Monday , November   12, 2018
Monday , November   12, 2018

കേരളം പോലെ കാലിഫോർണിയ

നാടോടിക്കാറ്റ് സിനിമയിൽ ദുബായിലേക്ക് ആളെ കൊണ്ടുപോകുന്ന പണിയാണ് മാമുക്കോയക്ക്. മോഹൻലാലിനേയും ശ്രീനിവാസനേയും ദുബായിയാണെന്ന് പറഞ്ഞ് ചെന്നൈയിലെത്തിച്ചത് തട്ടിപ്പിന്റെ ഒരു ഭാഗം. മദിരാശിയിലെ പാരീസിലേക്ക് പോകുന്ന ബസ് കണ്ട് വിസ്മയിക്കുന്ന കഥാപാത്രങ്ങളെ മറക്കാനാവില്ല. മാമുക്കോയ ഇവർക്ക് ദുബായിലേക്ക് പോകാൻ കാലിഫോർണിയയിലേക്ക് പോകുന്ന ഉരു വഴി തിരിച്ചു വിടുന്നതിനെപ്പറ്റി പറയുന്നുണ്ട്. മലയാളികൾക്ക് സുപരിചതമായ സ്ഥലനാമമാണ് യു.എസ്.എയിലെ സ്റ്റേറ്റുകളിലൊന്നായ കാലിഫോർണിയ. ലോക സിനിമയുടെ ആസ്ഥാനമായ ഹോളിവുഡ് ലോസ് ആഞ്ചലസ് നഗരത്തിലാണ്. കാലിഫോർണിയ അതിശയങ്ങളുടെ സ്വന്തം നാടാണ്. സ്റ്റേറ്റിന്റെ ഉൾഭാഗങ്ങളിൽ സഞ്ചരിച്ചാൽ കേരളത്തോട് സാദൃശ്യമേറെയാണ്. 


ഭൂപ്രകൃതിയിൽ കേരളത്തിനും കാലിഫോർണിയക്കും സാമ്യമുണ്ട്. തെക്ക് ഭാഗത്ത് മൊഹാവി മരുഭൂമിയുണ്ടെന്നത് മാത്രമാണ് നമ്മുടെ നാടുമായി കാര്യമായ വ്യത്യാസം. തെക്ക് വടക്കായി കിടക്കുന്ന കാലിഫോർണിയയുടെ  പടിഞ്ഞാറ് പസഫിക് സമുദ്രം, കിഴക്ക് സിയറാ നെവാദ പർവത നിര, ഇടയിൽ സെൻട്രൽ വാലി എന്ന് വിളിക്കുന്ന കൃഷി ഭൂമി.


47,000 ച.കി.മീ വിസ്തീർണത്തിൽ പരന്നു കിടക്കുന്ന സെൻട്രൽ വാലിയിൽ നിന്നും അമേരിക്കയുടെ മൊത്തം ആവശ്യത്തിനുളള ഭക്ഷണത്തിന്റെ നാലിലൊന്ന് ഉത്പാദിപ്പിക്കുന്നു. ഗോതമ്പ്, അരി, ആപ്പിൾ, ഓറഞ്ച്, ഈത്തപ്പഴം, മുന്തിരി, അവക്കാഡോ, ബദാം, പിസ്താഷ്യോ, തക്കാളി മുതൽ എല്ലാ പച്ചക്കറികളും പാലും തുടങ്ങി 360 ൽപരം ഭക്ഷ്യവസ്തുക്കൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വെള്ളുള്ളി കൃഷിക്ക് പ്രസിദ്ധമായ ഗിൽറോയ് പ്രദേശം ഗാർലിക് ഹെഡ്ക്വാർട്ടേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്നു. 


പച്ചക്കറി പഴത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രക്കിടയിൽ ഫ്രൂട്ട് വെയ്ൽ ഓയിൽ ഫീൽഡിലെ  പമ്പുകൾ എണ്ണ പമ്പ് ചെയ്യുന്നത് മറ്റൊരു അപൂർവ കാഴ്ചയായി.


സൗത്ത് ഡക്കോട്ടയിലെ ബഌക്ക് ഹിൽസ് മലനിരകളിലെ മൗണ്ട് റഷ്‌മോർ കാണേണ്ടതാണ്. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ 130 വർഷ ചരിത്രത്തിൽ രാജ്യം സ്ഥാപിക്കുന്നതിലും വിസ്തൃതി വിപുലീകരിക്കുന്നതിലും, സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളർച്ചയിലും പ്രധാന പങ്കു വഹിച്ച നാല് പ്രസിഡൻറുമാരുടെ മുഖങ്ങൾ കരിങ്കൽ മലയിൽ കൊത്തി വെച്ചതാണ് ഇത്. ഇടത്തു നിന്നും വലത്തോട്ട് 1. ജോർജ് വാഷിംഗ്ടൺ  2. തോമസ് ജഫേഴ്‌സൺ    3. തിയേഡോർ റൂസ്‌വെൽറ്റ് 4. ഏബ്രഹാം ലിങ്കൺ  എന്നിവരുടേതാണ് മുഖങ്ങൾ. 


ഗുട്ട്‌സൺ ബോർഗഌം എന്ന ശിൽപിയും 400 സഹായികളും ചേർന്ന് 1927 മുതൽ 1941വരെയുള്ള 14 വർഷം കൊണ്ടാണ് 18 മീ.  ഉയരമുള്ള ഈ രൂപങ്ങൾ പൂർത്തിയാക്കിയത്. 

Latest News