Monday , November   12, 2018
Monday , November   12, 2018

നിലമ്പൂർ ബൈപാസ്: തടസ്സങ്ങൾ നീക്കാൻ സംയുക്ത പരിശോധന നടത്തി 

നിലമ്പൂരിലെ നിർദിഷ്ട ബൈപാസിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ സംയുക്ത പരിശോധന നടത്തുന്നു.

നിലമ്പൂർ-നിലമ്പൂരിലെ നിർദിഷ്ട ബൈപാസിന്റെ നിർമാണത്തിനു തടസ്സമായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ സംയുക്ത പരിശോധന നടത്തി. റവന്യൂ, ലാന്റ് അക്വിസിഷൻ, പൊതുമരാമത്ത്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ വിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
നിർദിഷ്ട ബൈപാസിനു സമീപം കടന്നുപോകുന്ന 66 കിലോവാട്ട് ഇലക്ട്രിക്കൽ ടവർ ലൈൻ 110 കിലോവാട്ടായി ഉയർത്തുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനു കൂടിയാണ് പരിശോധന നടത്തിയത്. ബൈപ്പാസിന്റെ നിർദിഷ്ട ഘടന മാറ്റാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ഇലക്ട്രിക് ലൈൻ കൊണ്ടുപോകാൻ ധാരണയായി. പ്രവൃത്തിയുടെ അധികച്ചെലവ് കണ്ടെത്തുന്നതിനായി സർക്കാറിനെ സമീപിക്കും. ബന്ധപ്പെട്ട വകുപ്പുകൾ കലക്ടർക്ക് പ്രത്യേകമായി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ സ്ഥലമുടമകൾക്കു  നഷ്ടപരിഹാരം വിതരണം ചെയ്തു സ്ഥലമേറ്റേടുത്ത് ബൈപാസ് നിർമാണ നടപടികൾ പൂർത്തിയാക്കും. 30 മീറ്റർ വീതിയിലാണ് ബൈപാസ് നിർമിക്കുന്നത്. 10 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 4.3 കിലോമീറ്റർ നീളത്തിലാണ് നിലമ്പൂർ ബൈപാസ് റോഡ് നിർമിക്കുന്നത്. 960 മീറ്ററിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. ലാന്റ് അക്വിസിഷൻ തഹസിൽദാർ ബി.എസ്. സുബോധ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.ശബരീനാഥൻ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷൈല, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ഹരീഷ്, അസിസ്റ്റന്റ് എൻജിനീയർ പി.സി. പ്രിൻസ് ബാലൻ, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ അബ്ദുൾ സലാം, രാജീവ്, അസിസ്റ്റന്റ് എസ്‌കിക്യൂട്ടീവ് എൻജീനീയർമാരായ ഉണ്ണികൃഷ്ണൻ, പി.വി. പ്രമോദ്, എ.ഇ  ആർ.ജ്യോതികുമാർ, എസ്.ഇ. അജിത് കുമാർ, നഗരസഭ കൗൺസിലർ പി.ഗോപാലകൃഷ്ണൻ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Latest News