Wednesday , March   20, 2019
Wednesday , March   20, 2019

അക്കാദമിക്  ഫാസിസത്തിന്റെ  കാലൊച്ച 

ദളിത് ആക്ടിവിസ്റ്റും ചിന്തകനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങൾ എം എ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് നീക്കാൻ ദൽഹി സർവകലാശാല തീരുമാനിച്ചിരിക്കുകയാണ്. നവംബർ പതിനഞ്ചിന് ചേരുന്ന അക്കാദമിക് കൗൺസിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഐലയ്യയുടെ പുസ്തകങ്ങൾ ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്നും വിദ്യാർഥികൾക്ക് വായിക്കാൻ പറ്റിയതല്ലെന്നും അക്കാദമിക് സമിതി അംഗം പ്രൊഫ. ഹൻസ് രാജ് സുമൻ പറയുന്നു.
 ഞാനെന്തുകൊണ്ട് ഹിന്ദുവല്ല, ബഫല്ലോ നാഷണലിസം, പോസ്റ്റ് ഹിന്ദു ഇന്ത്യ എന്നീ പുസ്തകങ്ങളാണ് സിലബസിൽ നിന്ന് നീക്കാൻ തീരുമാനിച്ചത്. ദളിത് എന്ന വാക്ക് അക്കാദമിക് രംഗത്ത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അധഃസ്ഥിത വിഭാഗത്തെ സൂചിപ്പിക്കാനായി 'ദളിതി'നുപകരം ഷെഡ്യൂൾഡ് കാസ്റ്റ് എന്ന് ഉപയോഗിക്കണമെന്നാണ് പുതിയ നിർദേശം.
അക്കാദമിക രംഗത്തെ സംഘപരിവാർ കടന്നുകയറ്റത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. ബിജെപി വലതുപക്ഷ ഭരണത്തിൽ ഭരണപക്ഷ വ്യവഹാരത്തിലെ ബഹുസ്വരത തകർക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കാഞ്ച താൻ ജാതീയതയ്‌ക്കോ അസമത്വത്തിനോ എതിരെ സംസാരിക്കുമ്പോൾ അത് മതവിരുദ്ധമാകുന്നതെങ്ങനെയാണെന്ന് ചോദിക്കുന്നു.
മനുഷ്യരെ ജനനത്തിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളാക്കി തിരിക്കുന്ന കിരാതമായ സാമൂഹിക വിധേയത്വത്തിന്റെ ആശയസ്രോതസ്സായ മനുസ്മൃതിയാണ് ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥം. 
ദളിതരും ന്യൂനപക്ഷ മതവിഭാഗങ്ങളും സംഘ്പരിവാറിന് അഭിശപ്തരാവുകയും രാജ്യത്ത് ന്യൂനപക്ഷ ദളിത് കൊലപാതകങ്ങൾ തുടർക്കഥയാവുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ചാതുർവർണ്യ വ്യവസ്ഥയ്ക്ക് അപ്പുറത്തുള്ള മനുഷ്യനെന്ന പ്രാഥമിക പരിഗണന പോലും കൊതിക്കാൻ അർഹതയില്ലാത്ത, അരികുവൽക്കരിക്കപ്പെട്ട ദളിത് ജനതയുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമയുർത്തുന്ന കീഴാള ചിന്തകൻ സംഘ്പരിവാറിന്റെ കണ്ണിലെ കരടായി മാറിയതിൽ അത്ഭുതപ്പെടാനില്ല.
ബ്രാഹ്മണരെ സാമൂഹിക മേധാവികളായി പ്രഖ്യാപിക്കുന്ന ഹൈന്ദവതയ്ക്കുള്ള മറുപടിയാണ് 'എന്തുകൊണ്ട് ഞാൻ ഹിന്ദുവല്ല' എന്ന ഐലയ്യയുടെ ബെസ്റ്റ് സെല്ലർ കൃതി. ബ്രാഹ്മണരെ മഹത്വവൽക്കരിക്കുന്ന അഹംബ്രഹ്മാസ്മി എന്ന വേദ സിദ്ധാന്തത്തെ അദ്ദേഹം ചോദ്യം ചെയ്തു. 
ബ്രാഹ്മണർക്ക് പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലെന്നും ദേഹത്ത് ചെളിയാവുന്നത് ഇഷ്ടമില്ലാത്തവരാണ് അവരെന്നും തെളിയിക്കുന്ന ഐലയ്യ ബുദ്ധമതത്തിന്റെ വ്യാപനത്തിന് തടയിടാനാണവർ സസ്യാഹാരികളായതെന്നും പറയുന്നു. വ്യത്യസ്തമായ ആശയങ്ങളെ കുറിച്ച് പഠിക്കാൻ ഒരു വിദ്യാർഥിയുടെ മനസ്സ് പാകപ്പെടുത്തുകയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിലബസാണ് സർവകലാശാല തയ്യാറാക്കേണ്ടത്. ചിന്താശേഷിയുള്ള, വിശകലന പാടവമുള്ള തലമുറ വളർന്നുവരണമെങ്കിൽ ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. 
എന്നാൽ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗം ബഹുസ്വരതയെ ഉപേക്ഷിച്ച്, ഏകാത്മക സ്വഭാവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 
കാഞ്ച ഐലയ്യയെന്ന ലോകത്തെ വിവിധ സർവകലാശാലകളിൽ ചർച്ച ചെയ്യപ്പെടുന്ന, ലോകം അംഗീകരിച്ച അക്കാദമിക് പണ്ഡിതൻ കരിക്കുലത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് ഇന്ത്യയിൽ പടർന്നു പിടിച്ച അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
ബി ജെ പി ഭരിക്കുന്ന രാജസ്ഥാനിൽ ഹൈന്ദവവൽക്കരണം ചടുല താളത്തിൽ തന്നെ നടന്നു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടൻ ജയിലിലടച്ചപ്പോൾ മോചനം ലഭിക്കാനായി മാപ്പെഴുതി നൽകുകയും സ്വാതന്ത്ര്യ സമരത്തിനെതിരായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ നൽകുകയും ചെയ്ത സവർക്കരുടെ സ്വാതന്ത്ര്യ സമര 'പങ്കാളിത്തം' വിശദീകരിക്കാൻ രാജസ്ഥാൻ സെക്കൻഡറി ബോർഡ് പേജുകൾ തന്നെ മാറ്റിവെച്ചു.
സംഘ്പരിവാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഗാന്ധി വധത്തെക്കുറിച്ചോ 2002 ലെ ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചോ ഒരു പരാമർശവുമില്ല. മോഡിയുടെ പരാജയമായ നോട്ടു നിരോധനത്തെയും മേക്ക് ഇൻ ഇന്ത്യ പദ്ധതിയെയും മഹത്വവൽക്കരിക്കുന്ന പാഠഭാഗങ്ങളും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ പ്രകീർത്തിക്കുന്ന കവിതയും സിലബസിൽ ഉൾപ്പെടുത്തി.
ക്ലാസിക് ഫാസിസത്തേക്കാൾ ഇന്ത്യൻ ഫാസിസത്തിന് സംഹാരാത്മകത കൂടുതലാണെന്നാണ് വീക്ഷിക്കപ്പെടുന്നത്. ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും സംഘ്ഫാസിസം പിടിമുറുക്കിയിരിക്കുന്നു. 
അടുക്കള മുതൽ കലാശാലകൾ വരെ അവരുടെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കുന്ന സ്‌കൂളുകളെയും കോളേജുകളെയും മറ്റ് ബൗദ്ധിക ഇടങ്ങളെയും ആസൂത്രിതമായി ബി. ജെ. പി കാവി പുതപ്പിച്ചുകൊണ്ടിരിക്കുന്നു. 
ബഹുസ്വരതയ്ക്ക് കൂച്ചുവിലങ്ങിട്ട് ഏകശിലാത്മക സംസ്‌കൃതിയിലേയ്ക്ക് വഴി വെട്ടിയിരിക്കുന്നു. അക്ഷരങ്ങൾക്കും അറിവിനും മേലെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റത്തെയാണ് കൂടുതൽ ഭയക്കേണ്ടത്. കാരണം, ഫാസിസത്തിന് ശവക്കല്ലറ തീർക്കാൻ ഏറ്റവും പറ്റിയ മികച്ച ആയുധം അക്ഷരങ്ങളാണ്. ആശയങ്ങൾക്കും അക്ഷരങ്ങൾക്കും വിലക്ക് കൽപിക്കുന്നവർ ഇക്കാര്യം ഓർക്കുക.
 

Latest News