Monday , November   12, 2018
Monday , November   12, 2018

സൗജന്യ താമസവും കുറഞ്ഞ നിരക്കിൽ ഭക്ഷണവുമൊരുക്കി കെ.ടി.ഡി.സി

കെ.ടി.ഡി.സിയുടെ പ്രീമിയം ലൈഫ് മെംബർഷിപ് പദ്ധതിയുടെ വിളംബര പത്രിക ധനമന്ത്രി തോമസ് ഐസക്കും  ഉദ്ഘാടന കാർഡ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിനു നൽകുന്നു.

സംസ്ഥാന വിനോദ സഞ്ചാര വികസന കോർപറേഷൻ (കെ. ടി. ഡി. സി) സൗജന്യ താമസവും കുറഞ്ഞ നിരക്കിൽ ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബർഷിപ്പ് കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള നൂതന വിഭവ സമാഹരണത്തിനാണ് പ്രീമിയം ലൈഫ് മെംബർഷിപ്പ് കാർഡ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിന് വ്യാപക പ്രചാരണം നൽകുന്നതിലൂടെ  കെ.ടി.ഡി.സിക്ക് സ്വയം പര്യാപ്തത നേടാനാകുമെന്നും കനകക്കുന്നിലെ ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി.
ഗൃഹാതുരമായ അന്തരീക്ഷമാണ് കെ.ടി.ഡി.സിയുടെ എല്ലാ സ്ഥാപനങ്ങളും പ്രദാനം ചെയ്യുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് 125 കോടി രൂപയുടേതുൾപ്പെടെ  വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിന്  കേരളത്തിലുടനീളം വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും അവയിൽ ചിലതിന്റെ നിർമാണം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
പ്രീമിയം ലൈഫ് മെംബർഷിപ് പദ്ധതിയുടെ വിളംബര പത്രിക ധനമന്ത്രിയും ഉദ്ഘാടന കാർഡ് ടൂറിസം മന്ത്രിയും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിനു കൈമാറി. മെംബർഷിപ് തുക ഡോ.സിദ്ദീഖ് അഹമ്മദ് ധനമന്ത്രിക്കും കൈമാറി.
കേരള വിനോദ സഞ്ചാര മേഖലയുടെ മുഖമുദ്രയായ കെ.ടി.ഡി.സി വെല്ലുവിളികളെ നേരിടുന്നതിനും വിപുലീകരിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ.ടി.ഡി.സി ചെയർമാൻ എം വിജയകുമാർ പറഞ്ഞു.
കെ.ടി.ഡി.സിയുടെ 70 സ്ഥാപനങ്ങളെ കോർത്തിണക്കിയിരിക്കുന്ന പദ്ധതിയിൽ വ്യക്തിഗത ആജീവനാന്ത അംഗത്വത്തിന് (കെ.ടി.ഡി.സി എലീറ്റ് എൻസെമ്പിൾ) പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ മൂന്നു വർഷത്തേക്കുള്ള അംഗത്വത്തിന് (കെ.ടി.ഡി.സി കോർപറേറ്റ് കലക്ടീവ്) 15 ലക്ഷം രൂപയുമാണ്  ഫീസായി ഈടാക്കുന്നതെന്ന്  കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ രാഹുൽ ആർ. ഐ.ആർ.എസ് പറഞ്ഞു.
സ്ഥാപനങ്ങൾക്ക് കൺവെൻഷനുകളും മീറ്റിംഗുകളും  സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തർദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് പദ്ധതിയിൽ അംഗത്വം നേടുന്ന വ്യക്തികൾക്കും  സ്ഥാപനങ്ങൾക്കും  ഹിൽ സ്‌റ്റേഷനുകളും  ബിച്ച് റിസോർട്ടുകളുമടക്കം കെ.ടി.ഡി.സിയുടെ എല്ലാ സ്ഥാപനങ്ങളിലും നിശ്ചിത നിരക്കിൽ മേൽത്തരം സൗകര്യങ്ങൾ ലഭ്യമാക്കും. വർഷത്തിലൊരിക്കൽ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും.ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോർജ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപറേറ്റേഴ്‌സ് (അയാട്ട) സീനിയർ വൈസ് പ്രസിഡൻറ് ഇ.എം. നജീബ്, കെ.ടിഡി.സി   മാർക്കറ്റിംഗ് മാനേജർ രാജ്‌മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ബോട്ട് ഡ്രൈവർമാർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
 

Latest News