Saturday , April   20, 2019
Saturday , April   20, 2019

പോലീസിന്റെ സാമൂഹ്യ വിരുദ്ധ മുഖം  

ഭരണകൂടത്തിന്റെ മുഖമാണ് പോലീസ്. ഭരിക്കുന്നവർക്ക് അതോർമ്മയില്ലെങ്കിൽ ഫലമെന്താകുമെന്ന് ആർക്കും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഏതായാലും തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരക്ക് സമീപം കൊടുങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടിൽ എസ്.സനലി (33) ന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുള്ള പോലീസ് ഓഫീസർ പോലീസിന്റെ സാമൂഹ്യ വിരുദ്ധ മുഖമാണ് അനാവരണം ചെയ്യുന്നത്.   പോലീസ് സർവീസിൽ ഇടതടവില്ലാതെ ശിക്ഷാ നടപടികൾ ഏറ്റുവാങ്ങിയയാളാണ് കേസിൽ ഒളിവിലുള്ള നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി.ഹരികുമാർ എന്ന പത്ര വാർത്ത വായിക്കുന്ന ഭരണകക്ഷിക്കാരടക്കം അവരുടെ സർക്കാറിനെതിരെ പല്ലിറുമ്മുകയാണിപ്പോൾ.   വെറുതെ വിടരുതവനെ എന്നവർ നവ മാധ്യമങ്ങളിലും ആണയിടുന്നുണ്ട്.   കള്ളനോടു പോലും കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന്റെ പേരിൽ നടപടി നേരിട്ട വ്യക്തിയെ പോലീസ് ഭരണത്തിന്റെ മുഖ്യ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ആരാണെന്ന ചോദ്യത്തിന് മുന്നിൽ പ്രതിയാകുന്നത് മുഖ്യ ഭരണകക്ഷിയും അവരുടെ നേതാക്കളുമാകുന്നത് കേരളത്തിന്റെ നിർഭാഗ്യം എന്നേ പറയാൻ കഴിയൂ. നിരവധി ഇന്റലിജൻസ് റിപ്പോർട്ടുകൾ ഹരികുമാറിനെതിരെ ഉണ്ടായിരുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അതൊക്കെ ഭരണകക്ഷി ബന്ധത്തിൽ തട്ടി ഒന്നുമല്ലാതായിപ്പോയി. ഇതുപോലുള്ള ഒന്നുരണ്ടു ബന്ധുക്കളുണ്ടെങ്കിൽ പിന്നെ ശത്രുക്കളധികം വേണ്ടിവരില്ല.  
രാഷ്ട്രീയ ശത്രുക്കൾക്കെതിരെ പ്രതികാര നടപടിയെടുപ്പിക്കാൻ പറ്റിയ പുത്തനച്ചിയാണെന്ന് മനസ്സിലായതോടെയാണ് ഇദ്ദേഹത്തെ ഭരണകക്ഷി   നേതാക്കൾ പിന്തുണ നൽകി സംരക്ഷിച്ചതെന്നാണിപ്പോൾ പുറത്ത് വരുന്ന വിവരം.  പരമ ദയനീയമായത് സനലിന്റെ  പറക്കമുറ്റാത്ത രണ്ട് മക്കളുടെ അനാഥത്വവും ആ കുടുംബത്തിന്റെ ദയനീയതയുമാണ്. ദീപാവലിക്ക് വാങ്ങിയ കമ്പിത്തിരിയും പൊട്ടാസുമൊക്കെ തീർന്നു പോയെന്ന് കുഞ്ഞുമക്കൾ ചിണുങ്ങിയപ്പോൾ  അത് വാങ്ങാൻ അങ്ങാടിയിൽ പോയ അച്ഛൻ ഇതാ.. ഇപ്പോഴിങ്ങെത്തും എന്ന് വഴിക്കണ്ണുമായിരിക്കുന്ന  ആൽവിൻ എന്ന അബിക്കും (മൂന്നര വയസ്സ്) ആലൻ എന്ന എബി (രണ്ടര വയസ് ) നുമറിയില്ല അവരുടെ പൊന്നച്ഛൻ ഇനിയൊരിക്കലും വരില്ലെന്ന്. അവരുടെ അച്ഛനെ ഇല്ലാതാക്കിയവരുമായി ബന്ധമുള്ളവരോടും ഭരണ സംവിധാനത്തോടും ഒരു കോടി പുഛം മാത്രമേ ഏത് നല്ല മനസ്സുകൾക്കുമുണ്ടാകൂ. ഇത്തരം ഉദ്യോഗസ്ഥർ സഹായിക്കാൻ ചെല്ലുമ്പോൾ, നിങ്ങളുടെ സഹായം ഞങ്ങൾക്ക് വേണ്ടെന്ന് പറയാൻ  ഭരിക്കുന്ന  പാർട്ടിക്ക് ആർജവം വേണമായിരുന്നു. കാര്യ സാധ്യ ലക്ഷ്യത്തോടെ അടുത്തു കൂടുന്നവരെ തിരിച്ചറിയാൻ സി.പി.എമ്മിന് കഴിയേണ്ടതായിരുന്നു. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ  ഇദ്ദേഹവുമായി സഹകരിച്ചുള്ള പോലീസ് പണികൾ നടത്തുന്ന ജില്ലാ നേതാക്കളെ അരുതെന്ന് പറഞ്ഞ് മാറ്റണമായിരുന്നു. അതുണ്ടായില്ലെന്ന പത്ര വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്. കെ.കരുണാകരനായിരുന്നു കേരളത്തിൽ പോലീസിനെ ഉപയോഗിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന മുഖ്യമന്ത്രി. അതിന്റെ ഫലം അദ്ദേഹം അനുഭവിച്ചത് കേരളം കണ്ടതാണ്.  അദ്ദേഹത്തിന്റെ കാലത്തുള്ളതിനേക്കാൾ കൂടുതൽ പോലീസ് ക്രിമിനലുകൾ ഇന്ന് സേനയിലുണ്ടെന്ന്  എല്ലാവർക്കും ഓർമ്മ വേണം.  അത്തരം ആളുകളെ കൂടെ നിർത്തിയുള്ള ഭരണം ലക്ഷണമൊത്ത സാമൂഹ്യ വിരുദ്ധ പ്രവർത്തനമായിപ്പോകും.  
ക്രിമിനൽ മനോഭാവമുള്ള ഉദ്യോഗസ്ഥർ ഏത് മേഖലയിലായാലും അധികാരവുമായി അടുക്കാൻ ശ്രമിക്കും. വളയുമെന്ന് കണ്ടാൽ ഓടിക്കയറും. പിന്നെ ഇറക്കി വിടുക അസാധ്യമായിരിക്കും. ബ്ലാക്ക് മെയിലിംഗിനുള്ള സാധ്യതകളും  അടുപ്പത്തിന്റെ ആദ്യനാളുകളിൽ തന്നെ ഇത്തരം കുബുദ്ധികളായ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിന്റെ ആദ്യ നാളുകളിൽ ഭരണത്തിൽ ഇടപെടുന്ന അവതാരങ്ങളെപ്പറ്റി  നൽകിയ മുന്നറിയിപ്പ് സെക്രട്ടറിയേറ്റിന്  മാത്രമല്ല ബാധകം. സെക്രട്ടറിയേറ്റിന് പുറത്തേക്കും തരം പോലെ അത് വ്യാപിക്കും. മരിച്ച സനലിന്റെ കാർ കണ്ടപ്പോൾ 'ആരെടാ ഇവിടെ കാർ കൊണ്ടിട്ടത്' എന്നാക്രോശിക്കാൻ ആ പോലീസ് ഓഫീസർക്ക് ധൈര്യം നൽകിയത് അധികാരം കൈയിലുള്ളവർ കൂടെയുണ്ടെന്ന  അഹങ്കാരമായിരിക്കും.    എല്ലാ സർക്കാറിന്റെ കാലത്തും ഇതുപോലെ അധികാരത്തിന്റെ അരികു പറ്റി അമിതാധികാരം കാണിക്കുന്ന ഉദ്യോഗസ്ഥരും അല്ലാത്തവരുമുണ്ടാകും. അവരാണ് അപ്പറഞ്ഞ അവതാരങ്ങളും വലിയ അപകടകാരികളും.   അവരുടെ കൈകളിലേക്ക് ഭരണം എറിഞ്ഞു കൊടുക്കാനാണെങ്കിൽ പിന്നെ ജനാധിപത്യ സംവിധാനത്തിന്റെ തന്നെ പ്രസക്തി ഇല്ലാതാകും. ഇതൊക്കെ കണ്ടെത്തി ഫലപ്രദമായി ഇടപെടുന്നതിനെയാണ് സൽഭരണം എന്ന് പറയുന്നത്. അല്ലാത്തതൊക്കെ സെൽ ഭരണമാണ്.  സെൽ ഭരണത്തിന്റെ അനന്തര ഫലം സി.പി.എമ്മിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. 

Latest News