Monday , November   12, 2018
Monday , November   12, 2018

ഇതെന്താ മമ്മിയോ? ഈജിപ്തില്‍ പരിഹാസമായി സലാഹ് പ്രതിമ

ഈജിപ്തിന്റെയും ലിവര്‍പൂളിന്റെയും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹിന്റെ പ്രതിമ ഈജിപ്തിലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴക്ക് കാരണമായി. ഏതാനും മാസം മുമ്പ് പോര്‍ചുഗലില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പ്രതിമക്ക് സംഭവിച്ച അതേ ദുരന്തമാണ് സലാഹിനും നേരിട്ടത്. 
ഈജിപ്തിലെ സുഖവാസ കേന്ദ്രമായ ശറമുശെയ്ഖില്‍ വലിയ ആഘോഷത്തോടെയാണ് കഴിഞ്ഞ ദിവസം പ്രതിമ അനാഛാദനം ചെയ്യപ്പെട്ടത്. ലോക യൂത്ത് ഫോറത്തോടനുബന്ധിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സിസിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സലാഹിന്റെ ജനപ്രിയമായ ഗോളാഘോഷമായിരുന്നു പ്രതിമയില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആഫ്രിക്കന്‍ ഹെയര്‍ സ്റ്റൈലും തള്ളിനില്‍ക്കുന്ന വലിയ ചെവിയുമൊക്കെയായി വികൃതമായ രൂപമാണ് പ്രതിമക്ക്. ചെറിയ ശരീരത്തില്‍ നിന്ന് പുറത്തേക്ക് വളരുന്നതു പോലെയായിരുന്നു വലിയ കൈകള്‍. തലക്കും ആവശ്യത്തിലേറെ വലുപ്പമാണ്.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പ്രതിമയെ കവച്ചുവെക്കാനാവില്ലെന്നാണ് കരുതിയത്, വരൂ സലാഹിന്റെ പ്രതിമ കാണൂ- ട്വിറ്ററില്‍ പലരും പരിഹസിച്ചു. ഇതെന്താ ഈജിപ്ഷ്യന്‍ മമ്മിയോ എന്ന് മറ്റു ചിലര്‍ ചോദിച്ചു. പ്രതിമ രൂപകല്‍പന ചെയ്തത് വനിതാ ശില്‍പി മായ് അബ്ദല്ലയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടാണ് പ്രതിമ നിര്‍മിച്ചതെന്നും എന്നാല്‍ തന്നെ അറിയിക്കാതെ അധികൃതര്‍ അതിനു മേല്‍ വെങ്കലം ഉരുക്കി ഒഴിച്ചുവെന്നും അവര്‍ പറഞ്ഞു. ഇത് പൊതുപ്രദര്‍ശനത്തിനായി നിര്‍മിച്ചതല്ല. വിദ്യാര്‍ഥികളെ ശില്‍പനിര്‍മാണം പഠിപ്പിക്കാനുള്ളതായിരുന്നു. താന്‍ നിര്‍മിച്ച ഈജിപ്തിലെ മറ്റു പ്രമുഖരുടെ ശില്‍പങ്ങളുടെ ചിത്രങ്ങള്‍ തന്റെ കഴിവ് തെളിയിക്കാനായി അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 
 

Latest News