Tuesday , January   22, 2019
Tuesday , January   22, 2019

സൗദി ടൂറിസം മേഖലയിൽ ഏഴു ശതമാനം വളർച്ച

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ഏഴു ശതമാനം വാർഷിക വളർച്ചയുള്ളതായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഉപമേധാവി അബ്ദുല്ല അൽമുർശിദ് വെളിപ്പെടുത്തി. ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ പ്രതിവർഷ വരുമാനം 17,700 കോടി റിയാലായി ഉയർന്നിട്ടുണ്ട്. ടൂറിസം മേഖലയിൽ 9,40,000 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ സ്വദേശികൾ 29 ശതമാനമാണ്. ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തിൽ ഒമ്പതു ശതമാനത്തിലേറെ വർധനവുണ്ട്. 
ടൂറിസം പ്രോഗ്രാമുകളും പദ്ധതികളും പരിഷ്‌കരിക്കുന്നതിന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഊന്നൽ നൽകുന്നുണ്ട്. ചില പ്രവിശ്യകളിലെ പ്രത്യേകതകളുമായി ബന്ധപ്പെട്ട ഫെസ്റ്റിവലുകൾ ആസൂത്രണം ചെയ്തതാണ് ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ വരുമാനം 17,700 കോടിയിലേറെ റിയാലായി ഉയർത്തുന്നതിന് സഹായിച്ചത്. വർഷത്തിൽ ആയിരത്തോളം പരിപാടികളും ഫെസ്റ്റിവലുകളും ടൂറിസം, ദേശീയ പൈതൃക വകുപ്പും പങ്കാളികളും ചേർന്ന് സംഘടിപ്പിക്കുന്നുണ്ട്. യുവാക്കളുടെ ശ്രദ്ധയാകർഷിക്കുന്ന പരിപാടികൾക്കാണ് ഊന്നൽ നൽകുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 60 ശതമാനത്തിലേറെ യുവാക്കളാണ്. ഓരോ പ്രവിശ്യയുടെയും പ്രത്യേകതകൾക്ക് അനുസൃതമായ ടൂറിസം പദ്ധതികൾക്ക് ഊന്നൽ നൽകുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് വർധിക്കുന്നതിന് സഹായകമായി. സന്ദർശകർക്ക് ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനും അവരുടെ അഭിരുചികൾക്ക് അനുസരിച്ച പരിപാടികളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സമ്മേളനങ്ങളും എക്‌സിബിഷനുകളും സംഘടിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നുണ്ട്. ടൂറിസം, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ പത്തു ശതമാനത്തിലേറെ വർധനവുണ്ടെന്നും അബ്ദുല്ല അൽമുർശിദ് പറഞ്ഞു. 
 

Latest News