Wednesday , March   20, 2019
Wednesday , March   20, 2019

രാമക്ഷേത്രം; വർഗീയ  കാർഡുമായി സംഘ്പരിവാർ

രാം മന്ദിർ നിർമാണമെന്ന ആവശ്യം ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. ഗോമാതാവ്, ഗംഗാമാതാവ്, മുസ്‌ലിം അധിനിവേശം തുടങ്ങി രാജ്യത്ത് കലാപ കലുഷിതമായ വൈകാരിക അന്തരീക്ഷം സൃഷ്ടിച്ചു മാത്രമേ നരേന്ദ്ര മോഡിക്കും സംഘ്പരിവാറിനും തെരഞ്ഞെടുപ്പിൽ വിജയിക്കാനും അധികാരത്തിൽ തുടരാനുമാവൂ എന്ന് മറ്റാരേക്കാളും നന്നായി തിരിച്ചറിയുന്നത് അവർ തന്നെയാണ്. അത് വിവിധ രൂപങ്ങളിൽ അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.  

പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാമക്ഷേത്ര നിർമാണത്തിനു വേണ്ടിയുള്ള മുറവിളി കരുത്താർജിക്കുന്നത് കഴിഞ്ഞ കാൽ നൂറ്റാണ്ടായി പതിവു കാഴ്ചയാണ്. ഇത്തവണയും പതിവു തെറ്റിയിട്ടില്ലെന്നു മാത്രമല്ല ആർ എസ് എസ്, സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നുള്ള ആക്രോശങ്ങൾക്ക് മൂർച്ചയേറിയിരിക്കുന്നു.
1992 മാതൃകയിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തു വരികയുണ്ടായി. ഹിന്ദുക്കൾ ഏറെക്കാലം കാത്തിരുന്നു, ഇനി അനന്തമായ കാത്തിരിപ്പ് പറ്റില്ല, ഹിന്ദുക്കളെ സംബന്ധിച്ച് രാമക്ഷേത്രം വൈകാരിക പ്രശ്‌നമാണ്. അതുകൊണ്ടു തന്നെ മുൻഗണനാ അടിസ്ഥാനത്തിൽ സുപ്രീം കോടതി തർക്ക വിഷയത്തിൽ തീർപ്പു കൽപിക്കണം -എന്നിങ്ങനെ പോകുന്നു ജോഷിയുടെ വാദം. 
ആർ എസ് എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിനെ തുടർന്നായിരുന്നു ജോഷിയുടെ പ്രഖ്യാപനം. ആർഎസ്എസ് ജോയന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ നരേന്ദ്ര മോഡി സർക്കാരിനോട് രാമക്ഷേത്ര വിഷയത്തിൽ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനു ശേഷമാണ് ജനകീയ സമരത്തെക്കുറിച്ചുള്ള ഭയ്യാജി ജോഷിയുടെ ഭീഷണി. 
കർസേവകർ ബാബ്‌രി മസ്ജിദ് തകർത്തതിനെ തുടർന്ന് പ്രശ്‌നപരിഹാരത്തിനായി ഒരു മാസത്തിനു ശേഷം അന്നത്തെ നരസിംഹറാവു ഗവൺമെന്റ് ഒരു ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. തുടർന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എസ്.ബി ചവാൻ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. തർക്ക വിഷയമായ 2.77 ഏക്കറടക്കം 60.77 ഏക്കർ ഏറ്റെടുത്ത് രാമമന്ദിർ, പള്ളി, തീർഥാടകർക്കുള്ള സൗകര്യം, ലൈബ്രറി, മ്യൂസിയം എന്നിവ സ്ഥാപിക്കുക വഴി സാമുദായിക മൈത്രി, സാഹോദര്യം എന്നിവ കൈവരിക്കുകയാണ്
അയോധ്യ ആക്ടിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് അത്തരം ശ്രമങ്ങളുടെ അന്ത്യം കുറിക്കുകയായിരുന്നു. രാഷ്ട്രീയ ലാക്കോടെ പ്രശ്‌നം എക്കാലത്തേക്കും സജീവമാക്കി നിലനിർത്തുകയാണ് തൽപര കക്ഷികളുടെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു.
ഭരണഘടനയുടെ 143 ാം അനുഛേദ പ്രകാരം രാഷ്ട്രപതി ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. 
വിഷയം പരിഗണിച്ച പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യ ആക്ടിലെ നിർദേശത്തെ സ്വാഗതം ചെയ്തിരുന്നു.
 എന്നാൽ കോടതിയുടെ നിർദേശം രാഷ്ട്രപതി അംഗീകരിക്കണമെന്നില്ല എന്നതു കൊണ്ടു തന്നെ അക്കാര്യത്തിൽ തീർപ്പ് കൽപിക്കുന്നതിൽ നിന്നും സുപ്രീം കോടതി പിൻമാറുകയായിരുന്നു. ഇപ്പോൾ സുപ്രീം കോടതി ഒരു കൂട്ടം ഹരജികൾ ജനുവരി മാസത്തിൽ പരിഗണിക്കാനിരിക്കേയാണ് 1992 മാതൃകയിലുള്ള ജനകീയ സമര ഭീഷണിയുമായി സംഘ്പരിവാർ രംഗത്തു വന്നിരിക്കുന്നത്. 
നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ ഭരണ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് സംഘ്പരിവാറിന്റെ നീക്കം ശ്രദ്ധേയമാകുന്നത്. 
പരമോന്നത നീതിപീഠത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ ഭൂരിപക്ഷ മതവിശ്വാസത്തിന്റെയും വൈകാരികതയുടെയും പേരിൽ സമ്മർദത്തിലാക്കി പ്രശ്‌നം സജീവമാക്കി നിലനിർത്തുക എന്നതാണ് ലക്ഷ്യം. ബി ജെ പി പ്രസിഡന്റ് അമിത് ഷായും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയും ഈ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ. 
അമിത് ഷാ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പരമോന്നത കോടതിയുടെ വിധിയെ സംബന്ധിച്ച് കണ്ണൂരിൽ നടത്തിയ യുദ്ധപ്രഖ്യാപനം ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഓർഡിനൻസിനും നിയമ നിർമാണത്തിനും മുതിർന്നാൽ തന്നെ അതിന്റെ പ്രായോഗികത ഉയർത്തുന്ന ചോദ്യം ആർക്കും അവഗണിക്കാവുന്നതല്ല. 
അത്തരമൊരു നീക്കം ദേശീയ രാഷ്ട്രീയത്തെ കൂടുതൽ കലുഷിതവും വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടുന്ന ഒന്നാക്കിയും മാറ്റും. അതാണ് ആർഎസ്എസും ബിജെപിയും സംഘ്പരിവാറും ആഗ്രഹിക്കുന്നത്.
രാം മന്ദിർ നിർമാണമെന്ന ആവശ്യം ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. ഗോമാതാവ്, ഗംഗാമാതാവ്, മുസ്‌ലിം അധിനിവേശം തുടങ്ങി രാജ്യത്ത് കലാപ കലുഷിതമായ വൈകാരിക അന്തരീക്ഷം സൃഷ്ടിച്ചു മാത്രമേ നരേന്ദ്ര മോഡിക്കും സംഘ്പരിവാറിനും തെരഞ്ഞെടുപ്പിൽ വിജയിക്കാനും അധികാരത്തിൽ തുടരാനുമാവൂ എന്ന് മറ്റാരേക്കാളും നന്നായി തിരിച്ചറിയുന്നത് അവർ തന്നെയാണ്.അത് വിവിധ രൂപങ്ങളിൽ അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ അത് ശബരിമല ദർശന അവകാശവുമായി ബന്ധപ്പെട്ട സംഘർഷ അന്തരീക്ഷമാണ്. വടക്കേ ഇന്ത്യയിൽ മുസ്‌ലിംകളൊഴികെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അതിന്റെ മറ്റൊരു മുഖമാണ്. 
പൗരത്വം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്ന ഉത്തരവാണ് ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സമാധാനപൂർണമായ ജനജീവിതത്തെ തകർത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള തീക്കളിക്കാണ് നരേന്ദ്ര മോഡിയും സംഘപരിവാറും ഒരുമ്പെട്ടിരിക്കുന്നത്.