Tuesday , April   23, 2019
Tuesday , April   23, 2019

ദീപാവലി നാളികേര ഉൽപന്നങ്ങളെ തുണച്ചില്ല

നാളികേരോൽപന്നങ്ങളുടെ രക്ഷയ്ക്ക് ദീപാവലി തുണച്ചില്ല.  നാളികേരോൽപന്നങ്ങളെ ബാധിച്ച മാന്ദ്യം തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വിൽപന നടക്കുക ദീപാവലി വേളയിലാണെങ്കിലും ഇത് വെളിച്ചെണ്ണക്ക് നേട്ടമായില്ല. ഉത്സവ ദിനങ്ങളിലും വെളിച്ചെണ്ണ വില താഴ്ന്നത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാക്കി. ദക്ഷിണേന്ത്യയിലെ വൻകിട മില്ലുകൾ കൊപ്ര സംഭരണത്തിന് നേരത്തെ കാണിച്ച താൽപര്യം ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല. കാങ്കയത്തെ പല മില്ലുകളും സ്‌റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ ഉത്സാഹിച്ചു. ചിങ്ങം, കന്നി മാസങ്ങളിൽ കൊപ്ര വില ഇടിഞ്ഞത് നാളികേര കർഷകരെ ആശങ്കയിലാക്കി. ഒരു വിഭാഗം വിളവെടുപ്പിന് നീക്കം നടത്തുന്നത് കണക്കിലെടുത്താൽ കൊപ്രയുടെ ലഭ്യത ഉയർത്താം. 
തമിഴ്‌നാട് ലോബി ഇതിനിടയിൽ എണ്ണ വില കൃത്രിമമായി ഉയർത്താൻ വാരാദ്യം നീക്കം നടത്തി. എന്നാൽ അതിനൊത്ത് കേരളത്തിൽ വില ഉയർന്നില്ല. ദീപാവലിയും മാസാരംഭ ഡിമാന്റും നേട്ടമാക്കാനാണ് അവർ ശ്രമിച്ചത്. കൊച്ചിയിൽ എണ്ണ 13,700 രൂപയിലും കൊപ്ര 9165 രൂപയിലുമാണ്. 
തുലാവർഷ വരവ് റബർ ഉൽപാദകർക്ക് ആശ്വാസമായി. പകൽ താപനിലയിലെ മാറ്റങ്ങളെ തുടർന്ന് റബർ മരങ്ങളിൽ നിന്നുള്ള വിളവെടുപ്പ് കൂടി. രാത്രി മഴ ശക്തമായാൽ പുലർച്ചെയുള്ള റബർ ടാപ്പിങിന് തടസ്സം നേരിടാം. കൊച്ചിയിലും കോട്ടയത്തും ലാറ്റക്‌സ് വരവ് ഉയർന്നത് കണ്ട് വ്യവസായികൾ നിരക്ക് വീണ്ടും ഇടിച്ചു. രണ്ടാഴ്ച മുമ്പ് 9400 രൂപയിൽ വിൽപന നടന്ന ലാറ്റക്‌സ് ഇപ്പോൾ 8500 ലേയ്ക്ക് താഴ്ന്നു. ടയർ നിർമ്മതാക്കൾ നാലാം ഗ്രേഡ് 12,500 ന് ശേഖരിച്ചു. 
ഏലക്ക വിൽപന പൊടിപൊടിക്കുന്നു.  ദീപാവലി ആവശ്യങ്ങൾ മുന്നിൽ കണ്ട് ആഭ്യന്തര വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ നിന്ന് പിന്നിട്ടവാരം മത്സരിച്ച് ചരക്ക് വാങ്ങിക്കൂട്ടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. ശനിയാഴ്ച കൊച്ചിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 1660   രൂപയിൽ കൈമാറി. 
കുരുമുളക് സംഭരണ രംഗത്ത് നിന്ന് അന്തർ സംസ്ഥാന വ്യാപാരികൾ പിൻവലിഞ്ഞത് ഉൽപന്ന വിലയെ ബാധിച്ചു. ദീപാവലി മുൻനിർത്തിയാണ് വാങ്ങലുകാർ വിപണിയിൽ നിന്ന് അകന്നത്. വിദേശ വ്യാപാര രംഗം തളർച്ചയിലാണ്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകിന് അന്വേഷണങ്ങൾ മങ്ങിയതിനാൽ കയറ്റുമതിക്കാർ ചരക്ക് സംഭരണം കുറച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 38,900 രൂപ. 
ഉത്തരേന്ത്യൻ വ്യാപാരികൾ ചുക്കിൽ താൽപര്യം നിലനിർത്തി. കാർഷിക മേഖലകളിൽ നിന്നുള്ള ചുക്ക് വരവ് കുറഞ്ഞ അളവിലാണ്. ശൈത്യകാലം ശക്തമാക്കും മുമ്പായി ചുക്ക് സംഭരിക്കുകയാണ് വാങ്ങലുകാർ. കൊച്ചിയിൽ വിവിധയിനം ചുക്ക് 18,000 20,000 രൂപയിൽ വ്യാപാരം നടന്നു. 
കേരളത്തിൽ സ്വർണവില കയറി ഇറങ്ങി. 23,760 ൽ വിൽപനയ്ക്ക് തുടക്കം കുറിച്ച പവൻ ശനിയാഴ്ച 23,600 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് സ്വർണം 1244 ഡോളറിൽ നിന്ന് 1232 ഡോളറായി. 
 

Latest News