Wednesday , March   20, 2019
Wednesday , March   20, 2019

അയോധ്യാ വിഷയം വീണ്ടും  കുത്തിപ്പൊക്കുന്നവർ

ഏതു തിരിച്ചടികളെയും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ ജനാധിപത്യത്തിനുണ്ട്. ആ ദിശയിലുള്ള നീക്കങ്ങൾ അഖിലേന്ത്യാ തലത്തിൽ തന്നെ ശക്തിപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിലും മതേതരത്വത്തിലും ഫെഡറലിസത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാ ശക്തികളുടെയും ഐക്യത്തിലൂടെ ഈ വെല്ലുവിളിയെ ഇന്ത്യ മറികടക്കുമെന്നു തന്നെ കരുതാം.  


അയോധ്യയിലെ ക്ഷേത്ര നിർമ്മാണ പ്രശ്‌നം വീണ്ടും സജീവമായിരിക്കുകയാണ്. സംഘപരിവാർ സംഘടനകൾ ഒന്നൊന്നായി വിഷയം ഉന്നയിക്കാനാരംഭിച്ചിരിക്കുന്നു. രാമക്ഷേത്ര നിർമാണം ആർക്കും തടയാനാവില്ലെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി പറഞ്ഞപ്പോൾ ക്ഷേത്ര നിർമാണത്തിന് ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരി കൂട്ടിച്ചേർത്തു. 
അയോധ്യ ഭൂമി തർക്കക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചതിനാൽ ക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആർ. എസ്. എസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നടപടികൾ നീളുന്നതിൽ ഹിന്ദുക്കളുടെ ഇടയിൽ ആശങ്കയുണ്ടെന്ന് ബി. ജെ. പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവും പ്രതികരിച്ചു. രാജ്യത്ത് 1992 ന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാം മാധവ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി നിയമ നിർമ്മാണം നടത്തണമെന്നാണ് ദൽഹിയിൽ സംഘപരിവാർ വിളിച്ചുചേർത്ത സന്ന്യാസിമാരുടെ സമ്മേളനം ആവശ്യപ്പെട്ടത്. രാമക്ഷേത്ര നിർമാണം ഡിസംബറിൽ തുടങ്ങാനാണ് ഇവരുടെ ഉദ്ദേശ്യമെന്നറിയുന്നു. ക്ഷേത്ര നിർമാണത്തിന് ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറ് തന്നെ തെരഞ്ഞെടുക്കണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടു. കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കാൻ വൈകുകയാണെങ്കിൽ പാർലമെന്റിൽ സർക്കാർ നിയമം പാസാക്കണമെന്ന് വിവാദ യോഗ ഗുരു ബാബാ രാംദേവ് അഭിപ്രായപ്പെട്ടു.
അയോധ്യയിൽ രാമന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഹിന്ദു വികാരം മാനിക്കണമെന്ന് വി.എച്ച്.പി നേതാവ് ശരത് ശർമ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിർമിച്ച ശേഷമേ അയോധ്യയിൽ ദീപാവലി ആഘോഷത്തിൽ പങ്കാളിയാകൂവെന്ന് രാമജന്മഭൂമി മുഖ്യ സന്ന്യാസി സത്യേന്ദ്ര ദാസ് പ്രഖ്യാപിച്ചു.
വിവിധ സംസ്ഥാന നിയമസഭകളിലേക്കും തുടർന്ന് ലോക്‌സഭയിലേക്കും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കിയാണ് ഈ കോലാഹലങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. നാലു വർഷം കടന്ന ബി.ജെ.പി ഭരണം എല്ലാ മേഖലയിലും പരാജയമാണെന്ന് വ്യക്തമായിരിക്കുന്നു. 2014 ൽ നൽകിയ പ്രധാന വാഗ്ദാനങ്ങളൊന്നും പാലിക്കാൻ മോഡിക്കായിട്ടില്ല. അതിനാൽ തന്നെ അത്തരത്തിൽ വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയാൽ ജനം വിശ്വസിക്കില്ലെന്ന് ബി.ജെ.പിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാലാണ് എളുപ്പത്തിലുപയോഗിക്കുന്ന വർഗീയതയിലേക്ക് അവർ വീണ്ടും മാറുന്നത്. അതിന്റെ ഭാഗമാണ് കോടതി വിധിക്കു കാക്കാതെയുള്ള ഈ നീക്കമെന്ന് പ്രകടം. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് തന്നെയാണ് ഈ നീക്കത്തിന്റെ പിറകിൽ. നരേന്ദ്ര മോഡി തന്റെ പ്രസംഗങ്ങളിൽ ആവർത്തിക്കുന്ന വികസനം എന്ന വാദത്തിന് പകരം രാമക്ഷേത്രം എന്നുപയോഗിക്കാനാണ് ആർ. എസ്. എസ് ആവശ്യം. 
അയോധ്യ ഭൂമി കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.  2010 ലെ അലഹബാദ് ഹൈക്കോടതി വിധി പ്രകാരം  തർക്ക ഭൂമി, കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവർക്ക് വീതിക്കാൻ ഉത്തരവിട്ടിരുന്നു.  രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് രാമജൻമഭൂമി, ക്ഷേത്ര നിർമാണത്തിനും നിർമോഹി അഖാഡക്കും, സുന്നി വഖഫ് ബോർഡിനുമാണ് തുല്യമായി അലഹബാദ് ഹൈക്കോടതി വീതിച്ച് നൽകിയത്. ഇതിനെതിരെ 14 ഹരജികളാണ് സുപ്രീം കോടതിയിലെത്തിയ ഇതിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ കേസ് നീണ്ടുപോകുന്നതായി ആരോപിച്ചാണ് വിവിധ ഹിന്ദു സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നത്. ദീപാവലി ദിനത്തിൽ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് അയോധ്യ സന്ദർശിക്കുന്നതും സരയൂ തീരത്ത് രാമന്റെ പ്രതിമ നിർമിക്കുന്നതിനുള്ള ശിലാസ്ഥാപനം നടത്തുന്നതുമെല്ലാം തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടാണ്. 
തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ റഫാൽ കേസിൽ കുടുങ്ങിക്കിടക്കുകയാണ് കേന്ദ്ര സർക്കാർ. വിഷയത്തെ ഭംഗിയായി ഉപയോഗിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. അതിനു മുമ്പ് കർണാടക തെരഞ്ഞെടുപ്പിനു ശേഷം എല്ലാ ദിവസവും പെട്രോൾ വില വർദ്ധിപ്പിച്ചാണ് മോഡി സർക്കാർ നാലാം വാർഷികം ആഘോഷിച്ചത്. സാമ്പത്തിക നയങ്ങളും നിയോ ലിബറൽ നയങ്ങളും നടപ്പിലാക്കുന്ന കാര്യത്തിൽ കോൺഗ്രസിനെ എത്രയോ പിറകിലാക്കിയാണ് മോഡിയുടെ പോക്ക്. കോൺഗ്രസ് തുടക്കമിട്ട പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായി നടപ്പാക്കുകയാണ് മോഡി ചെയ്യുന്നത്. 
സർക്കാരിന്റെ നവ ഉദാരവൽക്കരണം ഏറ്റവും കെടുതികൾ വിതച്ചത് കാർഷിക മേഖലയിലാണ്. ഗവണ്മെന്റിന്റെ സഹായങ്ങളുടെ അഭാവത്തിൽ കൊള്ളപ്പലിശക്കാരുടെ കൈകളിൽ എത്തപ്പെടുന്ന ചെറുകിട നാമമാത്ര കർഷകർ കടക്കെണിയിൽ പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച പ്രശ്‌നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ റിസർവ് ബാങ്കുമായും സർക്കാർ ഏറ്റുമുട്ടലിലാണ്. മറുവശത്ത് കോർപറേറ്റുകളുടെ താൽപര്യങ്ങൾ ഭംഗിയായി  സംരക്ഷിക്കുന്നു. അതിനായി ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവർക്കായി പുതിയ വികസന സമവാക്യങ്ങളുണ്ടാക്കുന്നു.
തങ്ങളുടെ ഭരണ പരാജയം ബി. ജെ. പി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നു എന്നുറപ്പ്. മാത്രമല്ല, സമീപകാല തെരഞ്ഞെടുപ്പുകൾ അവരെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസും മറ്റു പ്രാേദശിക പ്രസ്ഥാനങ്ങളും അടുക്കുന്നതും ശക്തിപ്പെടുന്നതും രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുന്നതും ്അവർ കാണുന്നു. അടുത്ത കാലത്തെ ചില തെരഞ്ഞെടുപ്പു സർവേകളും സംഘപരിവാറിന്റെ ഉറക്കം കെടുത്തുന്നു. 
ഈ സാഹചര്യത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം അയോധ്യയാണെന്ന് അവർ ഉറപ്പിച്ചിരിക്കുന്നു. പോയ കാൽ നൂറ്റാണ്ടിൽ പടിപടിയായി വളരാനും അധികാരത്തിലെത്താനും കാരണം വർഗീയതയായിരുന്നു എന്ന ചരിത്രവും മറക്കാറിയിട്ടില്ലല്ലോ. അതിന്റെ ഉൽപന്നം തന്നെയാണല്ലോ മോഡിയും. അതിനാൽ തന്നെയാണ് അയോധ്യാ വിഷയം വീണ്ടും സജീവമാക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്. 
ഇതിനർത്ഥം ഇന്ത്യ പരാജയപ്പെടുമെന്നും ഇനിയും പ്രതീക്ഷക്കു സ്ഥാനമില്ല എന്നുമല്ല. 
ഏതു തിരിച്ചടികളെയും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ ജനാധിപത്യത്തിനുണ്ട്. ആ ദിശയിലുള്ള നീക്കങ്ങൾ അഖിലേന്ത്യാ തലത്തിൽ തന്നെ ശക്തിപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിലും മതേതരത്വത്തിലും ഫെഡറലിസത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാ ശക്തികളുടെയും ഐക്യത്തിലൂടെ ഈ വെല്ലുവിളിയെ ഇന്ത്യ മറികടക്കുമെന്നു തന്നെ കരുതാം.