Wednesday , March   20, 2019
Wednesday , March   20, 2019

രാഹുലും രാജീവും

താനും അച്ഛനും തമ്മിൽ പല കാര്യത്തിലും ഒരുമ ഉണ്ടെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. അതിലൊന്നാണ് രാഷ്ട്രീയക്കാർക്ക് നിർബന്ധമായും വേണമെന്നു പണ്ടേ പരക്കേ ധരിച്ചുവശായ വക്രത. എന്തും മറ്റുള്ളവർക്ക് പ്രിയമാകുന്ന രീതിയിൽ ഉള്ളത് ഉള്ളതു പോലെ പറഞ്ഞുവെക്കുക രാഷ്ട്രീയത്തിന്റെ വഴക്കമല്ല.  നയതന്ത്രത്തെപ്പറ്റി പറയാറുണ്ട്: നയതന്ത്രജ്ഞൻ ശരി എന്നു പറയുമ്പോൾ ആകാം എന്ന് ഉദ്ദേശിക്കുന്നു; 'ആകാം' എന്നു പറയുമ്പോൾ 'ഇല്ല' എന്ന് ഉദ്ദേശിക്കുന്നു; 'ഇല്ല' എന്നു പറയുന്നയാൾ നയജ്ഞനല്ല തന്നെ. 
രാഷ്ട്രീയക്കാരനും ഇത് ഒട്ടൊക്കെ ചേരും.  സ്ത്രീകളെപ്പറ്റിയും പൗരുഷത്തോടെ ഇങ്ങനെ പറയാറുണ്ടെങ്കിലും കാലം അനുകൂലമല്ലാത്തതുകൊണ്ട് വിട്ടുകളയുന്നു. 
ഉള്ളിലിരിപ്പ് കണ്ണും പൂട്ടി വെളിപ്പെടുത്തുന്ന രീതി രാഹുൽ ഗാന്ധിയും രാജീവ് ഗാന്ധിയും അനുവർത്തിച്ച ചില മലയാള സന്ദർഭങ്ങൾ നോക്കാം. എൺപതുകളുടെ ഇടക്കെപ്പോഴോ ആണെന്നു തോന്നുന്നു, രാജീവ് കേരളത്തിൽ വന്നു. ഒരു ജനതയുടെ മുഴുവൻ അകമഴിഞ്ഞ പിന്തുണയുള്ള പ്രധാനമന്ത്രിയായിട്ടായിരുന്നു വരവ്. മുത്തച്ഛനു പോലും കിനാവു കാണാൻ പറ്റാതിരുന്ന പിന്തുണ. ഒരേ നേരം വിനയവും ധിക്കാരവും വളർത്താൻ പോന്നതാണ് അത്തരം പിന്തുണ. 
വിഴിഞ്ഞത്തോ മറ്റോ ദുർബല വിഭാഗങ്ങൾക്കു വേണ്ടി പണിത കുറെ വീടുകൾ കാണാൻ മുഖ്യമന്ത്രി കരുണാകരൻ പ്രധാനമന്ത്രിയെ കൊണ്ടുപോയി.  സ്ഥലത്തെത്തിയപ്പോൾ കണ്ടത്, ഏതോ സാഹിത്യകാരന്റെ ഭാഷയിൽ, 'കാഴ്ചയുടെ അശാന്തി' ആയിരുന്നു. 
വീടുകളൊന്നും പ്രധാനമന്ത്രിയെ കാണിക്കാൻ പറ്റിയ പരുവത്തിലായിരുന്നില്ല. നാട്ടുകാരാകട്ടെ, ക്ഷോഭിച്ചുമിരുന്നു. കാണാമറയത്തുള്ള ഒരു ഖദർ വിരുതൻ അവരെ ഒന്നു ഞോണ്ടി, പ്രധാനമന്ത്രിയുടെ മുന്നിലേക്ക് തള്ളിവിട്ടു.  അവർ മുറ പോലെ പരാതിയും പരിവട്ടവും വിളമ്പി. 
പഴയ മൂശയിൽ വാർന്നുവീണ നേതാവ് പുറം തിരിഞ്ഞുനിൽക്കുമായിരുന്നു, ആ വശക്കേടിൽ.  അല്ലെങ്കിൽ നാട്ടുകാരെ നേരിടാൻ തന്റെ ആതിഥേയ നേതൃത്വത്തെ ചുമതലപ്പെടുത്തുമായിരുന്നു.  ചുട്ടി കുത്തിയ ശാന്തതയോടെ 'എല്ലാം ശരിയാക്കാം' എന്നു പറഞ്ഞ് ക്ഷുഭിത ജനതയെ പറ്റിക്കാൻ നോക്കുമായിരുന്നു.  പക്ഷേ രാജീവ് ഗാന്ധി വാർന്നുവീണത് പഴയ മൂശയിലായിരുന്നില്ല. പരാതിക്കു മറുപടിയായി പരിഭ്രമിച്ച മുഖ്യമന്ത്രി എന്തോ 'ബബ്ബബ്ബ' പറഞ്ഞപ്പോൾ സാഹചര്യം നോക്കാതെ പ്രധാനമന്ത്രി തട്ടിക്കയറി. പരസ്യമായി മുഖ്യമന്ത്രി ശാസിക്കപ്പെടുന്ന അവസരം ഏറെ ഉണ്ടായിക്കാണില്ല.
കരുണാകരനെ നോക്കി മുഖം ചുവപ്പിച്ചും എ.കെ ആന്റണിയോട് പുഞ്ചിരി തൂകിയും രാജീവ്, രണ്ടാമനോട് എല്ലാവരോടും കേൾക്കേ പറഞ്ഞു: സത്യം കണ്ടുപിടിച്ച് പറഞ്ഞുതരിക. തന്നെ ഗൗനിച്ചതിലും കരുണാകരനെ കൊച്ചാക്കിയതിൽ വിശേഷിച്ചും, സത്യവാനായ ആന്റണിയും കൂട്ടാളികളും ആർത്തുല്ലസിച്ചുകാണും. വാസ്തവത്തിൽ പ്രധാനമന്ത്രി നയവും വിനയവും വേണ്ട തോതിൽ കാട്ടാതെ പെരുമാറിയതിൽ അവർ കുണ്ഠിതപ്പെടേണ്ടതായിരുന്നു. പക്ഷേ അതല്ലല്ലോ കോൺഗ്രസ് ശീലം.  ഒപ്പമുള്ളവർക്ക് അക്കിടി പറ്റിയാൽ തുള്ളിച്ചാടുന്നവരാണവർ. അതുകൊണ്ട് ആപ്പീസിലിരുന്നു പറയേണ്ട പദങ്ങൾ പരസ്യമായി പൊട്ടിച്ച രാജീവ് ഗാന്ധിയുടെ അരാഷ്ട്രീയ രീതി തൽക്കാലം അവർക്ക് 'ക്ഷ' ബോധിച്ചു. 
അച്ഛനെ കടത്തി വെട്ടുന്ന മട്ടിലാണ് മകന്റെ പോക്ക്.  കേരളത്തിലെ വിശേഷം തന്നെ എടുക്കാം. കേരളത്തിലെ കോൺഗ്രസ് തെക്കോട്ടും രാഹുൽ ഗാന്ധി വടക്കോട്ടും നീങ്ങുന്ന മാതിരിയാണ് വാക്കുകളുടെ ഒഴുക്ക്.  സ്ത്രീകൾ ശബരിമലയിൽ പോകണമെന്ന് രാഹുൽ. പോകരുതെന്ന് പാർട്ടി. പാർട്ടി തന്നെ ആദ്യം ഉരുണ്ടു കളിച്ചു, കോടതി വിധി ആർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി.  പിന്നെ നാമജപത്തിനിറങ്ങുന്ന ഭക്തകൾ ബി. ജെ. പിയുടെ ഒപ്പം പോകുമോ എന്നു സംശയം തോന്നിയപ്പോൾ ത്രിവർണ പതാക മറിച്ചുപിടിച്ചു. പാർട്ടി വിശ്വാസികളുടെ കൂടെയാണെന്ന് മുറവിളി കൂട്ടി.  അപ്പോൾ അതാ വരുന്നൂ രാഹുലിന്റെ വെളിപാട്, സ്ത്രീകൾ മല കയറട്ടെ.
ഓർക്കാതെ പറഞ്ഞതല്ല.  ഇവിടത്തെ കോലാഹലം മുഴുവൻ മുല്ലപ്പള്ളി രാമചന്ദ്രൻ മേലധ്യക്ഷനെ നേരിൽ ബോധിപ്പിച്ചിരുന്നു.  കെ. സുധാകരനും മറ്റും ആചാര തീവ്രവാദത്തിന്റെ ഭാഷ സംസാരിക്കാൻ തുടങ്ങിയപ്പോൾ രാഹുൽ കടിഞ്ഞാൺ വലിച്ചിരുന്നു. 
നിർബന്ധമാണെങ്കിൽ പ്രതിഷേധം ഒരുക്കാം, പക്ഷേ കോൺഗ്രസിന്റെ കൊടിയും ബാനറും കെട്ടിക്കയറ്റേണ്ട എന്നായിരുന്നു നിർദ്ദേശം. അങ്ങനെ അധ്യക്ഷനും പാർട്ടിയും എതിർ ചേരികളിലായതു പോലെയായി.  ഈ പോക്ക് പോയാൽ പാർട്ടിയുടെ അടിവേരിളകുമെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്. അതു കേട്ടൊന്നും തൊണ്ടയിടറാതെ രാഹുൽ പറഞ്ഞു, മല ചവിട്ടാൻ സ്ത്രീകൾക്കും അവകാശമുണ്ടാകണമെന്ന ലിബറൽ വിചാരം പുലരട്ടെ.
അങ്ങനെ പറയാൻ അച്ഛന്റെ മകനായ രാഹുൽ ഗാന്ധി തന്നെ വേണം.  പാർട്ടിയുടെ അടിയോ മുടിയോ ഇളകുമെന്ന കാഹളം കേട്ടാലുടനെ നിലപാട് മാറ്റും പഴയ ഖദറുകാർ.  രണ്ടു കാര്യത്തിൽ അവരുടെ പഴമ പുലരുന്നതു കാണാം. ഒന്ന്, തീർത്തും 'വെട്ടൊന്ന് മുറി രണ്ട്' എന്ന് അവർ ശഠിക്കില്ല.  സൗകര്യം പോലെ വേട്ടനായയുടെയും മുയലിന്റെയും ഒപ്പം മാറി മാറി ഓടും. രണ്ട്, അവസരം കടുക്കുമ്പോൾ അവർ മറുകണ്ടം ചാടും.  
തന്റെ പതിവു വിട്ട് രാജീവ് ഗാന്ധി ഷാബാനു കേസിൽ നിലപാട് മാറ്റിയതോർമ്മയില്ലേ? അങ്ങനെ ചിലതൊഴിച്ചാൽ, ഉള്ളിലും പുറത്തുമുള്ള വിചാരത്തിൽ നേരും നെറിവും നിലനിർത്തുന്നതാണ് അച്ഛന്റെയും മകന്റെയും ശീലം.  
മകൻ ആലോചിച്ചുറപ്പിച്ചതാണോ എന്നറിയില്ല, കേരളത്തിലെ പാർട്ടിയുടേതിൽനിന്നു വിഭിന്നമായ നിലപാട് ശബരിമല പ്രശ്‌നത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ കൈക്കൊള്ളുമ്പോൾ അസാധ്യമെന്നു കരുതുന്ന സി പി എംകോൺഗ്രസ് അടുപ്പത്തിന് വഴി ഒരുങ്ങാൻ തുടങ്ങുന്നു.  
കേരളത്തിൽ ശബരിമലയിലേതു പോലൊരു പ്രതിസന്ധി സാമൂഹ്യമായും രാഷ്ട്രീയമായും വേറെ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. പരിമിതമായ രീതിയിലെങ്കിലും ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ ഒപ്പം ചേർന്നു നിൽക്കാൻ കോൺഗ്രസിനു കഴിഞ്ഞാൽ കോൺഗ്രസിനോടു ചേരാൻ കഴിയില്ലെന്ന കേരള സി പി എം ഘടകത്തിന്റെ ശാഠ്യം അയയും. ഇങ്ങനെ കണക്കു കൂട്ടിയിട്ടാകാം രാഹുൽ തന്റെ നിലപാട് ഉറപ്പിച്ചതെന്ന് ഇപ്പറഞ്ഞതിനർഥമില്ല. അച്ഛന്റെ ശൈലിയിൽ, മനസ്സിൽ അപ്പപ്പോൾ ഉയരുന്ന വരുംവരായ്കകൾ അത്ര തന്നെ ആലോചിക്കാതെ രാഹുൽ പറഞ്ഞുവെക്കുന്നുവെന്നേ കരുതേണ്ടൂ.  എന്നാലും രാഷ്ട്രീയ സൗഹൃദത്തിന്റെ പുതിയ സാധ്യതകൾ അതിൽ തെളിഞ്ഞുവരുന്നത് കാണാം.
ഏതാണ്ട് രാഹുലിന്റെ പ്രായമായിരുന്നു രാജീവിന് പ്രധാനമന്ത്രിയാവുമ്പോൾ.  ഉദാസീനതയോടെ പ്രധാനമന്ത്രിയായ ആൾ എന്ന് രാജീവ് ഗാന്ധിയെപ്പറ്റി പറഞ്ഞിരുന്നു.  ഇന്ത്യയുടെ വികാസത്തെപ്പറ്റി ഒരു ചെറുപ്പക്കാരന്റെ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.  പാവങ്ങളുടെ പേരിൽ ചെലവാക്കുന്ന ഓരോ രൂപയിലും തൊണ്ണൂറു പൈസയും അവർക്കെത്തുന്നില്ലെന്ന സത്യം രാഷ്ട്രീയ വേദിയിൽ രാജീവ് പൊട്ടിച്ച ഏറുപടക്കമായിരുന്നു. പ്രധാനമന്ത്രിയിൽനിന്ന് പ്രതിപക്ഷ നേതാവിന്റെ ശബ്ദം കേൾക്കുന്നതു പോലെയായിരുന്നു ആ സംഭവം. 
നയവും ചാതുര്യവും അച്ഛൻ പലപ്പോഴും കാണിച്ചിരുന്നില്ല. പര്യായം പറഞ്ഞാൽ, നയം കളവും ചാതുര്യം വിളവും ആകാം.  വിശാരദൻ എന്നു കരുതിയിരുന്ന വിദേശ സെക്രട്ടറി വെങ്കടേശ്വരനെ ഒരു വാർത്താ സമ്മേളനത്തിനിടെ മാറ്റിയത് നയരാഹിത്യമായിരുന്നു. 
ബൊഫോഴ്‌സ് ബഹളം തുടങ്ങിയപ്പോഴേ 'അഴിമതി ഇല്ല' എന്നതിനു പകരം 'അന്വേഷണം ആകാം' എന്നു പറഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ വെടിമരുന്നിൽ വെള്ളം വീഴ്ത്താമായിരുന്നു. എൺപത്തൊമ്പതിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായി വന്നപ്പോൾ, ഭരണഘടന ഉദ്ധരിച്ച് വീണ്ടും അധികാരത്തിൽ കേറാമായിരുന്നു. ആ രാഷ്ട്രീയ സാധാരണത്വം രാജീവിന്റെ ശക്തിയായിരുന്നില്ല.  അച്ഛനായിരുന്നെങ്കിൽ മോഡിയെ ആലിംഗനം ചെയ്യുമായിരുന്നോ? അലസമായ ആ അന്വേഷണത്തോടെ ഉയരുന്ന ഓർമയാണ് കോൺഗ്രസിന്റെ ഉയർച്ചയും താഴ്ചയും. അച്ഛന് പിൻബലമായി ആദ്യമാദ്യം വമ്പിച്ചൊരു പാർട്ടിയുണ്ടായിരുന്നു.  മകനാകട്ടെ, നഷ്ടപ്പെടാൻ ഒന്നുമില്ല, പാർട്ടിയുടെ ഗ്ലാനി പോലും.

Latest News