Monday , November   12, 2018
Monday , November   12, 2018

90 മിനിറ്റ് സഹിച്ചു, പിന്നെ പ്രതികരിച്ചു;   മൗറിഞ്ഞോക്ക് സംരക്ഷണം

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ 90 മിനിറ്റും കാണികളുടെ പരിഹാസം സഹിച്ച ശേഷം പ്രതികരിച്ച ജോസെ മൗറിഞ്ഞോയെ ഇറ്റലിയിലെ ടൂറിനിലെ മത്സരത്തിനു ശേഷം പുറത്തു കൊണ്ടുപോയത് ഒഫിഷ്യലുകളുടെ സംരക്ഷണത്തോടെ. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ യുവന്റസിനെ അവസാന വേളയിലെ ഇരട്ട ഗോളില്‍ നാടകീയമായി യുനൈറ്റഡ് 2-1 ന് ഞെട്ടിച്ചിരുന്നു. ടീം ജയിച്ച ശേഷം ചെവിയില്‍ കൈ വെച്ച് കാതോര്‍ക്കുന്നതു പോലെ കാണിച്ചാണ് മൗറിഞ്ഞൊ കാണികളെ ഇളക്കിവിട്ടത്. ഇത് യുവന്റസ് കളിക്കാരെയും പ്രകോപിപ്പിച്ചു. തന്നെയും കുടുംബത്തെയും നിരന്തരം അപഹസിച്ചവര്‍ക്കുള്ള യുക്തമായ മറുപടിയാണ് അതെന്നും എന്നാല്‍ ആ രീതി ആവര്‍ത്തിക്കില്ലെന്നും മൗറിഞ്ഞൊ പറഞ്ഞു. യുവന്റസിന്റെ ബദ്ധവൈരികളായ ഇന്റര്‍ മിലാനെ മൂന്നു വര്‍ഷം പരിശീലിപ്പിച്ച മൗറിഞ്ഞോ യുവന്റസ് ആരാധകര്‍ക്ക് അപ്രിയനാണ്. മത്സര ശേഷം യുവന്റസ് ഡിഫന്റര്‍ ലിയനാഡൊ ബോനൂചി എതിര്‍ കോച്ചിനു നേരെ രോഷത്തോടെ കുതിച്ചു. ഈ സീസണില്‍ യുവന്റസിന്റെ ആദ്യ പരാജയമാണ് ഇത്.
യുനൈറ്റഡിന് ഏറ്റവും നിര്‍ണായകമായ വിജയമാണ് ടൂറിനില്‍ ലഭിച്ചത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പരുങ്ങുന്ന ടീമിന് യൂറോപ്പില്‍ മുന്നേറാനുള്ള വഴിയാണ് തുറന്നു കിട്ടിയത്. ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഗോളിലൂടെ യുവന്റസ് അറുപത്തഞ്ചാം മിനിറ്റില്‍ ലീഡ് നേടിയതായിരുന്നു. എന്നാല്‍ കളി തീരാന്‍ നാല് മിനിറ്റുള്ളപ്പോള്‍ ഫ്രീകിക്കില്‍ നിന്ന് യുവാന്‍ മാറ്റ സമനില ഗോളടിച്ചു. അവസാന മിനിറ്റില്‍ അലക്‌സ് സാന്ദ്രൊ സെല്‍ഫ് ഗോളിലൂടെ എതിരാളികള്‍ക്ക് വിജയം സമ്മാനിച്ചു. നിരവധി അവസരങ്ങള്‍ യുവന്റസ് പാഴാക്കി. രണ്ട് ഷോട്ടുകള്‍ പോസ്റ്റിനിടിച്ചു മടങ്ങി.
തോറ്റെങ്കിലും ഗ്രൂപ്പ് എച്ചില്‍ യുവന്റസ് തന്നെയാണ് മുന്നില്‍. രണ്ട് പോയന്റ് പിന്നിലാണ് യുനൈറ്റഡ്. യംഗ് ബോയ്‌സിനെ 3-1 ന് തകര്‍ത്ത വലന്‍സിയ അതിനും രണ്ട് പോയന്റ് പിന്നിലാണ്. 

Latest News