Monday , November   12, 2018
Monday , November   12, 2018

യുഎസ് മദ്യശാലയില്‍ വെടിവെപ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ- അമേരിക്കയിലെ ലോസ് ആഞ്ചലസിനടുത്ത തൗസന്‍ഡ് ഓക്‌സില്‍ ഒരു ഡാന്‍സ് ബാറില്‍ അക്രമി നടത്തിയ കൂട്ടവെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. വാരാന്ത്യ കോളെജ് നൈറ്റ് പരിപാടിക്കിടെയാണ് മദ്യശാലയ്ക്കകത്തുണ്ടായിരുന്ന അക്രമി ആഘോഷിക്കാനെത്തിയ ആള്‍ക്കൂട്ടത്തിനു നേര്‍ക്ക് നിറയൊഴിച്ചത്. ഈ സമയം ബാറിലുണ്ടായിരുന്നവരില്‍ മിക്കവരും വിദ്യാര്‍ത്ഥികളായിരുന്നു. അടിയന്തിര സഹായം തേടിയുള്ള വിളി ലഭിച്ച് പോലീസ് എത്തിയപ്പോഴേക്കും വെടിവയ്പ്പ് അവസാനിച്ചിരുന്നു. അക്രമിയും മരിച്ചു കിടക്കുന്നതായി കണ്ടെത്തി. അതേസമയം അക്രമി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. 

ഭീതിയിലായ നിരവധി പേര്‍ രക്ഷതേടി നാലു പാടും ഓടി. പലരും ബാറിലെ സ്റ്റൂളെടുത്ത് ചില്ലു ജാലകങ്ങള്‍ തകര്‍ത്താണ് പുറത്തേക്കോടിയതെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 11 പേരാണ് ആക്രമിയുടെ വെടിവയ്പ്പില്‍ മരിച്ചത്. തോക്കുധാരിയായ അക്രമിയും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മേഖലയിലെ ക്രമസമാധാന ചുമതലയുള്ള ഷെറിഫ് (പ്രാദേശിക ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍) ജഫ് ഡീന്‍ പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച് തലമറിച്ച് ഉയരമുള്ളയാണാണ് വെടിവെപ്പ് നടത്തിയത്. ആദ്യം വാതില്‍ക്കല്‍ നിന്ന ഓരാളെ വെടിവച്ചിട്ട അക്രമി പിന്നീട് ഡാന്‍സ് ബാര്‍ ഹാളിലേക്ക് നിരത്തി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടടുത്ത സമയത്താണ് തൗസന്‍ഡ് ഓക്‌സിലെ ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്റ് ഗ്രില്‍ മദ്യശാലയില്‍ ആക്രമണം ഉണ്ടായത്. ബാറിനു സമീപം പല കോളെജുകളും ഉണ്ട്. ബുധനാഴ്ച രാത്രികളില്‍ ഇവിടെ വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കാനെത്തുക പതിവാണ്. 

Latest News