്റേഡിയത്തില്‍ ഒരു ഗോളിന് തോറ്റാലും കഷീമക്ക് കിരീടമുയര്‍ത്താം. ജപ്പാനിലെ ആദ്യ പാദ ഫൈനലില്‍ അവര്‍ 2-0 ന് ജയിച്ചിരുന്നു. എന്നാല്‍ എഴുപത്തെട്ടായിരം പേരെ ഉള്‍ക്കൊള്ളാനാവുന്ന ആസാദി സ്റ്റേഡിയം ഗാലറിക്കു മുന്നില്‍ ജയിക്കുക എളുപ്പമല്ല. മേഖലയിലെ ഏറ്റവും വലിയ കളിക്കളങ്ങളിലൊന്നാണ് ഇത്. കഷീമ എട്ടു തവണ ജപ്പാന്‍ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. എന്നാല്‍ കഷീമയും പെര്‍സപോളിസും ഇതുവരെ ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടില്ല.
ഒരാഴ്ച മുമ്പ് ജപ്പാനില്‍ നടന്ന ആദ്യ പാദ ഫൈനലില്‍ ഇടവേളക്കു ശേഷം ബ്രസീലുകാരായ ലിയൊ സില്‍വയും സെര്‍ജീഞ്ഞോയുമാണ് കഷീമക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. സെര്‍ജിഞ്ഞൊ അഞ്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ അഞ്ച് തവണ നിറയൊഴിച്ചു. 
ആസാദി സ്റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. അതിനാല്‍ കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡാവും ഈ ഫൈനല്‍. 2014 ല്‍ റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ അല്‍ഹിലാലും വെസ്റ്റേണ്‍ സിഡ്‌നി വാന്‍ഡറേഴ്‌സും തമ്മിലുള്ള കളി 63,763 പേര്‍ വീക്ഷിച്ചതാണ് നിലവിലെ റെക്കോര്‍ഡ്.