Saturday , April   20, 2019
Saturday , April   20, 2019

'ദാവോസ് ഇൻ ഡെസേർട്ട്'വിഷൻ 2030 ലേക്കുള്ള ചൂണ്ടു പലകയോ?

ഒക്ടോബർ 23-25 തീയതികളിൽ റിയാദിൽ ദാവോസ് ഇൻ ഡെസേർട്ട് എന്ന പേരിൽ നടന്ന രണ്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന ആഗോള നിക്ഷേപ സംഗമം പ്രതീക്ഷിച്ചതിലുമേറെ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. ഏകദേശം അറുപതു ബില്യൺ ഡോളറിന്റെ വിവിധ കരാറുകൾ നിക്ഷേപക സംഗമത്തിൽ  ഒപ്പുവെച്ചു. ഇതിൽ ഏകദേശം 34 ബില്യൺ ഡോളറിന്റെ നിക്ഷേപം ഊർജ മേഖലയിലാണ്. എണ്ണയിതര മേഖലകളിൽ നിക്ഷേപം പരമാവധി സമാഹരിക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് ഫലം കാണുന്നുവെന്നതിന്റെ സൂചനയാണിത്. ഈ പദ്ധതികൾ പ്രാവർത്തികമാകുന്ന മുറക്ക് വൈദഗ്ധ്യ തൊഴിലിന്റെ ആവശ്യകത വർധിക്കുകയും അത് ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഗുണം ചെയ്യുകയും ചെയ്യും. 
ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷൻ, സൗദി ആസ്ഥാനമായിട്ടുള്ള ഹന്നാൻ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായി 800 മില്യൺ ഡോളറിന്റെ കരാറിൽ ഏർപ്പെട്ടതും ശ്രദ്ധേയമായിരുന്നു. സൗദിയിൽ ഉടനീളം അത്യാധുനിക സ്‌കൂളുകളുടെ ഒരു ശൃംഖല ഉണ്ടാക്കലാണ് ഈ കരാറിന്റെ ഉദ്ദേശ്യം. സൗദി വിദ്യാഭ്യാസ  മേഖല വിദേശ നിക്ഷേപത്തിന് വാതിലുകൾ തുറക്കുന്നു എന്നാണ് ഇതിനെ വിലയിരുത്തേണ്ടത്. ഈ സ്‌കൂൾ ശൃംഖല പ്രാവർത്തികമാകുമ്പോൾ ഏകദേശം 1,30,000 കുട്ടികൾക്ക് പഠന സൗകര്യവും 16,000 പേർക്ക് തൊഴിൽ അവസരവും ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 40 ശതമാനം 
തസ്തികകൾ സ്വദേശികൾക്കു വേണ്ടി നീക്കിവെക്കും. മാനവ ശേഷി വികസനത്തിന് ഊന്നൽ നൽകുന്ന  വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത്തരത്തിലുള്ള കരാറുകൾ, വളരെയേറെ ഗുണം ചെയ്യും. റീട്ടെയിൽ വ്യാപാര മേഖലയിൽ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച 100 മില്യൺ റിയാലിന്റെ  പുതിയ പദ്ധതികൾ സൗദിയിലെ വാണിജ്യ മേഖലയുടെ പുരോഗതിക്കുള്ള അനന്തമായ സാധ്യതകളാണ്  തുറന്നു കാട്ടുന്നത്. ഇതിലൂടെ പുതിയ തൊഴിൽ അവസരങ്ങളുടെ ഭൂരിപക്ഷവും സ്വദേശികൾക്കായി സംവരണം ചെയ്യുമ്പോഴും വിദേശികൾക്കും ചെറിയ തോതിൽ ആശ്വസിക്കാൻ വകയുണ്ട്. സൗദി അറേബ്യ, ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയാണ്. ഈ വിപണിയിൽ കേവലം 500 ൽപരം ഹൈപ്പർ മാർക്കറ്റുകളാണുള്ളത്. ജനസംഖ്യാനുപാതവും ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണവും താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 500 ൽപരം പുതിയ ഹൈപ്പർ മാർക്കറ്റുകളുടെ സാധ്യത പ്രകടമാണ്. സാങ്കേതിക വിപ്ലവത്തെ പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന ആഹ്വാനമാണ് ഉച്ചകോടിയിൽ ഉടനീളം പ്രതിഫലിച്ചത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് എസ്.ടി.സി (സൗദി ടെലികോം കമ്പനി) രണ്ടു കൂടി ഉപാഭോക്താക്കളെ ലക്ഷ്യംവെച്ച് എസ്.ടി.സി പേ എന്ന ഡിജിറ്റൽ പണമിടപാടിനുള്ള പദ്ധതി രൂപകൽപന ചെയ്തത്.
സൗദി അറേബ്യയെ, ലോകത്തെ ഇ ഗവേർണൻസ് ഭൂപടത്തിൽ ആദ്യത്തെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ എത്തിക്കുകയെന്ന ലക്ഷ്യവും വിഷൻ 2030 ന്റെ ഭാഗമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ എസ്.ടി.സി പോലുള്ള സ്ഥാപനങ്ങൾ കൈവരിക്കുന്ന ഇത്തരത്തിലുള്ള നേട്ടങ്ങൾ ഇതിനു സഹായകമാകും. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ദാവോസ് ഇൻ ഡെസേർട്ട് എന്ന ഉച്ചകോടി, എണ്ണ ഇതര മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും  ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനുമുള്ള ഒരു ചൂണ്ടുപലകയായി വിശേഷിപ്പിക്കാം. (ലോക കേരള സഭാംഗവും ബിസിനസ് എക്‌സ്പ്രസ് മണി ഡയറക്ടറുമാണ് ലേഖകൻ) 
 

Latest News