Sunday , April   21, 2019
Sunday , April   21, 2019

ജോക്കർമാരും രണ്ടാം ചിത്തിര തിരുനാളും

അഭിനയത്തിൽ ഏറ്റവും പ്രായസമേറിയ പണിയാണ് ഹാസ്യം അഥവാ ചിരിപ്പിക്കുക. പക്ഷേ, അതിത്ര അനായാസമായി അവതരിപ്പിക്കുന്നതിൽ ബി.ജെ.പി നേതാക്കളെ കടത്തിവെട്ടുന്നതിന് ലോക രാഷ്ട്രീയത്തിൽ ആരുമില്ല. സിനിമയിൽ പോൾമുനി, മർലൻ ബ്രാണ്ടോ, ശിവാജി ഗണേശൻ എന്നിവരൊക്കെ ലോക റാങ്കിംഗിൽ 'സീരിയസ്' കക്ഷികളായിരുന്നു. വല്ലപ്പോഴും അവരൊന്നു ചിരിപ്പിച്ചുവെന്നുവരും. സെറ്റിൽനിന്നു വീട്ടിലെത്തിയിട്ടാവും ബാക്കി ചിരി. എന്നാൽ ഒരു ചാനൽ മൈക്കോ, പത്രസമ്മേളനമോ ഒത്തുകിട്ടിയാൽ. ഭൂഗോളത്തിനകത്തുള്ള സർവ നടന്മാരെയും വെല്ലും രാജേട്ടനും ശ്രീധരൻ പിള്ള വക്കീലും. കഴിഞ്ഞ കൊല്ലം ഏതോ പാവം ചാനലുകാരൻ രാജേട്ടൻ ഫഌറ്റിൽ ശീർഷാസനത്തിൽ ധ്യാനിച്ചിരിക്കുമ്പോൾ ജോലിത്തിരക്കിനെയും പ്രായത്തെയും കുറിച്ച് ചോദിച്ചു. 
'ഒക്കെ ഒരു ശല്യമാണ്, സൈ്വരക്കേടാണ്' എന്നായിരുന്നു എൺപത്തിയാറു കഴിഞ്ഞ ഏട്ടന്റെ മറുപടി. കാര്യം ശരിയാണ്. ധ്യാനിച്ചോ യോഗാഭ്യാസം ചെയ്‌തോ കട്ടിലിൽ കിടക്കേണ്ട പ്രായത്തിൽ നേമം മണ്ഡലത്തിൽ ഓടിനടക്കുക എന്നത് ചില്ലറ പണിയൊന്നുമല്ല. അച്ചടക്കം അയലത്തു പോലും എത്തി നോക്കാത്ത കുറെ പരിവാറുകാരെ അവിടെ നിയന്ത്രിക്കുക എന്നു െവച്ചാൽ സർക്കസ് കമ്പനിയിൽ സിംഹക്കൂട്ടിലിറങ്ങിയ റിംഗ് മാസ്റ്ററുടെ കാര്യം പോലെയാണ്. ആയുസ്സ് കിടച്ചാൽ കിടച്ചു. അത്ര തന്നെ. പിള്ളേർ അങ്ങോരെ കൂക്കിവിളിച്ചു. 'ഡിഫി' എന്ന ഇടതൻമാരുടെ പിള്ളേർ ഫഌക്‌സ് ബോർഡ് വെച്ച് ഏട്ടന് ജോക്കർ തൊപ്പിയും വെച്ച് ആദരിച്ചു. ങേഹേ, ഏട്ടൻ കുലുങ്ങിയില്ല. പരിവാറുകാർക്ക് ഏട്ടന്റെ കോമാളി പ്രസ്താവനയോടുള്ള അമർഷം നിമിത്തം ഒറ്റ ഡിഫി ബോർഡ് പോലും കുത്തിക്കീറിയതുമില്ല.
എന്നാൽ ഏട്ടനെ വെല്ലും അനുജൻ ശ്രീധരൻ പിള്ള. അദ്ദേഹം അവസരം പാർത്തിരുന്ന് ശബരിമലയിൽ പിടിച്ചുകയറി. പാതിവഴിക്ക് കാൽ വഴുതി വീണു. നാക്ക് വഴുതിയതാണ് കാരണം. ഇന്ത്യ - പാക് അതിർത്തിയോട് തിരുവിതാംകൂറിലെ ഒരു മലയെ ഉപമിച്ചു. എന്നിട്ട് തന്ത്രി-മന്ത്രിമാരെ വെട്ടിലാക്കിയ പരിപാടികളെല്ലാം തങ്ങളുടെ കാര്യപരിപാടി ആയിരുന്നുവെന്ന് അനൗൺസ്‌മെന്റും നടത്തി. മറ്റു ബി.ജെ.പിക്കാർ ഞെട്ടി നിലത്തു വീണുപോയി. പ്രളയ കാലമായിരുന്നെങ്കിൽ നേതാക്കൾ മൊത്തം ഒലിച്ചുപോയേനേ. പത്തനംതിട്ടയിൽ പന്ത്രണ്ടു പേർ, കോഴിക്കോട്ട് 12 പേർ, കൊച്ചിയിൽ 14 പേർ തലസ്ഥാനത്ത് 15 പേർ എന്നീ കണക്കിലാണ് മനുഷ്യർ ബി.ജെ.പിയിൽ ചേരുന്നതെന്നാണ് വക്കീലിന്റെ അടുത്ത വീരവാദം. വെറുതെയല്ല, അവരുടെ പേരും ജന്മനാളും തുടങ്ങി സർവതും വെളിപ്പെടുത്തുന്നുമുണ്ട്. രണ്ടാഴ്ച മുമ്പ് പാർട്ടിയിൽ ചേർന്നവർ തന്നെ ഈ വാരത്തിൽ വീണ്ടും ചേരുന്നു. 'കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു, വരുവിൻ, ആനന്ദിപ്പിൻ' എന്ന സർക്കസ് കമ്പനിയുടെ പരസ്യം പോലെ. നമ്മൾ ആനന്ദം കൊണ്ട് മൂക്കത്തു വിരൽ വെച്ചു പോകും! രാജേട്ടൻ മുമ്പു തന്നെ എം.പിയായി ദില്ലിയിൽ സേവിച്ചിരുന്നതിനാൽ കൂടാരത്തിലെ രണ്ടാം വിദൂഷകന്റെ തൊപ്പിയേ വക്കീലിനു പ്രതീക്ഷിക്കാനുള്ളൂ!


****         ****                    **** 
1936 ലെ ഇതുപോലൊരു നവംബറിലായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. അതോടെയാണോ കമ്യൂണിസ്റ്റുകാർ യുക്തിവാദികളായതെന്ന് ഒരു കുനിഷ്ഠു ചോദ്യമുണ്ടാക്കാം. അല്ല, മാർക്‌സിസം അരച്ചു കലക്കി കുടിച്ചു കഴിഞ്ഞാൽ, അത് യുക്തിവാദത്തിന്റെ ദഹനക്കേടുണ്ടാക്കുക ചിലർക്ക് പ്രശ്‌നമാണ്. മാരകമൊന്നുമല്ല പക്ഷേ, ഇടയ്ക്കിടെ 'എക്കിളു'ണ്ടാകും. 'സ്ഥാനി'കളായ ചുവപ്പന്മാർക്കും അത് ഇഷ്ടപ്പെടാതെ പോകും. പുറത്തു പറയില്ല. വർഷങ്ങൾ കഴിഞ്ഞു നര മുഴുവൻ ബാധിച്ച ശേഷം ഡൈ പുരട്ടി കറുപ്പിച്ച് പൂർവകാലം ഓർത്തെടുക്കുമ്പോൾ ചിലർ പറയും, തങ്ങളും ഒരു മുടിക്കെട്ടേന്തി മല ചവിട്ടിക്കയറിയിട്ടുണ്ടെന്ന്. പക്ഷേ, പിണറായി സഖാവിന് അമേരിക്കൻ ചികിത്സ കഴിഞ്ഞു വന്നിട്ടും മാറ്റമൊന്നുമില്ല. അദ്ദേഹം വിശ്വാസിയല്ല, ആരെയും വിശ്വസിക്കുന്നുമില്ല, പ്രത്യേകിച്ച് സ്വന്തം പാർട്ടിയിലെ തെക്കന്മാരെ. എങ്കിലും, തലസ്ഥാനം തിരുവനന്തപുരത്തും ടി പട്ടണം തെക്കേയറ്റത്തുമായതിനാൽ 1936 ലെപ്പോലെ ഒരു ജനകീയ വിപ്ലവം നടത്തണമെന്ന് മോഹം. ചിത്തിര തിരുനാൾ മഹാരാജാവിനെപ്പോലെ ഒരു ക്ഷേത്രപ്രവേശന വിളംബരം നടത്തിയാൽ കാര്യം എളുപ്പം. ഗിന്നസ് ബുക്കിലും ഇന്ത്യൻ ചരിത്രത്തിലും ഏണി ചാരാതെ തന്നെ നടന്നുകയറാം. ഈണം നേരത്തെ നിശ്ചയിച്ചു, അതിനൊത്ത് പാട്ടെഴുതുന്നതു പോലെ ക്ഷേത്ര പ്രവേശനമെന്നും സ്ത്രീകളുടേതെന്നും പറഞ്ഞിട്ട് 'യുവതികളുടെ' എന്ന പ്രയോഗത്തിന് മൂന്നാം സ്ഥാനം നൽകിയായിരുന്നു തുടക്കം. ഭക്തജനങ്ങളേക്കാൾ പോലീസിനെ ഇറക്കുമതി ചെയ്താണ് രണ്ടോ മൂന്നോ വനിതകൾക്ക് പടി ചവിട്ടാൻ അവസരമുണ്ടാക്കിയത്. ചരിത്രത്തിലെ ഒരു മഹാസംഭവത്തിനു വേണ്ടി അയ്യായിരം പോലീസുകാരെ മഞ്ഞു കൊള്ളിക്കുന്നതിൽ തെറ്റൊന്നുമില്ല. 'ഒത്താൽ ഒരു മല, പോയാൽ ഒരു വാല്' എന്ന മൂഷികന്റെ ആർത്തിയും ത്യാഗവുമാണ് പിണറായി മനസ്സിൽ. ഒരു രണ്ടാം ചിത്തിര തിരുനാളായി അറിയപ്പെടാൻ കിട്ടുന്ന അവസരം എന്തിനു കളഞ്ഞുകുളിക്കണം?


****                          ****                    ****
ജന്മിത്വ കാലത്ത് അങ്ങുന്നും ഞാനും കൂടി അഞ്ഞൂറ്റിയൊന്നു രൂപ സംഭാവന എന്ന് ഒരു പ്രയോഗമുണ്ടായിരുന്നു. ഏതെങ്കിലും വിശേഷാൽ ചടങ്ങിന് പണം പിരിക്കാൻ (പിരിവ് ഒരു ചിരഞ്ജീവിയാണ്) ചെല്ലുന്നവരോട് കാര്യസ്ഥൻ ഒട്ടും കൂസലില്ലാതെ പ്രമാണി ചമഞ്ഞു. കൽപിക്കുന്നതാണ് മേപ്പടി വാചകം. കർണാടകയിൽ 4-1 നാണ് ഉപതെരഞ്ഞെടുപ്പിലെ കുമാരസ്വാമി ദളും കോൺഗ്രസും ചേർന്ന മിശ്രിതം തിളങ്ങിയത്. ഒരു ബെല്ലാരി സീറ്റ് നഷ്ടമായതല്ല ബി.ജെ.പിക്ക് കുണ്ഠിത കാരണം. നിലത്തു കിടന്നിരുന്ന പിള്ളേർ സഖ്യമുണ്ടാക്കി പണി പറ്റിച്ചു. ഇതിൽ ആരാണ് യജമാനനെന്നും ആരാണ് സേവകനെന്നും അറിയാൻ ഇനി ഒരു തെരഞ്ഞെടുപ്പു വരെ കാക്കണം. കുമാരസ്വാമി രാഹുലനെ നയിക്കുന്ന കാലം വരുമെന്ന് ഖദർവാലകളും നിനച്ചിരുന്നതല്ല.
****                          ****                      ****
എൽ.ഡി.എഫിൽ എൻ.സി.പി എന്നൊരു ഘടക കക്ഷിയുണ്ടത്രേ! മുന്നണി കൺവീനർമാർക്കു പോലും ആശയക്കുഴപ്പമുണ്ടാക്കുന്ന പേരുകളാണ് കക്ഷി ബാഹുല്യം നിമിത്തം പ്രശ്‌നമാകുന്നത്. എൻ.സി.പിയിൽ കീഴൂട്ടു വീട്ടിൽ രാമൻ പിള്ള മകൻ ബാലകൃഷ്ണപിള്ളയുടെ പാർട്ടി ലയിക്കാൻ പോകുന്നു. അച്ഛനും മകനും കുറച്ചു വാല്യക്കാരും ചേർന്ന് ഒരു 'ഗുഡ്‌സ് ഓട്ടോ'യിൽ കയറിച്ചെന്ന് ലയിക്കാനുള്ളതേയുള്ളൂ. 'ഗ്രഹണം കഴിഞ്ഞാലസ്തമയം' എന്ന സിനിമപ്പാട്ടു പോലെ ബാക്കി കാര്യങ്ങളാണ് ചിന്തനീയം. വേലിയിലിരുന്ന പാമ്പിനെ എടുത്തു മടിശ്ശീലയിൽ വെച്ച് വെന്നു പറഞ്ഞതു പോലെയകരുതെന്നേ പ്രാർഥനയുള്ളൂ. 
ഉമ്മൻ ചാണ്ടി സർക്കാർ പിള്ളയദ്ദേഹത്തിന് ഒരു ചെയർമാൻ സ്ഥാനം കൊടുത്തുതിന്റെ ഫലം ഇന്നും അനുഭവിക്കുകയാണ്. കാലിലെ 'എക്‌സിമ' രോഗം പോലെ. ബ്രൂവെറിയും ശബരിമലയും കഴിഞ്ഞ് ഇനി 'പിള്ള' കൂടി അരങ്ങേറിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാൻ എൽ.ഡി.എഫ് എന്തുകൊണ്ടു യോഗം ചേർന്നില്ല എന്നതു സംശയാസ്പദമാണ്.
സംഗതി ബാലൻസ് ചെയ്യിക്കാൻ  ഗൗരിയമ്മ കൂടി എത്തുമെന്ന ധാരണയിലാകാം. സഖാവ് ഗണേഷ് കുമാറിനെ വിരട്ടിയ ചരിത്രമുണ്ട്, പക്ഷേ, പിള്ളയോട് ഇടയുമെന്നു കരുതാൻ വയ്യ. അവർക്കു താൽപര്യമുള്ള ഏതു സമയത്തും അവർ സി.പി.എമ്മിലെത്തുമത്രേ! താൽപര്യം മാത്രം പോരാ. പ്രായത്തിന്റെ അസ്‌കിതയോ? ആലപ്പുഴയിൽനിന്ന് തലസ്ഥാനത്തെ എ.കെ.ജി സെന്ററിലേക്ക് കുറേയേറെ ദൂരമുണ്ട്. ഗൗരിയമ്മയേക്കാൾ വാർധക്യം ബാധിച്ച ജെ.എസ്.എസിനെ കൂട്ടിയല്ലേ പോകേണ്ടത്? പാർട്ടിക്കാണെങ്കിൽ വാതം ബാധിച്ച് വല്ലാത്ത അവസ്ഥയിലുമാണ്. ചലന രഹിതം!
*****             *****           *****
എം. മുകുന്ദന് സർക്കാർ വക എഴുത്തച്ഛൻ പുരസ്‌കാരം. നന്നായി. പതിവുപോലെ അർഹിക്കുന്ന കരങ്ങളിൽ തുക എത്തി. പകരം ഇനിയിപ്പോൾ പ്രഭാ വർമക്ക് ഒരു അവാർഡ് ഉണ്ടാകണമല്ലോ? അത് ഏതു ദിക്കിൽ നിന്നാണെന്ന് അഭ്യുദയകാംക്ഷികളും അസൂയാലുക്കളും ഒന്നുപോലെ കാതോർത്തിരിക്കുകയാണ്. സ്വസ്തി!


 

Latest News