Monday , November   12, 2018
Monday , November   12, 2018

ശ്രീജേഷിനു പകരം  മന്‍പ്രീത് ഇന്ത്യയെ നയിക്കും

ഒഡീഷയിലെ ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ ഈ മാസം 28 ന് ആരംഭിക്കുന്ന ലോകകപ്പ് ഹോക്കിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമില്‍ രൂപീന്ദര്‍പാല്‍ സിംഗിനും എസ്.വി സുനിലിനും സ്ഥാനം ലഭിച്ചില്ല. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിനു പകരം മന്‍പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുക. ചിന്‍ഗ്ലന്‍സാന സിംഗ് ഖാംഗ്ജൂമായിരിക്കും വൈസ് ക്യാപ്റ്റന്‍. ഗോള്‍കീപ്പറായി ശ്രീജേഷിനൊപ്പം കൃഷ്ണബഹദൂര്‍ പഥക്കും ടീമിലുണ്ട്. 
ഉദ്ഘാടന ദിനം ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിക്കു കാരണം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിട്ടുനിന്ന പരിചയസമ്പന്നനായ ബിരേന്ദ്ര ലാക്ര പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കും. അമിത് രോഹിദാസ്, സുരേന്ദര്‍ കുമാര്‍, കോതാജിത് സിംഗ്, 2016 ലെ ജൂനിയര്‍ ലോകകപ്പ് ജയിച്ച ടീമിലെ ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍കുമാര്‍ എന്നിവരും പ്രതിരോധ നിരയിലുണ്ട്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മധ്യനിരയിലാണ്. യുവതാരങ്ങളായ സുമിത്, നീലകാന്ത ശര്‍മ, ജൂനിയര്‍ ലോകകപ്പ് ടീമംഗം ഹാര്‍ദിക് സിംഗ് എന്നിവരും മധ്യനിരയിലുണ്ടാവും. പരിചയസമ്പന്നരായ ആകാശ്ദീപ് സിംഗ്, ദില്‍പ്രീത് സിംഗ്, ലളിത് ഉപാധ്യായ, ജൂനിയര്‍ ലോകകപ്പ് താരങ്ങളായ മന്‍ദീപ് സിംഗ്, സിംരഞ്ജീത് സിംഗ് എന്നിവര്‍ ആക്രമണം നയിക്കും. 
ലോക മൂന്നാം നമ്പര്‍ ബെല്‍ജിയം, കാനഡ എന്നിവയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഒന്നാം സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. 

 

Latest News