Monday , November   12, 2018
Monday , November   12, 2018

കോഹ്‌ലിയുടെ നിര്‍ദേശം ഐ.പി.എല്‍ ഉടമകള്‍ തള്ളി

ലോകകപ്പിനായി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ പെയ്‌സ്ബൗളര്‍മാര്‍ക്ക് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ അടുത്ത വര്‍ഷം വിശ്രമം നല്‍കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സുമായുള്ള യോഗത്തിലാണ് കോഹ്‌ലി ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ ഫ്രാഞ്ചൈസികള്‍ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തില്ല. ജസ്പ്രീത് ബുംറയെയും ഭുവനേശ്വര്‍കുമാറിനെയും അടുത്ത ഐ.പി.എല്‍ സീസണില്‍ മുഴുവന്‍ മാറ്റിനിര്‍ത്തണമെന്നാണ് കോഹ്‌ലിയുടെ നിര്‍ദേശം. ഫ്രാഞ്ചൈസി ഉടമകള്‍ ഇക്കാര്യം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ബോര്‍ഡ് ഭാരവാഹികള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. 
അടുത്ത വര്‍ഷം മാര്‍ച്ച് 29 നാണ് ഐ.പി.എല്‍ ആരംഭിക്കുക. മെയ് 19 ന് അവസാനിക്കും. അതിന് 15 ദിവസം കഴിഞ്ഞാണ് ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുക, ജൂണ്‍ അഞ്ചിന്.
യോഗത്തില്‍ സന്നിഹിതനായിരുന്ന രോഹിത് ശര്‍മ പോലും കോഹ്‌ലിയുടെ അഭിപ്രായത്തോട് യോജിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലെത്തുകയും ബുംറക്ക് ഫിറ്റ്‌നസോടെ ലഭ്യമാവുകയുമാണെങ്കില്‍ ബൗളറെ പുറത്തിരുത്താനാവില്ലെന്ന് രോഹിത് വ്യക്തമാക്കി. 
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ.പി.എല്‍ ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ടീം സപ്പോര്‍ട് സ്റ്റാഫും ബൗളര്‍മാരുടെ ഭാരം കുറക്കുന്നതില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു ബി.സി.സി.ഐ ഭാരവാഹി വ്യക്തമാക്കി. ഈ വര്‍ഷവും അത് തുടരുമെന്നും എന്നാല്‍ ഒരു കളിക്കാരനെയും പൂര്‍ണമായി മാറ്റിനിര്‍ത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വര്‍കുമാര്‍, ബുംറ എന്നിവര്‍ മാത്രമാണ് ഐ.പി.എല്‍ ടീമുകളില്‍ ഫസ്റ്റ് ഇലവന്‍ കളിക്കാര്‍. മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ് എന്നിവരൊന്നും സ്ഥിരമായി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടാറില്ല. ഭുവനേശ്വറിനെയും ബുംറയെയും ഐ.പി.എല്ലില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന കോഹ്‌ലിയുടെ നിര്‍ദേശം രണ്ട് കളിക്കാര്‍ക്കും ലോകകപ്പിന് മുമ്പ് മത്സരപരിശീലനം നിഷേധിക്കലാവുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

Latest News